''നോക്കെത്താവുന്ന ദൂരവും കഴിഞ്ഞ് പിന്നെയും നീണ്ടുപോകുന്ന ചെമ്മണ്‍വഴി. അകലെ നീലാകാശത്തിലേക്ക് മുഖമുയര്‍ത്തിനില്‍ക്കുന്ന മൊട്ടക്കുന്നുകള്‍ക്കു പിന്നില്‍ പതുങ്ങിനില്‍ക്കുന്ന വെള്ളമേഘങ്ങള്‍. ഉരുകിയൊലിക്കുന്ന വെയില്‍.
രാജു അമ്മാവന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. വീട്ടില്‍നിന്ന് രണ്ടുനാഴിക ദൂരമുണ്ട്. ബസ്സ് പോകാത്ത വഴി. ഇരുവശത്തും വീടു
കളൊന്നുമില്ല. കൈതക്കാടും കശുമാവിന്‍ തോപ്പുകളും ഇടയ്ക്കിടെ തരിശായിക്കിടക്കുന്ന വെളിമ്പറമ്പുകളും. പണ്ടൊക്കെ തനിച്ച് അതിലേ പോകാന്‍ ഭയമായിരുന്നു. അവിടെ ചെകുത്താന്മാര്‍ പകല്‍പോലും ഇറങ്ങിനടക്കുമത്രേ!
ആദ്യമായി അതിലേ ഒറ്റയ്ക്കു പോരേണ്ടിവന്ന ദിവസം പേടിച്ചു വിറച്ചുപോയി. പിന്നെപ്പിന്നെ പരിചയമായി.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് അല്പനേരം ചന്ദ്രന്‍ചേട്ടന്റെയും സുധക്കുട്ടിയുടെയും കൂടെ കളിച്ചശേഷം പുറപ്പെട്ടതാണ്. പൊള്ളുന്ന വെയിലുണ്ട്. എങ്കിലും ഇടയ്ക്കിടെ വീശുന്ന കാറ്റിനു തണുപ്പുണ്ടായിരുന്നു. വഴിയില്‍ മനുഷ്യന്റെയെന്നല്ല, ഒരു ജീവിയുടെയും നിഴലാട്ടംപോലുമില്ല.
പെട്ടെന്ന് ദൂരെ മണ്ണില്‍ എന്തോ ഒന്നനങ്ങിയതായി അവനു തോന്നി. കുറച്ചു നേരത്തേക്ക് ഒന്നും കണ്ടില്ല. അല്പം കഴിഞ്ഞപ്പോള്‍ ഒരനക്കംകൂടി ഉണ്ടായതായി തോന്നി. സൂക്ഷിച്ചുനോക്കി. വ്യക്തമായി ഒന്നും കാണാനില്ല. കാറ്റത്ത് കരിയില അനങ്ങിയതാവാം.
കുറച്ചുകൂടി നടന്നടുത്തു. അപ്പോള്‍ തോന്നി. ഇലയല്ല, അതിലും കനമുള്ള എന്തോ ഒന്ന് അവിടെ കിടപ്പുണ്ട്. വഴിയുടെ നടുക്കുതന്നെ. എന്താണെന്നു പിടികിട്ടുന്നില്ല.
പത്തടികൂടി നടന്നപ്പോള്‍ അവന് കാര്യം പിടികിട്ടി. വളരെ ചെറിയ ഒരു നായക്കുഞ്ഞ്! അതവിടെ ചുരുണ്ടു കിടക്കുകയാണ്. ഒന്ന് എഴുന്നേറ്റ് വട്ടം തിരിഞ്ഞ് അതവിടെത്തന്നെ കിടന്നു.
അവന്‍ അടുത്തെത്തി. സൂക്ഷിച്ചുനോക്കി. ദൂരെനിന്ന് നോക്കിയപ്പോള്‍ കാണാതിരുന്നതില്‍ അദ്ഭുതമില്ല. ചെമ്മണ്ണിന്റെ നിറമുള്ള വളരെ ചെറിയൊരു നായക്കുഞ്ഞായിരുന്നു അത്. അവനടുത്തു ചെന്നപ്പോള്‍ അത് മെല്ലെ എഴുന്നേറ്റു. ശരീരമൊന്നു കുടഞ്ഞു. കുറെ മണ്ണും പൊടിയുമൊക്കെ കൊഴിഞ്ഞുവീഴുകയും കാറ്റില്‍ പറക്കുകയും ചെയ്തു. മെല്ലെമെല്ലെ അടിവെച്ചടിവെച്ച്, ഇടയ്ക്കിടെ നിലത്തൊന്നു നാറ്റി നോക്കിക്കൊണ്ട് ആ ജീവി അവന്റെ അടുത്തേക്കു വന്നുതുടങ്ങി.
സ്വതേ അവന് പട്ടികളെ ഭയമാണ്. അവന്റെ വീട്ടില്‍ ഇതുവരെ ഒരു ജന്തുവിനെയും വളര്‍ത്തിയിട്ടില്ല. ഇത്ര ചെറിയൊരു നായക്കുഞ്ഞിനെ അവന്‍ കാണുന്നത് ആദ്യമായിട്ടാണ്.
നായക്കുഞ്ഞ് അല്പം ദൂരെനിന്ന് അവന്റെ മുഖത്തേക്ക് കണ്ണുകളുയര്‍ത്തിനോക്കി - എന്നിട്ട് ഒന്നുകൂടി, അടുത്തുവന്ന് അവന്റെ കാലൊന്നു നക്കി. പെട്ടെന്ന് അവന്‍ അറപ്പുമൂലം കാല്‍ വലിച്ചെടുത്തു. നായക്കുഞ്ഞ് ഞെട്ടി പിന്നിലേക്കു ചാടി. എന്നിട്ടത് നിശ്ചലമായി നിന്ന് ചെറുതായൊന്ന് മുരണ്ടു.
രാജു ഒഴിഞ്ഞുമാറി നടക്കാന്‍ തുടങ്ങി. കുറച്ചുനേരം സ്തംഭിച്ചുനിന്നശേഷം നായക്കുഞ്ഞും അവന്റെ പിന്നാലെ പുറപ്പെട്ടു. അത് 'കുടുകുടാ' എന്നോടിവരുന്നതു കണ്ടപ്പോല്‍ രാജു സ്പീഡ് കൂട്ടി. അപ്പോഴുണ്ട് നായക്കുഞ്ഞും സ്പീഡ് കൂട്ടുന്നു. ഇടയ്ക്ക് നിലത്തിരുന്ന് പിന്‍കാലുകൊണ്ട്, ചെവിക്കു പിന്നില്‍ ചൊറിഞ്ഞശേഷം എഴുന്നേറ്റുനിന്ന് ദേഹമാകെ ഒന്നു കുടഞ്ഞു. അപ്പോഴേക്കും രാജു കുറച്ചു ദൂരെയെത്തിക്കഴിഞ്ഞു.
ഒപ്പമെത്താന്‍വേണ്ടി നായക്കുഞ്ഞ് കുതികുതിച്ചെത്തുന്നു!
രാജു നിന്നു. നായക്കുഞ്ഞും അടുത്തെത്തി. തുരുതുരെ വാലാട്ടിക്കൊണ്ടാണ് വരവ്. രാജു ഒരു കല്ലെടുത്ത് പതുക്കെ എറിഞ്ഞുനോക്കി. കാര്യമുണ്ടായില്ല. നായക്കുഞ്ഞ് കല്ല് വീണേടത്തു ചെന്ന് മണത്തുനോക്കിയശേഷം തിരിഞ്ഞു രാജുവിന്റെ പിന്നാലെ ഓടിത്തുടങ്ങി!
രാജുവും ഓട്ടം പിടിച്ചു. വഴിയില്‍ ഒരു വടി കിടക്കുന്നതു കണ്ടപ്പോള്‍ അവനത് കൈയിലെടുത്തു. ഓടിയടുത്തുവന്ന നായക്കുഞ്ഞിനെ വടിവീശി അകറ്റാന്‍ ശ്രമിച്ചു. വടിയുടെ തുമ്പ് ചലിക്കുന്നതിനൊപ്പം നായക്കുട്ടി ചാടിക്കളിക്കുന്നത് കണ്ടപ്പോള്‍ രാജുവിന് ചിരിവന്നു. വടി കൈയില്‍ വെച്ചുകൊണ്ട് അവന്‍ നടന്നു. രാജുവിന്റെ കൈയില്‍ വടി കണ്ടതുകൊണ്ടോ എന്തോ നായക്കുട്ടിക്ക് ഒരു ശങ്ക. കുറച്ച് അകലം വിട്ടുകൊണ്ടാണ് അത് പിന്നെ സഞ്ചരിച്ചത്.
എന്തായാലും അത് രാജുവിനെ വിടാനുള്ള ഭാവമില്ലെന്നു തീര്‍ച്ചയായി.
ദൂരെനിന്ന് ഒരു ലോറി വരുന്നതു രാജു കണ്ടു. ലോറിയുടെ പിന്നില്‍ പൊടിപടലം ഒരു ചുവന്ന മേഘംപോലെ ഉയര്‍ന്നു സഞ്ചരിക്കുന്നുണ്ടായിരുന്നു. ഏകാന്തവും വിജനവുമായ വഴിയില്‍ ലോറിയുടെ ഇരമ്പം വലിയൊരു ശബ്ദമായി വളര്‍ന്നു.''
കെ.വി. രാമനാഥന്റെ 'രാജുവും റോണിയും' എന്ന നോവല്‍ ആരംഭിക്കുന്നതിങ്ങനെയാണ്. സ്വതവേ നായകളെ പേടിയുളള രാജു എന്ന ബാലന്റെയും റോണി എന്ന നായക്കുട്ടിയുടെയും കഥയാണ് രാജുവും റോണിയും. വീട്ടില്‍ ഇതുവരെ ഒരു മൃഗത്തെയും വളര്‍ത്തി പരിചയമില്ലാത്ത രാജുവിന്റെ പിന്നാലെ കൂടിയ റോണി രാജുവിന്റെ വീട്ടിലും പരിസരത്തും ഇണങ്ങിയും കളിച്ചും റോണി വളരുന്നു. കാലക്രമേണ അവന്‍ ഒരു പോലീസ് നായയായിത്തീരുന്നു. റോണിയുടെ മിടുക്കും രാജുവിന്റെ ദയയും വരച്ചുകാട്ടിയ രാജുവും റോണിയും ഒരു തലമുറയിലെ കുട്ടികളിലെ മറക്കാനാവാത്ത കഥാപാത്രങ്ങളായിരുന്നു.
ഒരു തലമുറ വായിച്ചുവളര്‍ന്നതില്‍ കെ.വി. രാമനാഥന്‍ എന്ന ബാലസാഹിത്യകാരന്റെ ഇടപെടലുകള്‍ ചെറുതൊന്നുമല്ല. കഥകളായും നോവലുകളായും ബാലമനസ്സുകളില്‍ അത്ഭുതവും ആശ്ചര്യവും നിറയ്ക്കാന്‍ എഴുത്തുകാരനുകഴിഞ്ഞു. അത്ഭുതത്തെ അനുഭവിപ്പിക്കാന്‍ പോന്ന പദങ്ങളും കഥാപാത്രങ്ങളും ബാലമനസ്സുകളിലേക്ക് രാമനാഥന്‍ മാസ്റ്റര്‍ തൊടുത്തുവിട്ടുകൊണ്ടേയിരുന്നകാലം. അത്ഭുതവാനരന്‍, അത്ഭുതനീരാളി, ആമയും മുയലും ഒരിക്കല്‍കൂടി, കമാന്റര്‍ ഗോപി, മാന്ത്രികപ്പൂച്ച... കുട്ടികളിലെ വായനാശീലത്തോടൊപ്പം ജിജ്ഞാസയും കാത്തിരിപ്പിന്റെ ക്ഷമയും വളര്‍ത്തുന്നതില്‍ ഒരു അധ്യാപകന്റെ അച്ചടക്കവും എഴുത്തുകാരന്റെ വാക്ചാതുരിയും അദ്ദേഹം രചനകളില്‍ സൂക്ഷിച്ചുപോന്നു. ഒന്നിനുപിറകേ ഒന്നായി ഇരുപതോളം ബാലസാഹിത്യകൃതികളാണ് മലയാളസാഹിത്യത്തിന് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഏറെ നിരൂപക പ്രശംസ നേടിയ കഥകള്‍ എല്ലാം തന്നെ കുട്ടികളുടെ വായനയ്ക്കുതകുന്ന പദങ്ങളുടെ തിരഞ്ഞെടുപ്പുകളാല്‍ സമ്പന്നമാണ് എന്ന നിരൂപകപ്രശംസയും അദ്ദേഹത്തെ തേടിയെത്തി. കുട്ടികളെ അത്രയൊന്നും എളുപ്പത്തില്‍ വായനയ്ക്ക് കീഴടക്കാനാവില്ല, ഇരുത്തി വായിപ്പിക്കാനാവില്ല തുടങ്ങിയ വലിയ വെല്ലുവിളികള്‍ നേരിടുന്നവരാണ് ബാലസാഹിത്യകാരന്മാര്‍. ഒരു രചന കുട്ടികള്‍ ആസ്വദിക്കുന്നുവെങ്കില്‍ അത് ലോകത്തിന് മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്നതായിരിക്കും. തന്റെ മുമ്പില്‍ പ്രഥമ ആസ്വാദകരെ ഒട്ടും തന്നെ നിരാശപ്പെടുത്താതെ അത്ഭുതവാനരനിലൂടെയും മാന്ത്രികപ്പൂച്ചയിലൂടെയും രാമനാഥന്‍ മാസ്റ്റര്‍ ജീവിതത്തില്‍ പരിപാലിച്ചു പോരേണ്ടതായിട്ടുള്ള ദാർശനികത തന്നെ എഴുത്തിലൂടെ ഒളിച്ചുകടത്തി.
കാലത്തിനൊത്തു സഞ്ചരിച്ചവയായിരുന്നു രാമനാഥന്‍ മാസ്റ്ററുടെ കഥകളും കഥാപാത്രങ്ങളും. വര്‍ത്തമാനകാലം കണ്ടതും കേട്ടതുമായതെല്ലാം തന്നെ ദ്ദേഹത്തിന്റെ കഥകളില്‍ സ്ഥാനം പിടിച്ചു. എങ്കിലും 'സൂപ്പര്‍ നാച്ചുറല്‍' എന്ന് വിളിക്കപ്പെടുന്നവയിലെല്ലാം കുട്ടികള്‍ കാണിക്കുന്ന ആകാംക്ഷയും ആവേശവുമായിരുന്നു രാമനാഥന്‍ മാസ്റ്ററുടെ എഴുത്തിന്റെ താക്കോല്‍ സ്ഥാനമുറപ്പിച്ചിരുന്നത്. മുപ്പത്തിയാറ് വര്‍ഷക്കാലത്തെ അധ്യാപകവൃത്തിയിലൂടെ കുട്ടികളുടെ മനശ്ശാസ്ത്രം തിരിച്ചറിയാന്‍ സാധിച്ചതും അദ്ദേഹത്തിന് എഴുത്തില്‍ അനുഗ്രഹമായിത്തീര്‍ന്നു.
മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കാത്ത തെക്കേ അമേരിക്കയിലെ ആമസോണ്‍ വനാന്തരങ്ങള്‍ പശ്ചാത്തലമാക്കി, ഷെര്‍ലക് ഹോംസിന്റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച ശാസ്ത്ര നോവലായ ലോസ്റ്റ് വേള്‍ഡിന്റെ പുനരാഖ്യാനം രാമനാഥന്‍ മാസ്റ്റര്‍ 'അജ്ഞാതലോകം' എന്ന പേരില്‍ മാതൃഭൂമി ഇംപ്രിന്റായ മിന്നാമിന്നിയിക്കുവേണ്ടി നിര്‍വഹിച്ചു. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം, മനുഷ്യന്‍ ഭൂമിയില്‍ പിറവിയെടുക്കുന്നതിനു മുന്‍പുണ്ടായിരുന്ന ജീവജാലങ്ങളും സസ്യങ്ങളും നിറഞ്ഞ മായാലോകത്തേക്കുള്ള സാഹസികയാത്രയാണ് 'അജ്ഞാതലോക'ത്തിന്റെ പ്രമേയം. ചരിത്രാതീതകാല ജീവികളെക്കുറിച്ചുള്ള പില്ക്കാല കൃതികള്‍ക്കും ജുറാസിക് പാര്‍ക് തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായ ലോസ്റ്റ് വേള്‍ഡ് കെ.വി രാമനാഥന്റെ കൈകളിലെത്തിയപ്പോള്‍ തെളിച്ചമാര്‍ന്ന മറ്റൊരു വായനാനുഭവമാണ് സമ്മാനിച്ചത്.
വിനോദയാത്രാ സംഘത്തിലെ കുട്ടികളായ അപ്പുക്കുട്ടനും ഗോപിയും കഥാപാത്രങ്ങളായ കൃതിയാണ് 'അത്ഭുതവാനരന്മാര്‍'. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലയുന്നു. ഒടുവില്‍ അവര്‍ കാട്ടിലെ പഞ്ചവന്‍ കോട്ടയില്‍ എത്തിപ്പെടുന്നു. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കുന്നു. മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.
കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡു നേടിയ 'അത്ഭുതവാനരന്മാര്‍' ഒരു കാലഘട്ടത്തിലെ കുട്ടികളെ വളരെയധികം സ്വാധീനിച്ച ഒന്നായിരുന്നു. ശാസ്ത്രവും മിത്തും ഇടകലര്‍ന്ന ബാലസാഹിത്യരചനകള്‍ ബാലസമൂഹത്തിന് ചിരപരിചിതമായിരുന്ന കാലമായിരുന്നിട്ടുകൂടി രാമനാഥന്‍ മാസ്റ്ററുടെ 'അത്ഭുതവാനരന്മാര്‍' ഒരു പടി ഉയര്‍ന്നുനിന്നു എന്നതാണ് യാഥാര്‍ഥ്യം.
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക തുടങ്ങിയ ചോദ്യങ്ങളുമായി, കഥയില്‍ ചോദ്യമില്ലാതിരുന്നിട്ടുകൂടി, 'അത്ഭുതവാനരന്മാര്‍'ക്കു ശേഷം രാമനാഥന്‍ മാസ്റ്റര്‍ രണ്ടാം ഭാഗമെന്നവണ്ണം അവതരിപ്പിച്ച കൃതിയാണ് 'അത്ഭുതനീരാളി.' ഭീമ ബാലസാഹിത്യ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും 'അത്ഭുതനീരാളി'യ്ക്ക് ലഭിച്ചു.
മലയാളത്തില്‍ മാത്രമല്ല, ശങ്കറിന്റെ ചില്‍ഡ്രന്‍സ് വേള്‍ഡ്, ദ ഹിന്ദുവിന്റെ യങ് വേള്‍ഡ്, യങ് എക്‌സപ്രഷന്‍, യങ് കമ്യൂണിക്കേറ്റര്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം രാമനാഥന്‍ മാസ്റ്റര്‍ തന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചു. കേരള ബാലസാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറഞ്ഞ മഹാനായ ആ എഴുത്തുകാരന് പ്രണാമം.
Content Highlights: K.V Ramanathan, Mathrubhumi, Obituary
Published: 11 Apr 2023, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented