ചാലക്കുടി : ദേശീയപാതയിൽ പോട്ട പ്രദേശത്തെ സർവീസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നഗരസഭ കൗൺസിലർമാർ ചേർന്ന് തടഞ്ഞു. പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാതെ സർവീസ് റോഡിനോടനുബന്ധിച്ചുള്ള കാനകളുടെ നിർമാണം ആരംഭിച്ചതിനാൽ നിരന്തരമായി പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് കൗൺസിലർമാർ പണികൾ തടഞ്ഞത്. കൗൺസിലർമാരായ വത്സൻ ചമ്പക്കര, ജിൽ ആന്റണി, നിധിൻ പുല്ലൻ, വി.ജെ. ജോജു, ഷിഫ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിഷേധം നടത്തുകയും പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുകയും ചെയ്തത്. നിർമാണക്കമ്പനി പ്രതിനിധി സ്ഥലത്തെത്തി കൗൺസിലർമാരുമായി സംസാരിച്ചു. പൈപ്പ് ലൈനുകൾ കമ്പനിയുടെ ചെലവിൽ ഉടൻ മാറ്റിസ്ഥാപിക്കുവാൻ വാട്ടർഅതോറിറ്റിക്ക് അനുമതി നൽകുമെന്ന് കമ്പനിപ്രതിനിധി അറിയിച്ചു.

To advertise here,

കുടിവെള്ള പൈപ്പ് ലൈനുകളും കേബിളുകളും മാറ്റിസ്ഥാപിച്ചതിന് ശേഷം മാത്രമേ സർവീസ് റോഡിന്റെ പണികൾ ആരംഭിക്കാൻ അനുവദിക്കുകയുള്ളുവെന്ന് കൗൺസിലർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്രെയ്നേജിന് കുഴിയെടുത്തപ്പോൾ വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടി 40,000 ലിറ്റർ കുടിവെള്ളം പാഴായിപ്പോയിരുന്നു. ഇതുമൂലം രണ്ട് ദിവസങ്ങളിൽ എട്ട് വാർഡുകളിൽ കുടിവെള്ളം മുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്.