പ്രിയദർശിനി സർവീസ് നൂറാംദിനാഘോഷം

To advertise here,

ബസ് വാങ്ങുന്നതിന് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പണം നൽകും

മാള : മാള കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്ക് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു ബസ് വാങ്ങുന്നതിന് പണം നൽകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി സർവീസിന്റെ നൂറാംദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകകയായിരുന്നു.

കൊടുങ്ങല്ലൂർ മണ്ഡലത്തിലെ കൂടുതൽ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന നിലയിൽ ഈ ബസിന്റെ റൂട്ട് നിശ്ചയിക്കണമെന്നും മന്ത്രി പറഞ്ഞു. മാളയിലെ ഇപ്പോഴത്തെ പല സർവീസുകളിലും മാറ്റം വരുത്തി കൂടുതൽ യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ വൈകീട്ടുള്ള സർവീസുകൾ ഉൾപ്പെടെ ആലോചിക്കണം.

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ യാർഡ് പുനർനിർമാണം നടത്തുന്നതിന് 40 ലക്ഷം രൂപ അനുവദിക്കും. മാള-പഴനി സർവീസ് തുടങ്ങുന്നതിന് വകുപ്പുമന്ത്രി അനുമതി നൽകിയിട്ടുണ്ടെന്നും ഒ.ജെ. ജനീഷ് പറഞ്ഞു. മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി കെ.കെ. രവി നമ്പൂതിരി അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, വാർഡംഗം സുജാതാ വിജയൻ, സോയി കോലഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

ചാലക്കുടി : കെ.എസ്.ആർ.ടി.സി. സ്ത്രീ സൗജന്യയാത്ര പദ്ധതിയായ പ്രിയദർശിനിയുടെ നൂറാംദിനാഘോഷം ഡിപ്പോ പരിസരത്ത് നടന്നു. നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ. ഷാജു അധ്യക്ഷനായി.

എ.എസ്. ദിവ്യ, എം.ജി. രാജേഷ്, വി. മായൻ, വിൽസൻ മേച്ചേരി, ഐ.ഐ. അബ്‌ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.

മൂന്നുമുറി : യു.ഡി.എഫ്. സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ പ്രിയദർശിനി സൗജന്യയാത്രയുടെ നൂറാം ദിനം മറ്റത്തൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി യാത്രക്കാർക്ക് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു.

ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷീല വിപിനചന്ദ്രൻ അധ്യക്ഷയായി. മിനി സതീശൻ, ശ്രീജ പ്രഭീഷ്, സിജി രാജേഷ്, ഷൈനി ബാബു കല്ലമ്പി, നൈജോ ആന്റോ, കെ.എ. ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.