കൂറ്റനാട് : ആഴ്ചകളായി തുടരുന്ന കടുത്ത ചൂടിന് വിരാമമിട്ട് ഞായറാഴ്ച രാത്രി പെയ്ത മഴ തൃത്താല മേഖലയിലെ കർഷകർക്ക് ആശ്വാസമാകുന്നു. രണ്ടാംവിളയ്ക്കായി പാടമൊരുക്കിയ കർഷകരാണ് മഴയെ പ്രതീക്ഷയോടെ കാണുന്നത്. ചാലിശ്ശേരി, പെരുമണ്ണൂർ, തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട്, കപ്പൂർ, പട്ടിത്തറ തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ കർഷകർക്കാണ് ആശ്വാസമായി മഴയെത്തിയത്.

To advertise here,

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തുടരുന്ന ശക്തമായ വെയിലിൽ പല പാടശേഖരങ്ങളും വറ്റിവരണ്ടിരുന്നു. ഉഴുതുമറിച്ചിട്ട പാടങ്ങളിൽ പലയിടത്തും മണ്ണ് വിണ്ടുകീറുകയും ഞാറുനട്ട കണ്ടങ്ങളിൽ വിള്ളലുകൾ വീഴുകയും ചെയ്തത് കർഷകരെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. മഴ ലഭിച്ചില്ലെങ്കിൽ രണ്ടാംവിള പൂർണമായും പ്രതിസന്ധിയിലാകുമെന്നായിരുന്നു കർഷകരുടെ ആശങ്ക.

ഇതിനകം ഞാറുനടീൽ ആരംഭിച്ചവരും വിളയിറക്കാൻ ഒരുങ്ങി നിൽക്കുന്നവരും മഴ മാറിയതോടെ ഈ വർഷത്തെ കൃഷിയുടെ കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരുന്നു.

വരണ്ടുണങ്ങിയ തോടുകളിലും പാടശേഖരങ്ങളിലും നാലുദിവസം കൂടി മഴ തുടർന്നാൽ ജലസമൃദ്ധി ഉണ്ടാകുമെന്നും നഷ്ടപ്പെടുമെന്ന് കരുതിയ കൃഷി തിരിച്ചുപിടിക്കാൻ കഴിയുമെന്നും ചാലിശ്ശേരി, നാഗലശ്ശേരി, പട്ടിത്തറ, കപ്പൂർ മേഖലയിലെ കർഷകർ പറഞ്ഞു.