
ഒരിക്കല്‍, കവിയും 'ജയന്ത മഹാപത്ര സ്‌കോളറു'മായ നന്ദിനി സാഹു കവിയെ കാണാന്‍ ചെന്നത് കുറച്ച് വെള്ളിനിറമുള്ള മുളകുകളുമായാണ്. ഹിന്ദിയില്‍ അതിന് 'ലിംബു മിര്‍ച്ചി' എന്ന് പറയും. മുളകുകള്‍ കവിയുടെ കൈയ്യില്‍ വെച്ചുകൊടുത്തപ്പോള്‍ ജയന്ത മഹാപത്ര തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയോട് ചോദിച്ചു: ' എന്തിനാണ് നീ ഇത് കൊണ്ടുവന്നിരിക്കുന്നത് നന്ദിനീ? ശരിയാണ്, കാണാനിവക്ക് നല്ല ഭംഗിയും കലയുമൊക്കെയുണ്ട്.'' നന്ദിനി സാഹു പറഞ്ഞു;
''നോക്കൂ, താങ്കള്‍ സുന്ദരനല്ലേ, അതുകൊണ്ടുതന്നെ. ആരും താങ്കളെ കണ്ണ് വെക്കരുത്, ഇത് താങ്കളെ സംരക്ഷിക്കും.'' ആ സമയത്തെ കവിയുടെ മുഖം സന്തോഷംകൊണ്ടു പ്രകാശിക്കുന്നതുപോലെയായിരുന്നു എന്നും വീട്ടിലെ തന്റെ സഹായിയായ സരോജിനി ദീദിക്ക് 'മിര്‍ച്ചി ലിംബു' നല്‍കിക്കൊണ്ട് അപ്പോള്‍തന്നെ വീട്ടുവാതില്‍ക്കല്‍ തൂക്കിയിടാനും കവി ആവശ്യപ്പെട്ടുവെന്നും നന്ദിനി സാഹു ഓര്‍മിക്കുന്നു. അവര്‍ തിരഞ്ഞെടുക്കയും സമാഹരിക്കുകയും ചെയ്ത'Re-reading Jayanta Mahapaatra - Selected poems' എന്ന പുസ്തകത്തിനെഴുതിയ മനോഹരമായ ആമുഖ പഠനത്തിലാണ് ഈ ഓര്‍മയുള്ളത്.
ജയന്ത മഹാപത്രയുടെ മരണത്തിനുശേഷംവന്ന ദിവസങ്ങളില്‍, അദ്ദേഹത്തിന്റെ കവിതകള്‍ ചിലത് വീണ്ടും വായിക്കുമ്പോള്‍ നന്ദിനി സാഹുവിന്റെ ഈ ഓര്‍മയും കവിയെ കുറിച്ചുള്ള അവരുടെതന്നെ മറ്റുപല ഓര്‍മകള്‍ക്കുമൊപ്പം മനസ്സില്‍ വന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ കിഴക്ക്- വടക്കന്‍ സംസ്ഥാനങ്ങളിലെ സാധാരണമായ ഒരു കാഴ്ചയാണ് ഈ 'മിര്‍ച്ചി ലിംബു'വിന്റേത്. കണ്ണ് തട്ടാതിരിക്കാന്‍ രാവും പകലും വീട്ടുവാതില്‍ക്കല്‍ അവ തൂങ്ങികിടക്കുന്നു. ഒരു വിശ്വാസത്തേക്കാള്‍ ദിനേനയുള്ള ജീവിതത്തിന്റെ വേറൊരു പൊരുള്‍ എന്നേ അതു കാണുമ്പോള്‍ തോന്നൂ. എന്നാല്‍, ജയന്ത മഹാപത്രയുടെ വീട്ടുവാതില്‍ക്കലെ ഈ കാഴ്ച നമുക്ക് വേറൊരു പൊരുളിലും സങ്കല്‍പ്പിക്കാന്‍ പറ്റുന്നു; തന്നെത്തന്നെ തൊട്ടുനില്‍ക്കാന്‍ അനുവദിക്കുന്ന ഒരു വിശ്വാസത്തെ അതിന്റെ അന്യത്വത്തോടെ ആ കാഴ്ച പ്രകടിപ്പിക്കുന്നു. ജയന്ത മഹാപത്ര ജീവിക്കുന്നത് 'കാല'ത്തിന്റെ മൂന്ന് അടരുകളിലാണ് എന്ന് നന്ദിനി സാഹു എഴുതുന്നു; 'Mythical, Historical, Contemporary' എന്ന് ആ മൂന്ന് അടരുകളെ അവര്‍ കവിനിലമായി കണ്ടെത്തുന്നു.
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ജയന്ത മഹാപത്രയുടെ കവിതകളുടെ മലയാള പരിഭാഷകളാണ് ഞാന്‍ ആദ്യം വായിക്കുന്നത്. നമ്മുടെ ലിറ്റില്‍ മാഗസിനുകളുടെ അവിസ്മരണീയങ്ങളായ പല സാഹിത്യ പരിചയങ്ങള്‍ക്കുമൊപ്പം. പിന്നീട് അദ്ദേഹത്തിന്റെ സമാഹാരങ്ങള്‍ ചിലപ്പോള്‍ കിട്ടാന്‍ തുടങ്ങി. നമ്മുടെ കവിതകളുടെ പുതുഭാഷയുടെ കൂടെ ജയന്ത മഹാപത്രയുടെ കാവ്യസംസ്‌കാരം, അതിന്റെ 'ഇന്ത്യന്‍ ഇംഗ്ലീഷ് സംസ്‌കാരം'കൊണ്ടുതന്നെ വേറിട്ട് നില്‍ക്കുന്നവയുമായിരുന്നു. അതാകട്ടെ, നമ്മുടെ സാഹിത്യസംസ്‌കാരത്തെ കൃത്രിമവും യാന്ത്രികവുമായി നിര്‍വചിക്കാന്‍ തുടങ്ങിയ അക്കാലത്തെ ആധുനികാനന്തര കവിതകള്‍ക്കും കവിതാ പരിഭാഷകള്‍ക്കും ഏറെക്കുറെ അപരിചിതവും പുറത്തുമായിരുന്നു. പിന്നെയും രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞാകണം, മറ്റു പല കാരണങ്ങള്‍കൊണ്ടും, നമ്മള്‍ എ.കെ. രാമാനുജനെയും ജയന്ത മഹാപത്രയേയും അതുപോലുള്ള മറ്റ് പലരെയും വോറൊരു കാഴ്ചയില്‍ സന്ദര്‍ശിക്കുന്നത്. പ്രയോജനവാദപരമായ ആവശ്യത്തില്‍നിന്നും കവിതയെ മുക്തമാക്കുന്ന ഭാഷക്കും സൗന്ദര്യത്തിനും വേണ്ടിയുള്ള നമ്മുടെതന്നെ ശ്രമങ്ങള്‍ക്കുമൊപ്പം.
ചിലപ്പോള്‍ തോന്നാറുണ്ട്, ഞാന്‍ വായിക്കാന്‍ ശ്രമിച്ച കവികളില്‍ ഏറ്റവും ദുഃഖഭരിതമായ വരികള്‍ എഴുതിയ ഇന്ത്യന്‍ കവി ജയന്ത മഹാപത്രയാണെന്ന്. നമ്മുടെ കവി ആര്‍. രാമചന്ദ്രനെപ്പറ്റി ഓര്‍ക്കുമ്പോള്‍ പറയാറുള്ളപോലെ 'ഉള്ളിലൊരു ദുഖമൂര്‍ത്തി'യുള്ള ആള്‍. കവിതയുടെ മൂല്യവ്യവസ്ഥയും അതിന്റെ പരിചരണങ്ങളും വിഷാദഭരിതമായ ഒരു വലിയ നിശ്ശബ്ദതക്കും ചുറ്റും കനംവെക്കുന്ന പോലെയാണ് പലപ്പോഴും ആ കവിതകളുടെ വായന. ആ നിശ്ശബ്ദത ഏറ്റവും കൂടുതല്‍ നേരം അതിന്റെ ഓര്‍മയോടാണ് മിണ്ടിക്കൊണ്ടിരുന്നത്. ആ ഓര്‍മയാകട്ടെ, കഴിഞ്ഞുപോയതിന്റെയോ ഒരിക്കല്‍ ജീവിച്ചിരുന്നതിന്റെയോ തെളിവുപോലെയുമായിരുന്നു.
''എന്റെ ഓര്‍മകള്‍ പതിയിരിക്കുന്ന കടുവയെപ്പോലെ ആവരുതേ''എന്ന് ഒരു കവിതയില്‍ 'പ്രാര്‍ഥിക്കുന്നത്' ഓര്‍മ വരും. അല്ലെങ്കില്‍ ''ഇനി എന്ത് കൊതിയോടെയാണ് ഞാനെന്റെ ഓര്‍മയെ സംരക്ഷിക്കേണ്ടത്? എന്നും ആ കവിത ചോദിക്കുന്നു. ഭൂതകാലത്തോടുള്ള ധ്യാനമഗ്‌നമായ അടുപ്പം, അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ഇതൊക്കെയാണ് ജയന്ത മഹാപത്രയുടെ കവിതകളുടെ പ്രബുദ്ധത എന്നും അതാണ് ആ കവിതകളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും അത് ഭൂതകാലത്തിന്റെ ചിത്രവേലയാണ് ചെയ്യുന്നത് എന്നും. അങ്ങനെ തന്റെതന്നെ ദേശത്തിന്റെ, ഒഡീസയുടെ, ചരിത്രത്തെയും മഹാപത്ര നിര്‍മിക്കുകയായിരുന്നു എന്നും. തന്റെ കുടുംബം, അച്ഛന്‍('I am the water of my father's eyes'), അമ്മ, മുത്തച്ഛന്‍ (വളരെ മുമ്പേ ക്രിസ്തുമതത്തിലേക്ക് മതം മാറിയ മുത്തച്ഛന്റെ ഡയറി അദ്ദേഹത്തിന്റെ കവിതകളിലെ ഒരു രൂപകവും നില്‍ക്കാത്ത ഓര്‍മയുമാണ്), അതേസമയം ഒഡീസയുടെ സംസ്‌കാരവും-അശോകനും കൊണാര്‍ക്കും കലിംഗയുദ്ധവും ഭുവനേശ്വറും കട്ടക്കുമെല്ലാം ('What have I run out of? An inheritance?') ആ കവിതകളുടെ ജയന്താ 'ഇന്ത്യന്‍ ലോക'വുമാണ്-തന്റെ 'സ്വന്തം വിഷാദ'ത്തിനുമൊപ്പം.
ഇംഗ്ലീഷ് ഇപ്പോഴും ഒരു കൊളോണിയല്‍ ഭാഷയായിമാത്രം കാണുന്ന ഉത്തരേന്ത്യന്‍ അന്തരീക്ഷത്തിലാണ് ജയന്ത മഹാപത്ര ഒരു 'ഇന്ത്യന്‍ ഇംഗ്ലീഷ് കവി'യാകുന്നത്. തന്റെതന്നെ ഒഡീഷ്യന്‍ അസ്തിത്വത്തിനുമൊപ്പം. ആ കവിതകളുടെ സ്വീകാര്യതയെ ഇത് തടഞ്ഞിരുന്നുവെന്നും നമുക്കറിയാം. എങ്കില്‍, ഓര്‍മയുടെ പ്രണയിയായി ക്കൊണ്ട് മാത്രമാകും അദ്ദേഹം കവിതയുടെ കൂടെനിന്നതെന്ന് വിചാരിക്കാം. നന്ദിനി സാഹു ഇതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്; കാലത്തിന്റെ ക്ഷണിക സ്വഭാവത്തെ ഭയക്കുന്നതുകൊണ്ടോ, മരണത്തെ ഭയക്കുന്നതുകൊണ്ടോ, സമകാലിക സമൂഹത്തോട് പുലര്‍ത്തിയ അസന്തുഷ്ടികൊണ്ടോ, വ്യക്തിപരമായ നഷ്ടങ്ങള്‍ നിമിത്തമോ, അദ്ദേഹം ഓര്‍മയുടേയും ഭൂതകാലത്തിന്റേയും പ്രണയിയായിരുന്നു. അതിലാകട്ടെ, സ്വന്തം വേരുകള്‍ അറിയാനുള്ള തേടലുമുണ്ടായിരുന്നു. ജയന്ത മഹാപത്രയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്ന്, 'The Abandoned British Cemetery at Balasore, India - എന്ന കവിതയാണ്. ആ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
This is history.
I would not disturb it:
the ruins of stone and marble,
the crumbling wall of brick,
the coma of alienated decay.
how exactly should the archaic dead make me behave?
A hundred and fifty years ago
I might have lived.
Now nothing offends my ways.
A quietness of bramble and grass holds to me a weed.
Will it matter if I know who the victims were,
who survived?
കാണുന്നതും കേള്‍ക്കുന്നതുംകൊണ്ടാണ് ഒരാള്‍ കവിയാകുന്നത് എന്ന് അദ്ദേഹം പറയുന്നു; ഞാന്‍ ഇങ്ങനെ ജീവിക്കുമ്പോള്‍, കടകള്‍ നിറഞ്ഞ തിരക്കേറിയ റോഡിനരികില്‍, എനിക്കുചുറ്റും എപ്പോഴും എന്തെങ്കിലും നടക്കുന്നുണ്ട്, നിസ്സാരവും വിനാശകരവുമായ കാര്യങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാണ്. ഇവിടെ പ്രതിസന്ധികളൊന്നുമില്ല, ദൈനംദിന സംഭവങ്ങള്‍ മാത്രം; എന്നാല്‍ വിവേകമുള്ള, ചിന്തിക്കുന്ന ജീവികള്‍ എന്നനിലയില്‍ നമുക്ക് പ്രധാനമായത് ജീവിതമാണ്, അത് നമ്മള്‍ കാണുന്നതിനപ്പുറം കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അദ്ദേഹം തുടര്‍ന്ന് പറയുന്നു, കവിത എപ്പോഴും എനിക്ക് ഒരു 'വിളി'യായിരുന്നു. അത് ഏതെങ്കിലും തരത്തിലുള്ള 'കരിയര്‍' ആയിരിക്കാം; ഇല്ല, ഒരിക്കലുമില്ല. എനിക്ക് വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ അത് എന്റെ ജീവിതത്തെ നിലനിര്‍ത്തി. ബന്ധിക്കപ്പെട്ടിരിക്കുന്നതും എന്നാല്‍ സ്വതന്ത്രവുമായ ഒരു സ്ഥലത്ത് അത് എന്നെ വിട്ടിരിക്കുന്നു.
ഇന്ന് ഇംഗ്ലീഷ് തങ്ങളുടെ പ്രാഥമിക മാധ്യമമായി എഴുതുന്ന 'ഇന്ത്യന്‍ കവികള്‍' അനവധി പേരുണ്ട്- ശ്രദ്ധേയരായ മലയാളികള്‍ പലരുമുണ്ട്. കമലാ ദാസിനും മീനാ അലക്‌സാണ്ടറിനും ശേഷമുള്ള മൂന്നോ നാലോ തലമുറകളിലേക്ക് ആ കാവ്യലോകം കവിഞ്ഞുനില്‍ക്കുന്നു. എന്നാല്‍, ജയന്ത മഹാപത്രയുടെ 'ഇന്ത്യന്‍ കവിതകള്‍' വായനക്കാരോട് പുലര്‍ത്തുന്ന സ്‌നേഹബന്ധം പലപ്പോഴും നഷ്ടപ്പെട്ടതോളം പോന്ന ഗൃഹാതുരത്വമായിത്തന്നെ തുടരുന്നു. ഭൂതകാലത്തില്‍നിന്നും കവിത മാത്രം കണ്ടെടുക്കുന്ന കാവ്യപ്രവൃത്തി ജയന്ത മഹാപത്രക്ക് സ്വാഭാവികമാവുന്നത് നമ്മള്‍ എന്തുകൊണ്ടും ശ്രദ്ധിക്കും. പലപ്പോഴും സഞ്ചാരിയും ചിലപ്പോള്‍ സന്ദേശവാഹകനുമാവുന്ന രാമാനുജനില്‍ നിന്നും വ്യത്യസ്തമാവുന്ന 'ഇന്ത്യന്‍ ഇംഗ്ലീഷ് കാവ്യാനുഭവ'മാണ് അതെന്ന് തോന്നുകയും ചെയ്യും. കവിതയില്‍ കാല്‍പ്പനികതക്കും വേറെയും അര്‍ത്ഥമുണ്ടെന്നും.
Content Highlights: Asharamprathi, Karunakaran writes about Jayanta Mahapatra, Indian poet
Published: 12 Sept 2023, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented