ന്യൂഡൽഹി: മലയാള സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം കരീന കപൂർ. മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ താരങ്ങളോട് തനിക്കെന്നും ബഹുമാനമാണെന്നും അവർ പറഞ്ഞു. എല്ലാതരം വ്യത്യസ്ത സിനിമകളെയും സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. പൃഥ്വിരാജ് മികച്ച നടനാണെന്നും അവർ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന 'ദായ്‌റ'യുടെ റിലീസിന് മുന്നോടിയായി ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.

To advertise here,

ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നത് തനിക്ക് സന്തോഷവും വലിയ അഭിമാനവും നൽകുന്ന കാര്യമായിരിക്കുമെന്ന് കരീന പറഞ്ഞു. മോഹൻലാൽ അടക്കമുള്ള നിരവധി മലയാള നടന്മാരോട് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഇഷ്ടമാണ്. അദ്ദേഹം ഒരു മികച്ച നടനാണെന്നും കരീന കൂട്ടിച്ചേർത്തു.

ALSO READ | കണ്ണുതുറപ്പിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും; പൃഥ്വിരാജും കരീനയും തിളങ്ങുന്ന 'ദായ്‌റ'

പൃഥ്വിരാജിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. മലയാളി പ്രേക്ഷകർ സിനിമകൾ ആഘോഷിക്കുന്നവരാണ്. എല്ലാത്തരം വ്യത്യസ്ത സിനിമകളെയും സ്വീകരിക്കുന്നവരാണെന്നും കരീന അഭിപ്രായപ്പെട്ടു.

കരീന കപൂർ ഡി.സി.പി. അജൂനി കോലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദായ്‌റ മേഘ്‌ന ഗുൽസാർ ആണ് സംവിധാനം ചെയ്യുന്നത്. ജംഗ്ലീ പിക്ചേഴ്സിന്റെയും പെൻ സ്റ്റുഡിയോസിന്റെയും ബാനറിൽ വിനീത് ജെയിനും ദാവൽ ഗഡ്ഡയും ചേർന്നാണ് നിർമാണം. പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ നായകവേഷത്തിലെത്തുന്നു.