വ്യായാമം ഇനി ഒറ്റയ്ക്കല്ല, വീട്ടുകാരെല്ലാം ഒന്നിച്ച്

ദിവസവും ഓടിച്ചാടി കളിക്കുന്നത് ശരീരത്തിന് മാത്രമല്ല, ബുദ്ധിക്കും സൂപ്പറാണെന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷേ, ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ആവശ്യത്തിന് കളിക്കുകയോ ഓടുകയോ ചെയ്യുന്നില്ല എന്നതാണ് കഷ്ടം.
കുട്ടികൾക്കും ചെറുപ്പക്കാർക്കും ദിവസവും ഒരു മണിക്കൂറെങ്കിലും നല്ല ശാരീരിക അധ്വാനം വേണം എന്നാണ് കണക്ക്. അതില്ലെങ്കിൽ പ്രമേഹം പോലുള്ള അസുഖങ്ങൾ നേരത്തെ വന്നേക്കാം. മാത്രമല്ല, ശ്രദ്ധക്കുറവ്, മറവി എന്നിവയ്ക്കും ഇത് കാരണമാകും. കുട്ടികൾ നന്നായി കളിച്ചാലേ നന്നായി പഠിക്കാനും കാര്യങ്ങൾ ഓർത്തു വെക്കാനും പറ്റുകയുള്ളൂ.
മാതാപിതാക്കളുടെ കാര്യമാണ് കഷ്ടം. ഓഫീസിലെയും വീട്ടിലെയും തിരക്കുകൾ കാരണം വ്യായാമം ചെയ്യാനേ സമയം കിട്ടാറില്ല. കൂടാതെ കളിക്കാൻ സമയമോ, കളിക്കാനുള്ള സ്ഥലമോ, കായിക ഉപകരണങ്ങളോ പലർക്കും ഉണ്ടാകാറില്ല.
ഇതിനുള്ള മാജിക്കൽ പരിഹാരമാണ് ഫാമിലി ആക്റ്റിവിറ്റി ടൈം. അമ്മയും അച്ഛനും വ്യായാമം ചെയ്യുന്നത് കാണുമ്പോൾ കുട്ടികൾക്കും ഉഷാറായി ഓടിനടക്കാൻ തോന്നുമത്രെ. കുട്ടികൾ ഓടിച്ചാടി നടക്കുന്നത് കാണുമ്പോഴോ? ഏത് മടിയന്മാരായ അച്ഛനമ്മമാർക്കും ഉന്മേഷം തോന്നും! അപ്പോൾ പിന്നെ ഈ ഫോർമുല ഒന്ന് പരീക്ഷിച്ചാലോ എന്നായി ഗവേഷകർ.
ഇതിനായി ഗവേഷകർ ഒരു കളി തിരഞ്ഞെടുത്തു- ടാഗ് റഗ്ബി. പരിക്കേൽക്കാൻ സാധ്യതയില്ലാത്ത, എളുപ്പമുള്ള, രസകരമായ ഒരു കളിയാണിത്. വെറും 45 മിനിറ്റ് ഈ കളി കളിച്ചാൽ എന്തൊക്കെ മാറ്റമുണ്ടാകും എന്ന് അവർ ചെക്ക് ചെയ്തു.
ശരീരത്തിനും തലച്ചോറിനും സൂപ്പർ പവറുകൾ!
16 കുടുംബങ്ങളെ വെച്ചാണ് ഈ പരീക്ഷണം നടത്തിയത്. ഒരു ദിവസം അവർ 45 മിനിറ്റ് ടാഗ് റഗ്ബി കളിച്ചു. മറ്റൊരു ദിവസം ഇതേ സമയം അവർ വെറുതെ ഇരുന്നു വിശ്രമിച്ചു. കളിച്ച ദിവസവും വിശ്രമിച്ച ദിവസവും അവരെ പലതരത്തിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരിശോധിച്ചു.
ഓരോ സെഷന് മുൻപും ശേഷവും, പങ്കെടുക്കുന്നവരുടെ കോഗ്‌നിറ്റീവ് പ്രവർത്തനങ്ങളായ പ്രവർത്തന ഓർമ്മശക്തി, ശ്രദ്ധ, വിവരങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവ വിലയിരുത്തുന്നതിനായി കമ്പ്യൂട്ടർ അധിഷ്ഠിത ടാസ്‌കുകളുടെ ഒരു പരമ്പര അവർ പൂർത്തിയാക്കി. കൂടാതെ, നിശ്ചിത അളവിലുള്ള ഉച്ചഭക്ഷണത്തോട് അവരുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടെത്തുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിന്റെ അളവും നിരീക്ഷിച്ചു.
ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടിപ്പോയി! കളിച്ചതിനു ശേഷം ഭക്ഷണം കഴിച്ചപ്പോൾ അവരുടെ ശരീരത്തിന് കൂടുതൽ ഊർജ്ജം കിട്ടുകയും, ശരീരം കൂടുതൽ ആരോഗ്യത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.
കുട്ടികൾ അവരുടെ പ്രവർത്തന ഓർമ്മശക്തിയുമായി ബന്ധപ്പെട്ട ടാസ്‌കുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മാതാപിതാക്കളാകട്ടെ, സെഷന് തൊട്ടുപിന്നാലെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവിൽ, അഥവാ ഇൻഫോർമേഷൻ പ്രോസസിങ്ങിൽ മികച്ച പുരോഗതി കാണിച്ചു, ഈ ഗുണം 45 മിനിറ്റോളം നീണ്ടുനിൽക്കുകയും ചെയ്തു.
ചുരുക്കത്തിൽ പറഞ്ഞാൽ…
ഇതൊരു ചെറിയ പരീക്ഷണമാണെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം: അച്ഛനും അമ്മയും കുട്ടികളും വെവ്വേറെ വ്യായാമം ചെയ്യുന്നതിനേക്കാൾ എത്രയോ എളുപ്പവും രസകരവുമാണ് എല്ലാവരും ഒന്നിച്ച് കളിക്കുന്നത്!
ഇത് നമ്മുടെ ആരോഗ്യവും ബുദ്ധിയും നന്നാക്കും എന്ന് മാത്രമല്ല, കുടുംബത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവരാനും സഹായിക്കും. അപ്പോൾ ഇന്ന് തന്നെ അച്ഛനെയും അമ്മയെയും കൂട്ടി കളിക്കാൻ ഇറങ്ങുകയല്ലേ?
വിവരങ്ങൾക്ക് കടപ്പാട് : Scarlett Fountain, Researcher, Physical Activity & Health, Nottingham Trent University and Karah Dring, Senior Lecturer in Exercise and Health, Nottingham Trent University
Content Highlights: Tag rugby is a safe and effective exercise for all age groups
Published: 24 Jun 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented