തെരുവില് നിന്ന് ആട്ടും തുപ്പും വധ ഭീഷണികളും വരെ ഇവര്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

ന്യൂയോർക്കിൽ നടന്ന 'ഒഡീസി' സിനിമയുടെ റെഡ് കാർപെറ്റിലേക്ക് ഹോളിവുഡ് താരം സെൻഡായ എത്തിയത് മാലാഖയെപ്പോലെ വെള്ള ചിറകുകളുള്ള ഒരു ഗൗണിലായിരുന്നു. ഫാഷൻ ലോകം ഒന്നടങ്കം ആ വസ്ത്രത്തെ പുകഴ്ത്തി. എന്നാൽ ഈ വസ്ത്രം നിർമ്മിച്ച ബ്രാൻഡിന്റെ പേര് കേട്ടപ്പോൾ പലരും നെറ്റിചുളിക്കുകയാണുണ്ടായത്. അതേ ബ്രാൻഡിന്റെ പേര് കേട്ടാണ് ആളുകൾ ഞെട്ടിയത്.'ഫീക്കൽ മാറ്റർ' അതാണ് ബ്രാൻഡ് നെയിം.
കാനഡയിലെ മോൺട്രിയോളിലുള്ള 'കോളേജിൽ ഫാഷൻ പഠിക്കുമ്പോഴാണ് സ്റ്റീവൻ രാജ് ഭാസ്‌കരനും ഹന്ന റോസ് ഡാൾട്ടനും കണ്ടുമുട്ടുന്നത്. പരമ്പരാഗത ഫാഷൻ ലോകത്തിന്റെ അമിതമായ ഉപഭോഗ സംസ്‌കാരത്തോടും അതുണ്ടാക്കുന്ന മാലിന്യത്തോടും കടുത്ത വിയോജിപ്പുള്ളവരായിരുന്നു രണ്ടുപേരും. ഫാഷൻ ഇൻഡസ്ട്രിയുടെ കാപട്യത്തെയും അനാവശ്യ ആഡംബരങ്ങളെയും പരിഹസിക്കാനാണ് അവർ തങ്ങളുടെ ബ്രാൻഡിന് വിചിത്രമായ ഈ പേര് നൽകിയത്. ഭയം, ഹൊറർ, ഫാന്റസി എന്നിവയെ സൗന്ദര്യസങ്കൽപ്പങ്ങളുമായി കൂട്ടിക്കലർത്തി തങ്ങളുടെ സ്വന്തം ശരീരത്തെ തന്നെ കലാരൂപങ്ങളാക്കി മാറ്റുകയാണ് ഈ കനേഡിയൻ ദമ്പതികൾ.
അന്ന് ഹന്ന തികച്ചും സാധാരണ രീതിയിൽ വസ്ത്രധാരണം ചെയ്യുന്ന, ബാർബി-ബ്ലോണ്ട് മുടിയുള്ള ഒരു പെൺകുട്ടിയായിരുന്നു.10-12 വർഷത്തെ ശ്രമ ഫലമായാണ് ഇന്നത്തെ അവരുടെ സിഗ്‌നേച്ചർ ലുക്ക് രൂപപ്പെടുത്തിയത്.
കാനഡയിലെ മോൺട്രിയലിൽ ഒരു ശ്രീലങ്കൻ തമിഴ് പിതാവിന്റെയും ഗയാനീസ് മാതാവിന്റെയും മകനായാണ് സ്റ്റീവൻ ജനിച്ചത്. സ്റ്റീവന്റെ ബാല്യകാലത്തെ പത്ത് വർഷങ്ങൾ കടന്നുപോയത് തെക്കേ അമേരിക്കയിലെ ഗയാനയിലായിരുന്നു. കടുത്ത ദാരിദ്ര്യവും കർക്കശമായ മതനിയമങ്ങളും കൺസർവേറ്റീവ് ചിന്താഗതികളും നിറഞ്ഞതായിരുന്നു ആ ചുറ്റുപാട്. വ്യത്യസ്തമായ ചിന്താഗതി പുലർത്തിയിരുന്ന സ്റ്റീവന് അവിടെ കടുത്ത ഒറ്റപ്പെടലും പാർശ്വവൽക്കരണവും നേരിടേണ്ടി വന്നു. ഈ സമയത്ത് തന്റെ മാനസിക വിഷമങ്ങളിൽ നിന്നും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാൻ സ്റ്റീവൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വസ്ത്രങ്ങൾ ഡിസൈൻ ചെയ്യലും ചിത്രരചനയും.കൗമാരപ്രായത്തിൽ കാനഡയിലേക്ക് തിരിച്ചെത്തിയെങ്കിലും സാധാരണ സ്‌കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സ്റ്റീവന് കഴിഞ്ഞില്ല. ഹന്ന റോസ് ഡാൽട്ടനെ പരിചയപ്പെടുന്നത് അവരുടെ ജീവിതം മാറ്റിമറിച്ചു.
സാധാരണക്കാരിൽ നിന്നുള്ള അസാധാരണ മാറ്റമാണ് അവർ തിരഞ്ഞെടുത്തത്. മൊട്ടയടിച്ച തല, വടിച്ചുകളഞ്ഞ പുരികങ്ങൾ, ഭയം തോന്നിക്കുന്ന മേക്കപ്പ്, കണ്ണഞ്ചിക്കുന്ന വസ്ത്രങ്ങൾ എന്നിവയാണ് ഇവരുടെ ലുക്ക്.
'മറ്റുള്ളവർ ഇതിനെ അറപ്പുളവാക്കുന്നതെന്നോ വിചിത്രമെന്നോ വിളിച്ചേക്കാം. എന്നാൽ ഭയമില്ലാതെ ജീവിക്കുന്നതിലാണ് സൗന്ദര്യമുള്ളത്. ഇത് മറ്റുള്ളവരെ ആകർഷിക്കാനല്ല, ഞങ്ങളുടെ ആത്മാവിഷ്‌കാരത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്നാണ് സ്റ്റീവൻ പറയുന്നത്. പുറത്തുനിന്നു കാണുമ്പോൾ മണിക്കൂറുകളുടെ അധ്വാനം എന്ന് തോന്നുമെങ്കിലും, വെറും 10 മിനിറ്റ് കൊണ്ടാണ് ഹന്ന തന്റെ മേക്കപ്പ് പൂർത്തിയാക്കുന്നത്. ദിവസവും തല മൊട്ടയടിക്കുന്നതും, വെള്ള ഫൗണ്ടേഷൻ ഉപയോഗിക്കുന്നതും അവർക്ക് ചായ കുടിക്കുന്നതുപോലെ ലളിതമായ ദിനചര്യയാണ്. 'ഫീക്കൽ മാറ്ററെന്ന തങ്ങളുടെ ഫാഷൻ ബ്രാൻഡിലൂടെ വസ്ത്രങ്ങളെയും തങ്ങളുടെ ഭാഗമായി അവതരിപ്പിക്കാൻ ഇവർ ശ്രമിക്കുന്നു.
'വളരെ അരോചകമായ ഒരു യാഥാർത്ഥ്യത്തെ എങ്ങനെ ഗ്ലാമറസായി അവതരിപ്പിക്കാം എന്ന ചിന്തയിൽ നിന്നാണ് 'ഫീക്കൽ മാറ്റർ' എന്ന വാക്ക് ഞങ്ങൾ തിരഞ്ഞെടുത്തത്. അതിന് കുറച്ചുകൂടി ഭംഗി നൽകാൻ അതിനെ ഫ്രഞ്ചിലേക്ക് മാറ്റി Matières Fécalse എന്നാക്കിയെന്നും സ്റ്റീവന്റെ പങ്കാളി 'ഹന്ന റോസ് ഡാൾട്ടൻ പറയുന്നു. തുടക്കത്തിൽ 'Depop' എന്ന സെക്കൻഡ് ഹാന്റ് ആപ്പിലൂടെ തങ്ങൾ റീസൈക്കിൾ ചെയ്‌തെടുത്ത വസ്ത്രങ്ങൾ വിറ്റാണ് ഇരുവരേയും തുടക്കം.
ആദ്യകാലത്ത് റോഡിൽ നിന്നും കിട്ടുന്ന ആക്രി സാധനങ്ങളും പഴയ വസ്ത്രങ്ങളും റീസൈക്കിൾ ചെയ്താണ് ഇവർ വസ്ത്രങ്ങൾ നിർമ്മിച്ചിരുന്നത്. തങ്ങളുടെ ശരീരത്തെ ഒരു ക്യാൻവാസാക്കി മാറ്റി, പ്രോസ്‌തെറ്റിക്‌സ് മേക്കപ്പിലൂടെ ഭയമുണർത്തുന്ന വിചിത്ര രൂപങ്ങളായി ഇവർ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടു.
ഇൻസ്റ്റാഗ്രാമിലൂടെ ഇവർ പങ്കുവെച്ച ചിത്രങ്ങൾ ലോകശ്രദ്ധ നേടി. കാൽവിരലുകളും ഞരമ്പുകളും നീണ്ട കൊമ്പുകളും പോലെയുള്ള ഡിസൈനുകളുള്ള 'സ്‌കിൻ ബൂട്ട്‌സുകൾ' സോഷ്യൽ മീഡിയയിലും വലിയ തരംഗമായി.
ഏലിയൻ ലുക്കിലുള്ള തലയും പുരികങ്ങളും മൊട്ടയടിച്ച്, വെളുത്ത മേക്കപ്പും വിചിത്രമായ ലെൻസുകളും ധരിച്ചുള്ള ലുക്കുകളും ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളെ ആകർഷിച്ചു.
ഈ ചിത്രങ്ങൾ ലോകമെമ്പാടും അതിവേഗം വൈറലാവുകയും ഇവർക്ക് വലിയൊരു ആരാധകവൃന്ദത്തെ നേടിക്കൊടുക്കുകയും ചെയ്തു. പലർക്കും ഇത് വിചിത്രമായ ഒരു വേഷപ്രച്ഛന്നതയോ അല്ലെങ്കിൽ ഹാലോവീൻ കോസ്റ്റ്യൂമോ ആയി തോന്നാം. എന്നാൽ സ്റ്റീവനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വേഷമല്ല, മറിച്ച് തന്റെ യഥാർത്ഥ സ്വത്വമാണ്. ലിംഗഭേദങ്ങളോ, വർണ്ണവിവേചനങ്ങളോ, സാമൂഹിക അതിർവരമ്പുകളോ ഇല്ലാത്ത ഒരു അവസ്ഥയാണ് ഈ 'പോസ്റ്റ്-ഹ്യൂമൻ' ലുക്കിലൂടെ സ്റ്റീവൻ പ്രകടിപ്പിക്കുന്നത്. ഈ മേക്കപ്പും ധരിച്ച് പാരീസിലെ തെരുവുകളിലൂടെ ഇവർ സാധാരണയായി നടക്കാറുണ്ട്. ആളുകളുടെ പരിഹാസങ്ങളെയും തുറിച്ചുനോട്ടങ്ങളെയും ഭയമില്ലാതെ നേരിട്ടാണ് സ്റ്റീവൻ തന്റെ കല ജീവിച്ചു കാണിക്കുന്നത്.
പ്രകൃതിയെയും മനുഷ്യശരീരത്തെയും കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതായിരുന്നു ഇവരുടെ ഓരോ ഡിസൈനുകളും. വൻകിട ബ്രാൻഡുകളെ വെല്ലുന്ന ജനപ്രീതി നേടാൻ ഇത് അവരെ സഹായിച്ചു. ഷനേൽ, ഡിയോർ തുടങ്ങിയ പരമ്പരാഗത ആഡംബര ബ്രാൻഡുകളുടെ ഡിസൈനുകൾ ഒരേ രീതിയിലാകുമ്പോൾ, തികച്ചും വ്യത്യസ്തവും വിപ്ലവാത്മകവുമായ എന്തെങ്കിലും കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമായി 'ഫീക്കൽ മാറ്റർ' മാറി.
2023-ൽ മഡോണയുടെ വേൾഡ് ടൂറിലേക്ക് ഇവരെ ക്ഷണിക്കുകയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്യിക്കുകയും ചെയ്തു. 2024-ൽ ആഗോള ഫാഷൻ രംഗത്തെ പ്രമുഖ കൺസെപ്റ്റ് സ്റ്റോറായ ഡെവർ സ്ട്രീറ്റ് മാർക്കറ്റ് ഇവർക്കൊപ്പം ഉത്പ്പാദനത്തിലും വിതരണത്തിലും സഹകരിക്കാൻ തീരുമാനിച്ചു. സെലിബ്രിറ്റികളായി ലേഡി ഗാഗ, കൈലി ജെന്നർ, ഡെമി മൂർ, സെൻഡായ തുടങ്ങിയ മുൻനിര താരങ്ങൾ ഇവരുടെ വസ്ത്രങ്ങൾ റെഡ് കാർപെറ്റുകളിൽ ധരിക്കാൻ തുടങ്ങി. വ്യക്തമായ സന്ദേശവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് വിചിത്രമായ ആശയത്തെയും ലോകോത്തര ഫാഷനാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് ഈ ചെറുപ്പക്കാർ.
വ്യത്യസ്തമായ രൂപം കാരണം തെരുവിൽ നിന്ന് ആട്ടും തുപ്പും വധ ഭീഷണികളും വരെ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തരം അധിക്ഷേപങ്ങൾ തങ്ങളെ കൂടുതൽ സഹിഷ്ണുതയുള്ള ഒരു ലോകം സൃഷ്ടിക്കാൻ പ്രേരിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു.
കേവലം വസ്ത്രധാരണത്തിനപ്പുറം, 'മറ്റുള്ളവർ എന്ത് വിചാരിക്കും' എന്ന ഭയമില്ലാതെ സ്വന്തം സ്വത്വം തുറന്നുകാട്ടാനുള്ള സ്വാതന്ത്ര്യമാണ് 'ഫീക്കൽ മാറ്റർ' എന്ന സങ്കല്പത്തിലൂടെ ഇവർ ലോകത്തിന് കാണിച്ചുകൊടുക്കുന്നത്.
Published: 11 Aug 2026, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented