ഇസ്ലാമാബാദ്: സൗദി അറേബ്യൻ പ്രദേശത്തിന് നേരെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മക്ക പ്രതിരോധ കരാർ പ്രാബല്യത്തിൽ വരുമെന്ന് മുന്നറിയിപ്പ് നൽകി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. തുർക്കി, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാറാണ് മക്ക ഉടമ്പടി. ഇതിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. കഴിഞ്ഞ ദിവസം ഹൂതികൾ സൗദിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ ഹൂതികൾക്കുനേരെ ആക്രമണം നടത്തിയേക്കുമെന്ന് തുർക്കി മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശരിവെച്ചുകൊണ്ടാണിപ്പോൾ പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

To advertise here,

സൗദി അറേബ്യയുടെ അഭ്യർത്ഥനപ്രകാരം പാകിസ്താൻ ഹൂതികൾക്കെതിരെ വ്യോമാക്രമണം നടത്തിയേക്കുമെന്ന് പാക് വൃത്തങ്ങളെ ഉദ്ധരിച്ചാണ് 'തുർക്കി ടുഡേ' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്രമണം സംബന്ധിച്ച് പാകിസ്താൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും തുർക്കി മാധ്യമം പറയുന്നു.

സൗദിക്കെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും അതിൽ ഒരു സംശയവും ഇല്ലെന്നും ഖ്വാജ ആസിഫ് ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഇറാന്റെ പരോക്ഷ പങ്കാളികളായ ഹൂതികൾക്കുനേരെ പാകിസ്താൻ ആക്രമണം നടത്തുമോ എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ട്.

'ഞങ്ങൾ ഈ ഉടമ്പടിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയരാണ്, ആവശ്യമുണ്ടായാൽ ഞങ്ങൾ അത് പ്രാബല്യത്തിൽ വരുത്തും' പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

ഹൂതി ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം ഇടപെടലുകളെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് ആസിഫ് മറുപടി നൽകി. അതേസമയം തന്നെ ഹൂതി-സൗദി സംഘർഷം നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ പിന്തുണയുള്ള പ്രോക്സി ഗ്രൂപ്പായ ഹൂതികൾ യെമനിൽ അധികാരം പിടിച്ചെടുക്കാൻ പോരാട്ടം നടത്തിവരികയാണ്. സൗദി ഇതിന് തടയിടാനുള്ള ശ്രമത്തിലുമാണ്.