ധുനിക മനുഷ്യന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തമേതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് ചക്രമാണെന്ന്. മറ്റെല്ലാം അതിന്റെ പിറകിലോ തുടര്‍ച്ചയായോ മാത്രം വരുന്നതാണ്. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ താരതമ്യേന വൈകി കണ്ടുപിടിച്ച ഒന്നാണ് ചക്രം. അതിന് മുന്‍പുതന്നെ തുണി, വസ്ത്രനിര്‍മാണം, സൂചിയും നൂലും, തോണികള്‍, ബോട്ടുകള്‍... തുടങ്ങി ഓടക്കുഴല്‍ വരെ കണ്ടുപിടിച്ചിരുന്നു. അവസാനമാണ് ചക്രവിപ്ലവം വരുന്നത്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

മനുഷ്യന്‍ ആദ്യമുണ്ടാക്കിയ വാഹനത്തിന് നാലു ചക്രമോ രണ്ടു ചക്രമോ..? വികാസക്രമമനുസരിച്ച് ആദ്യം ഇരുചക്രം പിന്നെ നാല്‍ച്ചക്രം എന്നൊക്കെയാവും ഉത്തരം. എന്നാല്‍, രണ്ടും ഏകദേശം ഒരേ കാലഘട്ടത്തില്‍ത്തന്നെ നിര്‍മിച്ചിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്.  തെളിവുകള്‍ ലഭിച്ച കാലഘട്ടത്തില്‍ മാത്രമേ മാറ്റമുള്ളൂ. ആരാണ് ചക്രം കണ്ടുപിടിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല, കാരണം അത് ഒരു വ്യക്തിയുടെ കണ്ടുപിടിത്തമാവാനിടയില്ല എന്നതുതന്നെ. എന്നാല്‍ എപ്പോള്‍, എവിടെയായിരുന്നു ആ കണ്ടുപിടിത്തം നടന്നത് എന്ന് ഇന്ന് നമുക്ക് പറയാന്‍ കഴിയും. ലഭ്യമായ തെളിവുകളനുസരിച്ച് ബി.സി.ഇ. 3200 കാലഘട്ടത്തില്‍ സുമേറിയയിലാണ് ചക്രം ആദ്യമായി നിര്‍മിക്കുന്നത്. ആദ്യത്തെ ചക്രം സുമേറിയക്കാര്‍ കണ്ടുപിടിച്ചത് വാഹനങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് മണ്‍പാത്ര നിര്‍മാണത്തിനുള്ള കുശവന്റെ ചക്രമായിട്ടായിരുന്നു.  മരം കൊണ്ടുണ്ടാക്കിയ അത്തരം ചക്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. മരത്തിന്റേയും കളിമണ്ണിന്റേയും ചക്രങ്ങളാണ് കിട്ടിയത്. നടുവില്‍ ദ്വാരമുണ്ടാക്കി അച്ചുതണ്ടു ഘടിപ്പിച്ചാണ് ചക്രം തിരിച്ചിരുന്നത്. പോളണ്ടില്‍നിന്ന് കണ്ടെടുത്ത, ബി.സി.ഇ. 3370-ലെ ഒരു മണ്‍പാത്രത്തില്‍നിന്നാണ് നാലു ചക്രമുള്ള ഒരു വാഹനത്തിന്റെ ചിത്രം ആദ്യമായി കിട്ടിയത്. വൈകാതെ ജര്‍മനിയിലെ ഒരു ശവകുടീരത്തില്‍നിന്ന് 3400-2800 കാലത്തേതെന്ന് കരുതുന്ന ഒരു ഇരുചക്ര വാഹനത്തിന്റെ ചിത്രവും കിട്ടി. വാഹനം എന്നൊക്കെ പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്, ഉന്തുവണ്ടികളും മൃഗങ്ങള്‍ വലിക്കുന്ന വണ്ടികളുമൊക്കെയാണവ. ഇവരൊക്കെയാണ് ഇന്നത്തെ ന്യൂജന്‍ വാഹനങ്ങളുടെ പിതാമഹന്‍മാര്‍. 

ചക്രം കണ്ടുപിടിച്ചതിന് ശേഷം മനുഷ്യന്‍ ഉരുളുകയല്ല, പറക്കുകയായിരുന്നു. മറ്റെല്ലാ കണ്ടുപിടിത്തങ്ങള്‍ക്കും ശരവേഗം നല്‍കിയത് ചക്രത്തിന്റെ വരവാണ്. പ്രകൃതിയില്‍നിന്ന് ഒരു മോഡലും നോക്കി പകര്‍ത്താതെ ഹോമോസാപിയന്‍സ് സ്വന്തമായി കണ്ടുപിടിച്ചതെന്ന പ്രത്യേകതകൂടി ഇതിനുണ്ട്. മനുഷ്യന്റെ മിക്ക കണ്ടുപിടിത്തങ്ങള്‍ക്കും പ്രകൃതിയില്‍നിന്ന് മോഡലുകളെ കിട്ടിയിട്ടുണ്ട്.  ആയുധങ്ങള്‍ മുതല്‍ വിമാനം വരെ ഇങ്ങനെ കണ്ടെത്തിയതാണ്. ചക്രങ്ങള്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നില്ല. അതേസമയം, തടികളും പാറകളുമെല്ലാം ഉരുണ്ടുപോകുന്ന കാഴ്ച അന്നത്തെ ഹോമോസാപിയന്‍സിന് ചക്രത്തിന്റെ ആശയം നല്‍കിയിരിക്കാമെന്നുള്ള നിരീക്ഷണവുമുണ്ട്.  എന്തുതന്നെയായാലും ചക്രത്തിലേറിയാണ് പിന്നീടങ്ങോട്ട് മനുഷ്യകുലം കുതിച്ചത്. ഇന്ന് കരയിലും വെള്ളത്തിലുമോടുന്ന വാഹനങ്ങളില്‍ മാത്രമല്ല, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പറക്കുന്ന വാഹനങ്ങളില്‍ പോലും  പല രൂപങ്ങളില്‍ ചക്രങ്ങള്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നു. 

ദശരഥന്റെ രഥചക്രം, എസെക്കിയേലിന്റേയും..

മെസപ്പട്ടോമിയന്‍, സിന്ധു നാഗരികതകള്‍ക്കും ആയിരത്താണ്ടുകള്‍ കഴിഞ്ഞാണ് പുരാണങ്ങളും ഇതിഹാസങ്ങളും മതഗ്രന്ഥങ്ങളുമെല്ലാം ഉണ്ടായതെന്ന് നമുക്കറിയാം. മനുഷ്യഭാവനയുടെ പരകോടിയാണ് ഇത്തരം ഗ്രന്ഥങ്ങളിലെ കഥകള്‍. ചക്രവും പലരൂപത്തില്‍ അവിടെ കടന്നുവരുന്നുണ്ട്, കൂടുതലും രഥചക്രത്തിന്റെ രൂപത്തിലാണ്. ആ കാലഘട്ടത്തില്‍ ചക്രങ്ങളുടെ പ്രധാന ധര്‍മം അതായിരുന്നു. യുദ്ധത്തില്‍ ദശരഥന്റെ രഥത്തിന്റെ അച്ചാണി മുറിഞ്ഞു പോയപ്പോള്‍ പകരം വിരലിട്ട് രഥം സംരക്ഷിച്ച ഭാര്യ കൈകേയിയുടെ കഥ പ്രസിദ്ധമാണല്ലോ..? രാമനും ലക്ഷ്മണനും രാവണനുമെല്ലാം രഥത്തിലേറി യുദ്ധം ചെയ്തതായ കഥകളുണ്ട്. മഹാഭാരതത്തിലേക്കുവന്നാലും, യുദ്ധരംഗങ്ങളിലൊക്കെ രഥം പ്രധാന കഥാപാത്രമാണ്. കര്‍ണന്റെ രഥചക്രം ചെളിയിലാണ്ടു പോവുകയും അത് പൊക്കാന്‍ ശ്രമിക്കുമ്പോള്‍ നിരായുധനായ അദ്ദേഹത്തെ അമ്പെയ്തു കൊല്ലുകയും ചെയ്ത കഥയും പ്രസിദ്ധമാണ്. 

മറ്റൊരു പ്രധാന ചക്രം പ്രത്യക്ഷപ്പെടുന്നത് മഹാവിഷ്ണുവുമായി ബന്ധപ്പെട്ടാണ്. വിഷ്ണുവിന്റെ ആയുധമാണല്ലോ സുദര്‍ശനചക്രം. അക്കാലത്ത് ആയുധമായും ചില ഗോത്രങ്ങളില്‍ ഇത്തരം മൂര്‍ച്ചയുള്ള ചക്രങ്ങള്‍ ഉപയോഗിച്ചിരിക്കാം. ഋഗ്വേദത്തിലാണ് സുദര്‍ശനചക്രത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം കാണുന്നത്. അത് കാലചക്രത്തിന്റെ പ്രതീകമാണെന്ന് വ്യാഖ്യാനമുണ്ട്.  വിഷ്ണുപുരാണത്തില്‍ സുദര്‍ശനചക്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുപറയുന്നത്, സൂര്യന്റെ തേജസ്സ് വിശ്വകര്‍മാവ് കുറയ്ക്കുകയും അവശേഷിച്ച തേജസ്സെടുത്ത് ചക്രവും ത്രിശൂലവും നിര്‍മിക്കുകയും ചെയ്തുവെന്നാണ്. ശിവന്‍ നല്‍കിയതാണെന്നും ഹയഗ്രീവന്‍ എന്ന അസുരനെ കൊന്ന് മഹാവിഷ്ണു അയാളില്‍നിന്ന് കൈക്കലാക്കിയതാണെന്നുമൊക്കെ വ്യത്യസ്ത കഥകളുണ്ട്. 

ഇനി പഴയ നിയമത്തിലേക്കു വന്നാല്‍, എസെക്കിയേലിന്റെ പുസ്തകത്തില്‍ ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു ദൈവരഥദര്‍ശനം കാണാം. വടക്കുനിന്ന് കൊടുങ്കാറ്റിലേറിവന്ന മേഘത്തേയും അതിനു ചുറ്റും ജ്വലിക്കുന്ന അഗ്നിയേയും മനുഷ്യാകൃതിയിലുള്ള നാല് ജീവികളേയും എസെക്കിയേല്‍ കണ്ടു. ആ കാഴ്ച പുസ്തകത്തില്‍ വിവരിക്കുന്നു- ''ഓരോ ജീവികളുടേയും സമീപം ഭൂമിയില്‍ ഓരോ ചക്രം ഉണ്ടായിരുന്നു. ഗോമേദകം പോലെ ശോഭിച്ച അവ ഒരു ചക്രത്തിനുള്ളില്‍ മറ്റൊന്ന് എന്ന നിലയിലായിരുന്നു. നാലു ചക്രങ്ങളുടെയും പട്ടകള്‍ക്ക് ചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു.  ജീവികള്‍ ചലിക്കുമ്പോള്‍ ചക്രങ്ങളും ചലിക്കുമായിരുന്നു. എന്തെന്നാല്‍ ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.'' - ഇങ്ങനെ പോകുന്നു ചക്രവിശേഷം. മതങ്ങളുടെ കാലമായപ്പോഴേക്കും കാളവണ്ടി, ഒട്ടകവണ്ടി തുടങ്ങിയവ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. വാണിജ്യാവശ്യങ്ങള്‍ക്കും യാത്രാവശ്യങ്ങള്‍ക്കും യുദ്ധത്തിനുമൊക്കെ ഉപയോഗിച്ചിരുന്ന ഇത്തരം വാഹനങ്ങളില്‍ മരത്തിന്റെയും ലോഹത്തിന്റേയും ചക്രങ്ങളുമുണ്ടായിരുന്നു. 

placeholder
ശിക്ഷ നടപ്പാക്കാനായി ഉപയോഗിച്ച ബ്രേക്കിങ് വീലും ശിക്ഷാ നടപടിയും ചിത്രകാരന്റെ ഭാവനയിൽ | By Lucas Mayer - The picture was published in 'Het Tilburg, Public Domain, https://commons.wikimedia.org/w/index.php?curid=810311

പീഡിപ്പിക്കാനും ചക്രങ്ങള്‍! 

ചക്രം ആയുധമായി ഉപയോഗിച്ചതിന്റെ കഥകള്‍ പുരാണത്തിലുള്ളത് നാം കണ്ടു. അതൊരു പീഡനോപാധിയായി ഉപയോഗിച്ചതിനും ചരിത്രത്തില്‍ തെളിവുകളുണ്ട്. അതിലൊന്നാണ്  'കാതറിന്‍ വീല്‍' എന്നും 'ബ്രേക്കിങ് വീല്‍' എന്നുമൊക്കെ അറിയപ്പെടുന്ന കുപ്രസിദ്ധമായ പീഡനചക്രം. യൂറോപ്പില്‍ മധ്യകാലത്ത് കുറ്റവാളികളെ ശിക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതാണത്രെ. കൂറ്റന്‍ മരച്ചക്രത്തില്‍ കുറ്റവാളിയെ കെട്ടിവെക്കും, എന്നിട്ട് ചക്രം മെല്ലെ കറക്കും. കുറ്റവാളിയുടെ ശരീരത്തിന്റെ അവയവങ്ങളോരോന്നായി ചതഞ്ഞ് അയാള്‍ ഇഞ്ചിഞ്ചായി മരിക്കുകയും ചെയ്യും.

അതിക്രൂരമായിരുന്നു ഈ ശിക്ഷാരീതി. 'കാതറിന്‍ വീല്‍' എന്ന പ്രയോഗത്തിന് പിന്നില്‍ ഒരു കഥയുണ്ട്. അലക്‌സാണ്ട്രിയയില്‍ നാലാം നൂറ്റാണ്ടില്‍ ചക്രവര്‍ത്തിയായിരുന്ന മാക്‌സെന്‍ഷിയസിന്റെ കൈകളാല്‍ കൊല്ലപ്പെട്ട ഒരു ക്രിസ്ത്യന്‍ വിശുദ്ധയുടെ പേരാണ് കാതറിന്‍. 'ദ ഗ്രേറ്റ് മാര്‍ട്ടിയര്‍ സെയിന്റ് കാതറിന്‍' എന്നാണ് അവര്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത്. അലക്‌സാണ്ട്രിയയിലെ ഗവര്‍ണറായിരുന്ന കോണ്‍സ്റ്റസിന്റെ മകളായിരുന്നു കാതറിന്‍. 14-ാം വയസ്സില്‍ അവള്‍ ക്രിസ്തുമതം സ്വീകരിച്ചെന്നുമാത്രമല്ല, ഒട്ടേറേപ്പേരെ ആ മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ഇത് മാക്‌സെന്‍ഷിയന്‍സ് ചക്രവര്‍ത്തിയുമായി സംഘര്‍ഷത്തിന് കാരണമായി.  കുപിതനായ ചക്രവര്‍ത്തി കാതറിനെ പീഡനചക്രത്തില്‍ കെട്ടിയിട്ട് ഉരുട്ടി കൊല്ലാന്‍ ശ്രമിച്ചു. അവള്‍ തൊട്ടതോടെ ചക്രം തകര്‍ന്നുപോയി എന്നാണ് കഥ. പിന്നീട് കാതറിനെ ചക്രവര്‍ത്തി കഴുത്തുവെട്ടി കൊന്നത്രെ. ക്രിസ്ത്രീയ വീരാപദാനങ്ങളിലൊന്നാണെങ്കിലും ഇതിലും ചക്രത്തിന് നിര്‍ണായക വേഷമുണ്ട്.

placeholder
രഥത്തിനുപയോഗിക്കുന്നതിന് വർഷങ്ങൾക്കു മുമ്പെ മെസപ്പൊട്ടോമിയക്കാർ ചക്രങ്ങൾ മൺപാത്ര നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നു | പ്രതീകാത്മക ചിത്രം

പല രൂപത്തില്‍ പല ഭാവത്തില്‍

ആദ്യം അച്ചുതണ്ടും ചക്രവും ഒരുമിച്ചുകറങ്ങുമായിരുന്നെങ്കില്‍ പിന്നീട് ഉറച്ച അച്ചുതണ്ടില്‍ കറങ്ങുന്ന ചക്രങ്ങളുടെ വരവായി. അതും ഉപയോഗിച്ചത് വാഹനങ്ങള്‍ക്കല്ലെന്ന് ഓര്‍ക്കണം. അമേരിക്കന്‍ പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ ആദ്യത്തെ ചക്രത്തിനുള്ള പേറ്റന്റ് നേടിയത് ന്യൂജേഴ്‌സി പ്രിന്‍സ്റ്റണിലെ ജെയിംസ് മക്കോംബായിരുന്നു. അതാണെങ്കില്‍ മില്ലുകളിലേക്ക് ജലവൈദ്യുതി ഉണ്ടാക്കാനുള്ള ഒരു തരം ചക്രത്തിനായിരുന്നു. 1791 ആഗസ്ത് 26-നാണ് ആ ചരിത്രസംഭവം. അതിന്റെ രേഖകളൊക്കെ പിന്നീട് തീപ്പിടിത്തത്തില്‍ നശിച്ചുപോയത്രെ. ആദ്യത്തെ വിനോദചക്രം വരുന്നത് 1893-ലാണ്. 1989-ല്‍ പാരീസില്‍ നടന്ന ലോകപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ച, 984 അടി ഉയരമുള്ള ഈഫല്‍ ഗോപുരത്തെ മറികടക്കുന്ന എന്തെങ്കിലുമൊന്ന് 1893-ല്‍ ചിക്കാഗോയിലെ ലോക കൊളമ്പിയന്‍ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്ന വെല്ലുവിളിയായിരുന്നു അമേരിക്കന്‍ സിവില്‍ എന്‍ജിനിയര്‍മാരുടെ മുന്നിലുണ്ടായിരുന്നത്. ആ വെല്ലുവിളി എന്‍ജിനീയറായ ജോര്‍ജ്ജ് വാഷിങ്ടണ്‍ ഗെയില്‍ ഫെറിസ് ഏറ്റെടുത്തു. അങ്ങനെ അദ്ദേഹം വിനോദത്തിനുള്ള ആദ്യത്തെ കൂറ്റന്‍ ചക്രം രൂപകല്‍പന ചെയ്തു. ഇന്നും നമ്മുടെ പൂരപ്പറമ്പുകളിലും ഉത്സവപ്പാടങ്ങളിലുമെല്ലാം പ്രധാന ആകര്‍ഷണമാണ് ഈ ഫെറിസ് വീല്‍.  മുപ്പത് കാബിനുകളിലായി 60 പേര്‍ക്ക് കയറി ആസ്വദിക്കാന്‍ സൗകര്യമുള്ളതായിരുന്നു ആദ്യത്തെ അദ്ദേഹത്തിന്റെ ചക്രം. 

placeholder
യൂറോപ്പിലെ ആദ്യകാല അർബാൻ അഥവാ വീൽബാരോകളിലൊന്ന് | By Unknown - Self-photographed by User:Bullenwächter, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=119547155

വരുന്നൂ പുത്തന്‍ചക്രങ്ങള്‍

ഒറ്റച്ചക്രമുള്ള, ഭാരം വഹിക്കുന്ന വാഹനങ്ങള്‍(വീല്‍ബാരോ) ആദ്യമായി നിര്‍മിച്ചത് ഗ്രീസിലാണ്. ബി.സി.ഇ. 6-4 നൂറ്റാണ്ടുകളിലായിരുന്നു അത്. വലിയ വിലയുണ്ടായിരുന്ന അത്  സമ്പന്നന്റെ വാഹനമായിരുന്നത്രെ ! പിന്നീട് ചൈനയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഈ മുച്ചക്രം വ്യാപിച്ചു. മരവും കല്ലുമൊക്കെ ഉപയോഗിച്ചുള്ള ചക്രങ്ങളില്‍ ഇരുമ്പുയുഗം വന്നതോടെ ഇരുമ്പുപട്ടകള്‍ വന്നു,  വൈകാതെ ഇരുമ്പുചക്രങ്ങളും. 

സൈക്കിളിന്റെ വരവുപോലും പല ഘട്ടങ്ങളിലൂടെയാണ്. സൈക്കിളിന്റെ പിതാമഹനായി കണക്കാക്കുന്ന, 'സിലരിഫെര്‍' (Celerifere) എന്നുവിളിക്കുന്ന ആ രൂപം മരത്തിന്റെ തണ്ടില്‍ രണ്ടു ചക്രങ്ങള്‍ ഘടിപ്പിച്ചതായിരുന്നു. സ്റ്റിയറിങ്ങോ പെഡലുകളോ ചങ്ങലയോ ഒന്നുമില്ല. ഇരിക്കുന്ന ആള്‍ തന്നെ കാലു നിലത്തൂന്നി വലിച്ചുകൊണ്ടുപോകുന്ന തരം ഒരു കോമാളി വണ്ടി. 1790-കളിലാണ് ഇത് ആരൊക്കെയോ നിര്‍മിച്ചത്.  പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആധുനിക സൈക്കിള്‍ രൂപകല്‍പനയില്‍ സിലരിഫെറിന് വലിയ പങ്കുണ്ടായിരുന്നു. 

ആദ്യത്തെ പേറ്റന്റ് ലഭിച്ച സൈക്കിളിന്റെ രൂപകല്‍പന 1818-ല്‍ കാള്‍ വോണ്‍ ഡ്രായിസിന്റേതാണ്. ജര്‍മനിയിലും ഫ്രാന്‍സിലുമാണ് നിര്‍മിച്ചിരുന്നത്. 1834-ല്‍ ചങ്ങലയുപയോഗിച്ച് ചക്രങ്ങളെ ചലിപ്പിക്കുന്ന വിദ്യ വാച്ച് നിര്‍മാതാവുകൂടിയായ ജൂലിയന്‍ ബെഞ്ചമിന്‍ റോസ്സല്‍ കണ്ടുപിടിച്ചു. അങ്ങനെയങ്ങനെ സൈക്കിളില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. 

placeholder
പെഡലുകളില്ലാത്ത ആദ്യകാല സൈക്കിൽ | By Gun Powder Ma - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=4406665

ബെന്‍സില്‍ നിന്ന് ആദ്യ മോട്ടോര്‍കാറിന്റെ ചക്രം 

1886-ല്‍ ജര്‍മന്‍കാരനായ കാരി ബെന്‍സ് ആണ് ആദ്യത്തെ മോട്ടോര്‍കാറിന് പേറ്റന്റ് നേടുന്നത്. ആ കാറിലാണ് ഇന്നത്തെ സൈക്കിള്‍ ചക്രത്തിന് സമാനമായ, ലോഹവും ടയറും ഉപയോഗിച്ചുള്ള ചക്രം ആദ്യമായി ഉപയോഗിച്ചത്. ഗ്യാസ് ഉപയോഗിച്ചായിരുന്നു ഈ വാഹനം ഓടിച്ചത്. രഥത്തിന്റെ രൂപമുള്ള ആ മുച്ചക്ര വാഹനം മോട്ടോര്‍വാഹനങ്ങളുടെ മുത്തച്ഛനായി. അതിലും ചങ്ങല ഉപയോഗിച്ച് ചക്രങ്ങളെ ബന്ധിച്ചിരുന്നു. 1888-ല്‍ മറ്റൊരു നിര്‍ണായക കണ്ടുപിടിത്തം കൂടി ഈ മേഖലയിലുണ്ടായി. അത് ജോണ്‍ ബോയ്ഡ് ഡണ്‍ലപ്പ് നിര്‍മിച്ച വായുനിറച്ച റബ്ബര്‍ ട്യൂബ് ഉപയോഗിച്ചുള്ള ടയറായിരുന്നു. ഈ രണ്ടു കണ്ടുപിടിത്തങ്ങളാണ് പില്‍ക്കാല മോട്ടോര്‍വാഹനരംഗത്ത് കുതിപ്പിന് കാരണമായത്. 1950-കളില്‍ റേഡിയല്‍ ടയറുകള്‍ കൂടി വന്നതോടെ വാഹനചക്രങ്ങളുടെ സാധ്യതകള്‍ അനന്തമായി. ചക്രത്തിലേറിയുള്ള മനുഷ്യന്റെ കുതിപ്പ് തുടരുമ്പോള്‍ മോട്ടോര്‍ വാഹനങ്ങളുടെ ചക്രങ്ങളില്‍ നിരന്തര പരീക്ഷണങ്ങളും തുടരുന്നു. 

(തുടരും)