മാറ്റ് ഡാമനെ നായകനാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനംചെയ്ത ദി ഒഡീസി എന്ന ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രം അവതരിപ്പിച്ച രീതിയെ അനുകൂലിച്ചും വിമർശിച്ചും ധാരാളം പേർ എത്തിയിരുന്നു. ചിത്രത്തിനെതിരെ നിശിതമായ വിമർശനം ഉന്നയിച്ച ആളുകളിൽപ്പെട്ട പ്രമുഖനാണ് ടെക് ശതകോടീശ്വരനായ ഇലോൺ മസ്ക്. ചിത്രം എഐ സഹായത്തോടെ നിർമിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഹെലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ലുപിത ന്യോംഗോയെ തിരഞ്ഞെടുത്തതിനെ നേരത്തേ മസ്ക് രൂക്ഷമായി വിമർശിച്ചിരുന്നു.

To advertise here,

എക്സിലൂടെയാണ് ഒഡിസിയുടെ എഐ മുഴുനീള സിനിമയുടെ വിവരം ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. ഈ വർഷം അവസാനത്തോടെ ചിത്രം പുറത്തിറക്കും. എഐ ടൂളായ ഗ്രോക്ക് ഇമാജിൻ ഉപയോഗിച്ചായിരിക്കും ചിത്രം തയ്യാറാക്കുക. ചരിത്രപരമായി കൃത്യതയുള്ള ഒന്നായിരിക്കും ഒഡീസിയുടെ ഈ പതിപ്പെന്നും ഇലോൺ മസ്ക് വ്യക്തമാക്കി. ഹോമറിന്റെ ഒഡീസിയിൽനിന്നുള്ള സംഭാഷണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഗ്രോക്ക് ഇമാജിനിൽ തയ്യാറാക്കിയ മൂന്ന് മിനിറ്റുള്ള ഒരു വീഡിയോയും മസ്ക് തന്റെ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

മുൻപ് ലൂപിറ്റ ഹെലൻ എന്ന കഥാപാത്രത്തെ വിമർശിച്ചുകൊണ്ട് മാറ്റ് വാൾഷ് ഒരു കുറിപ്പ് എക്സിൽ പങ്കുവെച്ചിരുന്നു. ഗ്രീക്ക് പുരാണങ്ങളിലെ ഏറ്റവും സുന്ദരിയായ സ്ത്രീയും ട്രോജൻ യുദ്ധത്തിന് കാരണവുമാണ് ഹെലൻ. എന്നാൽ ആ കഥാപാത്രം അവതരിപ്പിക്കുന്ന ലൂപിറ്റയെ ആരും ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയായി കണക്കാക്കുന്നില്ല. വെളുത്ത ഒരു സ്ത്രീക്ക് ഹെലന്റെ വേഷം നൽകിയാലാ‍ തന്നെ വർഗീയവാദി എന്നുവിളിക്കുമെന്ന് നോളന് അറിയാം. നോളൻ സാങ്കേതികമായി പ്രഗത്ഭനാണ്, പക്ഷേ ഭീരുവാണ് എന്നും വാൾഷ് പറഞ്ഞിരുന്നു. ഇത് വളരെ ശരിയാണെന്നാണ് ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് നോളൻ പ്രതികരിച്ചത്. എലിയട്ട് പേജിനെ സിനൺ എന്ന വേഷത്തിൽ കാസ്റ്റ് ചെയ്തതിനേയും നേരത്തേ മസ്ക് വിമർശിച്ചിരുന്നു.

ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോയ് യുദ്ധത്തിന് ശേഷം ഒഡീസിയസ് തന്റെ രാജ്യമായ ഇത്താക്കയിലേക്ക് നടത്തുന്ന പത്ത് വർഷം നീണ്ട സാഹസികമായ മടക്കയാത്രയാണ് കഥാതന്തു. മാറ്റ് ഡാമൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നോളനും ഭാര്യ എമ്മ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹോയ്ത വാൻ ഹോയ്തമ ഛായാഗ്രാഹണവും ജെന്നിഫർ ലെയിം ചിത്രസംയോജനവും നിർവഹിക്കുന്നു. ലുഡ്‌വിഗ് ഗൊരാൻസൺ ആണ് സംഗീതം നിർവഹിക്കുന്നത്.

സാങ്കേതികമായി ഏറെ പ്രത്യേകതകളുള്ള ചിത്രത്തിന്റെ പ്രമേയത്തിനും വലിയ സവിശേഷതയുണ്ട്. നോളൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. 3,000 കൊല്ലം പഴക്കം കണക്കാക്കപ്പെടുന്ന ഗ്രീക്ക് ഇതിഹാസം, ഹോമറിന്റെ ഒഡീസി അടിസ്ഥാനപ്പെടുത്തിയാണ് നോളൻ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ട്രോജൻ യുദ്ധത്തിന് ശേഷം സ്വരാജ്യമായ ഇത്താക്കയിലേക്ക് ഗ്രീക്ക് വീരനായ ഒഡീസിയസ് നടത്തുന്ന യാത്രയാണ് ഇതിഹാസത്തിന്റെ പ്രമേയം.

ബിസി എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഒഡീസി, പുരാതന ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളിൽ ഒന്നാണ്. ട്രോജൻ യുദ്ധകാലത്തെ അക്കിലിസിന്റെ കോപത്തെക്കുറിച്ചാണ് ഇലിയഡ് പ്രതിപാദിക്കുന്നതെങ്കിൽ, യുദ്ധവിജയത്തിന് ശേഷമുള്ള കഥയാണ് ഒഡീസി പറയുന്നത്.