
സിംഗപ്പൂർ: ലോകത്തിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഭരണാധികാരിയായ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെയും മന്ത്രിമാരുടെയും വാർഷിക ശമ്പളം വർധിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചു. പുതിയ ശമ്പള പരിഷ്കരണം അനുസരിച്ച് പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം 2.2 മില്യൺ സിംഗപ്പൂർ ഡോളറിൽനിന്ന് (ഏകദേശം 16.5 കോടി രൂപ) 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 26.9 കോടി രൂപ/2.85 മില്യൺ യു.എസ് ഡോളർ) ഉയരും. ഇത് ഏകദേശം 60 ശതമാനത്തിലധികം വർധനവാണ്.
ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽവരുന്ന പുതിയ രീതി അനുസരിച്ച് ഒറ്റയടിക്ക് മുഴുവൻ തുകയും വർധിക്കില്ല. ആദ്യഘട്ടത്തിൽ ഒൻപത് ശതമാനം വരെയാണ് ശമ്പളത്തിൽ വർധന വരുത്തുക. ഒൻപത് ശതമാനം വർധന വരുമ്പോൾ വോങ്ങിന്റെ വാർഷിക ശമ്പളം 2.4 മില്യൺ സിംഗപ്പൂർ ഡോളറായി ഉയരും.
15 വർഷത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ജനപ്രതിനിധികളുടെ ശമ്പളം പരിഷ്കരിക്കുന്നത്. തനിക്ക് ലഭിക്കുന്ന അധിക ശമ്പളത്തുക അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് ലോറൻസ് വോങ് പാർലമെന്റിൽ പ്രഖ്യാപിച്ചു.
ലോകത്തെ മറ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാരെ അപേക്ഷിച്ച് വോങ്ങിന്റെ ശമ്പളം വളരെ കൂടുതലാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീയ്ക്ക് പ്രതിവർഷം 7,19,000 യു.എസ് ഡോളറാണ് (6.8 കോടി രൂപ) ശമ്പളം. സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പർമെലിന് 6,06,000 ഡോളറും (5.74 കോടി രൂപ). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രതിവർഷം 4,00,000 ഡോളറുമാണ് (3.7കോടി രൂപ) പ്രതിഫലം.
ട്രംപിന്റെ ശമ്പളത്തേക്കാൾ ഏകദേശം ഏഴ് മടങ്ങ് കൂടുതലാണ് സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പുതിയ വാർഷിക ശമ്പളം. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 2,30,000 ഡോളറാണ് (2.1 കോടി രൂപ) വാർഷിക വരുമാനം. അതേസമയം, ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ വാർഷിക ശമ്പളം 33.6 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിക്കു പുറമെ ക്യാബിനറ്റ് മന്ത്രിമാരുടെയും പാർലമെന്റ് അംഗങ്ങളുടെയും ശമ്പളത്തിൽ വർധനവുണ്ടാകും. ജൂനിയർ മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 1.1 മില്യൺ സിംഗപ്പൂർ ഡോളറിൽനിന്ന് 1.8 മില്യൺ ഡോളറായി ഉയരും. ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ശമ്പളം 1.87 മില്യൺ ഡോളറിൽ നിന്ന് 3.06 മില്യൺ ഡോളറായും ക്യാബിനറ്റ് മന്ത്രിമാരുടെ ശമ്പളം 1.80 മില്യൺ മുതൽ 2.88 മില്യൺ ഡോളർ വരെയുമായും വർധിക്കും. പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ അലവൻസ് 13,750 ഡോളറിൽനിന്ന് 18,500 ഡോളറായി ഉയരും.
Content Highlights: Singapore has decided to increase the annual salary of Prime Minister Lawrence Wong and its ministers, making his pay rise to 3.6 million Singapore dollars while he pledges to donate the increase to charity.
Published: 09 Sept 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented