അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സർവശക്തനായി തുടരുമോ, അതോ ശേഷിച്ച രണ്ടുവർഷം നിർണായകമായ അധികാരങ്ങളില്ലാത്ത രാഷ്ട്രത്തലവനായിരിക്കുമോ എന്നു നിശ്ചയിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ് ലോകം. യുദ്ധം കാരണമുള്ള വിലക്കയറ്റവും മറ്റും കാരണം അസംതൃപ്തരായ അമേരിക്കൻ ജനത ട്രംപിന്റെ ചിറകുകളരിയാനാണ് സാധ്യത കൂടുതൽ. അതുണ്ടായാലും ഇല്ലെങ്കിലും നവംബർ മൂന്നിലെ വോട്ടെടുപ്പു കഴിയുന്നതോടെ ഇറാൻ യുദ്ധം പുതിയൊരു തലത്തിലേക്ക് എത്താൻ സാധ്യത ഏറെയാണ്.

To advertise here,

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ സഖ്യമായെങ്കിലും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത ബെഞ്ചമിൻ നെതന്യാഹു സ്വന്തം നില ഭദ്രമാക്കാൻ ഇറാനെ ആക്രമിക്കാൻ ട്രംപിന്റെ മേൽ നിരന്തരം സമ്മർദ്ദം ചെലുത്തുകയാണെന്ന് പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ എക്സിൽ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ഒക്ടോബർ 31-ന് ഇരുവരും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ നെതന്യാഹു ഈ ആവശ്യമുന്നയിച്ചപ്പോൾ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനാണ് ട്രംപ് മുൻഗണന നൽകിയതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. സംഭാഷണം കടുപ്പമേറിയതായിരുന്നുവെന്ന് ഒരു ഇസ്രയേലി സ്രോതസ്സ് വിശേഷിപ്പിച്ചപ്പോൾ ഒളിവും മറവുമില്ലാത്ത ചർച്ച എന്നാണ് അമേരിക്കൻ ഭാഗത്തെ വ്യാഖ്യാനം.

അതേസമയം, പരസ്യ നിലപാടുകളിൽ ചർച്ചകൾ 'നന്നായി പോകുന്നു' എന്നും തനിക്ക് 'വലിയ ധൃതിയൊന്നുമില്ല' എന്നും ആവർത്തിക്കുകയാണ് ട്രംപ്. പിക്കാക്സ് മൗണ്ടൻ എന്നറിയപ്പെടുന്ന ഭൂഗർഭ ആണവകേന്ദ്രം ഉൾപ്പെടെയുള്ള ഒന്നോ രണ്ടോ കേന്ദ്രങ്ങൾ മാത്രമാണ് ഇറാനിൽ ഇനി തകർക്കാൻ ബാക്കിയുള്ളതെന്നും പത്തു മിനിറ്റിനുള്ളിൽ അതു സാധിക്കുമെന്നും പ്രസിഡന്റ് അവകാശപ്പെടുന്നു. ഇറാനാകട്ടെ, കൂടുതൽ ആത്മവിശ്വാസവും മനോബലവും വിളംബരം ചെയ്യുകയാണ്. വീണ്ടും യുദ്ധമുണ്ടായാൽ അത് മുൻപത്തെക്കാൾ വിനാശകരവും കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമാവുമെന്ന് രാജ്യം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ രണ്ടു ദിവസത്തെ ചുരുക്കിയ പദ്ധതി അവർ മുന്നോട്ട് വെക്കുന്നുമുണ്ട്.

ഭീഷണിയും അനുനയവും-യുഎസ് തന്ത്രം ഫലിക്കുമോ?

സമാധാന ചർച്ചകൾ നീണ്ടു പോവുന്നത് ഇറാന് ഗുണകരമാണെന്നും അത് ആണവ, സൈനികശേഷികൾ പുനഃസ്ഥാപിക്കാൻ ഇറാനെ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആക്രമണം നടത്താൻ നെതന്യാഹു ട്രംപിനോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ട്. എന്നാൽ യുദ്ധസന്നദ്ധത നിലനിർത്തിക്കൊണ്ടുതന്നെ ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ മുന്നോട്ട് പോകട്ടെ എന്ന നിലപാടായിരുന്നു ട്രംപിന്. ഈ സംഭാഷണം നടന്നത് സ്ഥിരീകരിച്ച ട്രംപ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഈയിടെ ഇറാന്റെ ദേശീയ സുരക്ഷാമേധാവി മൊഹ്സിൻ റെസായിക്ക് കത്തയച്ചത് നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ഊർജിതശ്രമത്തിന്റെ കൂടി സൂചനയാണ് എന്നു വ്യാഖ്യാനിക്കപ്പെടുന്നു.

ഒരേസമയം വ്യത്യസ്ത സൂചനകൾ നൽകുന്ന ട്രംപിന്റെ രീതികൾ ഇറാന്റെ കാര്യത്തിൽ വളരെ പ്രകടമാണ്. ഇറാന്റെ നാവികസേന, വ്യോമസേന, വ്യോമപ്രതിരോധ സംവിധാനം, ഉൽപ്പാദനശേഷി, ആണവ അടിത്തറ എന്നിവയുടെ ഭൂരിഭാഗവും തങ്ങൾ തകർത്തു കഴിഞ്ഞെന്നും ഇനി ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ, സമാധാനത്തിന് തൊട്ടരികിലാണ് തങ്ങളെന്ന് അവകാശപ്പെടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടില്ല. പിക്കാക്സ് മൗണ്ടന്റെ പ്രശ്നം തീർക്കേണ്ടതുണ്ടെന്നു ട്രംപ് എടുത്തുപറഞ്ഞു. പക്ഷേ, അവിടെ ആണവ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ഇറാനിൽ വീണ്ടും ആക്രമണം നടത്തുന്ന കാര്യത്തിൽ രാജ്യം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നയതന്ത്രത്തിനാണ് ഇപ്പോഴും മുൻഗണനയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുന്നു. എന്നാൽ യുഎസ് സൈനിക തയ്യാറെടുപ്പുകൾ തുടരുന്നതായി ചില റിപ്പോർട്ടുകൾ (ആക്സിയോസ്, ന്യൂയോർക്ക് ടൈംസ്) സൂചിപ്പിക്കുന്നു.

ദോഹയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഏഴുദിവസത്തേക്ക് വെടി നിർത്താൻ വെച്ചിരുന്ന നിർദ്ദേശം രണ്ട് ദിവസമായി ചുരുക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഒന്നാംദിവസം അമേരിക്ക ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്- ഇറാന്റെ മേലുള്ള ഉപരോധങ്ങൾ നീക്കുക, എണ്ണ കയറ്റുമതിക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുകൊടുക്കുക, പ്രാദേശിക സൈനിക സാന്നിധ്യം കുറയ്ക്കുക, ഒമാനുമായി ചേർന്ന് തയ്യാറാക്കിയ നിശ്ചിത കപ്പൽപ്പാതകൾ അംഗീകരിക്കുക എന്നിങ്ങനെ. അങ്ങനെയെങ്കിൽ ഇറാൻ രണ്ടാംദിവസം കടലിടുക്ക് തുറക്കണം എന്നാണ് നിർദ്ദേശം. വാഷിംഗ്ടൺ 'മറ്റ് വഴികൾക്ക് പകരം നയതന്ത്രം തിരഞ്ഞെടുക്കുമെന്ന' പ്രതീക്ഷ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രകടിപ്പിച്ചു. അതേസമയം, പ്രതിരോധത്തിനും ചർച്ചകൾക്കും ഇറാൻ സജ്ജമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചർച്ചകളുടെ വിജയം യുഎസ് പ്രതികരണത്തെ ആശ്രയിച്ചിരിക്കുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള ചർച്ചകൾ നിലവിൽ ആസൂത്രണം ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

തുടക്കത്തിലെ നാൽപ്പതുദിവസം നീണ്ട കടുത്ത പോരാട്ട കാലത്തേക്കാൾ തങ്ങളുടെ സൈന്യം കൂടുതൽ തയ്യാറെടുപ്പുള്ളതും ശക്തവുമാണെന്ന് സൈനികവക്താവ് മുഹമ്മദ് അക്രാമിനിയ അവകാശപ്പെട്ടു. വരാനിരിക്കുന്ന യുദ്ധം മുൻപത്തേക്കാൾ നീണ്ടുനിന്നേക്കാമെന്നും അമേരിക്കൻ പ്രസിഡന്റിന് അതിന്റെ അവസാനം ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. തങ്ങളുടെ മറുപടിക്ക് ഭൂമിശാസ്ത്രപരമായ അതിരുകളുണ്ടാവില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനയി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ കൂടുതൽ പ്രതിരോധശേഷി നേടിയെന്നും വീണ്ടും യുദ്ധമുണ്ടായാൽ അത് ദീർഘകാലം നീളുമെന്നും ഇറാന്റെ എക്സ്പീഡിയൻസി കൗൺസിൽ അംഗവും പരമോന്നത നേതാവിന്റെ പ്രതിനിധിയുമായ സഈദ് ജലീലി അൽ ജസീറയോട് പറഞ്ഞു.

സാധ്യമായ സൈനിക നടപടിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇറാന്റെ നേതൃത്വം, ഊർജ്ജം, ആണവ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഒരാഴ്ച നീളുന്ന ശക്തമായ ആക്രമണങ്ങൾ അടങ്ങുന്നതായിരിക്കും അതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. തങ്ങൾ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സമാധാനക്കരാറിൽ ഒപ്പുവെക്കാൻ ഇറാനെ നിർബന്ധിതമാക്കാൻ ഹ്രസ്വമായ ഒരാക്രമണം നടത്താൻ അമേരിക്ക തയ്യാറാവുമോയെന്ന് കണ്ടറിയണം. പക്ഷേ, ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക എന്തെങ്കിലും പാഠം പഠിച്ചിട്ടുണ്ടെങ്കിൽ നയതന്ത്രത്തിനാവും അവർ മുൻഗണന നൽകുക.

ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി ഉൾപ്പെടെ ഉന്നത നേതൃത്വത്തിലെ നാൽപ്പതോളം പേരെ വധിച്ചിട്ടും, അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശം വരുത്തിയിട്ടും ആ രാജ്യത്തെ മുട്ടുകുത്തിക്കാൻ ലോകത്തെ ഏറ്റവും വലിയ സൈനികശക്തിക്കായില്ല. മാത്രമല്ല, അതിവേഗം ആവനാഴി നിറയ്ക്കുന്നതിലും യുദ്ധമുന്നണി ഗൾഫ് മേഖലയാകെ വ്യാപിപ്പിക്കുന്നതിലും ഇറാൻ വിജയിക്കുകയും ചെയ്തു. സൈനിക സഹകരണത്തിന് തുർക്കിയും പാകിസ്താനുമായി മെക്കാ കരാറുണ്ടാക്കിയ സൗദി അറേബ്യ ഇപ്പോൾ ജപ്പാനും ഓസ്ട്രേലിയയുമായി സുരക്ഷ, ഊർജ ചർച്ചകൾ നടത്തുകയാണ്. ഇറാന്റെ ആക്രമണങ്ങൾ ഗൾഫ് മേഖലയിലുണ്ടാക്കിയ ഉൽക്കണ്ഠയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇത്.

നെതന്യാഹുവിന്റെ പരാധീനതകൾ

ഇസ്രയേലിൽ ഒക്ടോബർ അവസാനം നടന്ന തിരഞ്ഞെടുപ്പിൽ 120 സീറ്റുകളുള്ള നെസറ്റിൽ നെതന്യാഹുവിന്റെ വലതുപക്ഷ മതസഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷത്തിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് ചരിത്രത്തിലെ ഉയർന്ന നേട്ടമായ 19 സീറ്റുകളും ലഭിച്ചു.

ഔദ്യോഗിക ഫലങ്ങൾ നവംബർ നാലിന് പുറത്ത് വരും. ആദ്യ അവസരം ലഭിക്കുന്നയാൾക്ക് 28 ദിവസത്തെ സമയമുണ്ടാകും. അതിനിടെ സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ അടുത്ത വർഷം ആദ്യം ഇസ്രയേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോയേക്കാം. ഇത്രയും പ്രതിസന്ധികളെ തരണം ചെയ്ത നെതന്യാഹുവിനെ ജനം പൂർണ്ണമായി തള്ളിക്കളയില്ലെന്നുറപ്പാണ്. എങ്കിലും അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇറാനുമായുള്ള പുതിയ സംഘർഷം, ഭീഷണി കൈകാര്യം ചെയ്യാൻ തനിക്ക് മാത്രമേ കഴിയൂ എന്ന നെതന്യാഹുവിന്റെ വാദത്തിന് കരുത്ത് പകരും.

ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്ന രാജ്യങ്ങൾക്ക് മേൽ കൈവരിക്കുന്ന സൈനിക വിജയങ്ങൾക്ക് രാഷ്ട്രീയ മൂല്യം ഏറെയാണ്. അത് ഭൂരിപക്ഷത്തിനു വേണ്ട പിന്തുണ ഉറപ്പിക്കാനോ, അധികാര അനിശ്ചിതത്വത്തിനിടെ തന്ത്രപരമായ നേട്ടങ്ങൾ ഉണ്ടാക്കാനോ സഹായിച്ചേക്കും. ഇറാൻ ആണവ, സൈനികശേഷി വീണ്ടെടുത്തേക്കുമെന്ന തന്ത്രപരമായ ആശങ്കയും ഇസ്രയേലി ഉദ്യോഗസ്ഥർ ഉന്നയിക്കുന്നുണ്ട്. ഇറാനെ ആക്രമിക്കാൻ നെതന്യാഹു ട്രംപിനെ നിർബന്ധിക്കുന്നതിന്റെ കാരണം ഇതുതന്നെ. വ്യക്തമായ ജനവിധിയില്ലാതെ ഒരു കാവൽസർക്കാർ രാജ്യത്തെ ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുന്നത് ദേശീയ താല്പര്യത്തേക്കാൾ സ്വന്തം നിലനിൽപ്പിന് മുൻഗണന നൽകുന്നുവെന്ന ആരോപണത്തിന് ഇടയാക്കിയേക്കാമെങ്കിലും നെതന്യാഹു അത് വകവെക്കാനിടയില്ല. അധികാരത്തിന് പുറത്തായാൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് അന്വേഷണങ്ങളും ഒരുപക്ഷേ, ജയിലുമാണ്.

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലെ അഭിപ്രായ വോട്ടെടുപ്പുകളിൽ ഡെമോക്രാറ്റുകൾ മുന്നിട്ടുനിൽക്കുന്നു. ജീവിതച്ചെലവ് കൂടിയതാണ് പ്രധാന തിരഞ്ഞെടുപ്പു വിഷയം. ട്രംപ് ഇറാൻ സംഘർഷം കൈകാര്യം ചെയ്ത രീതിയിൽ പൊതുജനങ്ങൾക്ക് തൃപ്തിയില്ല. റിപ്പബ്ലിക്കൻമാർ തങ്ങൾ എത്ര സീറ്റുകൾക്ക് തോൽക്കും എന്നാണ് കണക്കുകൂട്ടുന്നതെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. ഭൂരിപക്ഷം നഷ്ടപ്പെടുന്ന പ്രസിഡന്റിന് രണ്ട് വർഷത്തെ സമൻസുകൾ നേരിടേണ്ടി വരും. വിദേശനയമാണ് അദ്ദേഹത്തിന് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനാവുന്ന മേഖല. ഇന്ധനവില വർദ്ധിപ്പിക്കുന്ന ഒരു സൈനിക നീക്കത്തേക്കാൾ വില കുറയ്ക്കുന്ന ഒരു കരാറിനായിരിക്കും തോൽവി നേരിടുന്ന പ്രസിഡന്റിന് കൂടുതൽ താല്പര്യം. ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടികളുണ്ടായാൽ ഇറാനെ ആക്രമിക്കാൻ ട്രംപ് കൂടുതൽ താല്പര്യം കാണിച്ചേക്കാമെന്ന് ആക്സിയോസ് പറയുന്നു.

ഈയിടെ ടക്കർ കാൾസൻ നടത്തിയ ചില പരാമർശങ്ങൾ വലിയ ആഭ്യന്തര ചർച്ചക്ക് വഴിവെച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാനുമേൽ അമേരിക്ക ആണവാക്രമണം നടത്തിയേക്കാം; പിക്കാക്സ് മൗണ്ടനിൽ ഇറാൻ ഭരണകൂടം തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പരിപാടി പുനരാരംഭിച്ചതായി ഇസ്രായേലി ഇന്റലിജൻസ് അവകാശപ്പെടുന്നതാണ് കാരണമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അവിടെ സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന തുരങ്കങ്ങൾ തകർക്കാൻ 300 അടി കട്ടിയുള്ള ഗ്രാനൈറ്റ് പാറ തുളച്ചുകയറാൻ ഒരു പരമ്പരാഗത ആയുധത്തിനും സാധിക്കില്ലെന്നും ഏക സൈനികപരിഹാരം ഒരു ആണവാക്രമണം മാത്രമാണെന്നും അതിനായി നെതന്യാഹു ദിവസവും ട്രംപിനെ വിളിക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് അറിവുള്ള ഒരാൾ തന്നോടു പറഞ്ഞെന്നും കാൾസൺ അവകാശപ്പെടുന്നു.

അടുത്ത വാരാന്ത്യത്തോടെ ആണവായുധങ്ങൾ ഉപയോഗിക്കണമോ വേണ്ടയോ എന്ന് ട്രംപ് തീരുമാനിക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്ത നിരീക്ഷകർ പറയുന്നത്. പക്ഷേ, ഇക്കാര്യത്തിൽ ട്രംപിന് മടിയുണ്ടെന്നും സമാധാനക്കരാറിനെ പിന്തുണയ്ക്കുന്നവരുടെ (വാൻസും സ്റ്റീവ് വിറ്റ്കോഫും ഉൾപ്പെടെ) വാക്ക് കേൾക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാൾസന്റെ അവകാശവാദങ്ങൾക്ക് സ്ഥിരീകരണമില്ലെങ്കിലും അവ അമേരിക്കൻ വലതുപക്ഷത്തിനിടയിൽ ഇസ്രയേലിന്റെ മുൻഗണനകൾ അമേരിക്കൻ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

രണ്ടുദിവസത്തെ സമാധാനപദ്ധതിയുടെ ആദ്യത്തെ പരീക്ഷണം ഒന്നാംദിവസം യുഎസ് നടപടികളും രണ്ടാംദിവസം ഹോർമൂസ് തുറക്കലും നടക്കുന്നുണ്ടോ എന്നതാണ്. നവംബർ നാലിന് ശേഷം ഇസ്രയേലിലെ കൂട്ടുകക്ഷി രാഷ്ട്രീയകണക്കുകളും പ്രധാനമാണ്. നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി കൂടുതൽ കാലം തുടർന്നാൽ അദ്ദേഹത്തിന്റെ യുദ്ധതാല്പര്യങ്ങളും സൈന്യത്തിന്റെ പരിമിതികളും വ്യത്യസ്ത ദിശകളിലേക്ക് പോയേക്കാം. അതേസമയം, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ അടുത്ത നീക്കത്തെ നേരിട്ട് സ്വാധീനിക്കും. വലിയ തോൽവിയുണ്ടായാൽ അദ്ദേഹം പെട്ടെന്ന് ഒരു സമാധാനക്കരാർ ഉണ്ടാക്കാനോ, രാഷ്ട്രീയശ്രദ്ധ മാറ്റാൻ പരിമിതമായ സൈനികനടപടി സ്വീകരിക്കാനോ സാധ്യതയുണ്ട്.