തൃശൂർ: പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന  അദ്ദേഹം  സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ശില്പികളിൽ പ്രമുഖനാണ്. സർക്കാരിന്റെ എസ്.എസ്.എൽ.സി. ബോർഡംഗം, വിദ്യാഭ്യാസ ഉപദേശകസമിതിയംഗം, കേന്ദ്രസർക്കാരിന്റെ സെക്കൻഡറി വിദ്യാഭ്യാസ ഉപദേശക സമിതിയംഗം, കേരള കലാമണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1979-ൽ വിരമിച്ചു. 

To advertise here,

മുപ്പതിലേറെ തവണ ഹിമാലയയാത്ര നടത്തിയിട്ടുണ്ട്. മലപ്പുറം മൂക്കുതലയിലെ പകരാവൂര്‍ മനയില്‍ 1920 ജനുവരി ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പുണ്യഹിമാലയം (യാത്രാവിവരണം), സ്മരണകളിലെ പൂമുഖം (ആത്മകഥ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പതിനൊന്നാം വയസ്സിലാണ് ഐ.പി.സി.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ജന്മനാടായ മൂക്കുതലയിൽ പന്തിഭോജനം പദ്ധതിയിട്ടിരുന്നത്. ആദ്യഘട്ടത്തിൽ ആരും വരാൻ തയ്യാറായില്ല. നാട്ടിലെ സവർണർപോലും ഭയന്ന്‌ പിൻവാങ്ങിയ പദ്ധതിയുടെ ഭാ​ഗമാകാൻ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.

തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്ന അദ്ദേഹം പഠനകാലത്ത് തന്നെ ഇടതുപക്ഷ വിദ്യാഭ്യാസ പ്രസ്ഥാനത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നു. തുടർന്ന് മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് അദ്ദേഹം ഒരു വിദ്യാലയം സ്ഥാപിച്ചു. എന്നാൽ പത്ത് വർഷത്തിന് ശേഷം ഇതേ വിദ്യാലയം വെറും ഒരു രൂപ വില മാത്രം കെെപ്പറ്റിക്കൊണ്ട് അദ്ദേഹം കേരള സർക്കാരിനു കൈമാറുകയായിരുന്നു.

1956-ല്‍ ഡല്‍ഹി ഇന്റര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന് കാഴ്ചക്കാരനായി പോയതാണ് സ്‌കൂള്‍കലോത്സവച്ചിന്തയ്ക്ക് വേരുനല്‍കിയത്. അന്ന് മൂക്കുതല സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ളവരെ തൃശ്ശൂര്‍ ജില്ലക്കാരനായിരുന്ന അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരയ്യര്‍ ആലോചനകള്‍ക്കായി വിളിച്ചു. ഇങ്ങനെയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ യുവോത്സവമായി മാറിയ കലോത്സവത്തിന്റെ ബീജാവാപം.  പിന്നീടുള്ള വളര്‍ച്ചയിലേക്ക് കലോത്സവത്തെ കൈപിടിച്ച് ഉയര്‍ത്തിയതും ഇദ്ദേഹം ഉള്‍പ്പെട്ട സംഘമായിരുന്നു. ആഘോഷമാകുമ്പോള്‍ സദ്യവേണമെന്ന ആവശ്യം 1975-ല്‍ കലോത്സവസദ്യയ്ക്ക് വഴിതുറന്നു. 

പെന്‍ഷന്‍കാര്‍ക്കുവേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തിയതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. അച്യുതമേനോനുമായി ഉണ്ടായിരുന്ന അടുപ്പം ഇതിന് സഹായകമായി. രാഷ്ട്രീയ-നിയമ തലങ്ങളിലുള്ള ശ്രമങ്ങള്‍മൂലം  പലവിധമായിക്കിടന്ന പെന്‍ഷന്‍ രീതിക്ക് ഏകീകൃതസ്വഭാവം കൈവന്നു.