തൃശ്ശൂർ : നാനൂറോളം വ്യാപാരസ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങളെ ആശ്രയിച്ചുജീവിക്കുന്ന 4000 മനുഷ്യർ. ഒരുവശത്ത് അയ്യായിരത്തിനടുത്ത് വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം, താലൂക്കാശുപത്രി, റെയിൽവേ സ്റ്റേഷൻ, കോളേജ്, നിരവധി സർക്കാർ സ്ഥാപനങ്ങൾ. ഇതിന് നടുവിലൂടെ മണ്ണിട്ടുമൂടി അടച്ചുകെട്ടിയുയരുന്ന പാലം, പുതുക്കാടിനെ അക്ഷരാർഥത്തിൽ വിഭജിച്ച് ഛിന്നഭിന്നമാക്കുമെന്ന ഭയത്തിലാണ് നാട്ടുകാരും വ്യാപാരികളും. 8.5 ഏക്കറിലധികം സ്ഥലമാണ് മേൽപ്പാലത്തിനായി മണ്ണിട്ടുമൂടേണ്ടിവരുക.
ഇതോടെ സ്വാമിയാർക്കുന്നിനും ചീനിക്കുന്നിനുമിടയിൽ ഈ കൊച്ചുപട്ടണം സ്തംഭിച്ചുപോകും. മേൽപ്പാലം വന്നതോടെ ആമ്പല്ലൂർ നഗരം നിശ്ചലമായതിനേക്കാൾ ദയനീയമാകും പുതുക്കാടിന്റെ അവസ്ഥയെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
2012-ൽ ദേശീയപാത നാലുവരിയാക്കി ടോൾപിരിവ് തുടങ്ങിയപ്പോൾ പദ്ധതിക്കരാറിൽ ഉറപ്പുനൽകിയിരുന്ന സർവീസ് റോഡുകൾ, കാനകൾ, വഴിവിളക്കുകൾ ഇവയൊന്നും പുതുക്കാട് സ്ഥാപിച്ചിരുന്നില്ല. സർവീസ് റോഡില്ലാത്തതുകൊണ്ടുതന്നെ റോഡ് മുറിച്ചുകടക്കൽ പലപ്പോഴും ദുരന്തത്തിനിടയാക്കിയിരുന്നു. നിലവിൽ പൂട്ടിയ മേൽപ്പാലം സ്ഥാപിച്ചാൽ സർവീസ് റോഡിന് നിർദിഷ്ട വീതിയുണ്ടാകില്ല. അഥവാ സർവീസ് റോഡ് സ്ഥാപിച്ചാലും ഫുട്പാത്തുകൾ ഉണ്ടാകാനിടയില്ല.
നിലവിൽ പുതുക്കാട് സെന്ററിൽ 70 മീറ്റർ മാത്രം തുറന്നിട്ട് ബാക്കി 1380 മീറ്റർ ദൂരം മണ്ണിട്ടുമൂടി മേൽപ്പാലമുണ്ടാക്കാനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നതെന്നു പുതുക്കാട് മേൽപ്പാലം ജനകീയസമിതി ചൂണ്ടിക്കാണിക്കുന്നു.
തൃശ്ശൂർ-എറണാകുളം പാതയുടെ വലതുവശത്ത് എൽ.പി. സ്‌കൂളും രണ്ട് യു.പി. സ്‌കൂളും ഹൈസ്‌കൂളും ഹയർ സെക്കൻഡറിയുമുണ്ട്. അയ്യായിരത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇടതുവശത്ത് പ്രജ്യോതിനികേതൻ കോളേജും ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുമുണ്ട്. ഇവിടേക്കുള്ളവരെല്ലാം വെറും 70 മീറ്റർ മാത്രം വീതിയുള്ള അടിപ്പാതയിലൂടെ ഇരുവശത്തേക്കും കടന്നുപോകേണ്ടിവരും.
ചാലക്കുടി ട്രാംവേ ജങ്ഷനേക്കാൾ വലിയ കുരുക്കാകും ഇതോടെ ഇവിടെ അനുഭവപ്പെടുകയെന്നു പുതുക്കാട് മേൽപ്പാലം ജനകീയസമിതി ചെയർമാൻ സെബി കൊടിയനും കൺവീനർ കെ.എൽ. ജെയ്സണും ചൂണ്ടിക്കാണിക്കുന്നു.
വിഭജനം ഇങ്ങനെ
: തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കു പോകുമ്പോൾ മേൽപ്പാത ആരംഭിക്കുന്നതിന് തൊട്ടടുത്ത് ഇടതുവശത്താണു പുതുക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്. ദേശീയപാതയിലെ ഈ പ്രധാന സ്റ്റാൻഡിനു മുൻവശത്തിന് തൊട്ടുമുൻപേ അടച്ചുകെട്ടലാരംഭിക്കും. ഇതേ വശത്തുതന്നെയാണ് പുതുക്കാട് പഞ്ചായത്ത് ഓഫീസ്, സബ് ട്രഷറി, വില്ലേജ് ഓഫീസ്, സഹകരണബാങ്ക് തുടങ്ങി ജനം അവശ്യകാര്യങ്ങൾക്കായി സമീപിക്കുന്ന സർക്കാർസ്ഥാപനങ്ങളെല്ലാം.
പാതയുടെ വലതുവശത്തുള്ളവർക്ക് ഇവിടെയെത്തുക വലിയൊരു കടമ്പയാകും. മാത്രമല്ല, ഇതേ വശത്തുതന്നെ വരുന്ന മുപ്ലിയം റോഡിനും പോലീസ് സ്റ്റേഷനും അഗ്നിരക്ഷാനിലയത്തിനും മിനി സിവിൽ സ്റ്റേഷനും മുന്നിലും മൺമതിലുണ്ടാകും. പുതുക്കാട്ടെ പ്രധാന വ്യാപാരകേന്ദ്രങ്ങളുള്ള ബസാർ റോഡിന് കിഴക്കുവശവും പൂർണമായി അടച്ചുകെട്ടും.
Published: 23 Sept 2026, 03:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented