ഇസ്ലാമാബാദ്: ചൈനയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളിൽ വീണ്ടും കടുത്ത വിള്ളൽ. പാകിസ്താനിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ കമ്പനികളിലൊന്ന് സ്വന്തമാക്കാനുള്ള മത്സരത്തിൽ ചൈനീസ് കമ്പനി പിന്മാറി. പാകിസ്താനിലെ പ്രധാന വൈദ്യുതി വിതരണ കമ്പനികളിലൊന്നായ ഫൈസലാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനിയുടെ (FESCO) സ്വകാര്യവൽക്കരണത്തിനുള്ള ലേല പ്രക്രിയയിൽ നിന്നാണ് ചൈനീസ് സർക്കാർ ബന്ധമുള്ള കമ്പനി പിൻവാങ്ങിയത്.

To advertise here,

പാക്കിസ്താനിലെ ഊർജ്ജ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടച്ചുതീർക്കാനുള്ള ഭീമമായ കുടിശ്ശികയുമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

ഭരണപരമായ കാലതാമസവും മുൻ ഓഹരി ഉടമകളുമായുള്ള തർക്കങ്ങളും വിദേശ നിക്ഷേപകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പാകിസ്താനിൽ പ്രവർത്തിക്കുന്ന ചൈനീസ് ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും രാജ്യത്തെ മൊത്തത്തിലുള്ള സാമ്പത്തിക തകർച്ചയും കാരണം കൂടുതൽ അപകടസാധ്യതയുള്ള നിക്ഷേപങ്ങളിൽ നിന്ന് മാറിനിൽക്കാൻ ചൈന തീരുമാനിച്ചതായാണ് വിവരം.

ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ എന്നിവിടങ്ങളിൽ ചൈനീസ് എൻജിനീയർമാർക്കും തൊഴിലാളികൾക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ചൈന കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും, അതിനായി സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ അനുവദിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.