27 വർഷംമുൻപത്തെ സംഭവമാണ്. പള്ളുരുത്തി ഫെഡറൽ ബാങ്ക് ശാഖയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒരു പത്തൊൻപതുകാരൻ രണ്ടുലക്ഷത്തിലേറെ രൂപ കവർന്നു. 30 വയസ്സുതോന്നുന്ന ഒരാൾ ബൈക്കിൽ വന്ന് കവർച്ച നടത്തിയെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഈ സമയം ചേർത്തല എസ്.എൻ. കോളേജിലെ അധ്യാപികയായ ഒരമ്മ മകന്റെ സ്യൂട്ട്‌കെയ്‌സിൽ കൂടുതൽ പണമിരിക്കുന്നതു കണ്ടു. നോക്കിയപ്പോൾ ബാങ്കിൽനിന്ന് കവർച്ച ചെയ്യപ്പെട്ട അത്രയും തുക. ചോദിച്ചപ്പോൾ മടിച്ചുമടിച്ചാണെങ്കിലും അവൻ സമ്മതിച്ചു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന വീട്ടിലെ പയ്യന് പണം ആവശ്യമുണ്ടായിട്ടല്ല. കുറ്റാന്വേഷണ ചലച്ചിത്രങ്ങൾ കണ്ട് മനസ്സിൽ വളർന്ന സാഹസികമോഹമായിരുന്നു. രാത്രിയായിട്ടും അപ്പോൾത്തന്നെ രണ്ട് അഭിഭാഷകരെയുംകൂട്ടി പ്രൊഫസർ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തി കാര്യം പറഞ്ഞു. മജിസ്‌ട്രേറ്റ് ഡിവൈ.എസ്.പി.യുടെ അടുത്തേക്കയച്ചു. മകനെ ഹാജരാക്കി. അവരിലെ അമ്മ ഉള്ളിൽ തേങ്ങിക്കരയുമ്പോഴും അവരുടെ പൗരധർമബോധം മകനെ സ്വയം വിചാരണചെയ്ത് ശിക്ഷിച്ച നിമിഷങ്ങളായിരുന്നു അത്.

To advertise here,

‘‘എനിക്കെന്റെ മകനെ തിരിച്ചുവേണം. അവൻ നാളെയൊരു വീരപ്പനാകാതിരിക്കാനാണ് ഞാൻ അവനെ നിയമത്തിനുമുൻപിൽ കൊണ്ടുവന്നത്’’ എന്നായിരുന്നു പ്രൊഫസറുടെ വാക്കുകൾ. സ്ഥലത്തെത്തിയ പോലീസ് കമ്മിഷണർ മുഹമ്മദ് യാസിൻ പറഞ്ഞു: ‘യു ആർ മദർ ഇന്ത്യ. ഐ സല്യൂട്ട് യു.’ തന്റെ പേര് പറയരുത്, അമ്മയാണ് അവനെ പോലീസിന്റെ മുൻപിൽ കൊണ്ടുവന്നത് എന്നുമാത്രം പറഞ്ഞാൽമതിയെന്ന് പ്രൊഫസർ നിർദേശിച്ചു. പക്ഷേ, നേരം ഇരുട്ടിവെളുത്തപ്പോൾ കഥമാറി. പയ്യൻ ബാങ്കിൽ ബോംബ് പൊതിഞ്ഞുകൊണ്ടുവന്ന പത്രത്തിന്റെ എഡിഷൻ മനസ്സിലാക്കി പ്രദേശം തിരിച്ചറിഞ്ഞെന്നും വിരലടയാളം വെച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നെന്നും കഥചമച്ചു. പ്രതിയെ പിടിക്കാൻ ബുദ്ധി പ്രയോഗിച്ച ഒരു പോലീസുകാരന് കാഷ് അവാർഡ് നൽകുമെന്നും പ്രഖ്യാപിച്ചു.

യുവത്വത്തിലേക്ക് കഷ്ടിച്ച് കാലൂന്നിയ കുട്ടിയെ അപഥസഞ്ചാരത്തിൽനിന്ന് മടക്കിക്കൊണ്ടുവരാൻ താനാണ് മുന്നിട്ടിറങ്ങേണ്ടതെന്ന ചിന്തയായിരുന്നു പ്രൊഫസറിൽ മാതൃസ്നേഹമായി വാർന്നിറങ്ങിയത്. മകനെ പോലീസ് സംശയിക്കാൻ ഒരു സാഹചര്യവും ഇല്ലാതിരിക്കേ, രഹസ്യമായി ഉപദേശിച്ച് നേർവഴിക്കാക്കാൻ ശ്രമിക്കാമായിരുന്ന അമ്മ പക്ഷേ, മകനെ നിയമത്തിനുമുൻപിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുത്ത് അവനെ വീണ്ടെടുക്കാനാണ് ശ്രമിച്ചത്. ‘‘അറസ്റ്റുചെയ്ത നിലയിൽ അവനെ കണ്ടപ്പോൾ അവൻ കരഞ്ഞു, കുറ്റബോധം തോന്നിത്തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. അവനെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് എനിക്കുറപ്പുണ്ട്. നേരത്തേ കുറ്റകൃത്യത്തിലൊന്നുംപെട്ടിട്ടില്ലാത്തതാണ് അവൻ. അവനെയും അവനെടുത്ത പണവും ഞാൻ തന്നെ കൊണ്ടുകൊടുത്തിട്ടും പോലീസ് അവനെ പിടിച്ചെന്ന് കഥയുണ്ടാക്കി’’-പിറ്റേന്ന് പത്രലേഖകരെക്കണ്ട് അവർ പറഞ്ഞതോടെ പൊതുസമൂഹം ഇളകി. പ്രൊഫസറുടെ പ്രവൃത്തി കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായി ഇന്നും വാഴ്ത്തപ്പെടുന്നു.

മറ്റൊരു സംഭവമിങ്ങനെ: ‘‘ഒരു തീവ്രവാദിയുടെ ഉമ്മയായി ആളുകൾ കാണുന്നത് സഹിക്കാൻ പറ്റ്വോ? ഓൻ നമ്മുടെ രാജ്യത്തിനെതിരേ പ്രവർത്തിച്ചെങ്കിൽ ശിക്ഷ അനുഭവിക്കണം. നമ്മക്ക് മോനെക്കാൾ വലുത് രാജ്യമാണ്.’’ കണ്ണൂർ മൈതാനപ്പള്ളി സ്വദേശി മുഹമ്മദ് ഫയാസ് എന്ന യുവാവ് കശ്മീർ താഴ്‌വരയിൽ കൊല്ലപ്പെട്ടപ്പോൾ ഉമ്മ സഫിയയുടെ വാക്കുകളാണിത്. 2008-ലാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഫയാസ് കൊല്ലപ്പെട്ടത്. മകന്റെ മയ്യത്ത് കാണാൻപോലും ഉമ്മ തയ്യാറായില്ല. ഉമ്മയുടെ നിലപാടുകണ്ട്, ഫയാസിനെ ദ്വേഷിക്കുന്നവർപോലും അവർക്കുനേരേ തിരിഞ്ഞില്ല.

2014-ൽ വ്യത്യസ്തമായ ഒരു കേസുണ്ടായി. ഹൈക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണൻനായരുടെ മകൻ ശ്യാമിനെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമിന്റെ താടിയും മുടിയും കണ്ട് ടിപ്പിക്കൽ മാവോവാദിയാണെന്നു കരുതി വയനാട്ടിൽനിന്ന് പൊക്കിയതാണ്. കുറ്റമൊന്നും കാണാത്തതിനാൽ കേസ് എടുക്കാതെ വിട്ടയച്ചു. അനധികൃത കസ്റ്റഡിക്കെതിരേ ശ്യാം കോടതിയെ സമീപിച്ചു. ഒരാൾ മാവോവാദികുന്നത് തെറ്റല്ല, നിയവിരുദ്ധമായി എന്തെങ്കിലും ചെയ്താലേ കുറ്റമാകൂവെന്ന് പരാമർശിച്ച കോടതി ഒരുലക്ഷംരൂപ നഷ്ടപരിഹാരം വിധിച്ചു. സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും പോയെങ്കിലും വിധിക്ക് മാറ്റമുണ്ടാകാഞ്ഞതിനാൽ മാവോവാദിയെന്ന ചാപ്പ ശ്യാമിന്റെമേൽ പതിഞ്ഞില്ല. വാഗമണിൽ വൈദ്യുതിചാർജ് ചെയ്തുകൊണ്ടിരുന്ന കാറിലിരുന്ന ഒരു കുട്ടി മരിച്ചത് ഒരു ജഡ്ജിയുടെ മകന്റെ കാറിടിച്ചായിരുന്നു. ഈ കേസുകളിലൊന്നും ന്യായാധിപരായ അച്ഛന്മാർ പഴി കേൾക്കാഞ്ഞത് അവരൊന്നും കുടുംബം കോടതിയാക്കാഞ്ഞതിനാലാണ്.

ജഡ്ജിയുടെ മകൻ ഓടിച്ച വാഹനമിടിച്ച് ചേരാനല്ലൂരിൽ തട്ടുകടക്കാരൻ മരിച്ചപ്പോൾ ജഡ്ജി വെറും അച്ഛനായി ചുരുങ്ങി. കണ്ണുകെട്ടിയ നീതിദേവതയുടെ തണലിൽനിന്ന് പുത്രസ്നേഹത്താൽ നീതികാണാത്ത ധൃതരാഷ്ട്രരുടെ മാനസികാവസ്ഥയിലേക്കായിരുന്നു ജഡ്ജിയുടെ പതനം. ചട്ടങ്ങൾക്ക് വിരുദ്ധമായി പോലീസ് സ്റ്റേഷനിലെത്തി കേസ് ദുർബലമാക്കി. ജാമ്യവും നേടി. മകനെ സ്നേഹിക്കുകയും കുറ്റകൃത്യത്തെ വെറുക്കുകയുംചെയ്ത പ്രൊഫസറായ ആ അമ്മയുടെ പൗരബോധത്തിൽനിന്ന് കേരളം ഒന്നും പഠിച്ചില്ലെന്നു കരുതണം. കാർ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതായതിനാൽ, എടുക്കേണ്ട കേസിന് മരിച്ചയാളിന്റെ ചിതയടങ്ങുംമുൻപ് മക്കൾക്ക് പോലീസ് സ്റ്റേഷൻ മുറ്റത്ത് കുത്തിയിരിക്കേണ്ടിവന്നു. വൈകിയെങ്കിലും അധികാരികളുടെ കണ്ണുതുറന്നു. 27 വർഷം കഴിയുമ്പോഴും പോലീസ് ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്നു കാണാം. പ്രൊഫസറായ ആ അമ്മയിൽനിന്ന് ജഡ്ജിയായ അച്ഛനിലേക്കെത്താൻ ഒരുപാടുദൂരം പിന്നിലേക്ക് നടക്കണം. ഒരു കൂരയ്ക്കുകീഴെ കിടന്നുറങ്ങുന്ന മകൻ കിടക്കപ്പായയിൽനിന്ന് എഴുന്നേറ്റുപോയത് അറിയാത്ത അച്ഛൻ. അച്ഛനും ജഡ്ജിയുമെന്ന നിലയിൽ പുലർത്തേണ്ട കർത്തവ്യം മറന്നതോടെ ചേരാനല്ലൂരിലെ ആ ന്യായാധിപൻ രണ്ട് പദവികളും തന്നിൽനിന്ന് സ്വയം റദ്ദാക്കുകയായിരുന്നു.

കേരളപാണിനി സ്പീക്കർ

കേരളത്തിന്റെ പേര് കേരളം എന്നായതോടെ കേരള നിയമസഭ എന്നുപയോഗിക്കുന്നത് ശരിയാണോയെന്ന ക്രമപ്രശ്നത്തിനുള്ള സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ റൂളിങ് സർവകലാശാലാ പാഠ്യപദ്ധതിയിൽ കണ്ണുമടച്ച് ചേർക്കാം. ഈ വ്യാകരണപ്രശ്നത്തിന് സ്പീക്കറുടെ റൂളിങ് ഇങ്ങനെയായിരുന്നു: ‘‘ഒറ്റപ്പദമായി ഉപയോഗിക്കുമ്പോൾ കേരളം എന്നാണു വേണ്ടത്. ഉദാഹരണം: കേരളം എന്റെ സംസ്ഥാനമാണ്. ഉത്തരപദമായി ഉപയോഗിക്കുമ്പോഴും കേരളംതന്നെ. ഉദാഹരണം: ഹരിതകേരളം, നവകേരളം. പൂർവപദമായും ശേഷംവരുന്ന പദത്തിന്റെ വിശേഷണമായും വന്നാൽ വ്യാകരണം മാറും. കേരളം എന്നതിലെ അനുസ്വാരം ഒഴിവാക്കണം. അനുസ്വാരത്തിൽ അവസാനിക്കുന്ന വാക്കുകൾ മറ്റൊരു വാക്കുമായി കൂടിച്ചേരുമ്പോൾ അനുസ്വാരം നഷ്ടമാകുകയും പകരം അകാരം ഉണ്ടാവുകയുംചെയ്യും. ഉദാഹരണം: കേരളസർക്കാർ, കേരളസംസ്ഥാനം, കേരളപ്പിറവി, കേരളനിയമസഭ.

നിയമസഭയിൽ സ്പീക്കറുടെ വ്യാകരണക്ലാസ് കെങ്കേമം. അങ്ങ് ഇനിമേൽ തിരുവഞ്ചൂർ രാധാകൃഷ്ണനെന്നല്ല, കേരളപാണിനി എ.ആർ. രാജരാജവർമയെപ്പോലെ കേരളപാണിനി രാധാകൃഷ്ണൻ എന്നറിയപ്പെടും.