മാറ്റ് ഡാമനെ നായകനാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ദി ഒഡീസിയെ അതിരൂക്ഷമായി വിമർശിച്ച് ഹോമറിന്റെ ഒഡീസി എന്ന കൃതിയുടെ വിവർത്തക എമിലി വിൽസൺ. ഒഡീസി വളരെ ലളിതമായ ഒരു ആക്ഷൻ ഹീറോ സിനിമയായിപ്പോയെന്ന് അവർ ലണ്ടൻ റിവ്യൂ ഓഫ് ബുക്സിൽ എഴുതിയ നിരൂപണത്തിൽ അഭിപ്രായപ്പെട്ടു. യഥാർത്ഥ കാവ്യത്തിന് നൽകുന്ന ഗൗരവം സിനിമ നഷ്ടപ്പെടുത്തി. ഒഡീസിയസിന്റെ ഭാര്യയായ പെനെലോപ്പിക്ക് സിനിമയിൽ പ്രാധാന്യം കുറഞ്ഞു. ഒഡീസിയെന്ന കാവ്യത്തെ മഹത്താക്കുന്ന പല കാര്യങ്ങളും സിനിമയിലില്ല. നല്ല ഒരു സെക്സ് സീനില്ല. കഥാപാത്രങ്ങൾ കഴിക്കുന്ന ഭക്ഷണംപോലും മോശമായാണ് കാണിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

To advertise here,

ഹോമറുടെ 'ദി ഒഡീസി'യുടെ ആദ്യ വനിതാ വിവർത്തകയാണ് എമിലി വിൽസൺ. എമിലിയുടെ എഴുത്താണ് തന്റെ സിനിമയ്ക്ക് പ്രചോദനമെന്ന് നോളൻ പലവട്ടം പറഞ്ഞിരുന്നു. അവരാണിപ്പോൾ അതേ സംവിധായകന്റെ സിനിമയോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു സങ്കീർണ സ്വഭാവമുള്ള മനുഷ്യനെക്കുറിച്ച് എന്നോട് പറയൂ" എന്നായിരുന്നു അവരുടെ വിവർത്തനത്തിലെ ആദ്യ വാചകം. ഇതൊരു സങ്കീർണമായ സിനിമയാണെന്ന് താൻ കരുതുന്നില്ല. ഇത് ഒരു സങ്കീർണനായ മനുഷ്യനെക്കുറിച്ചുള്ള സിനിമയുമല്ല. ഇത് വളരെ ലളിതമായ ഒരു ആക്ഷൻ ഹീറോ സിനിമയാണെന്ന് താൻ കരുതുന്നത്. സിനിമയിലെ ഹീറോ താൻ ഒരു ആക്ഷൻ ഹീറോ ആയതിനെക്കുറിച്ച് വിഷമിക്കുന്ന ഒരാളാണെന്നും എമിലി വിൽസൺ അഭിപ്രായപ്പെട്ടു.

"ഹോമറിന്റെ ഒഡീസിയസ് ധീരനും ഉദാരനും മാത്രമല്ല. അയാൾ ഒരു സങ്കീർണനായ മനുഷ്യനാണ്. അയാൾ അതിജീവിച്ചവനും തന്ത്രശാലിയും കള്ളനും ചതിക്കാൻ മടിക്കാത്തവനുമാണ്. എന്നാൽ നോളൻ അദ്ദേഹത്തെ ഏകമാനമുള്ള ഒരാളായി ചിത്രീകരിച്ചു. യഥാർത്ഥ കാവ്യം വെറും വീരോചിതമായ ഒരു തിരിച്ചുവരവിന്റെ കഥ മാത്രമല്ല. അത് ഇരുപത് വർഷമായി ഒരു വീടിനെയും രാജ്യത്തെയും, പ്രതിസന്ധിയെയും നിയന്ത്രിക്കുന്ന ഒരു സ്ത്രീയുടെ കഥയുമാണ്. നോളന്റെ പതിപ്പിൽ പെനലോപ്പിയുടെ റോൾ വെട്ടിച്ചുരുക്കിയെന്നും ഇത് യഥാർത്ഥ കൃതിയോടുള്ള നീതികേടാണെന്നും അവർ വിശ്വസിക്കുന്നു.

സിനിമയുടെ തിരക്കഥയെയും അതിന്റെ ഘടനയെയും സംബന്ധിച്ചും എമിലി വിൽസണ് കടുത്ത എതിർപ്പുകളുണ്ട്. ചിത്രത്തിന്റെ രചന വളരെ മോശമാണെന്നും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിന് വ്യക്തമായ പ്രേരണകളൊന്നുമില്ലെന്നും അവർ പറയുന്നു. മനഃശാസ്ത്രപരമായോ വൈകാരികമായോ രാഷ്ട്രീയമായോ ഉള്ള യാതൊരു ആഴവും നോളന്റെ സിനിമയ്ക്കില്ലെന്നും, സിനിമയുടെ ആഖ്യാനശൈലി വെറും ഗിമ്മിക്ക് മാത്രമാണെന്നും അവർ ആരോപിച്ചു. കൂടാതെ സിനിമയിൽ കാണിച്ചിരിക്കുന്ന ഭക്ഷണങ്ങൾ പോലും അരോചകമാണെന്ന് അവർ പരിഹസിച്ചു.

"നോളന്റെ ഒഡീസിക്ക് ആ കാവ്യത്തെ മികച്ചതാക്കുന്ന പല ഘടകങ്ങളും ഇല്ല. സമയത്തെക്കുറിച്ചോ, ഓർമയെക്കുറിച്ചോ, ചരിത്രത്തെക്കുറിച്ചോ, യുദ്ധത്തെക്കുറിച്ചോ, ഒരു യോദ്ധാവിന്റെ മഹത്തായ തിരിച്ചുവരവിനെക്കുറിച്ചോ, അയാളുടെ കുടുംബത്തിൻ്റെയും, ശത്രുക്കളുടെയും, സഹപ്രവർത്തകരുടെയും, സുഹൃത്തുക്കളുടെയും അയൽക്കാരുടെയും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചോ പറയുന്നില്ല. അതിൽ ഒന്നും തന്നെ വിശ്വസനീയമായി ഇല്ല. അതിന് മാനസികമോ, വൈകാരികമോ, രാഷ്ട്രീയമോ, ധാർമികമോ ആയ ആഴമില്ല. എഴുത്ത് ദയനീയമാണ്. അതിലെ ഒരു കഥാപാത്രത്തിനും അവരുടെ പ്രവർത്തികൾക്കോ വാക്കുകൾക്കോ വിശ്വസനീയമായ പ്രേരണയില്ല. നല്ല സെക്സ് സീനുകളില്ല, എല്ലാ ഭക്ഷണവും അരോചകമായി കാണപ്പെടുകയും ചെയ്യുന്നു." എമിലിയുടെ വാക്കുകൾ.

ഇത്രയേറെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും, 'ദി ഒഡീസി'യുടെ റിലീസ് ഒരു വലിയ സംഭവമാണെന്ന് വിൽസൺ സമ്മതിച്ചു. ഈ ചിത്രം വലിയൊരു വിഭാഗം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നുവെന്നും, ഇതിഹാസകാവ്യത്തിന്റെ തന്റെ വിവർത്തനമടക്കമുള്ള പുസ്തകങ്ങളുടെ വിൽപന വർദ്ധിക്കാൻ ഇത് കാരണമായെന്നും അവർ പറഞ്ഞു. സർവ്വകലാശാലകളിലെ സാഹിത്യം, ഭാഷ, ചരിത്രം തുടങ്ങിയ വിഭാഗങ്ങൾ വെട്ടിക്കുറയ്ക്കാതിരിക്കാൻ ഈ സിനിമ കോളേജ് അധികൃതരെ പ്രേരിപ്പിച്ചേക്കാം എന്ന പ്രത്യാശയും അവർ പങ്കുവെച്ചു.