വാഷിങ്ടൺ: യു.എസ്. സ്റ്റേറ്റായ ന്യൂ മെക്‌സിക്കോയുടെ പേരിലെ മെക്‌സിക്കോ എന്ന വാക്ക് വെട്ടി അമേരിക്ക എന്നു ചേർത്ത് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഈ എഐ വീഡിയോ പങ്കുവെച്ചത്. സ്റ്റേറ്റിന്റെ പേര് ‘ന്യൂ അമേരിക്ക’ എന്നാക്കിമാറ്റാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. രണ്ടാഴ്ച മുൻപ് കാനഡയുമായി അതിർത്തിപങ്കിടുന്ന ലേക്ക് ഒന്റാരിയോയുടെ പേര് ലേക്ക് അമേരിക്ക എന്നാക്കിമാറ്റി ട്രംപ് ഉത്തരവിറക്കിയിരുന്നു.

To advertise here,

സംസ്ഥാനത്തിന്റെ പേരു മാറ്റുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസോ ട്രംപോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുവഴി മാത്രം യു.എസിൽ സ്റ്റേറ്റിന്റെ ഔദ്യോഗിക പേര് മാറ്റാൻ കഴിയില്ല. എങ്കിലും ട്രംപിന്റെ ഈ നിർദേശത്തിനെതിരേ ന്യൂ മെക്‌സിക്കോയിൽനിന്നുള്ള ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചു.

അമേരിക്ക രൂപീകൃതമാകുന്നതിനുംമുൻപേ നിലവിലുള്ളതാണ് സംസ്ഥാനത്തിന്റെ പേരെന്നും അതിൽ ചർച്ചയ്ക്ക് സ്ഥാനമില്ലെന്നും ഡെമോക്രാറ്റിക് ഗവർണർ മിഷേൽ ലുജാൻ ഗ്രിഷാം വ്യക്തമാക്കി. ഇറാൻ യുദ്ധവും കുതിച്ചുയരുന്ന ഇന്ധനവിലയും മറച്ചുവയ്ക്കാനാണ് ഇത്തരം ഭൂപടംവരയ്ക്കൽ വിനോദങ്ങളിലൂടെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

2025 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ ഗൾഫ് ഓഫ് മെക്‌സിക്കോ എന്ന പേരിന് പകരം ഗൾഫ് ഓഫ് അമേരിക്ക എന്ന് ഉപയോഗിക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. ഇത് മെക്‌സിക്കോയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഗൂഗിൾ മാപ്പിൽ പേരുമാറ്റിയതിൽ മെക്‌സിക്കോ സർക്കാർ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ അറ്റ്‌ലാന്റിക്, പെസിഫിക് സമുദ്രങ്ങളുടെ പേരുകൾ മാറ്റുന്ന കാര്യവും ആലോചനയിലുണ്ടെന്ന് ലേക്ക് ഒന്റാരിയോയുടെ പേര് മാറ്റുന്ന ചടങ്ങിൽ ട്രംപ് സൂചിപ്പിച്ചിരുന്നു.