മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകവെ രാജ്യം ഓർക്കേണ്ട ഒരു പേരാണ് സുകുമാർ സെന്നിന്റേത്. ആദ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. പൊതുതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരുകളിലൊന്ന്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ സുകുമാർ സെൻ 17 കോടി ഇന്ത്യക്കാരോട് ഒരു രേഖപോലും ചോദിക്കാതെ അവരെ വോട്ടർമാരാക്കി. ഇന്നാവട്ടെ, തിരഞ്ഞെടുപ്പു കമ്മിഷൻ പലവിധ രേഖകൾ ആവശ്യപ്പെടുന്നു. നിരാശ്രയനായ പൗരനെ വോട്ടർപട്ടികയിൽനിന്ന് വെട്ടിനീക്കുന്നു.

To advertise here,

1947 ഓഗസ്റ്റ് പതിനഞ്ചിന് രാജ്യം സ്വതന്ത്രമാകുമ്പോൾ എത്രയുംവേഗം സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന ലക്ഷ്യമായിരുന്നു പ്രധാനമന്ത്രി ജവാഹർലാല് നെഹ്റു ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക്. 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ ഭരണഘടന പാസ്സാക്കി. 1950 ജനുവരി 26-ന് ഔപചാരികമായി ഭരണഘടന നിലവിൽ വന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റും സർക്കാരും രൂപീകരിക്കാൻ ദേശീയതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യകത ഭരണഘടന അടിവരയിട്ടു

ആരാണ് സുകുമാർ സെൻ?

1949-ൽ തിരഞ്ഞെടുപ്പു കമ്മിഷൻ രൂപീകരിക്കപ്പെട്ടു. കമ്മിഷന് നേതൃത്വം നൽകാൻ ഒരാൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ബംഗാളിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബി.സി. റേയാണ് ഐ.സി.എസ് ഉദ്യോഗസ്ഥനായിരുന്ന സുകുമാർ സെന്നിന്റെ പേര് നിർദേശിച്ചത്. 1950 മാർച്ചിൽ ബംഗാൾ ചീഫ് സെക്രട്ടറി കൂടിയായ സുകുമാർ സെൻ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി. ഒരു മാസത്തിന് ശേഷം തിരഞ്ഞെടുപ്പുകൾ നടത്തേണ്ട മാർഗ്ഗനിർദേശങ്ങളടങ്ങിയ ജനപ്രാതിനിധ്യ നിയമം പാർലമെന്റ് പാസ്സാക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഇന്ത്യയിൽ സിവിൽ സർവന്റ് ആയിരുന്ന അക്ഷോയ് കുമാർ സെന്നിന്റെ മൂത്തമകനായി 1899-ലായിരുന്നു സുകുമാർ സെന്നിന്റെ ജനനം. കൊൽക്കത്ത പ്രസിഡൻസി കോളേജിലും ലണ്ടൻ സർവ്വകലാശാലയിലും വിദ്യാഭ്യാസം നേടി. ഗണിതശാസ്ത്രപഠനത്തിൽ സ്വർണ മെഡൽ നേടി. തുടർന്ന് ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന് ഐ.സി.എസ് ഉദ്യോഗസ്ഥനായി. 1947-ൽ ബംഗാൾ ചീഫ് സെക്രട്ടറിയായി നിയമിതനായി. ഒരു ഐ.എസി.എസ് ഉദ്യോഗസ്ഥന് ബ്രിട്ടീഷ് ഇന്ത്യയിൽ ലഭിക്കാവുന്ന എറ്റവും വലിയ പദവി.

രണ്ടര ദശാബ്ദ കാലത്തോളം സിവിൽ സർവീസിൽ പ്രവർത്തിച്ചിരുന്ന സെൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജുഡിഷ്യറിയിലുൾപ്പെടെ വിവിധ പദവികളിൽ പ്രവർത്തിച്ചു. 1950-ൽ സെൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി പോയപ്പോഴും കുറച്ചു കാലംകൂടി ബംഗാൾ ചീഫ് സെക്രട്ടറി പദവിയിൽ തുടർന്നു. കേന്ദ്ര നിയമമന്ത്രിയായിരുന്ന അശോക് കുമാർ സെൻ സഹോദരനായിരുന്നു.

സാർവത്രിക വോട്ടവകാശം പ്രാബല്യത്തിൽ

അനിശ്ചിതത്വങ്ങളുടെയും സങ്കീർണതകളുടെയും നടുവിലായിരുന്നല്ലോ രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തി. വിഭജനവും കലാപങ്ങളും അഭയാർത്ഥി പലായനവും സൃഷ്ടിച്ച് മുറിവുകൾ ഒരു ഭാഗത്ത്. സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി നൽകിയ പ്രതീക്ഷകൾ മറുഭാഗത്ത്. ഭരണഘടന നിലവിൽ വന്നെങ്കിലും ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ അനിശ്ചിതത്വം തുടർന്നു. 40 ശതമാനം ഭൂപ്രദേശങ്ങളും നാട്ടുരാജ്യങ്ങളുടെ ഭരണത്തിൻ കീഴിലായിരുന്നു. നാട്ടുരാജ്യങ്ങളുമായി ഇന്ത്യൻ യൂണിയനിൽ ലയിക്കാനുള്ള ചർച്ചകൾ നടന്നുവന്നതേയുള്ളൂ. ഇതിനിടയിൽ, കശ്മീരിൽ ഒരു യുദ്ധത്തിനും ഹൈദരാബാദിൽ സൈന്യത്തെ അയ്ക്കലിനും രാജ്യം സാക്ഷിയാകേണ്ടി വന്നു.

ഈ സാഹചര്യത്തിലാണ് ഭരണടനാ നിർമ്മാണസഭ ധീരമായ ഒരു തീരുമാനമെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശം ഉണ്ടായിരിക്കണം, ഒരു ഉപാധിയും കൂടാതെ. ലോകത്തിൽ സ്വാതന്ത്ര്യത്തിന് പിന്നാലെ സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം പ്രാബല്യത്തിൽ വന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഇംഗ്ലണ്ടിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത് 1928-ൽ തുല്യ വോട്ടവകാശ നിയമം പാസ്സാക്കുമ്പോൾ മാത്രമാണ്. ഫ്രഞ്ച് വനിതകൾ ആദ്യമായി വോട്ടു ചെയ്തത് 1945-ലും. അമേരിക്കയിലെ തെക്കൻ പ്രദേശങ്ങളിലെ ആഫ്രിക്കൻ- അമേരിക്കൻ വനിതകൾക്ക് 1965 വരെ വോട്ടു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സ്വിസ് വനിതകൾക്ക് വോട്ടു ചെയ്യാൻ 1971 വരെ കാത്തിരിക്കേണ്ടി വന്നു.

സ്വതന്ത്രയാവുമ്പോൾ ഇന്ത്യയിലെ സ്ഥിതി നോക്കാം. 36 കോടിയിലധികം വരുന്ന ജനസംഖ്യയിൽ 85 ശതമാനം പേർക്കും എഴുത്തും വായനയും അറിയില്ല. 90 ശതമാനം പേരും ദരിദ്രർ. ഇതിന് മുമ്പ് വോട്ടവകാശം വിനിയോഗിച്ചുള്ളവർ ചുരുക്കം. പടിഞ്ഞാറും കിഴക്കുമുള്ള പാക്കിസ്താനിൽനിന്ന് ഇന്ത്യയിലെത്തിയ ദശലക്ഷ കണക്കിന് അഭയാർത്ഥികൾ. അവർക്ക് വീടോ രേഖകളോ ഇല്ലായിരുന്നു. ഈ സങ്കീർണകൾക്കുള്ളിൽനിന്ന് ഇന്ത്യ എങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ലോകരാജ്യങ്ങളിൽ പലരും അന്താരാഷ്ട്ര മാധ്യമങ്ങളും സംശയിച്ചു.

സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുമെന്ന് നിരീക്ഷകർ വിധിയെഴുതി. ഭരണപരിചയമില്ലാത്ത നേതൃത്വവും വോട്ടു ചെയ്ത് പരിചയമില്ലാത്ത ജനതയ്ക്കും അധികാരം നൽകിയാൽ എന്തു സംഭവിക്കും? കോൺഗ്രസും ഭരണനേതൃത്വവും ഭയന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1931-ൽതന്നെ പ്രായപൂർത്തി വോട്ടവകാശം വാഗ്ദാനം ചെയ്ത് പ്രമേയം പാസ്സാക്കിയിരുന്നു. ധനികരോ ദരിദ്രരോ സാക്ഷരരോ നിരക്ഷരരോ എന്ന വ്യത്യാസമില്ലാതെ ഓരോ പൗരനും രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കപ്പെടുന്നതിൽ പങ്കുള്ളവരാകണം.

സെൻ ഏറ്റെടുത്ത ദൗത്യം

സുകുമാർ സെൻ ഏറ്റെടുത്തത് അസാധാരണമായ ഭരണദൗത്യമായിരുന്നു. അതൊരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു. 21 വയസ്സിന് മുകളിലുള്ള 176 ദശലക്ഷം ജനങ്ങളിൽ 85 ശതമാനം പേരും നിരക്ഷരർ. ഓരോ വോട്ടറെയും കണ്ടെത്തണം. അവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തണം. ബാലറ്റ് പേപ്പർ, ബാലറ്റ് പെട്ടി എന്നിവ സജ്ജമാക്കണം. പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കണം, പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണം, വോട്ടിംഗ് പരമാവധി സുതാര്യവും നീതിപൂർവവുമാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തണം.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം അന്ന് പൂർത്തിയായിരുന്നില്ല. നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ചുള്ള പ്രാരംഭകാല സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായിരുന്നില്ല അന്ന്. തിരു-കൊച്ചി സംസ്ഥാനത്തായിരുന്നു 1952-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. മലബാർ പ്രദേശം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1956-ൽ തമിഴ്‌നാടിനോട് ചേർത്ത തെക്കൻ തിരുവിതാംകൂറിൽപെട്ട കൽക്കുളം, വിളവങ്കോട്, തോവാള, അഗസ്തീശ്വരം താലൂക്കുകൾ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

എത്രയും വേഗം തിരഞ്ഞെടുപ്പു നടത്തി രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഊടും പാവും നൽകണമെന്ന നെഹ്‌റുവിന്റെ ഇച്ഛയെ പ്രകീർത്തിച്ചെങ്കിലും മുന്നിലുള്ള വെല്ലുവിളി സുകുമാർ സെൻ തിരിച്ചറിഞ്ഞു. സമയം വേണമെന്ന് സുകുമാർ സെൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള പശ്ചത്തല സൗകര്യം ഒരുക്കുന്നതിന് സെൻ മുൻഗണന നൽകി.

സുകുമാർ സെൻ രണ്ട് റീജിയണൽ ഇലക്ഷൻ കമ്മിഷണർമാരെയും സംസ്ഥാനങ്ങളിൽ ചീഫ് ഇലക്ടറൽ ഓഫീസർമാരെയും നിയമിച്ചു. പൊതു തിരഞ്ഞെടുപ്പ് നടത്താൻ നെഹ്‌റു തിടുക്കം കൊണ്ടപ്പോൾ കാത്തിരിക്കൂ എന്ന് പറയാൻ സുകുമാർ സെന്നിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിലെ ഗണിതശാസ്ത്രജ്ഞനാവാം. ബ്രിട്ടീഷുകാർ ഉപയോഗിച്ച തിരഞ്ഞെടുപ്പ് രീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. സാർവ്വത്രിക വോട്ടവകാശം അടിസ്ഥാനശിലയായി. സെന്നിന്റെ കാഴ്ചപ്പാട് മനസ്സിലാക്കി നെഹ്‌റു ഉൾപ്പെടെയുള്ള ഭരണനേതൃത്വം ഇടപെടൽ നടത്തിയില്ല.

സെന്നിനും അദ്ദേഹത്തിന്റെ സംഘത്തിനും യഥേഷ്ടം സ്വാതന്ത്ര്യം ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വയം ഭരണാധികാരവും വിശ്വാസ്യതയും പ്രതിപക്ഷ പാർട്ടികൾക്കും തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസമുണ്ടാക്കി.

വെട്ടിനീക്കലല്ല; ഉൾപ്പെടുത്തൽ

എന്യൂമറേറ്റർമാർ ഗ്രാമഗ്രാമാന്തരം വീടുകളും തെരുവുകളും അഭയാർത്ഥി ക്യാമ്പുകളും കയറിയിറങ്ങി 17 കോടിലിലധികം പേരെ വോട്ടർ പട്ടികയിൽ ചേർത്തു. ഭൂരിപക്ഷം പേരും നിരക്ഷകരർ, സ്വന്തം പേരും പ്രായവും ശരിയായി പറയാൻ അറിയാത്തവർ. എന്യൂമറേറ്റർമാരോട് പേര് വെളിപ്പെടുത്താൻ ഗ്രാമീണ സ്ത്രീകളിൽ പലരും വിസമ്മതിച്ചു വോട്ടവകാശത്തെ കുറിച്ച് അറിയാത്തവർ, സംശയിച്ച് നിന്നവർ തുടങ്ങി വിഭിന്നരായ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വിവരങ്ങൾ ശേഖരിക്കാൻ നന്നേ ബുദ്ധിമുട്ടി ഉദ്യോഗസ്ഥർ.

സ്ത്രീകൾ പിതാക്കളുടെയും ഭർത്താക്കൻമാരുടെയും പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സ്ത്രീകളുടെ സ്വന്തം പേര് പട്ടികയിൽ ചേർക്കണമെന്ന് സുകുമാർ സെൻ കർശന നിർദേശം നൽകിയിരുന്നു. അവരെ സർക്കാർ ഓഫീസുകളിലേക്കോ ഉദ്യോഗസ്ഥരുടെ അടുത്തേക്കോ വിളിച്ചുവരുത്തിയില്ല. വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നവരും ഇന്ത്യയിലേക്കെത്തിയവരുമായ 21 പ്രായപരിധി പിന്നിട്ട എല്ലാവർക്കും രാജ്യം വോട്ടവകാശം ഉറപ്പാക്കി. വെട്ടിനീക്കലല്ല, ഉൾപ്പെടുത്തലായിരുന്നു അന്നത്തെ ദൗത്യം. ഇന്ത്യയുടെ പുതിയ ജനാധിപത്യത്തിൽ പൗരന് സ്ഥാനം നൽകുക എന്ന ദൗത്യം. ഇതിൻമേലാണ് ഇന്ത്യ ആധുനിക ജനാധിപത്യം കെട്ടിപ്പടുത്തത്.

നിരക്ഷരായ വോട്ടർമാർക്ക് ബാലറ്റ് പേപ്പറിലെ സ്ഥാനാർത്ഥികളുടെ പേരുകൾ വായിച്ച് തിരിച്ചറിയാനാവാത്തതിനാൽ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ എന്ന നൂതനമാർഗം കൊണ്ടുവന്നു. വോട്ടെടുപ്പ് നടത്താൻ ബൂത്തുതല ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിശീലിപ്പിച്ചു. ബാലറ്റ് പെട്ടികൾ വിദൂര ദേശങ്ങളിലെ ബൂത്തുകളിൽ എത്തിക്കാൻ ലക്ഷക്കണക്കിന് പേരെ നിയോഗിച്ചു. കപ്പൽ മുതൽ ഒട്ടകങ്ങളെ വരെ ഉപയോഗിച്ചായിരുന്നു പോളിംഗ് സാമഗ്രികളുടെ നീക്കം. 1951 ഒക്ടോബർ 25 മുതൽ മുത്ൽ 1952 ഫെബ്രുവരി 21 വരെ നീണ്ടുനിന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് വിജയകരമായി പര്യവസാനിച്ചതിൽ ജനങ്ങൾക്കും വോട്ടർമാർക്കും തിരഞ്ഞെടുപ്പു കമ്മിഷൻ നന്ദി അറിയിച്ചു.

ലോകത്തൊരിടത്തും ഇതുപോലൊരു ദൗത്യം നടപ്പായിട്ടില്ല. അഞ്ഞൂറോളം നാട്ടുരാജ്യങ്ങളിലായി ചിതറിക്കിടന്നിരുന്ന ഇവരോട് കമ്മിഷൻ രേഖൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇവരെങ്ങനെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കുമായിരുന്നു?

പ്രചോദനം ഭരണഘടന

വോട്ടർമാരെ ചേർക്കുകയാണ് തങ്ങളുടെ ജോലി, അല്ലാതെ വെട്ടിമാറ്റലല്ല എന്ന് ആദ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ സുകുമാർ സെൻ വിശ്വസിച്ചു. ജനാധിപത്യം സ്ഥാപിക്കലായിരുന്നു കമ്മിഷന്റെ ജോലി. അവകാശം കവരലായിരുന്നില്ല. സുകുമാർ സെന്നും ഇതേ ഭരണഘടനയ്ക്ക് കീഴിലാണ് പ്രവർത്തിച്ചത്. വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ഈ ഭരണഘടനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടത്.

സെൻ വോട്ടർമാരെ തേടിച്ചെന്നു.അവരുടെ പൗരത്വമല്ല പരിശോധിച്ചത്. ജനങ്ങളെ നേരിൽ കണ്ട വോട്ടു ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു. നെ്ഹ്റുവും അന്നത്തെ മറ്റു നേതാക്കളും സുകുമാർ സെന്നിനെ പോലുള്ള ഉദ്യോഗസ്ഥരും ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും നിർമ്മിച്ചു.

ഭരണഘടനാ നിർമ്മാണ സഭ സാർവത്രിക വോട്ടവകാശത്തിന് ഭരണഘടനാപരമായ അടിത്തറ നൽകി. സുകുമാർ സെനും തിരഞ്ഞെടുപ്പു കമ്മിഷനും ആ ഭരണഘടനാ വാഗ്ദാനത്തെ താഴെത്തട്ടു വരെ ചലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് സംവിധാനമാക്കി പരിവർത്തനം ചെയ്തു.

അസാമാന്യ നേതൃശേഷിയും ധിഷണാശക്തിയും ദീർഘദൃഷ്ടിയും വേണ്ട ഒന്നായിരുന്നു ഇത്. ഇന്നുവരെ ലോകത്ത് നടന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ. അതും ദാരിദ്ര്യവും നിരക്ഷരതയും നിറഞ്ഞുനിന്ന, ഭാഷയിലും ഭൂപ്രകൃതിയിലും സംസ്‌കാരത്തിലും വൈവിധ്യം പുലർത്തുന്ന വലിയൊരു രാജ്യത്ത്. രണ്ടു തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ സുകുമാർ സെനിനെ രാജ്യത്തെ പൊതുതിരഞ്ഞെടുപ്പുകളുടെ 50-ാം വാർഷികമായ 2002-ൽ ചരിത്രകാരനായ രാമചന്ദ്രഗുഹ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- 'ദ അൺസംഗ് ഹീറോ ഓഫ് ഇന്ത്യൻ ഡമോക്രാസി.'

സുകുമാർ സെൻ 1957-ലെ രണ്ടാം പൊതു തിരഞ്ഞെടുപ്പും സുഗമമായി നടത്തി. ആദ്യ പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ ശേഖരിച്ചു വയ്ക്കാനുള്ള ബുദ്ധിപരമായ തീരുമാനത്തോടെ 41 ദശലക്ഷം രൂപ ലാഭിക്കാനായി. ആഫ്രിക്കൻ രാജ്യമായ സുഡാനിലെ പൊതുതിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ 1953-ൽ സുകുമാർ സെൻ ക്ഷണിക്കപ്പെട്ടിരുന്നു. സുകുമാർ സെന്നിന്റെ സംഭാവന കണക്കിലെടുത്ത് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

1960-ൽ ഡോ. ബി.സി.റോയ് ബർദ്വാൻ സർവ്വകലാശാല സ്ഥാപിച്ചതോടെ സുകുമാർ സെന്നിനെ ആദ്യ വൈസ് ചാൻസലറായി നിയോഗിച്ചു. നമുക്ക് സുകുമാർ സെന്നിനെ കുറിച്ച് വളരെ കുറച്ചേ അറിയാവൂ എന്നത് വളരെ വേദനാജനകമാണെന്ന് രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടിരുന്നു. സർവകലാശാലയ്ക്കടുത്തുള്ള സുകുമാർ സെൻ റോഡാണ് സുകുമാർ സെന്നിന്റെ പേരിലുള്ള ഒരേയൊരു സ്മാരകം.