ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് വൻ ഭീകരാക്രമണങ്ങൾ നടത്താനുള്ള പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ (ISI) നീക്കം ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തകർത്തത് ഒമ്പത് മാസം നീണ്ട സംയുക്ത ഓപ്പറേഷനിലൂടെ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെഹ്‌സാദ് ഭട്ടിയുടെ ഭീകര ശൃംഖലയെയാണ് മാസങ്ങൾ നീണ്ട വിപുലമായ ഓപ്പറേഷനിലൂടെ തകർത്തതെന്ന് മുൻ എൻഐഎ (NIA) സ്‌പെഷ്യൽ ഡിജിപി അതുൽചന്ദ്ര കുൽക്കർണി വെളിപ്പെടുത്തി.

To advertise here,

14 സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡുകളിൽ ഇതുവരെ 250-ലധികം പേരാണ് കസ്റ്റഡിയിലായിട്ടുള്ളത്. 2025 നവംബർ മുതൽ 2026 ഓഗസ്റ്റ് വരെ നീണ്ടുനിന്ന അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് ഈ ഭീകര ശൃംഖലയെ സുരക്ഷാ ഏജൻസികൾ തകർത്തത്. മൾട്ടി-ഏജൻസി സെന്റർ (MAC) വഴി വിവിധ സംസ്ഥാനങ്ങളിലെ പോലീസും കേന്ദ്ര അന്വേഷണ ഏജൻസികളും പരസ്പരം വിവരങ്ങൾ പങ്കുവെച്ചാണ് രാജ്യവ്യാപകമായ റെയ്ഡുകൾ ഏകോപിപ്പിച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായി പ്രത്യക്ഷപ്പെട്ടാണ് പാകിസ്താനിലിരുന്ന് ഷെഹ്‌സാദ് ഭട്ടി ഇന്ത്യൻ യുവാക്കളെ ആകർഷിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി തൊഴിൽരഹിതരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായ യുവാക്കളെ കണ്ടെത്തി, പണം നൽകി ചെറിയ ദൗത്യങ്ങൾക്കായി നിയോഗിക്കുകയായിരുന്നു ഇയാളുടെ രീതി. തുടർന്ന് ഇവരെ മാനസികമായി സ്വാധീനിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു.

രാജ്യതലസ്ഥാനത്തെയടക്കം നടുക്കുന്ന ആക്രമണങ്ങളായിരുന്നു ഭട്ടിയുടെ നേതൃത്വത്തിലുള്ള ഭീകരസംഘം ആസൂത്രണം ചെയ്തിരുന്നത്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രം, ഡൽഹി-സോണിപ്പറ്റ് ദേശീയപാതയിലെ ജനനിബിഡമായ ധാബ, ഹരിയാന ഹിസാറിലെ മിലിട്ടറി ക്യാമ്പ്, ഉത്തർപ്രദേശിലെ പോലീസ് സ്റ്റേഷനുകളും ഉദ്യോഗസ്ഥരും എന്നിവയെല്ലാം അവരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ തിരഞ്ഞെടുത്ത യുവാക്കളെ ആദ്യഘട്ടത്തിൽ തങ്ങൾ ഷെയർ ചെയ്യുന്ന പോസ്റ്ററുകൾ ചിലയിടങ്ങളിൽ ഒട്ടിക്കാനും, ചില സാധനങ്ങൾ തങ്ങൾ പറയുന്നവർക്ക് കൈമാറാനും ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. ഇതിന് പണവും നൽകിയിരുന്നു. പതിയെ ഇവരെ ഏൽപിക്കുന്ന ജോലിയുടെ തീവ്രത കൂട്ടും. തങ്ങൾ നിർദേശിക്കുന്ന പോലീസ് സ്‌റ്റേഷനുകൾ നരീക്ഷിക്കാനും ആ ഓഫീസിന്റെയും അവിടുത്തെ ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും മറ്റും എടുത്തുനൽകാനുമൊക്കെ പറഞ്ഞുതുടങ്ങി.

ചെയ്യേണ്ട പ്രവർത്തികളുടെ ഗൗരവമനുസരിച്ച് യുവാക്കൾക്ക് നൽകിയിരുന്ന തുകയും ഭട്ടിയ വർധിപ്പിച്ചു. ചില കാര്യങ്ങൾക്ക് മൂന്നും നാലും ലക്ഷം രൂപവരെ ഇവർ നൽകിത്തുടങ്ങിയതോടെ യുവാക്കൾ എന്തുംചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് എത്തി. ഈ ഘട്ടത്തിലാണ് അക്രമങ്ങൾക്കും, ബോംബെറിയുന്നതിനും പോലീസ് ഉദ്യോഗസ്ഥരെ കൊല്ലുന്നതടക്കമുള്ള കൃത്യങ്ങളിലേക്ക് ഭട്ടിയ ഇവരെ ഉപയോഗിക്കാൻ തുടങ്ങിയത്. ഇടപാടുകളെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജവിവരങ്ങളിലൂടെ ആയതിനാൽ ഭട്ടിയയുടെ യഥാർഥ വ്യക്തിത്വം തിരശ്ശീലയ്ക്കി പിന്നിൽ ഭദ്രമായിരുന്നു.

സാധാരണ ഗതിയിൽ യുവാക്കളെ പല വഴികളിലൂടെയും സ്വാധീനിച്ച് തങ്ങളുടെ ക്യാമ്പുകളിലെത്തിച്ചും അല്ലാതെ സ്ലീപ്പർ സെല്ലുകളാക്കി നിർത്തിയും നടത്തിയിരുന്ന ഭീകരപ്രവർത്തനങ്ങൾ ചെലവും റിസ്‌കും കുറച്ച് സാമൂഹികമാധ്യമങ്ങളിലൂടെ എളുപ്പത്തിൽ നടത്തിയെടുക്കാൻ ഭട്ടിയയ്ക്കായി. ഇതിന്റെ ബാക്കിയായി, സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് നടക്കാനിരുന്ന വലിയ ദുരന്തം, ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെയും വിവിധ ഏജൻസികളുടെയും കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് ഒഴിവായത്. പിടിയിലായവരിൽ നിന്ന് വലിയ തോതിലുള്ള ആയുധശേഖരവും ഡിജിറ്റൽ തെളിവുകളും സുരക്ഷാ ഏജൻസികൾ പിടിച്ചെടുത്തിട്ടുണ്ട്.