
ഹിന്ദി പറയുന്നവരാണ് ഏറ്റവും മികച്ചവരെന്നതാണ് ഹിന്ദി അടിച്ചേൽപിക്കുന്നവരുടെ ചിന്തയെന്ന് ഭാഷാ ശാസ്ത്രജ്ഞയും ചരിത്രകാരിയുമായ പെഗ്ഗിമോഹൻ. അവര് പറയുന്നതും അടിച്ചേൽപിക്കുന്നതുമായ പല കാര്യങ്ങളും അവരുടെ മാത്രം നേട്ടത്തിന് വേണ്ടിയാണ്. മറ്റാർക്കും അതു കൊണ്ട് പ്രയോജനമില്ല. ഇത് പരിഹാസ്യമാണ്. എത്ര അടിച്ചേൽപിക്കാൻ ശ്രമിച്ചാലും അത് നടപ്പിലാകാൻ പോകുന്നില്ല. ദക്ഷിണേന്ത്യൻ ഭാഷകൾ വികസിച്ചത്ര പോലും ഹിന്ദി വികസിച്ചിട്ടില്ലെന്നും പെഗ്ഗി മോഹൻ കൂട്ടിച്ചേർത്തു. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നിലീന അത്തോളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവരിക്കാര്യം പറഞ്ഞത്. ഇന്ത്യൻ ഭാഷകളെ കുറിച്ചും അവയുടെ ചരിത്രത്തെ കുറിച്ചും ആഴത്തിൽ പഠിച്ച പെഗ്ഗി ട്രിനിഡാഡിലാണ് ജനിച്ച് വളർന്നത്. നിലവിൽ ഡൽഹിയിൽ അധ്യാപികയാണ്.
ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും അധിനിവേശം മൂലം ഇന്ത്യയിലെ വിവിധ ഭാഷകൾ ഭീഷണി നേരിടുന്നുണ്ടെന്ന് താങ്കൾ എഴുതിയിരുന്നു. എത്ര മാത്രം വലിയ ഭീഷണിയാണ് 'ഹിംഗ്ലിഷ' ഇന്ത്യയിലെ വൈവിധ്യമാർന്ന ഭാഷകൾക്ക് സൃഷ്ടിക്കുന്നത്..?.
ഭാഷകൾ സ്വാംശീകരിക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യമില്ലായ്മ കൊണ്ടു മാത്രമാണ് ഭാഷാ അധിനിവേശം നടക്കാതെ പോകുന്നത്. ഇന്നും അനേകം മനുഷ്യർ ദരിദ്രരായ ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷ അവർക്ക് കൈയെത്തിപിടിക്കാനാവുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഈ മാറ്റം കുറച്ചു കൂടി വേഗത്തിലായേനെ. ഭാഷ പൊടുന്നനെ അപ്രത്യക്ഷമാവുന്ന ഒന്നല്ല. തലമുറകളുടെ സമയമെടുത്ത് ആൽക്കലൈൻ ബാറ്ററി പോലെ തീർന്നില്ലാതാവുകയാണ് ചെയ്യുക. നന്നായി മാതൃഭാഷ സംസാരിക്കുന്നവരുടെ അടുത്ത തലമുറയിൽ മാതൃഭാഷ ഉപയോഗം ക്രമേണ കുറയുകയാണ്. ഒരു ലോക്കൽ മീഡിയം സ്‌കൂളിലെ കുട്ടിക്ക് ഇംഗ്ലീഷിനു പുറമെ അവരുടെ പ്രാദേശിക ഭാഷ വശമുണ്ടാകും. ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച കുട്ടിക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴോ യാത്ര ചെയ്യുമ്പോഴോ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടോ മാത്രമേ മാതൃഭാഷ അറിവുണ്ടാവുന്നുള്ളൂ. ഇത് ഇന്ത്യയിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. ജർമ്മൻകാരോടും ഫ്രഞ്ചുകാരോടും നിങ്ങൾ ഒരു കണക്ക് കൊടുത്ത് ചെയ്യാൻ പറഞ്ഞാൽ അവർ ഇംഗ്ലീഷിലല്ല പകരം അവരുടെ മാതൃഭാഷയിലാണ് അത് ചെയ്യുക. ഇവിടെ അങ്ങനെയല്ല. സ്‌കൂളിൽ പോകുന്ന കുട്ടികൾക്കിടയിൽ മാതൃഭാഷ അൽപം പോലും അറിയാത്തവരും ഇന്ന് ധാരാളമായുണ്ട്.
ഇംഗ്ലീഷ് നന്നായി ഉപയോഗിക്കാനറിയുന്നവർ എലൈറ്റ് വിഭാഗത്തിൽപെട്ടവരാണെന്ന ഒരു പൊതുബോധം നിലനിൽക്കുന്നതു കൊണ്ട് മധ്യവർഗവും അതിനു താഴെയുള്ളവരും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ ചേർക്കാൻ നിർബന്ധിതരാവുകയാണ്...?
തീർച്ചയായും...ഭാഷ പഠിക്കുക എന്നതിനപ്പുറത്ത് എലൈറ്റ് ബോധം നിലനിർത്തുക എന്നതിനനുസരിച്ചാണ് ഇംഗ്ലീഷ് മീഡിയത്തിലെ പഠനം മുന്നോട്ട് പോവുന്നതെന്നതു കൊണ്ട് തന്നെ കുട്ടികൾ ശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവുമടക്കമുള്ള വിഷയങ്ങൾ കൃത്യമായി മനസ്സിലാക്കാതെ പോവുന്നു. അധ്യാപകർക്കു ഇംഗ്ലീഷ് ഭാഷയിൽ ഈ വിഷയങ്ങളൊക്കെ വ്യാഖ്യാനിച്ചു നൽകാൻ അറിവില്ലാതെ പോവുന്നതും ഒരു കാരണമാണ്. കൃത്യമായ പഠനം പലപ്പോഴും നടക്കാതെ പോകുന്നു. അതിനാൽ തന്നെ അവർ നേടിയെടുക്കുന്നത് വിജ്ഞാനമല്ല. പകരം എലൈറ്റുകൾ എങ്ങനെ പെരുമാറുന്നു എന്നത് മാത്രമാണ് അവർ പഠിച്ചെടുക്കുന്നത്. അടുത്ത തലമുറ എലൈറ്റ് തലമുറയായി തീർന്നേക്കാം എന്നാൽ ഇതിനിടക്ക് പെടുന്ന തലമുറയ്ക്ക് മാതൃഭാഷ നന്നായറിയാതെപോവുകയും വിജ്ഞാപനം നഷ്ടപ്പെടുകയുമാണ്. ക്രൂരമാണത്. അത്തരം അനവധി വിദ്യാർഥികളെ ഞാൻ ഇന്ത്യയിൽ നേരിട്ട് കണ്ടിട്ടുണ്ട്.

കുട്ടികളെ ചെറുപ്രായത്തിൽ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിക്കുന്നത് അവരുടെ കോഗ്നിറ്റീവ് ഡവലപ്‌മെന്റിനെയും ബൗദ്ധികവികാസത്തെയും ബാധിക്കുമെന്ന നിരീക്ഷണമുണ്ട്. മാത്രമല്ല പഠിപ്പിക്കുന്നത് മാതൃഭാഷയിലാണെങ്കിൽ അതൽപം കൂടി ഫലപ്രദമാകുമെന്നും പറഞ്ഞു കേൾക്കുന്നു. താങ്കളുടെ അഭിപ്രായമെന്താണ്...?
ആ പറയുന്നതിൽ കാര്യമുണ്ട്. എന്താണ് നിങ്ങളെ പഠിപ്പിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോവുകയാണെങ്കിൽ എന്ത് ഫലമാണുള്ളത്. ഉദാഹരണത്തിന് ഹിന്ദി ക്ലാസ്സിലിരിക്കുന്ന നിങ്ങൾക്ക് ഹിന്ദി മനസ്സിലാക്കിയെടുക്കാനായേക്കാം. പക്ഷേ, അവരുന്നയിച്ച വാദം പരിപൂർണ്ണമായും മനസ്സിലായിക്കൊള്ളണമെന്നില്ല. അത് നിങ്ങളെ ശാരീരികമായി ക്ഷീണിപ്പിക്കുകയും ഓജസ്സ് കെടുത്തുകയും ചെയ്യും. എന്റെ മോൾ ലോക്കൽ സ്‌കൂളിലാണ് പഠിച്ചത്. ഏഴ് വയസ്സ് വരെ അവൾ ലോക്കൽ മീഡിയത്തിലാണ് പഠിച്ചത്. അവൾക്കൊരു ഭാഷാ പരിമിതിയും ഞാൻ കാണുന്നില്ല.
ഇംഗ്ലീഷ് നന്നായി ഉപയോഗിക്കാനറിയുക എന്നത് കാലത്തിന്റെ ആവശ്യം കൂടിയാണല്ലോ. ഏറ്റവും പ്രായോഗികവും വിജ്ഞാനപ്രദവുമായ ഇംഗ്ലീഷ് പഠന രീതി അപ്പോഴെന്താണ്...?
നിങ്ങൾ ഇംഗ്ലീഷ് ഒരു വിഷയമായാണ് പഠിപ്പിക്കേണ്ടത് അല്ലാതെ ഇംഗ്ലീഷ് മീഡിയമായല്ല. പഠിപ്പിക്കുന്നത് വ്യാഖ്യാനങ്ങൾ ഉൾക്കൊണ്ട് ആഴത്തിൽ മനസ്സിലാകണമെങ്കിൽ അവരുടെ പ്രാദേശിക ഭാഷയിൽ തന്നെ കാര്യങ്ങൾ പഠിപ്പിക്കണം. ഏഴാം ക്ലാസ് വരെയെങ്കിലും മാതൃഭാഷയിൽ പഠിക്കുന്നതാണ് അഭികാമ്യം. അതിനുശേഷം ഇംഗ്ലീഷ് അവർക്ക് ഉപയോഗിക്കാനും പ്രയോഗിക്കാനും ഉപകാരപ്രദമാകുന്ന രീതിയിലാണ് പഠിപ്പിക്കേണ്ടത്.
ഹിന്ദി ഭാഷ അടിച്ചേൽപിക്കൽ ശ്രമങ്ങൾ പല രൂപത്തിലും ഭാവത്തിലും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അടുത്തകാലത്തായുണ്ടായിട്ടുണ്ട്. ശ്രദ്ധയിൽപ്പെട്ടിരുന്നോ....?
നിലവിലെ സർക്കാരാണോ? എങ്കിൽ വല്ലതും പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കരുതേ (തമാശ രൂപേണ). അവര് പറയുന്നതും അടിച്ചേൽപിക്കുന്നതുമായ പല കാര്യങ്ങളും അവരുടെ മാത്രം നേട്ടത്തിന് വേണ്ടിയാണ്. മറ്റാർക്കും അതു കൊണ്ട് പ്രയോജനമില്ല. ഇത് പരിഹാസ്യമാണ്. ഹിന്ദി ഭാഷ സ്വാഭാവികമായി പ്രചരിപ്പിക്കപ്പെടാനുള്ള സാഹചര്യമൊരുങ്ങിയ ഘട്ടത്തിൽ വരെ അതിനെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് അവർ ചെയ്തത്. ഹിന്ദി പോലുള്ള ഒരു ഭാഷ പ്രചരിക്കപ്പെടണമായിരുന്നെങ്കിൽ അത് ദക്കനിയാവുമായിരുന്നു (ഡെക്കാൺ പ്രദേശത്തെ ഹിന്ദുസ്ഥാനി ഭാഷ. ഉർദുവുമായി ബന്ധം). ഹിന്ദി പറയുന്നവരാണ് ഏറ്റവും മികച്ചവരെന്നതാണ് ഹിന്ദി അടിച്ചേൽപിക്കുമ്പോഴുള്ള അവരുടെ ചിന്ത. ഇക്കാര്യം എല്ലാവർക്കുമറിയും. അിനാൽ തന്നെ അവരുടെ ഉദ്ദേശം മറ്റ് ഭാഷക്കാർ തള്ളിക്കളയുകയും ചെയ്യുന്നു. ദക്ഷിണേന്ത്യ അതിനാലാണ് ഈ ആവശ്യത്തോട് മുഖം തിരിക്കുന്നത്. ഇനി ഉത്തരേന്ത്യയുടെ കാര്യത്തിലാണെങ്കിലും അവർ നിർബന്ധിക്കുന്ന ഹിന്ദിയല്ല ഞങ്ങൾ സംസാരിക്കുന്ന ഹിന്ദി എന്ന പ്രശ്‌നവുമുണ്ട്. സംസ്‌കൃതവത്കരിച്ച ഹിന്ദിയാണ് അവരടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെട്ടു വന്ന ഹിന്ദിയാണ് ഞങ്ങളുടേത്. അതിൽ സംസ്‌കൃതമല്ല പ്രാകൃത് (ബിസി 500നും എഡി 500നും ഇടയിൽ സംസാരിക്കപ്പെട്ട മധ്യകാല ഇന്തോ ആര്യൻ ഭാഷ) ആണുള്ളത്. ഉർദുവുമായും പേർഷ്യനുമായാണ് അത് കലർന്നത്. സംസ്‌കൃതവുമായല്ല. അതിനാൽ തന്നെ ആ ഹിന്ദി എലൈറ്റ് ഹിന്ദിയായി പരിഗണിക്കപ്പെടുന്നില്ല. ഗ്രാമീണരാണ് ആ ഹിന്ദി സംസാരിക്കുന്നത്. പ്രധാനമന്ത്രി സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു സ്‌കൂൾ ടീച്ചർ സംസാരിക്കുന്നതുപോലെയാണ് ഞങ്ങൾക്കനുഭവപ്പെടുന്നത് അല്ലാതെ പ്രധാനമന്ത്രിയായല്ല.
ഹിന്ദി അറിയാത്തവരും ഹിന്ദി ഇഷ്ടമില്ലാത്തവരും രാജ്യം വിടണമെന്നുള്ള പ്രസ്താവന വരെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു....?
അല്ലേലും അവരിൽ നിന്ന് വ്യത്യസ്തരായി സംസാരിക്കുന്നവരെല്ലാം അവർക്ക് ദേശവിരുദ്ധരാണല്ലോ. ഇന്ത്യക്കാകെ ഒരു ഭാഷ ആവശ്യമാണെങ്കിൽ അത് സ്വയമേവ സംഭവിച്ചു കൊള്ളും. ജനങ്ങൾ സ്വമേധയാ അത് സ്വാംശീകരിക്കും. അത് സർക്കാർ നടത്തികൊടുക്കേണ്ട സംഗതിയല്ല. ഹിന്ദി സംസാരിക്കുന്ന വലിയ സമൂഹത്തിന്റെ പിൻബലത്തിലാണല്ലോ അവർ ഭരണത്തിലിരിക്കുന്നത്. അതിനാലായിരിക്കാം അവരീ തലത്തിൽ ഹിന്ദി അടിച്ചേൽപിക്കലിനെ കുറിച്ച് ചിന്തിക്കുന്നത്. എത്ര അടിച്ചേൽപിക്കാൻ ശ്രമിച്ചാലും അത് നടപ്പിലാകാൻ പോകുന്നില്ല. കാരണം ദക്ഷിണേന്ത്യൻ ഭാഷകൾ വികസിച്ചത്ര പോലും ഹിന്ദി വികസിച്ചിട്ടില്ല. മനുഷ്യർ ഇഷ്ടത്തോടെയാണ് ഭാഷ ഉപയോഗിക്കേണ്ടത്. ഇംഗ്ലീഷ് സംസാരിക്കുന്ന ഹിന്ദിക്കാർ കോമഡി പറയാനല്ലാതെ ഹിന്ദി ഉപയോഗിക്കാറില്ല. പക്ഷെ ബംഗാളിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വന്നാൽ സ്ഥിതി വ്യത്യസ്തമാണ്. ശാസ്ത്രജ്ഞർ, ബാങ്കേർസ, ടെക്ക് സമൂഹം എന്നിവരുടെയൊന്നും പിന്തുണ ഹിന്ദിക്കില്ല. അത്ര ശക്തമല്ലാത്ത ഭാഷയാണ് ഹിന്ദി. അതിനാൽ തന്നെ ദക്ഷിണേന്ത്യൻ ഭാഷകൾക്ക് ഹിന്ദി ഒരു ഭീഷണിയാവില്ല. നിങ്ങൾ അത്രമാത്രം അപകടത്തിലാണെന്ന് അതുകൊണ്ട് ഞാൻ കരുതുന്നുമില്ല
ഇന്ത്യയിൽ വിവിധ ഭാഷകളിൽ സിനിമ നിർമ്മിക്കപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യ എന്നാൽ ഹിന്ദി സംസാരിക്കുന്നവരാണെന്നും ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്നുമുള്ള തെറ്റിദ്ധാരണ പാശ്ചാത്യ സമൂഹത്തിന് ഉള്ളതായി തോന്നിയിട്ടില്ലേ....?
ഒരിക്കലുമില്ല. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമുള്ള സിനിമകളെ മികച്ചതും ഗൗരവമുള്ളതുമായി കാണുന്ന ഒരു വലിയ സമൂഹമുണ്ട്. ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുള്ളവരും ആത്മാർഥമായി ഉത്കണ്ഠ കാണിക്കുന്നനവരും ബോളിവുഡ്ഡിലേക്കല്ല നോക്കുന്നത്. റിയലിസ്റ്റിക് പ്രാദേശിക ഭാഷാ ഒറിജിനൽ സിനിമകൾ തന്നെയാണ് അവർ ശ്രദ്ധിക്കുന്നത്. വലിയ ബിസിനസ് ലക്ഷ്യങ്ങൾ വെച്ചാണ് ഹിന്ദി സിനിമ പുറത്ത് ആഘോഷിക്കപ്പെടുന്നത്, ഗൗരവമായി കണ്ടല്ല.
തമിഴിൽ ഓരോ പുതിയ വസ്തുക്കൾക്കും അവർ പുതിയൊരു തമിഴ് വാക്ക് കൊണ്ടുവരുന്നുണ്ട്. മൊബൈലിന് തൊലൈ പേശി കൊണ്ടുവന്നപോലെ. എന്നാൽ മലയാളത്തിലിതിനെല്ലാം ഇംഗ്ലീഷ് തന്നെയാണ് ബദലായി ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണീ വ്യത്യാസം. മലയാളികൾ ഭാഷാ വികസിപ്പിക്കുന്നതിൽ താത്പര്യമില്ലാത്തവരാണെന്നാണോ...?
മൊബൈൽ കേരളത്തിലായിരുന്നു ആദ്യമായി നിർമ്മിക്കപ്പെട്ടതെങ്കിൽ അതിന് മലയാളം പേര് തന്നെയേ ലഭിക്കുമായിരുന്നുള്ളൂ.
പായസം പോലെ..ഇംഗ്ലീഷിലും പായസമാണല്ലോ...?
പായസത്തിന് ബംഗാളിയിലും പായസമെന്നാണ് പറയുന്നത്. അതറിയാമോ. കേരളത്തിലെ പൊറോട്ട കരീബിയയിലും പൊറോട്ട തന്നെയാണ്. ഏതാണ്ട് സമാനമായ രുചിയും രൂപവും. ആദ്യകാലത്ത് കപ്പലിൽ ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാരും മറ്റും എളുപ്പം കേടാകാത്ത ഭക്ഷണം സൃഷ്ടിക്കുക എന്ന തരത്തിൽ മൈദപ്പൊടി കരുതുമായിരുന്നു. അങ്ങനെ ആ പൊടി കേരളം ബംഗാൾ, സിംഹപ്പൂർ, മലേഷ്യ, കരീബിയ എന്നിവിടങ്ങളിലെത്തി. അങ്ങനെ അവരെല്ലാം ഏതാണ്ട് സമാനവിഭവവുമുണ്ടാക്കി. നിങ്ങളുടേ പൊറോട്ട ചെറുതാണെന്ന് മാത്രം. പൊറോട്ട എന്ന വാക്ക് ഇന്ത്യനാണ്. മൊബൈൽ ഫോണിനു പകരം മറ്റെന്തെങ്കിലും വാക്ക് ഉപയോഗിച്ചാൽ അത് നിലനിൽക്കണമെന്നില്ല. ഫ്രഞ്ചിൽ ഇത്തരത്തിൽ കമ്പ്യൂട്ടറിനും മറ്റും ഇലക്ട്രിക് ഉപകരണങ്ങൾക്കും വാക്ക് കൊണ്ടുവന്നെങ്കിലും ചിലത് മാത്രമേ നിലനിന്നുള്ളൂ. ഇംഗ്ലീഷ് വാക്ക് വേണ്ട എന്ന ഒരൊറ്റ ഉദ്ദേശത്തിൽ മാത്രം നിങ്ങളൊരു മലയാളം വാക്ക് സൃഷ്ടിക്കുകയാണെങ്കിൽ അത് നിലനിന്നു കൊള്ളണമെന്നില്ല.
പുതിയ വാക്കുകൾ സൃഷ്ടിക്കുക എന്നത് ഭാഷാ വികാസത്തിന് എല്ലായ്‌പ്പോഴും സഹായിക്കണമെന്നില്ല എന്നാണോ പറഞ്ഞു വരുന്നത്...?
അതെ. എന്തുകൊണ്ടാണ് നിങ്ങൾ സാരിയുടുക്കാതെ ജീൻസ് ഉപയോഗിച്ചിരിക്കുന്നത്. സൗകര്യപ്രദമായതുകൊണ്ട്. ഇത്തരത്തിൽ ഭാഷയും സൗകര്യപ്രദമായ ഉപയോഗ രീതിയിലേക്ക് നീങ്ങും. അത് തീർത്തും സ്വാഭാവികമാണ്. വാക്കുകളുടെ കൂടിക്കലരിൽ എനിക്കാശങ്കയില്ല നിങ്ങളുടെ വരുന്ന തലമുറകൾ നിങ്ങളുടെ ഭാഷ തീരെ ഉപയോഗിക്കാത്ത അവസ്ഥയുണ്ടാകുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. അതാണ് ഭാഷാ ഇല്ലായ്മയിലേക്കെത്തിക്കുക. കൃതികളിലും സിനിമകളിലും ഭാഷ നിലനിന്നതുകൊണ്ടായില്ല വരും തലമുറകൾ അത് ഉപയോഗിക്കുക കൂടി വേണം എന്നാലേ ഭാഷക്ക് ജീവനുണ്ടാവൂ. അത് നിലനിൽക്കൂ.
കേരളത്തിൽ ഭരണഭാഷ മലയാളമാക്കാനുള്ള നല്ല രീതിയിലുള്ള സ്രമങ്ങൾ നടക്കുന്നുണ്ട്. ഉത്തരവുകളെല്ലാം മലയാളത്തിൽ ലഭ്യമാക്കിയാണ് നടപ്പിലാക്കുന്നത്... ഇത് ഭാഷയെ സഹായിക്കില്ലേ..അതോ അതൊരു ഗിമ്മിക്ക് മാത്രമാവുമോ...?
അത് തന്നെയാണ് ചെയ്യേണ്ടത്. കാരണം ഭാഷ ഉപയോഗതലത്തിലേക്ക് വരികയാണ്. അങ്ങനെ തന്നെയാണ് നടപ്പിലാവേണ്ടത്.
ഇന്ത്യയിലും കേരളത്തിലും തെറികൾ എല്ലായ്‌പ്പോഴും സ്ത്രീവിരുദ്ധവും ജാതി വിവേചനം പ്രതിഫലിപ്പിക്കുന്നതാണല്ലോ. ലോകത്തെല്ലായിടത്തുമുള്ള തെറികളുടെ ഘടന ഇതു തന്നെയാണോ....?
അശക്തരരായ ആളുകളോടുള്ള വിവേചനമാണ് തെറികളിൽ പ്രതിഫലിക്കുന്നത്. ഇന്ത്യയിലും കേരളത്തിലും അത് ജാതിയാണെങ്കിൽ പശ്ചാത്യർക്കിടയിൽ അത് വംശീയതയാണ് പ്രതിഫലിപ്പിക്കുന്നത്. കറുത്ത വർഗ്ഗക്കാരെയും തെക്കനമേരിക്കക്കാരെയും അവഹേളിക്കുന്ന അംശങ്ങളായിരിക്കും അമേരിക്കൻ ഇംഗ്ലീഷിലുണ്ടാലുക. ഒട്ടുമിക്ക സമൂഹവും പാട്രിയാർക്കൽ ആയതുകൊണ്ടാണ് എല്ലാ ദേശങ്ങളിലെ ഭാഷയിലെ തെറികളിലും സ്ത്രീ വിരുദ്ധത കാണുന്നത്. പക്ഷെ അതേ സമയം തെറികൾ ചരിത്രം കൂടി പറയും. എത്ര വിശദീകരിച്ചാലും മനസ്സിലാക്കാൻ പറ്റാത്ത ഒരു ദേശത്തിന്റെ ചരിത്രം ഒരൊറ്റ തെറിയിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
Content Highlights: peggy mohan interview, mbifl 2023
Published: 04 Feb 2023, 11:32 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented