നൂറ്റൊന്നുകാരനായ സി ലിബെർമാൻ എന്ന അമേരിക്കക്കാരൻ ആരോഗ്യരഹസ്യത്തേക്കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കോമയേയും ഹൃദയാഘാതത്തേയുമൊക്കെ അതിജീവിച്ച് നൂറ്റിയൊന്നിലെത്തി നിൽക്കുന്ന തന്റെ ആയുർദൈർഘ്യത്തിന്റെ രഹസ്യങ്ങളാണ് ലിബെർമാൻ പങ്കുവെക്കുന്നത്.
വാഷിങ്ടൺ പോസ്റ്റിലൂടെയാണ് തന്റെ അനുഭവങ്ങൾ ലിബെർമാൻ വിവരിച്ചിരിക്കുന്നത്. ആയുസ്സ് വർധിപ്പിക്കാൻ സഹായകമാകുന്ന ഏഴ് ടിപ്സ് ആണ് ലിബെർമാൻ പങ്കുവെക്കുന്നത്. അതിൽ ആദ്യത്തേത് ബന്ധങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ്. താൻ അക്കാര്യത്തിൽ ഭാഗ്യവാനാണെന്നും തൊണ്ണൂറ്റിയേഴുകാരിയായ ഭാര്യ ഡൊറോത്തിയുമായി എഴുപത്തിയാറ് വർഷം നീണ്ട ദാമ്പത്യത്തിലാണ് താനെന്ന് ലിബെർമാൻ പറയുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.
മറ്റൊന്ന് പുകവലിശീലം നിർത്തണമെന്നതാണ്. തന്റെ ചെറുപ്പക്കാലത്ത് ഭൂരിഭാഗംപേരും പുകവലിക്കുമായിരുന്നു. പക്ഷേ തനിക്ക് ആ ശീലമുണ്ടായികുന്നില്ല. ഭാര്യയെ പ്രണയിക്കുന്ന സമയത്ത് അവളും പുകവലിക്കുമായിരുന്നു. പക്ഷേ ആ ശീലവും താൻ നിർത്തിച്ചെന്ന് ലിബെർമാൻ പറയുന്നു.
വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ശീലമാക്കുക എന്നതാണ് മറ്റൊരു ടിപ്. ജീവിതത്തിലുടനീളം താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിച്ചിരുന്നു. പ്രാതലിന് പഴങ്ങളും ധാരാളം മത്സ്യവും കഴിക്കുമായിരുന്നു. പതിന്നാല് വർഷം മുമ്പ് ഫ്ലോറിഡയിലേക്ക് മാറുമ്പോൾ നടത്തവും നീന്തലുമൊക്കെ ജീവിതചര്യയുടെ ഭാഗമാക്കിയിരുന്നുവെന്ന് ലിബെർമാൻ വ്യക്തമാക്കുന്നു.
പോസിറ്റീവ് മനോഭാവത്തോടെ ജീവിതം നയിക്കുക എന്നതാണ് അടുത്തതായി ലിബെർമാൻ പറയുന്നത്. ഇരുണ്ട ദിനങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോഴും ദീർഘകാലം താൻ അതോർത്ത് തളർന്നിരുന്നിട്ടില്ല. ഒരു ജലദോഷം വന്നാൽ വൈകാതെ ശരിയാവും എന്ന് ചിന്തിക്കും. കഠിനമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ വൈകാതെ എല്ലാം ശരിയാകുമെന്ന് കരുതും. അത്തരത്തിലുള്ള മനോഭാവാണ് ആരേഗ്യകരമായ ജീവിതം നയിക്കുന്നതിൽ പ്രധാനമെന്നാണ് ലിബെർമാൻ പറയുന്നത്.
ഇതൊക്കെ ചെയ്താലും ശാസ്ത്രീയമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നതാണ് ലിബെർമാന്റെ മറ്റൊരു ടിപ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ രോഗങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത് ശാസ്ത്രപുരോഗതി കൊണ്ടാണ്. അത്തരം കാര്യങ്ങളിൽ കരുതൽ തുടരുന്നതിനൊപ്പം ഡോക്ടറെ കാണുന്നതിൽ വിട്ടുവീഴ്ച വരുത്താറുമില്ല.
കഴിയുന്നിടത്തോളം ജോലി ചെയ്യുന്നത് തുടരുക എന്നും ലിബെർമാൻ പറയുന്നുണ്ട്. ഒരു സ്വകാര്യ പത്രസ്ഥാപനത്തിന്റെ എഡിറ്ററായിരുന്നു താൻ. നാൽപത് വർഷത്തിലേറെ ഒരു മാധ്യമപ്രവർത്തകനായി തുടരുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോഴും ജീവിതത്തിൽ വെറുതെയിരിക്കുന്നത് ഒഴിവാക്കാൻ താൻ എഴുത്ത് തുടരാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും ഒടുവിലായി ലിബെർമാൻ ചൂണ്ടിക്കാട്ടുന്നത് ഭാഗ്യത്തേയാണ്. ഭാര്യയുമായി എഴുപത്തിയൊമ്പത് വർഷം നീണ്ട വിവാഹജീവിതം തുടരാനായി എന്നതുതന്നെ വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറയുന്നു. ഭാര്യക്ക് ഇടയ്ക്ക് ഓർമപ്പിശക് വരുന്നുണ്ടെങ്കിലും എല്ലാദിവസവും കിടക്കുന്നതിന് മുമ്പ് ചുംബിക്കാൻ മറക്കാറില്ല. പരസ്പരം കരുതലുള്ളവർക്കൊപ്പം ജീവിക്കാൻ കഴിയുക എന്നത് ഭാഗ്യത്തിനൊപ്പം ആരോഗ്യത്തിനും ഗുണംചെയ്യുമെന്ന് ലിബെർമാൻ പറയുന്നു.
Content Highlights: Discover the remarkable health secrets of 101-year-old C. Lieberman, who survived coma and heart attacks.
Published: 15 Oct 2025, 06:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented