
പ്രായത്തില്‍ സെഞ്ച്വറിയടിക്കാന്‍ കൊതിക്കാത്ത മനുഷ്യരൊന്നും ഇതുവരെ ഈ ഭൂമുഖത്ത് പിറന്ന് വീണിട്ടില്ല. തട്ടിയും മുട്ടിയും അമ്പതുകള്‍ വരെയെത്തി ജീവിതത്തില്‍നിന്ന് ഔട്ടായിപ്പോകുന്നവര്‍ ധാരാളമുണ്ടെങ്കിലും നൂറുകടക്കണമെന്നുള്ള ആഗ്രഹത്തിന് ഇപ്പോഴും യാതൊരു കുറവും വന്നിട്ടുമില്ല. അത്തരം കൊതിയുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന ചില ജീവിതങ്ങളാണ് 2023 ന്റെ കണക്കുപുസ്തകത്തില്‍ നിന്ന് മടങ്ങിപ്പോവുന്നത്. തൊണ്ണൂറും കടന്ന് സന്തോഷത്തോടെ ജീവിച്ചവര്‍, കര്‍മനിരതരായ മനുഷ്യര്‍. അവരിലേക്കൊന്ന് എത്തിനോക്കിയാല്‍ കാണാം ആയുസ്സിന്റെ ചില നീട്ടിപ്പിടിച്ച രഹസ്യങ്ങള്‍.
തൊണ്ണൂറുകടന്നവര്‍
2022 ഡിസംബറിൽ മരിച്ച ഡോ. ആർ ഇ.ആഷര്‍ മലയാളിയുമായി അടുത്തബന്ധം പുലര്‍ത്തിയ വിദേശിയാണ്. തകഴിയുടെയും ബഷീറിന്റെയും കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും മലയാള ഭാഷയുടെ ചാരുതയില്‍ മയങ്ങിജീവിക്കുകയും ചെയ്തപ്പോള്‍ ആഷര്‍ തന്റെ പ്രായം മറന്നുപോയെന്ന് നിശ്ചയം. 96-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. കാവ്യഋഷി എന്നറിയപ്പെട്ട ജ്ഞാനപീഠ ജേതാവ് നീല്‍മണി ഫൂക്കന്‍ അസമീസ് സാഹിത്യത്തിന് നിസ്തുല സംഭാവനകള്‍ ചെയ്താണ് ജീവിതം ആഘോഷിച്ചത്. ഒടുവില്‍ ജനുവരിയില്‍ മറ്റൊരു കവിത പോലെ അദ്ദേഹം ജീവിതം എഴുതി പൂര്‍ത്തിയാക്കി-തന്റെ 96-ാം വയസ്സില്‍ പൊതുതാത്പര്യമുള്ള ഒട്ടേറെ കേസുകള്‍ സ്വയം ഏറ്റെടുത്ത് വാദിച്ച് അഴിമതിക്കെതിരെ പോരാടിയ അഭിഭാഷകനായിരുന്നു ശാന്തിഭൂഷണ്‍. നിയമത്തിന്റെ വഴികളില്‍ നിരന്തരം തലപുകച്ച് സഞ്ചരിച്ചയാള്‍. ഒടുവില്‍ 2023 ഫെബ്രുവരിയില്‍ മരണത്തിന്റെ കോടതിയിലേക്ക് നടന്നുകയറുമ്പോള്‍ വക്കീലിന് പ്രായം 97. ജനതാപാര്‍ട്ടി സര്‍ക്കാരില്‍ നിയമ മന്ത്രിയായ ശാന്തിഭൂഷണ്‍ തന്നെയാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ഒരിക്കല്‍ തിരഞ്ഞെടുപ്പ് കളത്തില്‍ ചെക്കുവെച്ചത്. ഇന്ദിരാഗാന്ധിക്ക് തിരഞ്ഞെടുപ്പ് അയോഗ്യത കല്‍പിച്ച കേസില്‍ അവരുടെ എതിരാളി രാജ്നാരായണനുവേണ്ടി അലഹബാദ് ഹൈക്കോടതിയില്‍ കേസുവാദിച്ചത് ശാന്തിഭൂഷണായിരുന്നു.

ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച ആദ്യ പാകിസ്താന്‍ നടനെന്ന ബഹുമതി ജീവിതകാലം മൊത്തം സൂക്ഷിച്ച സിയ മൊഹ്വെദീന്‍ അന്തരിച്ചത് 91-ാം വയസ്സിലാണ്, വെള്ളിത്തിരയിലെ ഓര്‍മകള്‍ക്ക് അദ്ദേഹം തിരശ്ശീലയിട്ടത് 2023 ഫെബ്രുവരിയില്‍. മാര്‍ച്ചില്‍ കാല്‍പന്തുകളിയിലെ ജ്വലിക്കുന്ന നിമിഷങ്ങള്‍ ബാക്കിവെച്ച് ജീവിതത്തിന്റെ കളത്തിന് പുറത്തായ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം ജസ്റ്റ് ഹൊണ്ടെയ്ന്‍ യാത്ര പറയുമ്പോള്‍ തൊണ്ണൂറുകളുടെ പടിയിലായിരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ തല തൊട്ടപ്പനെന്ന് വാഴ്ത്തപ്പെടുന്ന ഗോർഡന്‍ മൂര്‍ 94-ാം വയസ്സുവരെ തന്റെ തലച്ചോറില്‍ ചിന്തകളുടെ ഊര്‍ജപ്രവാഹം തീര്‍ത്തു. പോയ മാര്‍ച്ചിലാണ് മൂര്‍നിയമത്തിന്റെ ഉപജ്ഞാതാവും മരണത്തിലേക്ക് നടന്നുപോയത്.
അസാധാരണ ജീവിതങ്ങള്‍
മലയാളി കുഞ്ഞുങ്ങളെ അത്ഭുത വാനരന്‍മാരുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ കെ.വി.രാമനാഥന്‍ ഏപ്രില്‍ പത്തിന് തൃശ്ശൂരില്‍ അന്തരിക്കുമ്പോള്‍ പ്രായം 91 പിന്നിട്ടിരുന്നു. കമാന്‍ഡര്‍ ഗോപിയുടെയും മാന്ത്രികപ്പൂച്ചയുടെയുമൊക്കെ ചിറകിലേറി ഭാവനയിലൂടെ പറന്നുനടന്ന രാമനാഥന്റെ മനസ്സിന്റെ ചെറുപ്പം തന്നെയാവും അദ്ദേഹത്തിന്റെ ആയുസ്സിനെ തൊണ്ണൂറു കടത്തിയതും. കുഞ്ഞു ഹൃദയങ്ങള്‍ക്ക് അത്ര പെട്ടെന്ന് പ്രായമേറുന്നില്ലല്ലോ.

വാഹനലോകത്തായിരുന്നു കേശബ് മഹീന്ദ്രയുടെ കമ്പം. 48 വര്‍ഷം അദ്ദേഹം മഹീന്ദ്ര കമ്പനിയുടെ ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു. വില്ലീസ് ജീപ്പിന്റെ അസംബ്ലിങ്ങിലും ട്രാക്ടര്‍ ഉത്പാദനത്തിലും മാത്രം ശ്രദ്ധിച്ചിരുന്ന മഹീന്ദ്ര ഗ്രൂപ്പിനെ ഐ.ടി. റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലേക്ക് കൈപിടിച്ചു നടത്തിയ കേശബ് മഹീന്ദ്ര അന്തരിക്കുമ്പോള്‍ പ്രായം ഒരു നൂറ്റാണ്ട് തികയ്ക്കുന്നതിന് ഒരു വര്‍ഷം മാത്രം പിന്നിലായിരുന്നു.-99. ഇതേപ്രായത്തില്‍ ഇതുപോലെ മറ്റൊരു ലഹരിയുമായി ജീവിച്ചൊരാളും ഈ വര്‍ഷം കേരളത്തില്‍ നിന്നും വിട പറഞ്ഞു. സര്‍ക്കസ് തമ്പുകളെ ജീവിതത്തിന്റെ പാഠശാലയാക്കി മാറ്റിയ ജെമിനി ശങ്കരന്‍. ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവുമായും ഇന്ദിരാഗാന്ധിയുമായും മൊറാര്‍ജി ദേശായിയുമായുമൊക്കെ സൗഹൃദമുണ്ടായിരുന്ന ശങ്കരന്റെ ജീവിതവും നൂറ്റാണ്ടു തികയ്ക്കുന്നതിന് തൊട്ടടുത്തായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ അതികായരിലൊരാളായ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ രാഷ്ട്രീയമില്ലാത്ത ലോകത്തേക്ക് നടന്നുപോയത് 95-ാം വയസ്സിലാണ്. അതുവരെ ചര്‍ച്ചകളും തന്ത്രങ്ങളും ആശയങ്ങളും അണികളുമൊക്കെയായി സജീവമായിരുന്നു ബാദലിന്റെ ജീവിതം. 2023 ഏപ്രില്‍ 25ന് മൊഹാലിയിലായിരുന്നു മരണം. ആഫ്രോ-അമേരിക്കന്‍ ഗായകനും നടനുമായ ഹാരി ബെലഫോണ്ട (96),ഹോളിവുഡ് നടന്‍ ബാരി ന്യൂമാന്‍ (92), കൂടിയാട്ടത്തെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തിയ പി.കെ.ജി.നമ്പ്യാര്‍ (93) എന്നിവരും ഈ വര്‍ഷം മേയില്‍ കാലയവനികയ്ക്കുള്ളിലേക്ക് സംതൃപ്തരായി നടന്നുപോയവരില്‍ ചിലരാണ്.

ചിന്തകള്‍ക്ക് തീ കൊടുത്തവര്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമിടുകയും അവിടെ സദ്യ വിളമ്പണമെന്ന് നിര്‍ബന്ധിക്കുകയുമൊക്കെ ചെയ്ത പി.ചിത്രന്‍ നമ്പൂതിരിപ്പാട് ജൂണ്‍ 27ന് തൃശ്ശൂരില്‍ അന്തരിക്കുമ്പോള്‍ പ്രായം 103. സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തുകൊണ്ടിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ മനസ്സില്‍ എന്നും നിറഞ്ഞുനിന്നത് നവീന ചിന്തകളുടെ യൗവ്വനം തന്നെ. മലയാള സിനിമയിലെ കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് അച്ചാണി രവി ജൂലായ് എട്ടിന് അന്തരിക്കുമ്പോള്‍ പ്രായം 90. മാഹി മലയാള കലാഗ്രാമം സ്ഥാപകന്‍ എ.പി. കുഞ്ഞിക്കണ്ണന്‍ ഈ വര്‍ഷം വിട പറഞ്ഞത് 94-ാം വയസ്സില്‍. സ്വന്തം നാട്ടില്‍ ഒരു കലാസ്ഥാപനം എന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് ഒരു ആയുഷ്‌കാലത്തിന്റെ തപസ്സുണ്ടായിരുന്നു. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനായി ജീവിതം ചെലവിട്ട കലാസ്നേഹിയായിരുന്നു ആ മനുഷ്യന്‍. ജൂലായ് 11നാണ് വിഖ്യാത എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിക്കുന്നത്. അപ്പോള്‍ അദ്ദേഹത്തിന് പ്രായം 94. അധികാരത്തിന് എതിരായ പോരാട്ടം മറവിക്കെതിരെയുള്ള ഓര്‍മയുടെ പടയൊരുക്കലാണെന്ന് എഴുതിയ എഴുത്തുകാരനും പ്രായം വെറും കളിപ്പാട്ടമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമൊക്കെയായി രാഷ്ട്രീയത്തിരക്കുകളിലായിരുന്നു വക്കം പുരുഷോത്തമന്റെ ജീവിതം. 95-ാം വയസ്സിലാണ് അദ്ദേഹം തിരക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങുന്നത്. കണക്കുകൂട്ടലുമായി തന്റെ ജീവിതത്തില്‍ ഊര്‍ജം നിറച്ച വിഖ്യാത ഗണിതശാസ്ത്രജ്ഞന്‍ പ്രൊഫ.സി.ആര്‍.റാവുവിന് അന്തരിക്കുമ്പോള്‍ പ്രായത്തിന്റെ കണക്ക് 102. ജീവിതം സജീവമാക്കി നിര്‍ത്തിയവര്‍ക്ക് മുന്നില്‍ ആയുസ്സ് നീളുന്നതിന് എത്ര ഉദാഹരണങ്ങള്‍.

ഇംഗ്ലീഷ് കവിതകളെഴുതി പ്രസിദ്ധനായ ജയന്ത മഹാപാത്ര 95-ാം വയസ്സിലാണ് അന്തരിച്ചത്. പ്രായം കൂടുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ചൂടുകൂടുകയായിരുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരായ പ്രതിഷേധമായി കവി തനിക്ക് ലഭിച്ച പത്മശ്രീ തിരികെ നല്‍കിയത് 2015ലാണ്. പ്രായമേറുന്നുവെന്ന് ചുറ്റിലുമുള്ള ലോകം കരുതിയ കാലത്തും അദ്ദേഹത്തില്‍ തുടിച്ചുനിന്നത് പോരാട്ടച്ചൂട് മാത്രം. വരയിലൂടെയും എഴുത്തിലൂടെയും മലയാളികളെ ചിരിപ്പിക്കുമ്പോള്‍ അതിലേറെ ചിരിച്ചിട്ടുണ്ടാവും കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ഹൃദയം. അതുകൊണ്ടുതന്നെയാവും ആരോഗ്യമുള്ള ഹൃദയവുമായി ജീവിച്ച അദ്ദേഹത്തിന് ഹൃദയത്തുടിപ്പ് നിലയ്ക്കുമ്പോള്‍ പ്രായം 91 പിന്നിട്ടത്.

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍.ശങ്കരയ്യ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ മുഴുകി ജീവിച്ചത് 101 വയസ്സുവരെയാണ്. ഒരേദിശയില്‍, ഒരേ ആശയത്തില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തിനും മനസ്സിനും പ്രായത്തെക്കുറിച്ച് ആലോചിക്കാനുള്ള സമയമില്ലായിരുന്നു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറായ എസ്. വെങ്കിട്ടരമണന്റെ തലച്ചോറും സാമ്പത്തിക ശാസ്ത്രംകൊണ്ട് പ്രവര്‍ത്തന നിരതമായിരുന്നു. 92 വയസ്സുവരെ അത് അനുസ്യൂതമായി മുന്നോട്ട് പോയി. ചരിത്രം കുറിച്ച ഒട്ടേറെ അടയാളങ്ങളുടെ മുദ്രപതിപ്പിച്ചാണ് 96-ാം വയസ്സില്‍ ജസ്റ്റിസ് ഫാത്തിമാ ബീവിയും ഓര്‍മകളിലേക്ക് മടങ്ങിയത്. സുപ്രീംകോടതിയിലെ പ്രഥമ വനിതാ ജഡ്ജി,ഹൈക്കോടതിയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജി, ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം ഗവര്‍ണര്‍. അടയാളങ്ങളുണ്ടാക്കുന്ന മനുഷ്യര്‍ക്ക് ദൈവം ആയുസ്സ് നീട്ടിക്കൊടുക്കുന്നത് കാണാം.
യുദ്ധകാലത്ത് സമാധാനം കൊതിച്ചയാളാണ് അമേരിക്കയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ജര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മനസ്സ് എന്നും ശാന്തമായിരുന്നിരിക്കണം. ശീതയുദ്ധകാലത്തെ നയതന്ത്ര ശില്‍പിയെന്ന് വിളിക്കപ്പെടുന്ന കിസിഞ്ജറുടെ ഹൃദയവും സമാധാനപൂര്‍ണമായി അദ്ദേഹത്തിനൊപ്പം നിന്നു. ഒടുവില്‍ അത് നിലയ്ക്കുന്നത് ഒരു നൂറ്റാണ്ട് തികയുമ്പോഴാണ്. കൃത്യം നൂറാംവയസ്സില്‍.

ആയുസ്സിന്റെ രഹസ്യങ്ങള്‍
പേരും പ്രശസ്തിയുമില്ലാത്ത ധാരാളം മനുഷ്യരും ഈ വര്‍ഷം നൂറിന് അടുത്തെത്തിക്കാണും. സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ഓടി നടന്ന് ജീവിച്ചപ്പോള്‍ അവരൊന്നും പ്രായത്തെക്കുറിച്ച് ഓര്‍ത്തിട്ടുമുണ്ടാവില്ല. മനസ്സിനെ വിശ്രമമില്ലാത്ത ചിന്തകള്‍ക്ക് വിട്ടുകൊടുത്തവര്‍. ലോകത്തിന്റെ പുരോഗതിക്കായി ജീവിച്ചവര്‍. വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്‍ മനുഷ്യായുസ്സ് നീളുന്നുവെന്ന് പറയുമ്പോഴും അതിനെയും കവച്ചുവെക്കുന്നത് ഇങ്ങനെയുള്ള പ്രവര്‍ത്തനനിരതരായ മനുഷ്യരാണ്, ഉള്ളില്‍ സര്‍ഗാത്മക വ്യക്തിത്വമുള്ളവര്‍.
അറുപത്തിയഞ്ചോ അതില്‍ കൂടുതലോ പ്രായമുള്ള മനുഷ്യരുടെ എണ്ണം ദശാബ്ദങ്ങളായി ലോകമെമ്പാടും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങളുണ്ട്. ചൈനയിലെ മൊത്തം ജനസംഖ്യയുടെ 13 ശതമാനവും 65 വയസ്സുകഴിഞ്ഞവരാണ്. അത്തരം കണക്കുകൂട്ടലുകളെപ്പോലും മറികടക്കുന്നുണ്ട് ജീവിതത്തെ ആശയങ്ങളുടെ പാഠശാലയാക്കി മാറ്റിയ മനുഷ്യര്‍. അവരുടെ ആയുസ്സിനായി ജോലി ചെയ്യുന്നത് മനസ്സാണെന്നതും വ്യക്തം.
സര്‍ഗാത്മക വ്യക്തിത്വമുള്ളവര്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്ന് പഠനങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ജേണല്‍ ഓഫ് ഏജിങ് ആന്‍ഡ് ഹെല്‍ത്തിന്റെ പഠനം പറയുന്നത് സര്‍ഗാത്മകവ്യക്തികള്‍ സമ്മര്‍ദത്തെ കൂടുതല്‍ പക്വതയോടെ നേരിടുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് ജീവിതം നീട്ടിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ്. അവര്‍ പലപ്പോഴും ബുദ്ധിമുട്ടുകളെ പ്രശ്നപരിഹാരത്തിനുള്ള വെല്ലുവിളികളായി കാണുന്നു. ഉത്തരങ്ങള്‍ക്കായി അവരുടെ മസ്തിഷ്‌കത്തില്‍ നിരന്തരം തിരച്ചില്‍ നടക്കുന്നു. അപ്പോള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ക്കിടയില്‍ ന്യൂറോണുകള്‍ ശക്തവും സജീവവുമായി പ്രവര്‍ത്തിക്കുന്നു.
ഉയര്‍ന്ന സര്‍ഗാത്മകതയുള്ള വ്യക്തികളുടെ തലച്ചോറ് വാര്‍ധക്യത്തിലും സജീവമായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു ആശയത്തില്‍ നിന്ന് മറ്റൊരു ആശയത്തിലേക്ക് കുതിക്കാന്‍ കഴിയുന്ന ചടുലമായ മനസ്സിന്റെ ഉടമകളാണവര്‍. ഈ തുറന്ന ചിന്താഗതിയും ആശയങ്ങളുടെ കുത്തൊഴുക്കും അവരെ നിരന്തരം സജീവമാക്കി നിര്‍ത്തുന്നു.അവര്‍ അറിയാതെത്തന്നെ ജീവിതം മുന്നോട്ട് ഒഴുകിപ്പോവുന്നു. പുകവലിയും മദ്യപാനവും ഒഴിവാക്കല്‍, ശാരീരികമായി സജീവമായിരിക്കല്‍, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കല്‍ തുടങ്ങിയവയെല്ലാം ആയുസ്സ് നീട്ടുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇതിനൊപ്പം തന്നെയാണ് സര്‍ഗശേഷിയും മാനസികാരോഗ്യവുമെന്ന് തെളിയിക്കുകയാണ് തൊണ്ണൂറുകള്‍ കടന്ന് ജീവിച്ചവര്‍. ഈ വര്‍ഷം മരണത്തിലേക്ക് നടന്നുപോയവരും.
Content Highlights: age and life expectancy secrets of long life
Published: 30 Dec 2023, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented