
ധാക്ക: ബംഗ്ലാദേശിലെ ചട്ടഗ്രാമിലുള്ള ഹാഥസാരി ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനിക പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 യുദ്ധ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരു ഓഫീസർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ടാങ്കിൽ നിന്ന് വെടിയുതിർക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ബംഗ്ലാദേശ് ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ISPR) അറിയിച്ചു.
സ്ഫോടനത്തിൽ പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനെ വിദഗ്ധചികിത്സയ്ക്കായി വിമാനമാർഗ്ഗം ധാക്കയിലെ കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റി. ടാങ്ക് പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും മറ്റ് നടപടികളും പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.
ചട്ടഗ്രാമിലെ ഹാഥസാരി ഫീൽഡ് ഫയറിങ് റേഞ്ചിൽ സൈനികാഭ്യാസങ്ങളുടെ ഭാഗമായി നടന്ന ടാങ്കിന്റെ പ്രഹര ശേഷി പരിശോധനയ്ക്കിടെയാണ് അപകടം നടന്നത്. ബുധനാഴ്ച പകൽ സമയത്താണ് അപകടം ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അപകടം നടന്ന കൃത്യമായ സമയം ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ടാങ്കിൽ നിന്നും വെടിയുതിർക്കുന്ന കൃത്യം നിർവഹിക്കുന്നതിനിടെ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതിരോധ മേഖലയിലെ നീക്കങ്ങൾ നിരീക്ഷിക്കുന്ന നിരീക്ഷകരും പ്രാദേശിക മാധ്യമങ്ങളും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ടാങ്കിനുള്ളിലുണ്ടായ അപ്രതീക്ഷിതമായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ടാങ്കിനുള്ളിലുണ്ടായിരുന്ന രണ്ട് സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ടാങ്കിന് സമീപത്ത് നിന്ന ഉദ്യോഗസ്ഥനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശ് സൈന്യത്തിന്റെ കവചിത വിഭാഗത്തിലെ പ്രധാന യുദ്ധോപകരണങ്ങളിൽ ഒന്നാണിത്.
ദശകങ്ങളായി ബംഗ്ലാദേശ് സൈന്യം ഉപയോഗിക്കുന്ന ഈ ടാങ്കുകളുടെ സുരക്ഷ സംബന്ധിച്ച് ഇതോടെ ആശങ്കകളുയർന്നിട്ടുണ്ട്. ടാങ്കിന്റെ വെടിക്കോപ്പുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പാളിച്ചയാണോ അതോ മെക്കാനിക്കൽ തകരാറാണോ അപകടകാരണമെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം നടന്നുവരികയാണ്. നിലവിൽ അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
Content Highlights: A Chinese-made Type 59 tank exploded during a military exercise in Chattogram, Bangladesh, killing two soldiers and injuring an officer. The injured officer was airlifted to Dhaka for specialized treatment, and the exact cause of the explosion is still under investigation.
Published: 09 Sept 2026, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented