''എങ്ങുമനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കൈകള്‍ നൊന്തീടുന്നു
എങ്ങോമര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു''- എന്‍.വി.കൃഷ്ണവാരിയര്‍

To advertise here,

എത്രകാലമായിക്കാണും മനുഷ്യന്‍ ഇത്ര വിശാലമായി ചിന്തിച്ചു തുടങ്ങിയിട്ട് ? മൂന്നു ലക്ഷത്തിലേറേ വര്‍ഷം നീണ്ട പരിണാമചരിത്രത്തില്‍ ഈ ഉന്നതചിന്തയിലേക്ക് മനുഷ്യന്‍ നടന്നടുത്തിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. സംഘജീവിതം തുടങ്ങിയ കാലം മുതല്‍ക്കേ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതായിരുന്നു നിയമം. ഭക്ഷണം, ലൈംഗികത, അധികാരം എല്ലാറ്റിനും മാനദണ്ഡം കൈയൂക്കുതന്നെ. തോല്‍ക്കുന്നവര്‍ ജയിക്കുന്നവരുടെ അടിമയാകുന്നു. വിജയിയെ പ്രീതിപ്പെടുത്തുന്നതിന്റെ പ്രതിഫലമാണ് അവരുടെ ശിഷ്ട ജീവിതം. അടിമത്തത്തിന്റെ ചരിത്രം തേടിനടന്നാല്‍ നമ്മള്‍ പൂര്‍വികര്‍ക്കരികിലെത്തും.

ഈസോപ്പു കഥകള്‍ കേള്‍ക്കാത്തവരുണ്ടാവുമോ? ആമയും മുയലും, ചെന്നായയും കൊക്കും, ഉപ്പുകച്ചവടക്കാരന്റെ കഴുത, പൂച്ചക്കാര് മണികെട്ടും... തുടങ്ങി അസംഖ്യം സാരോപദേശകഥകളുടെ രചയിതാവ്. ഈ കഥകളെല്ലാം പറഞ്ഞത് ഗ്രീക്കുകാരനായ ഈസോപ്പാണ്. കഥകള്‍ പോലെത്തന്നെ ഈസോപ്പ് എന്ന കഥാകൃത്തും ഒരു കെട്ടുകഥയാണെന്ന് പറയുന്നവരുണ്ട്. എന്തായാലും ഒരു ഗ്രീക്ക് കഥാകാരനായി അറിയപ്പെടുന്ന ഈസോപ്പ് ഒരു അടിമയായിരുന്നുവെന്നാണ് ചരിത്രം.

ലോകത്തെമ്പാടും നൂറ്റാണ്ടുകളോളം നിലനിന്നിരുന്നതാണ് അടിമവ്യവസ്ഥ. എല്ലായിടത്തും അത് ഒരേ തോതിലും തരത്തിലുമായിരുന്നില്ല. അടിമത്തത്തിന് വ്യത്യസ്തമായ ധാരകളുണ്ടായി.  എന്തുതന്നെയായാലും മനുഷ്യന്റെ അന്തസ്സിനെ, വ്യക്തിത്വത്തെ, സ്വാതന്ത്ര്യത്തെ എല്ലാം തകര്‍ക്കുന്നതായിരുന്നു ഈ സമ്പ്രദായം. മെസപ്പട്ടോമിയന്‍ കാലത്തുതന്നെ മനുഷ്യര്‍ മനുഷ്യരെ അടിമകളാക്കിയിരുന്നതിന് തെളിവുകളുണ്ട്. ഗോത്രയുദ്ധങ്ങളില്‍ വിജയിക്കുന്നവര്‍ പരാജിതരെ കഠിനമായ ജോലികള്‍ക്ക് ഉപയോഗിച്ചു. ഇന്ത്യയില്‍ താജ്മഹല്‍ അടക്കമുള്ള നിര്‍മിതികളുടെ പിന്നില്‍ ഇത്തരം അടിമകളുണ്ടായിരുന്നു. ഈജിപ്തിലൊക്കെ ബി.സി.ഇ. 3100 മുതല്‍ക്കേ അടിമത്ത വ്യവസ്ഥിതിയുണ്ടായിരുന്നതായാണ് ചരിത്രം.  പില്‍ക്കാലത്ത് കൈയൂക്കില്‍നിന്നു മാറി അടിമത്തത്തിന്റെ മാനദണ്ഡം കുലവും ജാതിയും വര്‍ണവും ദേശവുമൊക്കെയായി.

അടിമത്തത്തെ പ്രോത്സാഹിപ്പിച്ച ദൈവങ്ങള്‍

പലചരക്കുപോലെ മനുഷ്യനെ കച്ചവടം ചെയ്യുന്ന അടിമച്ചന്തകള്‍....  ആരോഗ്യവും സൗന്ദര്യവും പ്രതിഭയുമെല്ലാം നോക്കി വില പറഞ്ഞുറപ്പിച്ച് മേലാളന്‍മാര്‍ അവരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു.  സ്വന്തമാക്കിയ അടിമകളെ അവര്‍ ക്രൂരമായി ഉപയോഗിച്ചു. ലക്ഷക്കണക്കിന് അടിമകള്‍ പരുത്തിപ്പാടങ്ങളിലും ഖനികളിലും ക്വാറികളിലും കടലിലും മരുഭൂമികളിലുമെല്ലാം രാപകല്‍ പണിയെടുത്ത് തളര്‍ന്നു വീണു. ഇതില്‍ ബഹുഭൂരിപക്ഷവും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ പുഴുക്കളെപ്പോലെ ചത്തുപോയി. കൂറ്റന്‍ വിസ്മയനിര്‍മിതികള്‍ പലതും ബാക്കിവെച്ചാണ് അവര്‍ പോയതെങ്കിലും വിജയിച്ചവരുടെ ചരിത്രത്തില്‍   അവര്‍ക്കായി ഒരേടുപോലും ഉണ്ടായിരുന്നില്ല.

അതിനേക്കാള്‍ വലിയ ദുരന്തം, ഈ മനുഷ്യരെയൊക്കെ 'സൃഷ്ടിച്ചു' എന്നവകാശപ്പെടുന്ന പല ദൈവങ്ങള്‍ക്കും അന്ന് അടിമത്തം ഒരു കുറ്റമായി തോന്നിയില്ലെന്നതാണ്. തന്റെ സൃഷ്ടികളില്‍ ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ അടിമകളാക്കി പീഡിപ്പിക്കുന്നതും നോക്കി നിര്‍വികാരതയോടെ അവര്‍ നിന്നു. അപ്പോഴും അടിമകളും ഉടമകളും ഒരു പോലെ ഇതേ ദൈവങ്ങളെ വിളിച്ച് പ്രാര്‍ഥിച്ചു. ചില ദൈവങ്ങള്‍ ഒരു ചുവടുകൂടി കടന്ന്, അടിമകളോട് സഹാനുഭൂതിയോടെ പെരുമാറണമെന്നൊക്കെ ഉപദേശിച്ചു. അപ്പോഴും ഇതൊരു ക്രൂരമായ ഇടപാടാണെന്ന് ആ സര്‍വശക്തര്‍ കരുതിയതേയില്ല. എന്നാല്‍, കാലം ചെന്നപ്പോള്‍ സ്വയം ആര്‍ജിച്ച ധാര്‍മികതയുടേയും മാനവികതയുടേയും പിന്‍ബലത്തില്‍ മനുഷ്യന്‍ അതിലെ അശ്ലീലവും അധാര്‍മികതയും അനീതിയും തിരിച്ചറിഞ്ഞു. അങ്ങനെ ഘട്ടംഘട്ടമായി ഓരോ രാജ്യങ്ങളില്‍ നിന്നായി അവന്‍ അടിമത്തം വേരോടെ പറിച്ചെറിഞ്ഞു. പില്‍ക്കാലത്ത് യു.എന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ നാലാമത്തെ നിയമമായി അടിമ വ്യവസ്ഥിതിക്കെതിരേയുള്ള നിലപാടിനെ ഊന്നി പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഏതൊരു വിശുദ്ധ ഗ്രന്ഥത്തേക്കാളും മഹിതമായ സിംഹാസനത്തില്‍ യു.എന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 30 സുവര്‍ണനിയമങ്ങള്‍ ഇപ്പോഴും കാലിനു മുകളില്‍ കാലും കയറ്റി ഇരിക്കുന്നത്.

ലോകത്തെമ്പാടും അടിമ വ്യവസ്ഥിതിയുണ്ടായിരുന്നെങ്കിലും അതിന്റെ ഏറ്റവും ക്രൂരമായ മുഖം പ്രകടമായത് ആഫ്രിക്കന്‍ വന്‍കരയിലായിരുന്നു. തൊലിനിറം തന്നെയാണ് അവിടെ ഒരു കൂട്ടം മനുഷ്യര്‍ മറ്റൊരു കൂട്ടത്തെ അടിമയാക്കാന്‍ അളവുകോലാക്കിയത്. അങ്ങനെ കറുത്തവര്‍ നിര്‍ദയം വെളുത്തവരുടെ അടിമകളായി. 19-ാം  നൂറ്റാണ്ടിന്റെ അവസാനം വരെ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ അടിമത്തത്തിന് സാമൂഹിക-സാമ്പത്തിക-സൈനിക മേഖലകളിലടക്കം ആഴത്തില്‍ വേരുകളുണ്ടായിരുന്നു എന്ന് നൈജീരിയന്‍ ചരിത്രകാരനായ പ്രൊഫ. ഫിലിപ്പ് ഇഗ്ബാഫെ പറയുന്നുണ്ട്.  ചില രാജ്യങ്ങളില്‍ സുഗമമായി ഭരണം മുന്നോട്ടുപോയിരുന്നതുപോലും അവരെ ഉപയോഗിച്ചായിരുന്നത്രെ. 1981-ല്‍, വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൗറിത്താനിയയാണ് അവസാനം അടിമത്തം നിര്‍ത്തലാക്കിയ രാജ്യം.

അടിമത്തം ഇന്ത്യയില്‍

ആഗോള അടിമത്ത വ്യവസ്ഥിതിയുടെ വേരുകള്‍തന്നെയാണ് ഇന്ത്യയിലേക്കും പടര്‍ന്നത്. ആഫ്രിക്കയിലും യൂറോപ്പിലും നിറത്തിന്റെ അടിസ്ഥാനത്തില്‍ അടിമകളുണ്ടായപ്പോള്‍ ഇന്ത്യയില്‍ അതിന്റെ അടിസ്ഥാനം വര്‍ണാശ്രമധര്‍മവും അതിന്റെ സന്തതിയായ ജാതിയുമായി.  ആയിരക്കണക്കിന് ജാതികളുടെ കടലായ ഇന്ത്യന്‍ സമൂഹത്തിലെ ഉച്ചനീചത്വവ്യവസ്ഥ അതിസങ്കീര്‍ണമായി കെട്ടുപിണഞ്ഞതായിരുന്നു.

ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് വര്‍ണവ്യവസ്ഥയെപ്പറ്റിയുള്ള ആദ്യപരാമര്‍ശമുള്ളതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അത് താരതമ്യേന പഴക്കമില്ലാത്തതുമാണ്.  തുടക്കത്തില്‍ ജാതിവ്യവസ്ഥ ഉറച്ചതോ ജീര്‍ണിച്ചതോ ആയിരുന്നില്ലെന്ന് പ്രശസ്ത ചരിത്രപണ്ഡിതനായ ഡോ. എം.ആര്‍. രാഘവവാരിയര്‍ തന്റെ 'ചരിത്രത്തിലെ ഇന്ത്യ' എന്ന ഗ്രന്ഥത്തില്‍ എഴുതി. ഒരു ജാതിയില്‍ ജനിച്ചവര്‍ക്ക് കര്‍മം കൊണ്ട് മറ്റു ജാതിക്കാരാവാന്‍ പ്രയാസമുണ്ടായിരുന്നില്ല. കവഷന്റേയും വിശ്വാമിത്ര സന്തതികളുടേയും കഥകള്‍ ഇതിന്റെ സൂചനയാണെന്ന് അദ്ദേഹം പറയുന്നു. ഉയര്‍ന്ന വര്‍ണങ്ങളിലുള്ളവര്‍ക്ക് കര്‍മദോഷം കൊണ്ട് സ്ഥാനം നഷ്ടപ്പെടുന്നതിന്റെ ഉദാഹരണങ്ങളും രാഘവവാരിയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോള്‍ ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞ -'' ചാതുര്‍വര്‍ണ്യം മയാസൃഷ്ടം, ഗുണകര്‍മ വിഭാഗശഃ'  എന്ന നിയമത്തെ ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിയാക്കി മാറ്റിയത് ആരായിരിക്കും ? സംശയിക്കാനില്ല, ജാതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്ന ബ്രാഹ്‌മണ്യം തന്നെ.

''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ
ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍''
എന്ന് ആശാന്‍ വിരല്‍ചൂണ്ടിയ ജാതിക്കോമരങ്ങള്‍ക്ക് സോമരസം പകര്‍ന്നതില്‍ 'മനുസ്മൃതി' എന്ന കൃതിക്കുള്ള പങ്ക് ചെറുതല്ല. ഇന്ത്യന്‍ സമൂഹത്തില്‍ ഇതിലെ നിയമങ്ങളുണ്ടാക്കിയ വ്രണം ഇപ്പോഴും പഴുത്തൊലിക്കുകയാണ്.  അടിമത്തം പൂര്‍വജന്‍മ പാപഫലമാണെന്നും പാപയോനിയില്‍ പിറന്നതിനാല്‍ അതനുഭവിക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമൊക്കെ മനസാ അംഗീകരിച്ച ഒരു തലമുറയാണ് ഇന്ത്യയിലുണ്ടായിരുന്നത്. അഥവാ, അതാണ് അവരെ പറഞ്ഞുപഠിപ്പിച്ചിരുന്നത്.

എരിതീയായി മനുസ്മൃതി

ഒരു വെറുപ്പും മുറുമുറുപ്പും കൂടാതെ ബ്രാഹ്‌മണാദികളെ ശുശ്രൂഷിക്കാനുള്ള കടമയാണ് ശൂദ്രര്‍ക്ക് മനുസ്മൃതി നല്‍കിയിരിക്കുന്നത്. ഈ ലോകത്തുള്ളവയെല്ലാം ബ്രാഹ്‌മണന്റെ വകയാണ്. ബ്രാഹ്‌മണന്‍ മറ്റുള്ളവരുടെ അന്നവസ്ത്രാദികള്‍ അനുഭവിച്ചാലും അതെല്ലാം സ്വന്തം പോലെയാണ്. വര്‍ണം കര്‍മത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വാദിക്കുന്നവര്‍ക്ക് മനുസ്മൃതി തന്നെ മറ്റൊരു തരത്തില്‍ മറുപടി നല്‍കുന്നുണ്ട്. കുഞ്ഞ് ജനിച്ചാല്‍  ഓരോ വര്‍ണത്തിനും അനുസരിച്ച് പേരിടണമെന്നാണ് മനുവിന്റെ നിര്‍ദ്ദേശം.  ഉപനയനത്തിന് ബ്രാഹ്‌മണനും ക്ഷത്രിയനും വൈശ്യനുമൊക്കെ വ്യത്യസ്ത ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. കര്‍മം ചെയ്യാന്‍ പ്രായമാവാത്ത കുഞ്ഞുങ്ങളെ എന്ത് കര്‍മത്തിന്റെ, ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ജാതിതിരിക്കുന്നത് ? അപ്പോള്‍ മനുസ്മൃതി പറയുന്നത് ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിയെക്കുറിച്ചു തന്നെയാണെന്നു വ്യക്തം.

ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിയുടെ ശ്രേണിയെ ഉറപ്പിച്ചതിന് ശേഷം അതിന്റെ ഏറ്റവും മുകളില്‍ ബ്രാഹ്‌മണനെ പ്രതിഷ്ഠിക്കുകയാണ് മനുസ്മൃതി ചെയ്തത്.


ബ്രാഹ്‌മണനെ കൊല്ലാനുദ്ദേശിച്ച് വടിയൊന്ന് പൊക്കിയാല്‍ പോലും താമിസ്രമെന്ന നരകത്തില്‍ നൂറു വര്‍ഷം കറങ്ങുമത്രെ.  ബ്രാഹ്‌മണനെ പുല്ലുകൊണ്ട് അടിച്ചാല്‍പ്പോലും ഇരുപത്തൊന്ന് ജന്‍മം പാപയോനികളില്‍ ജനിക്കുമെന്നാണ് ഭീഷണി. സാമര്‍ത്ഥ്യമുണ്ടെങ്കിലും ശൂദ്രന്‍ ധനം സമ്പാദിക്കരുതെന്ന് പത്താമധ്യായമായ ജാതിക്രമത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.  അതിന്റെ കാരണം ബഹുരസമാണ്, ശാസ്ത്രജ്ഞാനമില്ലാത്തതിനാല്‍ ശാസ്ത്രവിരുദ്ധമായി പ്രവര്‍ത്തിക്കും, ബ്രാഹ്‌മണസേവ ഉപേക്ഷിക്കും, ബ്രാഹ്‌മണനുതന്നെ പീഡയുണ്ടാക്കുകയും ചെയ്യും.  ഇന്ത്യന്‍ സമൂഹത്തിലെ ജാതിശ്രേണിയില്‍ അടിമത്തം എങ്ങനെ നൂറ്റാണ്ടുകള്‍ നിലനിന്നു എന്നതിന്റെ ഉത്തരമാണ് ഇവയെല്ലാം. ചാണക്യനീതിപ്രകാരം എട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ വാങ്ങുവാനോ വില്‍ക്കുവാനോ പാടില്ല.

placeholder
കൗടില്യ അർഥശാസ്ത്ര പുസ്തകത്തിന്റെകവർ പേജിലുള്ള
ചാണക്യന്റെ ചിത്രം | By Unknown author - Cover of Kautilya Arthashastra/commons.wikimedia.org/w/index.php?curid=27011432

അടിമപ്പെണ്ണിന്റെ ചാരിത്ര്യത്തെ നശിപ്പിച്ചാല്‍ യജമാനന്‍ അവളെ സ്വതന്ത്രയാക്കണമെന്ന് ചാണക്യന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അപ്പോഴും അടിമത്തം നീചമാണെന്ന ചിന്ത ചാണക്യനുമുണ്ടായില്ല.
 
തന്റെ മേല്‍ജാതിയോട് അടിയാളഭാവത്തില്‍ നില്‍ക്കുകയും കീഴ്ജാതിയോട് മേലാളനെപ്പോലെ പെരുമാറുകയും ചെയ്യുന്നു എന്നതാണ് ഇന്ത്യന്‍ അടിമത്ത വ്യവസ്ഥിതിയുടെ വൈരുധ്യാത്മകമായ ദുരന്തം. എല്ലാ ജാതിക്കാര്‍ക്കും തൊട്ടുതാഴെയുള്ളവരോട് യജമാനഭാവമായിരുന്നു. അടിമത്തത്തെ മനസ്സുകൊണ്ട് ഏറ്റുവാങ്ങിയ സമൂഹമായി മാറുകയായിരുന്നു അവര്‍. അത് ആരുടേയെങ്കിലും കുറ്റമായി അവര്‍ക്ക് തോന്നിയില്ല. മധ്യാഫ്രിക്കയിലെ സെന്‍സിബാര്‍ എന്ന ദ്വീപിലെ അടിമ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ഒരു കഥയെക്കുറിച്ച് പറയാറുണ്ട്. ഒരു അടിമസ്ത്രീയെ തെറ്റിദ്ധരിച്ച് തടവിലാക്കുകയും പിന്നീട് അവളുടെ നിരപരാധിത്വം തെളിഞ്ഞ് നഷ്ടപരിഹാരം സഹിതം വിട്ടയക്കുകയും ചെയ്തു. നഷ്ടപരിഹാരമായി കിട്ടിയ പണംകൊണ്ട് എന്തു ചെയ്യുമെന്ന് ആരോ ചോദിച്ചപ്പോള്‍ അവളുടെ മറുപടി, 'ഒരു നല്ല അടിമയെ വാങ്ങണം' എന്നായിരുന്നത്രെ!. അത്രമേല്‍ അടിമുടി അടിമകളായിരുന്നു അവര്‍.

അടിമകളുടെ സ്വന്തം കേരളം

അടിമത്തത്തിന്റെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കേരളത്തിലെ അവസ്ഥ. കേരളത്തില്‍ അടിമത്തസമ്പ്രദായം കൊണ്ടുവന്നത് വിദേശ ശക്തികളായിരുന്നില്ല. അതിനുമെത്രയോ മുന്‍പുതന്നെ കേരളത്തില്‍ അടിമക്കച്ചവടം ഉണ്ടായിരുന്നുവെന്നതിന് ഇവിടത്തെ വട്ടെഴുത്ത്, കോലെഴുത്ത് രേഖകളില്‍ തെളിവുണ്ട്. വേണാട്ടു രാജാവായ അയ്യനടി തിരുവടികളുടെ എ.ഡി. 849-ലെ  തരിസാപ്പള്ളി ശാസനത്തില്‍ അടിമകള്‍ കൊടുത്തിരുന്ന നികുതിയായ അടിമപ്പണത്തെക്കുറിച്ചും കൃഷിക്കുപയോഗിച്ചിരുന്ന അടിമകളെക്കുറിച്ചും പറയുന്നുണ്ട്. അയിത്തമെന്ന ഹീനസങ്കല്‍പത്തെ ഉപയോഗിച്ചാണ് എല്ലാ സംഘടിതമതങ്ങളും കേരളത്തില്‍ അടിമക്കച്ചവടത്തില്‍ പങ്കാളികളായതെന്ന് കേരളത്തിലെ അടിമ സമ്പ്രദായത്തെക്കുറിച്ച് ഗവേഷണം നടത്തിയ വിനില്‍ പോള്‍ അദ്ദേഹത്തിന്റെ 'അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. ഒരു മതവും അടിമക്കച്ചവടത്തെ എതിര്‍ത്തില്ല.

ഈ മലിനമായ ജാതിത്തൊഴുത്തിലേക്കാണ് പോര്‍ട്ടുഗീസുകാരും ഡച്ചുകാരുമൊക്കെ കടന്നുവന്നത്. അവര്‍ക്ക് ഇവിടെനിന്ന് അടിമകളെ കണ്ടെത്തേണ്ട കഷ്ടപ്പാടില്ലായിരുന്നു. ഈ സൗകര്യങ്ങളെ ഉപയോഗിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. നൂറുകണക്കിന് അടിമകളെ അവര്‍ കേരളത്തില്‍നിന്ന് ആഫ്രിക്കന്‍ വന്‍കരയിലേക്ക് കയറ്റിയയച്ചു. അങ്ങനെയാണ് ആഗോള അടിമത്ത വ്യവസ്ഥിതിയുമായി കേരളം ബന്ധപ്പെടുന്നതെന്ന് വിനില്‍പോള്‍ വിശദീകരിക്കുന്നു. കേരളത്തില്‍നിന്ന് ആഫ്രിക്കയിലേക്ക് മാത്രമല്ല, ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്കും അടിമകളെ ഇറക്കുമതി ചെയ്തിട്ടുണ്ട്. ചേരരാജാക്കന്‍മാര്‍ സുന്ദരികളായ ഗ്രീക്ക് യുവതികളെ അടിമകളാക്കി ഇങ്ങോട്ടുകൊണ്ടുവന്നിരുന്നു. അത് ഇവിടത്തെ രാജാക്കന്‍മാരെ പ്രീതിപ്പെടുത്താനുള്ള യൂറോപ്യന്‍മാരുടെ അടവായിരുന്നു. ശക്തന്‍ തമ്പുരാന്റെ കൊട്ടാരത്തില്‍ ആഫ്രിക്കന്‍ അടിമകളുണ്ടായിരുന്നതായി ഭരണരേഖകളുണ്ടെന്ന് വിനില്‍ പോള്‍ പറയുന്നു. കണ്ണൂരിലും കൊച്ചിയിലുമെല്ലാം അടിമച്ചന്തകളുണ്ടായിരുന്നതിന് തെളിവുകളുണ്ട്. സുറിയാനി സഭകളിലെ ഓലക്കെട്ടുകള്‍ പഠിച്ച് ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായിരുന്ന അടിമവ്യവസ്ഥയെക്കുറിച്ച് ഇഗ്‌നേഷ്യസ് പയ്യപ്പള്ളിയും എഴുതിയിട്ടുണ്ട്. കേരളത്തെ ഈ നീചമായ വ്യവസ്ഥയില്‍നിന്ന് മോചിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരാണ്. മിഷനറിമാരുടെ കൂടി ആവശ്യത്തെത്തുടര്‍ന്നാണ് ഇവിടെ അടിമത്തനിരോധനം നടപ്പാക്കിയതെന്നും വിനില്‍പോള്‍ പറയുന്നു.

എ.ഡി. 1505-ല്‍ കേരളത്തിലെത്തിയ വര്‍ത്തേമയും 1800-ല്‍ എത്തിയ ഫ്രാന്‍സിസ് ബുക്കാനനുമെല്ലാം കേരളത്തില്‍ നിലനിന്നിരുന്ന അടിമസമ്പ്രദായത്തേയും അടിമച്ചന്തകളേയും കുറിച്ച് വിവരിക്കുന്നുണ്ട്. ചെറുമരെ ജന്‍മിമാര്‍ എങ്ങനെയാണ് അടിമകളായി ഉപയോഗിച്ചിരുന്നതെന്ന് 'അടിമത്തം കേരളത്തില്‍'  എന്ന അടൂര്‍ രാമചന്ദ്രന്‍നായരുടെ പുസ്തകത്തില്‍ വിശദമാക്കുന്നു. വില്യം ലോഗന്റെ 'മലബാര്‍ മാന്വലി'ല്‍ 1857-ല്‍ എടുത്ത കാനേഷുമാരി കണക്കനുസരിച്ച് 1,87,812 അടിമസമുദായക്കാരുണ്ടായിരുന്നതിന്റെ വിവരങ്ങളുണ്ട്.

placeholder
അയ്യങ്കാളിയുടെ വാക്കുകൾ

നമ്മള്‍ നടന്ന വഴികള്‍

സംഘകാലത്ത് സാര്‍വത്രികമായി സമത്വവും സമാധാനവും സ്ത്രീസ്വാതന്ത്ര്യവും വര്‍ഗരാഹിത്യവും അനുഭവിച്ചിരുന്ന ഒരു ജനതയാണ് പൊടുന്നനെ ജാതിക്കോമരങ്ങള്‍ക്ക് കീഴ്പ്പെടുന്നത്. അതിനു കാരണമായി പറയുന്നത് ചേര-ചോളയുദ്ധമാണ്. ഈ യുദ്ധം നമ്പൂതിരിമാരുടെ സ്വാധീനം സാമ്പത്തിക -സാമൂഹികമേഖലയില്‍ അനിഷേധ്യമാക്കിയതായി 'കേരളചരിത്ര'ത്തില്‍ എ. ശ്രീധരമേനോന്‍ വിശദീകരിക്കുന്നു. ഇതിനെത്തുടര്‍ന്നാണ് കേരളത്തില്‍ ജന്‍മിസമ്പ്രദായം തുടങ്ങിയതും ജാതിയും അയിത്തവും അടിമത്തവും വേരുറപ്പിക്കാന്‍ തുടങ്ങിയതും. കേരളത്തില്‍ നിലനിന്നിരുന്ന അയിത്തത്തിന് അടിമത്തവുമായി നേരിട്ട് ബന്ധമുണ്ട്. അടിമകളെ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണമായി അയിത്തം മാറുകയായിരുന്നു. വിദ്യ അഭ്യസിക്കുന്നതിനെ, പൊതുവഴി ഉപയോഗിക്കുന്നതിനെ, കല്ലുമാലയണിയുന്നതിനെ, നല്ല വസ്ത്രം ധരിക്കുന്നതിനെ, മാറു മറയ്ക്കുന്നതിനെ, കൂലി ചോദിക്കുന്നതിനെ, നല്ല പേരിടുന്നതിനെ, നല്ല വീടുവെക്കുന്നതിനെ, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ എല്ലാം തടഞ്ഞുകൊണ്ട് ഒരു സമൂഹത്തെ ആത്മനിന്ദയുടെ പടുകുഴിയില്‍ തള്ളിയിട്ട് അടിമകളാക്കിയത് ഈ ജാതിയെന്ന ചാട്ടവാര്‍ ഉപയോഗിച്ചാണ്.  ആ മാലിന്യക്കുഴിയില്‍നിന്ന് അവരെ പൊക്കിയെടുക്കാന്‍ കാലാകാലങ്ങളിലായി അവതാരങ്ങളുണ്ടായി. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, അയ്യാ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു, പെരിയോര്‍, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി ഒട്ടേറേ പേര്‍. ഒരു ജാതി ഒരു മതം എന്നുപറഞ്ഞവരും ജാതിവേണ്ട മതംവേണ്ട എന്നുപറഞ്ഞവരുമെല്ലാം ഉഴുതുമറിച്ച മണ്ണിലൂടെ നടന്നാണ് നാം ആധുനിക കേരളം പടുത്തുയര്‍ത്തിയത്.