ലോകപ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളനും ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും മാറ്റ് ഡാമണും മുംബൈയിലെ ഒരു കഫേയിൽ ചായ കുടിക്കാനെത്തിയത് വലിയ വാർത്തയായിരുന്നു. മൂവരുടെയും കഫേ സന്ദർശനത്തെക്കുറിച്ച് തുറന്നുപറയുകയാണ് കഫേ മാനേജർ ഇനായത്ത് മാറെ. മൂവരും ആരാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് കഫേ മാനേജർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. പിന്നീട് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ടോം ഹോളണ്ട് 'സ്പൈഡർമാൻ' സിനിമയിലെ നടനാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

മുംബൈയിലെ കൊളാബയിലെ 108 വർഷം പഴക്കമുള്ള ഒളിംപിയ കോഫി ഹൗസ് ശനിയാഴ്ച വൈകീട്ടാണ് 'ദി ഒഡീസി' ചിത്രത്തിന്റെ സംഘത്തിന് ആതിഥ്യമരുളിയത്. ഇല്യാസ് ചൗധരിയുടെയും ആമിർ ചൗധരിയുടെയും ഉടമസ്ഥതയിലുള്ളതാണ് കഫേ.

ഉച്ചയ്ക്ക് 2:30-ഓടെ തന്നെ സംഘത്തിലെ ചില അതിഥികൾ എത്തിയിരുന്നുവെന്ന് കഫേ മാനേജർ ഇനായത്ത് മാറെ പറഞ്ഞു. അവർ ലഘുഭക്ഷണം കഴിച്ച ശേഷം ആരെയോ കാത്തുനിന്നിരുന്നു. അവർ കാത്തുനിന്നിരുന്നത് ഇത്രയും വലിയ ആളുകളെയാണെന്ന് അറിയില്ലായിരുന്നു. പിന്നീട് ഗൂഗിളിൽ നോക്കിയപ്പോഴാണ് ടോം ഹോളണ്ട് 'സ്പൈഡർമാൻ' സിനിമയിലെ നടനാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് ആറുമണിയോടെ ക്രിസ്റ്റഫർ നോളനും ടോം ഹോളണ്ടും മാറ്റ് ഡാമണും കഫേയിലെത്തി. സ്യൂട്ടണിഞ്ഞ് എത്തിയ ഇവരെക്കണ്ടപ്പോഴാണ്, വന്നിരിക്കുന്നവർ ചില്ലറക്കാരല്ലെന്ന് ജീവനക്കാർക്ക് മനസ്സിലായത്. ഉടൻ തന്നെ ജനക്കൂട്ടം തടിച്ചുകൂടി. തുടർന്ന് സുരക്ഷ ശക്തമാക്കേണ്ടിവന്നു.

'മൂവരും ചായ കുടിച്ചു, ബൺ മസ്‌കയും കഴിച്ചു. തിരക്ക് കൂടിയതോടെ അധികസമയം അവിടെ നിന്നില്ല. ബോഡിഗാർഡുകളും പോലീസും ഉണ്ടായിരുന്നു. 10 മുതൽ 15 മിനിറ്റ് മാത്രമാണ് കഫേയിൽ ചെലവഴിച്ചത്', ഇനായത്ത് കൂട്ടിച്ചേർത്തു.

നിലവിൽ 'ദി ഒഡീസി'യുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഘം. വെള്ളിയാഴ്ച ആരാധകർക്കായി പ്രത്യേക പ്രദർശനം നടത്തിയതിന് പിന്നാലെ ശനിയാഴ്ച മുംബൈയിൽ പ്രീമിയറും നടന്നു. ചിത്രം ജൂലൈ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.