
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമസമൂഹം ഈ വിധം പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്ന് പ്രശസ്ത ചരിത്രമെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ കീ. മാധ്യമങ്ങളുടെ മേല്‍ സമ്മര്‍ദം നല്‍കുന്നത് സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ദര്‍ശനത്തിന് വിരുദ്ധമായ നിലപാടായി ലോകം കാണും. അത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വിലയിടിക്കുമെന്നും ജോണ്‍ കീ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോള്‍ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
60 വര്‍ഷത്തോളം ഹിമാലയത്തെ പഠിക്കുകയും പുസ്തകങ്ങളെഴുതുകയും ചെയ്ത കീ നൂറിലധികം ഡോക്യുമെന്ററികള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
കശ്മീരിലേക്കുള്ള രണ്ടാമത്തെ വരവിലാണ് താങ്കള്‍ എഴുത്ത് ഒരു തൊഴിലായി എടുക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ വെച്ച് എഴുതാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു. താങ്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതെന്തെല്ലാമായിരുന്നു...?
കശ്മീരില്‍ ജീവിക്കുമ്പോള്‍ എനിക്കെഴെുതേണ്ടി വന്നത് മറ്റൊരു വരുമാനമാര്‍ഗം ഇല്ലായിരുന്നത് കൊണ്ടാണ്. എഴുതാന്‍ കഴിയുമെന്നെനിക്കറിയാമായിരുന്നു. പക്ഷെ അതിനാല്‍ ഫ്രീലാന്‍സറായി ജോലി നോക്കാമെന്ന് കരുതി. മുന്നില്‍ കാണുന്ന ഒട്ടുമിക്ക കൗതുക കാര്യങ്ങളും ഞാന്‍ കുത്തിക്കുറിച്ചു. 1970കളില്‍ അങ്ങനെയാണ് എക്കണോമിസ്റ്റില്‍ ഇന്ത്യന്‍ കറസ്‌പോണ്ടന്റ് ആകുന്നത്. ബിബിസി റേഡിയോക്ക്് വേണ്ടിയും കണ്ടന്റുകള്‍ നല്‍കി. കശ്മീരിലെ പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആയിരുന്ന സമയത്ത് ഞാന്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര നടത്തി. അങ്ങനെയാണ് 1973ല്‍ ഇന്ത്യയെകുറിച്ച് ആദ്യ പുസ്തകം രചിക്കുന്നത്-ഇന്‍ടു ഇന്ത്യ (Into India). ബുക്ക്‌ഫെസ്റ്റിവലുകളുടെ ഭാഗമായും ഇന്ത്യയിലേക്ക് ഇടക്കിടെ വന്നു പൊയ്‌ക്കൊണ്ടിരുന്നു. 1965 മുതല്‍ ഏതാണ്ട് 50 വര്‍ഷക്കാലമായി ഞാന്‍ എല്ലാ വര്‍ഷവും ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
ബിബിസി താങ്കളുടെ പ്രവര്‍ത്തന മേഖലയായിരുന്നല്ലോ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്് പുറത്തിറങ്ങിയ ബിബിസിയുടെ ഡോക്യുമെന്ററി കണ്ടിരുന്നോ. ഇന്ത്യയെ താറടിച്ചു കാണിക്കാനുള്ള ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ ചിന്തയുടെ ബാക്കിപത്രമാണ് ഡോക്യുമെന്ററിയെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം. താങ്കളും അങ്ങനെ കരുതുന്നുവോ..?
ഡോക്യുമെന്ററി ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഉള്ളടകത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയതില്‍ നിന്ന് ചിലത് പറയാം. ചിലര്‍ ആരോപിക്കുന്നതുപോലെ ഡോക്യുമെന്ററി ഇന്ത്യയെ താറടിച്ചുകാണിക്കാനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നരേന്ദ്രമോദിയുടെ ഹിന്ദുത്വ അജണ്ടയില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ. ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യക്കെതിരേയുള്ള വിമര്‍ശനമായല്ല കാണേണ്ടത് പകരം ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്കെതിരേ ഉയര്‍ന്ന സംശയങ്ങളായാണ് കാണേണ്ടത്. ഏഷ്യന്‍ ജനസംഖ്യയുടെ പകുതിക്കടുത്ത് ജനസംഖ്യ ഉള്ളിടമാണ് ഇന്ത്യ അതിന്റെ പകുതിയോളം തന്നെ വരും ഇന്ത്യയിലെ മുസ്ലിം ജനവിഭാഗം. നരേന്ദ്രമോദി സര്‍ക്കാരിന്റെ സമീപനങ്ങളില്‍ അവരില്‍ വലിയൊരു ഭൂരിപക്ഷം അസ്വസ്ഥരാണ്. അതിനാല്‍ തന്നെ ബിബിസി ആ സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള ജേണലിസം ചെയ്തു എന്നത് അത്ര അത്ഭുതപ്പെടുത്തുന്ന കാര്യമായി ഞാന്‍ കാണുന്നില്ല.
ബിബിസി ഡോക്യുമെന്ററി ഇന്‍ര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തതടക്കം ഇന്ത്യയില്‍ മാധ്യമ സമൂഹത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പലവിധ പരിമിതികള്‍ അനുഭവിക്കുന്ന കാലമാണിത്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ വേട്ടക്കാരിലൊരാളായാണ് മോദിയെ റിപ്പോര്‍ട്ടഴ്‌സ് വിത്തൊട്ട് ബോര്‍ഡേഴ്‌സ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രസ് ഫ്രീഡം ഇന്‍ഡക്‌സിലും ഇന്ത്യ പുറകിലാണ്. ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എങ്ങനെ കാണുന്നു?
ഈ നടക്കുന്നതൊന്നും നല്ലതിനല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമസമൂഹം ഈ വിധം പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ വിലയിടിക്കും. മാധ്യമങ്ങളുടെ മേല്‍ സമ്മര്‍ദം നല്‍കുന്നത് സ്വതന്ത്രജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ദര്‍ശനത്തിന് വിരുദ്ധമായ നിലപാടായി ലോകം കാണും. ഒരു മാതൃകാ രാജ്യമല്ലാതായി മാറും.
മാധ്യമമേഖലയെ പരിമിതപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയാണ്..?
ഒരു വിഭാഗത്തെ രണ്ടാംകിട പൗരന്‍മാരായി കാണുന്നതും അവരെ അരികുവത്കരിക്കുന്നതും അന്യവത്കരിക്കുന്നതും അങ്ങയേറ്റം ജനാധിപ്യവിരുദ്ധമായ കാര്യമാണ്. അത്തരം അനീതികള്‍ പുറത്തു കൊണ്ടുവരുന്നവരാണ് മാധ്യമങ്ങള്‍. അവരുടെ ശബ്ദം ഇല്ലാതാക്കുമ്പോള്‍ ഇല്ലാതാകുന്നത് അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം കൂടിയാണ്
മോദി സര്‍ക്കാരിനെ എങ്ങനെയാണ് വിലയിരുത്തുന്നത്...?
നിരന്തരം ഇന്ത്യ സന്ദര്‍ശിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇവിടുത്തെ റോഡിന്റെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തില്‍ വലിയ രീതിയിലുള്ള പുരോഗതി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. അതിനാല്‍ തന്നെ മോദി സര്‍ക്കാര്‍ ഒരു ദുരന്തമായിരുന്നെന്ന് ഞാനൊരിക്കലും പറയില്ല.
പക്ഷെ മുഗളരുടെ പേരിലുള്ള ഒരുപാട് റോഡുകള്‍ തെരുവുകള്‍ പട്ടണങ്ങളെല്ലാം പുനര്‍നാമകരണം ചെയ്തത് താങ്കള്‍ അറിഞ്ഞുകാണുമല്ലോ. മുഗള്‍ ചരിത്രം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് വരെ മായ്ക്കപ്പെടുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. ശ്രദ്ധയില്‍പ്പെട്ടിരുന്നോ?
പരിഹാസ്യമായ സംഗതിയാണത്.അത് ചെയ്യുന്നവരാണ് ചെറുതാവുന്നത്. ഇവിടെ കൊച്ചിയില്‍ വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്ന് പേരുള്ള സ്ഥലമിപ്പോഴുമുണ്ട്. ബ്രിട്ടീഷുകാരിട്ട പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിനോട് ഞാനെതിരൊന്നുമല്ല. പക്ഷെ അതും അനാദരവാണ്. ചരിത്രത്തെ നിരാകരിക്കാന്‍ നമുക്കാവില്ല. മുഗളരും കൂടി ചേര്‍ന്നതാണ് ഇന്ത്യന്‍ ചരിത്രം. അവരുടെ പേരുകളും ചരിത്രവും നീക്കം ചെയ്യപ്പെട്ടുകയെന്നത് കഷ്ടമെന്നേ പറയാനുള്ളൂ.
ഞാനൊരു ചരിത്രകാരനല്ല പകരം ചരിത്രമെഴുതുന്നയാളാണെന്ന് താങ്കള്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്.. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വിശദീകരിക്കാമോ..?
ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി എഴുതപ്പെടേണ്ടതല്ല ചരിത്രമെന്നത്. വലിയ വിഭാഗം സമൂഹത്തിന് അതില്‍ താത്പര്യം ഉണരണം. അവര്‍ക്ക് കൂടി അത് പ്രാപ്യമാവണം. ഞാന്‍ ചരിത്രം പഠിപ്പിക്കുന്നയാളല്ല പകരം ചരിത്രത്തെ മനുഷ്യര്‍ക്ക് വായനാസുഖമുള്ള അനുഭവമാക്കാന്‍ ശ്രമിക്കുന്നയാളാണ്. ചരിത്രകാരന്‍മാര്‍ എന്നത് ഒരു പ്രത്യേക ചരിത്രവിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തവരായിരിക്കും. ഞാനങ്ങനെയല്ല. കുറച്ചു കൂടി വലിയൊരു വായനാസമൂഹത്തെയാണ് ഞാന്‍ അഭിസംബോധന ചെയ്യുന്നത്.
Content Highlights: john keay india modi bbc documentary
Published: 03 Feb 2023, 10:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented