ലണ്ടൻ/ദുബായ്: ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ഗൾഫ് മേഖലയിൽ നിരവധി കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായി. നിരവധി കപ്പലുകളിൽ തീപ്പിടിത്തമുണ്ടായതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച 20 കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടതിന് പിന്നാലെയാണിത്.

To advertise here,

ഇതിനിടെ ദുബായ് തീരത്ത് എണ്ണ ടാങ്കറിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ജിബ്രാൾട്ടർ പതാകയുള്ള 'ഹെർക്കുലീസ് സ്റ്റാർ' എന്ന ടാങ്കറിലെ ജീവനക്കാരനാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ഷിപ്പിങ് കമ്പനിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദുബായ് റാഷിദ് തുറമുഖത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം. ആക്രമണത്തിൽ കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞതായാണ് വിവരം.

വടക്കൻ അറബിക്കടലിലെയും ഒമാൻ ഉൾക്കടലിലെയും നിരവധി കപ്പലുകൾക്ക് നേരെ ബുധനാഴ്ച ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് യു.എസ് കപ്പലുകൾ, എട്ട് എണ്ണ ടാങ്കറുകൾ, 10 കപ്പലുകൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു. ഇറാനിയൻ കപ്പലുകൾക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. കുവൈത്തിനും ബഹ്‌റൈനും സമീപമുള്ള എണ്ണ ടാങ്കറുകൾ ആക്രമിക്കുമെന്നും ഇറാൻ സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇറാനിയൻ ക്രൂഡ് ഓയിൽ വഹിക്കുന്ന അഞ്ച് കപ്പലുകൾ സെപ്റ്റംബർ എട്ടിന് തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. 'കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) രണ്ട് തവണ യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലിനുനേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിനെത്തുടർന്നാണിത്' യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇറാനിയൻ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് അറിയിച്ച യുഎസ് സെൻട്രൽ കമാൻഡ് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവകാശപ്പെടുകയുണ്ടായി.