ശാന്തി ഭൂഷൺ | Photo: Mathrubhumi
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (97) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. അഴിമതിക്കെതിരെയും പൗരാവകാശത്തിനു വേണ്ടിയും നിരന്തരം നിലകൊണ്ട വ്യക്തിയായിരുന്നു ശാന്തിഭൂഷണ്‍. മൊറാര്‍ജി ദേശായി മന്ത്രിസഭ (1977-79) യില്‍ നിയമവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
കോണ്‍ഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷണ്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1977 മുതല്‍ 1980 വരെ രാജ്യസഭാംഗമായിരുന്നു. 1980-ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 1986-ല്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ് ശാന്തി ഭൂഷണ്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ഇദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല.
രാജ്യം കണ്ട മികച്ച നിയമജ്ഞരില്‍ ഒരാളായിരുന്നു ശാന്തി ഭൂഷണ്‍. 1974-ല്‍ ഇന്ദിര ഗാന്ധിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പുവിജയത്തെ ചോദ്യം ചെയ്ത് രാജ് നാരായണ്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഹാജരായത് ശാന്തി ഭൂഷണ്‍ ആയിരുന്നു. കേസില്‍ തിരിച്ചടിയേറ്റ ഇന്ദിരയ്ക്ക് സ്ഥാനം നഷ്ടമാകുകയും ചെയ്തു. 44-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതും ഇദ്ദേഹമാണ്. ഇന്ദിര ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയിലെ വിവിധ വ്യവസ്ഥകള്‍ റദ്ദാക്കുന്നതായിരുന്നു 44-ാം ഭരണഘടനാ ഭേദഗതി.
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍.ജി.ഒയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ശാന്തി ഭൂഷണ്‍. കോര്‍ട്ടിങ് ഡെസ്റ്റിനി: എ മെമൊയിര്‍ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ശാന്തി ഭൂഷണ്‍. മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ മകനാണ്.
Content Highlights: former law minister shanti bhushan passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..