എത്തിച്ചത് ജില്ലാ ഭരണകൂടം

To advertise here,

കോയമ്പത്തൂർ : ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് ശ്രദ്ധേയയായിരുന്ന ഇഡ്ഡലി പാട്ടി എന്ന കമലാത്താളിന് സൗജന്യമായി ഗ്യാസ് സിലിൻഡർ എത്തിച്ച് ജില്ലാ ഭരണകൂടം. രണ്ടുമാസമായി സിലിൻഡർ കിട്ടുന്നില്ലെന്ന കമലാത്താളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് സിലിൻഡർ എത്തിച്ചു നൽകിയത്.

തൊണ്ടാമുത്തൂർ വടിവേലംപാളയത്താണ് കമലാത്താൾ ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്നത്. 30 വർഷത്തോളമായി ഇഡ്ഡലി വിൽക്കുന്നു. വിലക്കയറ്റം മൂലം ദുരിതം നേരിടുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് കമലാത്താൾ ഇഡ്ഡലി വിറ്റിരുന്നത്. നേരത്തെ വിറകടുപ്പിൽ ഇഡ്ഡലിയുണ്ടാക്കി 25 പൈസയ്ക്കാണ് വിറ്റിരുന്നത്.

90-കാരിയായ കമലാത്താളിന് വിറകടുപ്പിൽ ഇഡ്ഡലിയുണ്ടാക്കുന്നത് ബുദ്ധിമുട്ടായതോടെ ഗ്യാസ് അടുപ്പിലേക്ക് മാറുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉജ്ജ്വല പദ്ധതി പ്രകാരം മാസംതോറും രണ്ടു സിലിൻഡറുകൾ കിട്ടിയിരുന്നു. എന്നാൽ ക്ഷാമം കാരണം രണ്ടുമാസമായി സിലിൻഡർ കിട്ടുന്നില്ല. ഇതേത്തുടർന്ന് കമലാത്താൾ കഴിഞ്ഞദിവസം ജില്ലാ കളക്ട​േററ്റിലെത്തി കളക്ടർക്ക് പരാതി നൽകുകയായിരുന്നു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പിന്നാക്ക വകുപ്പ് മന്ത്രി വി. സമ്പത്ത് കുമാർ ഇടപെടുകയും എത്രയും പെട്ടെന്ന് സൗജന്യമായി സിലിൻഡറുകൾ നൽകാൻ കളക്ടർ ജി. പവൻകുമാറിന് നിർദേശം നൽകുകയും ചെയ്തു. ചൊവ്വാഴ്ച മൂന്ന് സിലിൻഡർ എത്തിച്ചതായും തടസ്സമില്ലാതെ തുടർന്നും നൽകുമെന്നും കളക്ടർ അറിയിച്ചു.

ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാത്താളിന് മുൻ മന്ത്രി എസ്.പി. വേലുമണി ഇടപെട്ടാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലം ശരിയാക്കി നൽകിയത്. കമലാത്താളിന്റെ സേവനം മാനിച്ച് പലരും സൗജന്യമായി സാധനങ്ങളും മറ്റും നൽകുന്നുണ്ട്.