ഗ്രാമമുഖ്യൻ എന്ന പദവി മാത്രം കേട്ടു ശീലിച്ചിരുന്ന രാജസ്ഥാനിലെ സോഡ എന്ന ചെറുഗ്രാമത്തിലേക്ക് ഗ്രാമമുഖ്യയായി ഛവി രജാവത്ത് എന്ന ചെറുപ്പക്കാരി കടന്നുവരുന്നത് 2009-ലാണ്. അഞ്ചക്ക ശമ്പളമുള്ള കോർപറേറ്റ്  ജോലി ഉപേക്ഷിച്ച് സോഡ എന്ന ഗ്രാമത്തിലെ ഗ്രാമമുഖ്യയായുള്ള അവരുടെ വരവ് പതിറ്റാണ്ടുകൾ പിറകിലായിരുന്ന ഗ്രാമത്തെ ഉയർത്തെഴുന്നേൽപിച്ചു. കൃഷിയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥിതി നിലനിൽക്കുന്ന ഗ്രാമം രൂക്ഷവരൾച്ചയിലമർന്ന ഘട്ടത്തിലായിരുന്നു ഇവരുടെ കടന്നുവരവ്. മറ്റെല്ലാ മുൻഗണനകളും മാറ്റി വിവിധ കോണുകളിൽനിന്ന് ധനശേഖരണം നടത്തി അവർ ജലസംഭരണി ഉണ്ടാക്കി ഗ്രാമത്തെ വരൾച്ചയിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിച്ചു. ആദ്യമായി ബാങ്ക്, എ.ടി.എം. എന്നിവ തുടങ്ങി ജനങ്ങളിൽ സമ്പാദ്യശീലം വർധിപ്പിച്ചു. ബാങ്കു വഴി ലോണുകൾ നൽകിയും നല്ല റോഡുകൾ പണിതും ശൗചാലയങ്ങൾ നിർമിച്ചും ജീവി നിലവാരം മെച്ചപ്പെടുത്തി. വർഷത്തിൽ ഭൂരിഭാഗം സമയവും കൂരിരുട്ടിലായ വീടുകളിൽ വൈദ്യുതി എത്തിച്ചു അവർ സോഡാ ഗ്രാമത്തിന് വെളിച്ചമായി.  

To advertise here,

ഇന്ത്യയിൽ സർപഞ്ച് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായ ഛവി രജാവത്തുമായി നടത്തിയ അഭിമുഖം.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

മികച്ച ശമ്പളം കിട്ടുന്ന കോർപറേറ്റ് ജോലി രാജിവെച്ചാണല്ലോ താങ്കൾ സോഡ പഞ്ചായത്തിന്റെ സർപഞ്ചായി വരുന്നത്. ഇത്ര വലിയ ജോലിയും സ്ഥിരതയുള്ള വരുമാനവും ഉപേക്ഷിച്ച് സാമൂഹിക സേവനമേഖലയിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച ഘടകമെന്താണ്..?

ജനസേവനമെന്നത് എന്റെ രക്തത്തിലുണ്ടെന്നാണ് ഞാൻ കരുതുന്നത് എന്റെ പിതാവും അവരുടെ പിതാക്കൻമാരുമെല്ലാം ഒരു മടിയും കൂടാതെ ആവശ്യക്കാരെ സഹായിക്കുന്നവരാണ്. ഡൽഹിയിൽ ജീവിച്ച എന്റെ മുത്തച്ഛനെ തേടി അപരിചിതർ സഹായം ചോദിച്ചു വരാറുണ്ട്. അവരൊന്നും ചെയ്ത പകുതി കാര്യങ്ങൾ പോലും ഞാൻ ചെയ്യുന്നില്ല. സർപഞ്ചാവണമെന്നത് എന്റെ പദ്ധതിയായിരുന്നില്ല. ഗ്രാമീണർ ആലോചിച്ച് എന്നോട് അഭ്യർഥിച്ച കാര്യമാണത്. എന്റെ കുടുംബം പുലർത്തിപ്പോന്ന നൈതികതയിൽ അവർക്കുള്ള വിശ്വാസമാണ് എന്നിലേക്ക് അവരെ എത്തിച്ചത്. ഒരു പക്ഷേ, ഞാനും അങ്ങനൊരാളാവാം എന്ന അവരുടെ തോന്നലും വിശ്വാസവുമൊക്കെയാവാം ആ ക്ഷണത്തിനു പിന്നിൽ. ഞാൻ ആന്ധ്രപ്രദേശിലാണ് പഠിച്ചത്. അവിടുത്തെ  സ്‌കൂളിലെ സെമസ്റ്റർ സിസ്റ്റമല്ല നാട്ടിൽ. വെക്കേഷൻ സമയത്ത് ഞാൻ നാട്ടിൽ വരുമ്പോൾ കുട്ടികളെല്ലാം സ്‌കൂളിലായിരിക്കും. ഇത് ഗ്രാമത്തിലും ഗ്രാമീണർക്കിടയിലും കൂടുതൽ സമയം ചെലവഴിക്കുന്നതിലേക്കെന്നെ എത്തിച്ചു. പുരുഷൻമാർ പുറത്ത് ജോലിക്കു പോകുന്നതു കൊണ്ട് തന്നെ ഗ്രാമീണ സ്ത്രീകളുമായുള്ള എന്റെ ആശയവിനിമയം കൂടി. ഞാനേത് വീട്ടിൽപ്പോയാലും എന്നെ നോക്കാൻ ആ വീടുകളിലാരെങ്കിലുമൊക്കെയുണ്ടാകും എന്നായിരുന്നു വീട്ടുകാരുടെയും വിശ്വാസം.. എനിക്കവരെയും അവർക്കെന്നെയും അത്രമാത്രം അറിയാമായിരുന്നു.

placeholder
സോഡ ഗ്രാമത്തിലെ വറ്റി വരണ്ട ജല സ്ത്രോതസ്സ് | special arrangement

രാജി പൊടുന്നനെ സംഭവിച്ചതാണോ അതോ ആലോചിച്ചെടുത്ത തീരുമാനമാണോ?

സർപഞ്ച് ആക്കാനുള്ള അവരുടെ ആഗ്രഹം പറയാനായി ഒരു ദിവസം ഗ്രാമീണർ എന്നെത്തേടി നഗരത്തിലെത്തി. ഇങ്ങനെ കുറച്ച് പേരുടെ മാത്രം ആഗ്രഹമാണോ അതോ ശരിക്കും ഗ്രാമം മുഴുവൻ ഇതാഗ്രഹിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ഗ്രാമത്തിലേക്ക് നേരിട്ട് പോയി. അങ്ങനെ ഗ്രാമീണരുമായി ചർച്ച നടത്തി. കുറച്ച് പേരുടെ മാത്രം തീരുമാനമല്ല അതെന്ന് എനിക്ക് മനസ്സിലായി. മാത്രമല്ല, ഞാൻ കുറച്ചുകൂടി മനുഷ്യരുമായി ഇടപഴകി ജീവിക്കാനും പ്രവർത്തിക്കാനും ആഗ്രഹമുള്ള ഒരാൾ കൂടിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയെ ഞങ്ങളുടെ ഗ്രാമം നേരിട്ട വർഷം കൂടിയായിരുന്നു 2009. മഴയില്ലാത്തത് കൃഷിയെ കാര്യമായി ബാധിച്ചു. വരൾച്ച മൂലം കന്നുകാലികളും മറ്റും ചത്തൊടുങ്ങുന്ന അവസ്ഥയായിരുന്നു. ഇതെല്ലാം എന്റെ തീരുമാനത്തെ ശക്തിപ്പെടുത്തിയ ഘടകങ്ങളാണ്. നിങ്ങൾ വിശ്വസിക്കുമോ ഇല്ലയോ എന്നറിയില്ല. ഞാൻ എനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നില്ല. അവർ പറഞ്ഞത് അവർ തന്നെ കാമ്പയിൻ ചെയ്യുമെന്നാണ്. അത് അവർ ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ വീടുകൾ കയറിയിറങ്ങി അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മുൻഗണനകളും ഞാൻ മനസ്സിലാക്കി. 

അതുവരെ ചെയ്ത കോർപറേറ്റ് ജോലി ഗ്രാമമുഖ്യയെന്ന പദവിക്ക് ഏതെങ്കിലും തരത്തിൽ താങ്കളെ സഹായിച്ചിരുന്നോ?

സുതാര്യതയാണ് ഞാൻ ഏറ്റവും ശ്രദ്ധിച്ച കാര്യം.  ഞാൻ ഓഫീസിലില്ലെങ്കിലും ഇവിടെ നടപ്പാകാൻ പോകുന്ന പദ്ധതികളെ കുറിച്ചും അതിനു വരുന്ന ഫണ്ടിനെകുറിച്ചും അറിയാനും മനസ്സിലാക്കാനും ഉള്ള അവകാശം അവർക്കുണ്ടെന്ന് ആദ്യമേ തന്നെ ഗ്രാമീണരെ ബോധ്യപ്പെടുത്താൻ എനിക്ക് സാധിച്ചിരുന്നു. ആ തരത്തിലൊരു സുതാര്യതയും പരസ്പരം മനസ്സിലാക്കലുമെല്ലാം കോർപറേറ്റ് സെക്ടറിൽ ജോലി ചെയ്തതു മൂലം കൈവരിച്ച ഗുണങ്ങളാണെന്ന് ഞാൻ കരുതുന്നു. മാത്രമല്ല, ഞാനൊരിക്കലും സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിച്ചല്ല പദ്ധതികളുമായി മുന്നോട്ടു പോയത്. പലപ്പോഴും സമാന്തരമായുള്ള ഫണ്ട് ശേഖരണത്തിന് ശ്രമിച്ചിരുന്നു. 

placeholder
ഛവി സർപഞ്ചായി അധികാരത്തിലേറിയ ഉടൻ പണി തീർത്ത ജലസംഭരണി. ഇതോടെ സോഡ ഗ്രാമത്തിലെ ജല പ്രതിസന്ധി ഇല്ലാതായി.

ഒരു സ്ത്രീ സർപഞ്ചാവുന്നത് സോഡ പോലൊരു ഗ്രാമത്തിൽ സ്വാഭാവിക കാര്യമല്ലല്ലോ. ഒരു വിഭാഗം ആളുകൾ സ്ത്രീ സ്ഥാനാർഥിക്കെതിരേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെന്ന് കേട്ടിരുന്നു?

നേതൃത്വ പദവിയിൽ നന്നായി സംസാരിക്കാനറിയുന്ന ഒരു സ്ത്രീയെ ഇതുവരെ കണ്ടു ശീലിച്ചവർ ആയിരുന്നില്ല ഇവരൊന്നും. അവർ കണ്ടു ശീലിച്ച, തൊഴിലെടുക്കുന്ന സ്ത്രീകളെന്നത് കൃഷിയിടങ്ങളിൽ തൊഴിലെടുക്കുന്നവർ മാത്രമായിരുന്നു. അതിന്റെ ആത്മവിശ്വാസക്കുറവായിരുന്നു അവർക്ക്. അല്ലാതെ അവർ സ്ത്രീകൾക്ക് എതിരല്ലായിരുന്നു. നമ്മൾ ജോലി പൂർണമായി ഏറ്റെടുത്ത് അത് ഭംഗിയായി ചെയ്യുന്നത് കാണുന്നതോടെ അവർ നമ്മുടെ ജെൻഡറിനെ കുറിച്ച് ബോധവാൻമാരല്ലാതായി എന്നതാണ് എന്റെ അനുഭവം. പാചകം ചെയ്യാനായി മരം പൂർണമായും  മുറിക്കുന്നവരുടെ പിന്നാലെ ഞാൻ പോയി. വിറക് അവരുടെ ആവശ്യമായിരുന്നു. അതിനാൽ തന്നെ മരം മുറിച്ചതിന് ഞാൻ അവരെ ക്രൂശിച്ചില്ല. പകരം കത്തിക്കാൻ നിങ്ങൾക്ക് കമ്പുകളും കൊള്ളികളും പോരെ, മരം മുഴുവനായി മുറിക്കണമോ എന്ന തരത്തിൽ ബോധവത്കരണം നൽകാനായി. എനിക്ക് പക്ഷപാതിത്വം ഇല്ല, താത്പര്യങ്ങളില്ല  എന്ന തോന്നൽ അവരിൽ ശക്തിയായതോടെ സ്ത്രീ എന്ന ആ മറ ഇല്ലാതായി. ആദ്യത്തെ കുറച്ച് മാസം കൊണ്ട് തന്നെ റിസർവോയർ ഉണ്ടാക്കാനുള്ള പദ്ധതികളിലേക്ക് ഗ്രാമീണരെ സ്വയംസന്നദ്ധരായി കൊണ്ടുവരാൻ എനിക്കായി. ഫണ്ടൊക്കെ പിന്നീട് പതിയെ ആണ് വന്നു ചേർന്നത്. ഇതെല്ലാം അവരുടെ നിത്യജീവിതത്തെ നല്ല രീതിയിൽ സ്പർശിക്കുന്ന കാര്യങ്ങളായിരുന്നു. അതിനാൽ തന്നെ ആ ബന്ധം ഊഷ്മളമായി വളർന്നു.

മുതിർന്ന ആളുകൾ അതും ആണുങ്ങളാണല്ലോ ഇതുവരെ സോഡാപഞ്ചായത്ത് ഭരിച്ചിരുന്നത്. ഇത്ര ചെറുപ്പത്തിലേ ഒരു സ്ത്രീ പഞ്ചായത്ത് സർപഞ്ചായപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ ഒരു ബുദ്ധിമുട്ടും നേരിട്ടില്ലെന്നാണോ പറയുന്നത്‌. പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ സഹകരണം എത്തരത്തിലുള്ളതായിരുന്നു ?

എന്റെ വരവിൽ ദുഃഖിതരായിരുന്നവർ മോശം കാര്യങ്ങൾ ചെയ്തിരുന്നവർ മാത്രമാണ്. പണവും അധികാരവും ദുരുപയോഗിക്കുന്നവർ, കയ്യേറ്റക്കാർ, എന്നിവർക്ക് പേടിയുണ്ടായിരുന്നു. കാരണം അവരെ ഞാൻ ചൂണ്ടിക്കാണിക്കുമെന്ന ഭയം അവർക്കുണ്ടായിരുന്നു. പരാതികളുയർന്നാൽ ചർച്ച ചെയ്ത് പരിഹാരിക്കാൻ ശ്രമിച്ചിരുന്നു.  പിന്നെ ഒരു സ്ത്രീ ചോദ്യം ചെയ്യുന്നത് അവർ ശീലിച്ചിരുന്നില്ല. അതിനാൽ തടസ്സങ്ങളുണ്ടായിരുന്നു. വ്യക്തിപരമായി എടുക്കരുതെന്നും ഞാൻ പ്രതിനിധീകരിക്കുന്നത് പഞ്ചായത്തിനെയാണെന്നും പഞ്ചായത്ത് പറയുന്നതായി കണ്ടാൽ മതിയെന്നും ഞാനവരോട് പറയാറുണ്ട്. 

ആദ്യം ഉദ്യോഗസ്ഥർക്കാെന്നും എന്നോടൊപ്പം ജോലി ചെയ്യാൻ താത്പര്യമില്ലായിരുന്നു. സുതാര്യതയെയും അക്കൗണ്ടബിലിറ്റിയെയും അവയെല്ലാം രേഖീകരിക്കുന്നതിനെ കുറിച്ചും ഞാൻ ഭരണത്തിലേറിയ ഉടൻ സംസാരിച്ചത് അവർക്ക് രസിക്കുന്നതായിരുന്നില്ല. എന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ തങ്ങൾക്ക് കാശുണ്ടാക്കാൻ പറ്റില്ലെന്ന് അവർ മനസ്സിലാക്കി. ഇതായിരുന്നു നിസ്സഹകരണത്തിനുള്ള പ്രധാന കാരണം. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ജീവനക്കാരൻ തനിക്ക് കമ്പ്യൂട്ടറിൽ ഡോക്യുമെന്റേഷൻ ചെയ്യാൻ പറ്റില്ലെന്ന് കണിശമായി തന്നെ പറഞ്ഞു. അവരുമായി യുദ്ധത്തിനു പോയില്ല. കമ്പ്യൂട്ടറിൽ പറ്റിയില്ലെങ്കിലും രേഖയാക്കിയാൽ മതി എന്ന് ഞാൻ പറഞ്ഞു. എല്ലാറ്റിനും ഞാൻ പോരാടാൻ മുന്നിട്ടിറങ്ങിയിട്ടില്ല. ചില കാര്യങ്ങളെ ഞാൻ അതിന്റെ പാട്ടിനു വിടുകയായിരുന്നു. 

ഇതിൽ മറ്റൊരു പ്രധാനപ്പെട്ട് പ്രശ്‌നം കൂടിയുണ്ട്. സർപഞ്ചിന് 4000 രൂപ ഹോണറേറിയം പ്രതിമാസം കിട്ടുമ്പോൾ പഞ്ചായത്ത് സെക്രട്ടറിക്ക്‌ 75,000 രൂപയുടെ അടുത്താണ് ശമ്പളം. സാമ്പത്തികമായി അവരേക്കാൾ താഴ്ന്ന, സാമൂഹിക പിന്നാവസ്ഥയിൽ ജീവിക്കുന്ന, വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾ വരുമ്പോൾ സെക്രട്ടറി ഡോമിനേറ്റ് ചെയ്യും. അതിനു പുറമെ സെക്രട്ടറി ഉയർന്ന ജാതിക്കാരൻ കൂടിയാവുമ്പോൾ ജനാധിപത്യത്തിന്റെ ശക്തി കുറയുന്നു. പഞ്ച് അംഗങ്ങൾക്ക് സിറ്റിങ് ഫീ മാത്രമാണ് ലഭിക്കുന്നത്. 250 രൂപയാണ് മാസം ലഭിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും അതിജീവനത്തിനായി തുച്ഛമായ തുക മാത്രം ലഭിക്കുമ്പോൾ എങ്ങനെയാണ് ഗ്രാമത്തിന്റെ  വികസനത്തിനായി അവർക്ക് അവരുടെ സമയം നീക്കിവെക്കാനാകുക.

സർപഞ്ചായി ജോലി ഏറ്റെടുത്ത ആദ്യ ദിനങ്ങളിലെ ഓർമ പങ്കുവെക്കാമോ?

അധികാരത്തിലേറി വീടുകൾ സന്ദർശിക്കാൻ തുടങ്ങിയപ്പോൾ പെണ്ണുങ്ങൾ എന്നെ അവരുടെ വീടിനുള്ളിലേക്ക് വലിച്ചു കൊണ്ടുപോയി. ആണുങ്ങൾ കേൾക്കാതെ രഹസ്യമായാണ് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചത്.  യുവതയും വിദ്യാർഥികളും എന്റെ വീട്ടിലേക്ക് വന്ന് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു. എനിക്കെന്തോ മാറ്റം കൊണ്ടുവരാനാകും എന്നവർ വിശ്വസിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ മക്കൾ വരെ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചു. സംവാദങ്ങളിലൂടെയും സംസാരങ്ങളിലൂടെയുമാണ് ഞാനെന്നെ എതിർത്തവരെയും സ്‌നേഹിച്ചവരെയും മാറ്റിയെടുത്തത്. ഒരനുഭവം പറയാം...

2010-ലെ പഞ്ചായത്ത് ടീമിൽ എട്ട് സ്ത്രീകളും നാല് ആണുങ്ങളും ആയിരുന്നു. ഡെപ്യൂട്ടി സർപഞ്ചും സർപഞ്ചും സ്ത്രീകളായിരുന്നു. 12 പേരിൽ രണ്ട് പേർ ബിരുദധാരികളായിരുന്നു. രണ്ട് പേർ ഏഴാം ക്ലാസ്സോടെ പഠനം അവസാനിപ്പിച്ചവർ. മറ്റുള്ളവർക്ക് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല ഒപ്പിടാൻ മാത്രം അറിയുന്നവരായിരുന്നു. ആദ്യ മീറ്റിങ്ങിൽ മൂന്ന് സ്ത്രീകൾ മാത്രമേ പങ്കടുത്തിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം അവരുടെ ഭർത്താക്കൻമാരായിരുന്നു. "നിങ്ങൾക്ക് ഓഫീസിൽ ഇരിക്കണമായിരുന്നെങ്കിൽ നിങ്ങൾ ഇലക്ഷനിൽ മത്സരിക്കണമായിരുന്നു. പകരം നിങ്ങൾ ഭാര്യമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അവരെക്കൊണ്ട് ബാക്കി പണി കൂടി ചെയ്യാൻ അനുവദിക്കുക. അവർ ഓഫീസിൽ വരട്ടെ. ആ തീരുമാനത്തെ ബഹുമാനിക്കണം" എന്ന് ഞാനവരോട് പറഞ്ഞു. മാത്രവുമല്ല, എന്തിൽ ഒപ്പിടുമ്പോഴും അതിനി ഞാൻ തന്ന രേഖയാണെങ്കിൽപ്പോലും ഉള്ളിലെന്താണ് എഴുതിയതെന്ന് മനസ്സിലാക്കണമെന്നും വായിക്കാനറയില്ലെങ്കിൽ വിശ്വാസമുള്ള ഒരാളെക്കൊണ്ട് വായിച്ചു കേൾപിച്ച ശേഷമേ അതിൽ ഒപ്പിടാൻ പാടുള്ളൂവെന്നും എഴുത്തും വായനയും അറിയാത്ത അംഗങ്ങളോട് ഞാൻ പറഞ്ഞു. ഏതാനും സമയം കഴിഞ്ഞപ്പോൾ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ വന്നു. ഞാൻ കരുതി ആണുങ്ങൾ അവർക്കൊപ്പം ഇരിക്കുമെന്ന് പക്ഷെ, എന്നെ ഞെട്ടിച്ചു കൊണ്ട് അവരെല്ലം ഇറങ്ങിപ്പോയി. ഭാര്യമാരുടെ അധികാര പരിധിയിൽ പിന്നീടവവർ ഇടപെട്ടില്ല.

placeholder
മാതൃഭൂമി ക ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഛവി രജാവത്ത് | മാതൃഭൂമി

അധികാരത്തിൽ പ്രവേശിച്ചയുടൻ പ്രഥമ പരിഗണന നൽകിയ വിഷയങ്ങൾ എന്തെല്ലാമായിരുന്നു?

ഡൗൺ സിൻഡ്രോം രോഗം ഞങ്ങളുടെ നാട്ടിൽ വളരെ കൂടുതലായിരുന്നു. മലിനജലത്തിന്റെ ഉയോഗമായിരുന്നു ഒരു പ്രധാന കാരണം. അത്രമാത്രം ധാതുക്കളുള്ള വെള്ളമായിരുന്നു അത്. ആ ഭൂപ്രദേശത്തിന്റെ പ്രത്യേകത കൊണ്ടാണ് ജലം മലിനമായിരുന്നത്. അല്ലാതെ മനുഷ്യനിർമ്മിത മലിനീകരണമല്ല. ലവണാംശവും വളരെ കൂടുതലായിരുന്നു. അതിനാൽ അധികാരത്തിലേറി ചെയ്ത ആദ്യപണി ജലസംഭരണിയുടെ നിർമാണമായിരുന്നു. നല്ല വെള്ളം ലഭിക്കാൻ തുടങ്ങിയതോടെ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാനായി.  വൻ ജനകീയ പങ്കാളിത്തത്തോടെയും സ്വകാര്യ ഫണ്ടുകളുടെയും കൂടി സഹായത്താലായിരുന്നു സംഭരണി നിർമാണം.

സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു ശൗചാലയങ്ങൾ. ഒരു വനിത സർപഞ്ചായപ്പോൾ അവർ ആ ആവശ്യം എന്നോട് ഉന്നയിച്ചു. അതിന് ഞാൻ പ്രഥമ പരിഗണനയും നൽകി. ജനകീയ പങ്കാളിത്തത്തോടെ ജനകീയാസൂത്രണ മോഡലിലായിരുന്നു നിർമാണം. സിമന്റ് റിങ്‌സ് നിർമാണം വില്ലേജിനുള്ളിൽ തന്നെ ഇതിന്റെ ഭാഗമായുണ്ടായി.സിമന്റ് റിങ്‌സ് എങ്ങനെ ഉണ്ടാക്കണമെന്ന് ഞങ്ങൾ ഗ്രാമീണരെ പഠിപ്പിച്ചു. അങ്ങനെ ഗ്രാമത്തിലെ ചിലർ തന്നെ അത്തരം നിർമാണ യൂണിറ്റുകൾ തുടങ്ങി. അങ്ങനെ പദ്ധതികൾ സൗകര്യങ്ങൾ മാത്രമല്ല, പലർക്കും തൊഴിലും പ്രദാനം ചെയ്ത. ഇത് ജനങ്ങളെ എന്നോടടുപ്പിച്ചു. വാട്ടർ ഹാർവസ്റ്റിങ് സ്ട്രക്ചർ, വിദ്യാഭ്യാസം, വൈദ്യുതി ആയിരുന്നു ഞങ്ങളുടെ മുൻഗണനകൾ. നാല് മണിക്കൂർ മാത്രം ലഭിച്ചിരുന്ന വൈദ്യുതി ആദ്യം 18 മണിക്കൂറാക്കി വർധപ്പിച്ചു. ഇപ്പോൾ 24 മണിക്കൂറും വൈദ്യുതിയായി ഗ്രാമത്തിൽ. അംഗനവാടിക്കു വേണ്ടി പണം സർക്കാർ അനുവദിച്ചിരുന്നു. പക്ഷെ നല്ല വെള്ളവും ഭക്ഷണവും കിട്ടിയില്ലെങ്കിൽ അങ്കണവാടി കെട്ടിടം ലഭിച്ചാലും അതവർക്ക് പ്രയോജനപ്പെടാതെ പോകും. വൈദ്യുതി ഇല്ലാതെ വെള്ളമില്ലാതെ കെട്ടിടം കിട്ടിയിട്ട് എന്ത് കാര്യം?

അവർക്ക് വേദനയും ദുരിതവും ഉണ്ടാക്കുന്നത് പരിഹരിച്ചില്ലെങ്കിൽ വേറെ എന്ത് അവർക്ക് കൊടുത്തിട്ടും കാര്യമില്ലാതാവും. കുടിക്കാൻ വെള്ളം കിട്ടാത്ത ഇടത്ത് ആര് കുട്ടികളെ അങ്കണവാടികളിലേക്കയക്കാൻ...! അതിനാൽ സർക്കാർ അനുവദിച്ചു തരുന്ന തുകയുടെ മുൻഗണനാക്രമം അനുസരിച്ചായിരുന്നില്ല പകരം, നാട്ടിലെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചു സുസ്ഥിര വികസന മാതൃകയിലാണ് ഓരോ കാര്യങ്ങളും ഞങ്ങൾ ചെയ്തത്. വരൾച്ച ബാധിച്ച് കുടിക്കാൻ വെള്ളമില്ലാത്ത സമയത്താണ് അങ്കണവാടി അനുവദിച്ച് തന്നത്. ആ സമയത്ത് ഞങ്ങൾക്കാവശ്യം വെള്ളമായിരുന്നു. അതിനാൽ തടയണ ഉണ്ടാക്കാനുള്ള പദ്ധതിക്ക് മുൻഗണന നൽകി. പിന്നീടാണ് അങ്കണവാടി പദ്ധതി നടപ്പാക്കിയത്. അത് സർക്കാരിനെ പറഞ്ഞ് ബോധ്യപ്പെടുത്താനുമായി. 

ആരോഗ്യരംഗത്തും നല്ല രീതിയിലുള്ള ഇടപെടലുകൾ നടത്തി. സ്വകാര്യ ആശുപത്രികളെ സമീപിച്ച് ഗൈനക്കോളജിസ്റ്റുകളുടെ സേവനം സ്ത്രീകൾക്ക് ഉറപ്പാക്കി. സൗജന്യ തിമിര ശസ്ത്രക്രിയകളും നൽകി.

കുടിയേറ്റ തൊഴിലാളികളുടെ വലിയൊരു പോപ്പുലേഷൻ കേരളത്തിലേക്ക് വരുന്നുണ്ട്. ബിഹാറിൽനിന്നും യു.പിയിൽ നിന്നുമൊക്കെ ധാരാളം ആളുകൾ വരുന്നുണ്ട്. പക്ഷേ,  രാജസ്ഥാനിൽ നിന്നുള്ളത് താരതമ്യേന കുറവാണെന്ന തോന്നുന്നു. എന്തായിരിക്കാം കാരണം?

വിദ്യാഭ്യാസം, സ്‌കിൽ അവയർനെസ് എന്നിവ മറുനാടുകളിൽ തൊഴിൽ ലഭിക്കാൻ ആവശ്യമാണ്. പിന്നെ രാജസ്ഥാൻകാരെ സംബന്ധിച്ച് കുറെ ദൂരെയാണെന്ന കാഴ്ച്ചപ്പാടുണ്ട്. രാജസ്ഥാനിൽ തൊഴിലുറപ്പ് പദ്ധതി ശക്തമാണ്. എന്നാലും എന്റെ ഗ്രാമത്തിലുള്ളവരിൽ ചെന്നൈയിലും കേരളത്തിലും വന്ന് ജോലി ചെയ്യുന്നവരുണ്ട്. ഭാഷയും ഭക്ഷണരീതിയിലെ വ്യത്യാസവും കാരണമായിരിക്കാം.. ബിഹാറുകർ ചോറ് തിന്നും പക്ഷേ, രാജസ്ഥാൻകാർ ചോറു കഴിക്കില്ല. ചെറിയ ചെറിയ കാരണങ്ങളാവാം പക്ഷെ ഇതെല്ലാം ഘടകങ്ങളാവുന്നുണ്ടാവാം. 

അ‍ഞ്ച് വർഷത്തെ ആദ്യ ടേമിന് ശേഷം താങ്കൾ വീണ്ടും മത്സരിച്ചല്ലോ.. അതും ജനറൽ സീറ്റിലായിരുന്നു മത്സരിച്ചത്. മൂന്നാമതൊരു ഭരണത്തുടർച്ച എന്തു കൊണ്ടാണ് ഒഴിവാക്കിയത്?

രണ്ടാമത് വീണ്ടും മത്സരിക്കണമെന്ന ആലോചന എനിക്കുണ്ടായിരുന്നില്ല. മത്സരിക്കാൻ നിന്നവർ വളരെയധികം വേട്ടയാടപ്പെട്ടു. അതിനവരെ വിട്ടുകൊടുക്കരുതെന്ന ചിന്തയിലാണ്  രണ്ടാമത് മത്സരിക്കുന്നത്. ജനറൽ സീറ്റായിരുന്നിട്ടും അനായാസം ഭരണത്തിലേറി. വിദ്യാഭ്യാസം, ജൈവവൈവിധ്യം, കൃഷി എന്നിവയ്ക്ക് ആദ്യ ടേമിൽ പ്രാധാന്യം കൊടുക്കാൻ പറ്റിയിരുന്നില്ല. ആ മേഖലകളിൽ രണ്ടാം അവസരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പല പദ്ധതികളും പ്രതിപക്ഷാംഗങ്ങൾ തന്നെ നല്ല രീതിയിൽ നടപ്പിലാക്കി തുടങ്ങി. ആ പദ്ധതികൾ സുസ്ഥിരത കൈവരിച്ചു. അല്ലെങ്കിലും നമ്മൾ പോകുന്നതോടു കൂടി സിസ്റ്റം തകരുന്നതല്ലല്ലോ നല്ല ഭരണാധികാരിയുടെ ലക്ഷണം.  മൂന്നാമതും അവർക്ക് ഞാൻ മത്സരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, എല്ലാ കാലത്തും എനിക്ക് അധികാരത്തിലിരിക്കാൻ പറ്റില്ലല്ലോ. ആരു വന്നാലും കൂട്ടമായി കാര്യങ്ങൾ കൊണ്ടുപോവുക എന്നതാണ് നയം എന്നു ഞാൻ അവരെ ബോധ്യപ്പെടുത്തി. എന്തെങ്കിലും പദ്ധതികൾ പെൻഡിങ്ങിലുണ്ടെങ്കിൽ അത് ചെയ്തു തീർക്കാൻ സഹായിക്കാമെന്ന ഉറപ്പ് അവർക്കു നൽകി.

നല്ല ശമ്പളമുള്ള ജോലി രാജിവെച്ചാണല്ലോ ജനസേവനത്തിനിറങ്ങുന്നത്. നിലവിലെ വരുമാനം എന്താണ്?

ക്ലാസ്സുകൾക്കും പ്രസംഗങ്ങൾക്കും വർക് ഷോപ്പുകൾക്കും വിളിക്കും. അതുവഴിയാണ് വരുമാനം കണ്ടെത്തുന്നത്. ചില കമ്പനികളുടെ ബോർഡ് അംഗമാണ്. അങ്ങനെയും മുന്നോട്ടു പോകുന്നു.

കേരളത്തെ കുറിച്ചുള്ള. കാഴ്ച്ചപ്പാട്?

തദ്ദേശഭരണത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയാണ്. ജനകീയാസൂത്രണ പദ്ധതികൾ പോലുള്ള പല നൂനതന ആശയങ്ങളുടെയും തുടക്കക്കാർ കേരളമാണ്. എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ കേരളീയരാണ്‌. പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ എനിക്ക് ലോകത്തേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അപ്പമാണ്.