മരണക്കെണിയായി പുഞ്ചപ്പാടം അപകടവളവ്
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ശ്രീകൃഷ്ണപുരം : മുണ്ടൂർ-തൂത സംസ്ഥാനപാതയിലെ പുഞ്ചപ്പാടം അപകടവളവിൽ ദുരന്തങ്ങൾ ഒഴിയുന്നില്ല. പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ, ചരക്കുലോറി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ, റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടുലോറികൾ തെന്നിമാറി സമീപത്തെ പാടത്തേക്ക് ചെരിഞ്ഞു. പിന്നിൽവന്ന
കാറുകൾ ഉൾപ്പെടെ ഏഴോളം വാഹനങ്ങളും അപകടത്തിൽപ്പെട്ടു. വാഹനങ്ങൾക്ക് കേടുപറ്റിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിലെ ബാരിക്കേഡുകളും സിഗ്നൽലൈറ്റുകളും പൂർണമായും തകർന്നു.
പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്നു ചരക്കുലോറി. നിർത്തിയിട്ട ലോറികളിൽ ഇടിച്ചുനിന്നതോടെ ചരക്കുലോറിക്കുപിന്നിൽ, പിന്നാലെവന്നിരുന്ന കാറിടിച്ചു. ഇതിനു പിന്നിലായി മറ്റു വാഹനങ്ങളും ഇടിക്കയായിരുന്നു.
അശാസ്ത്രീയമായ റോഡ് നിർമാണവും മുന്നറിയിപ്പ് ബോർഡുകളില്ലാത്തതുമാണ് പ്രദേശത്ത് അപകടം പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലുവരിപ്പാത പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങുന്നതും ആവശ്യത്തിന് അപായസൂചനാ ബോർഡുകളോ സിഗ്നൽ ലൈറ്റുകളോ ഇല്ലാത്തതും രാത്രികാലങ്ങളിൽ ഡ്രൈവർമാരെ പെട്ടെന്ന് പ്രയാസത്തിലാക്കുകയാണ്. മഴ കനക്കുന്നതോടെ ഈ മേഖല പൂർണമായും മരണക്കെണിയായി മാറുകയാണ്.
അപകടഭീഷണി നിലനിൽക്കുന്ന ഈ വളവിൽ അടിയന്തരമായി സിഗ്നൽ സംവിധാനങ്ങളും ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Published: 22 Sept 2026, 03:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented