പറപ്പൂർ : തോളൂർ പഞ്ചായത്തിൽ പുനർനിർമാണം നടത്തിയ പറപ്പൂർ–തോളൂർ പാലം താത്കാലികമായി ഗതാഗതത്തിനായി തുറന്നുനൽകി. പാലത്തിന്റെ ഗതാഗത ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ കുഞ്ഞുണ്ണി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

To advertise here,

കഴിഞ്ഞ എട്ടുമാസമായി നിർമാണത്തിലായിരുന്ന പാലം തുറന്നതോടെ പറപ്പൂരിനെയും തോളൂർ–കൈപ്പറമ്പ് മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതമാർഗം വീണ്ടും സജീവമായി. പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും രണ്ടുഭാഗങ്ങളിലായി 15 മീറ്ററോളം കട്ടവിരിക്കൽ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കാനുണ്ട്.

കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായതിനെത്തുടർന്നാണ് പഴയ പാലം പൊളിച്ച് പുനർനിർമാണം ആരംഭിച്ചത്. എന്നാൽ, ബദൽ ഗതാഗത മാർഗം ഒരുക്കാതെയാണ് പാലം പൊളിച്ചതെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. പാലം അടച്ചതോടെ വിഷ്ണുക്ഷേത്രത്തിനുസമീപമുള്ള പഴയ പഞ്ചായത്ത് പാലത്തിലൂടെയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്. ഈ പാലവും തകർന്നതോടെ പ്രദേശത്തെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു.

തുടർന്ന് വാഹനങ്ങൾ കാളിപ്പാടം ബണ്ട്റോഡ് വഴിയാക്കേണ്ടിവന്നത് പ്രദേശവാസികൾക്ക് വലിയ യാത്രാക്ലേശമുണ്ടാക്കി. ഇതോടെ പാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി.

തുടർന്നാണ് എം.എൽ.എ.യുടെ അടിയന്തര ഇടപെടലുണ്ടായത്. നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കി പാലം താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു.