ഇതിഹാസത്തെ തന്റേതായ രീതിയിൽ നിർവചിക്കുകയാണ് നോളൻ ചെയ്തത്. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും വ്യതിയാനങ്ങൾക്ക് വിധേയരാകുന്നു.

വർത്തമാനകാലത്ത് ഒഡീസി പോലെ ഒരു ബ്രഹ്മാണ്ഡ പടം പിടിക്കുക എന്നത് വിസ്മയകരം മാത്രമല്ല വേറെ ദുഷ്കരവും അതികഠിനമായ ഒരു യജ്ഞവും കൂടിയാകുന്നു. അവിടെയാണ് ക്രിസ്റ്റഫർ നോളൻ എന്ന ബ്രിട്ടീഷ് സംവിധായകൻ വ്യത്യസ്തനാകുന്നത്. അനുകരിക്കാനാവാത്ത, സ്വന്തം പാതയിൽ സഞ്ചരിക്കുന്ന, ഭാവനയുടെ ഉത്തുംഗത്തിൽ വിവരിക്കുന്ന, സമശീർഷരില്ലാത്ത സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. സയൻസ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം ചെയ്ത അതിശക്തമായ ബയോപിക് ഓപ്പൺഹൈമർ വന്നതിനുശേഷം ആസ്വാദകരെയും ആരാധകരെയും അത്ഭുതപരതന്ത്രരാക്കുകയാണ് ഐതിഹാസിക മാനമുള്ള ഒഡീസിയിലൂടെ.
അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ നോളൻ പറഞ്ഞത് ഫിലിം ഈസ് നോട്ട് ടു ഡയമെൻഷനൽ ഇറ്റീസ് ത്രീ ഡയമെൻഷനൽ എന്നാണ്. മാസങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി സഫലീകരിക്കപ്പെട്ട ഒഡീസി പ്രദർശനത്തന് എത്തിയപ്പോൾ നോളൻ പറഞ്ഞു, "മൂന്നു കൊല്ലത്തിന് ഇനി പടം ഒന്നും ചെയ്യുന്നില്ല". ഇതിനുശേഷം ഒരു വിശ്രമം അദ്ദേഹത്തിന്റെ അത്യന്താപേക്ഷിതമായി തോന്നി. ഗ്രാഫിക്സ് കഴിയുന്നതും ഒഴിവാക്കി യഥാർത്ഥ ചിത്രീകരണത്തിന് പ്രാമുഖ്യം നൽകുന്നതാണ് നോളന്റെ രീതി. ഓപ്പൺഹൈമറിലെ അണുബോംബ് സ്ഫോടനം പോലും രാസപദാർത്ഥങ്ങൾ കൊണ്ട് സൃഷ്ടിക്കുകയാണ് നോളൻ ചെയ്തത്.
ആദിമധ്യാന്തം ഉള്ള അവതരണമോ കഥാകഥനമോ അല്ല ഒഡീസിയിൽ ഉള്ളത്. ഗ്രീക്ക് ഇതിഹാസങ്ങളും നമ്മുടെ ഇതിഹാസ ഗ്രന്ഥങ്ങളും തമ്മിലുള്ള സമാനത പലപ്പോഴും ചർച്ചാവിഷയം ആകാറുണ്ട്. രാമായണം സീതയ്ക്കുവേണ്ടി ആയിരുന്നെങ്കിൽ തട്ടിക്കൊണ്ടുപോകുന്ന ഹെലനുവേണ്ടിയാണ് ട്രോയിലെ യുദ്ധം നടക്കുന്നത്. ഒഡീസിയിൽ ഇലിയഡ്പോലെ യുദ്ധം ദൈവങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നില്ലെങ്കിലും യാത്രയിലെ ദൈവസാന്നിധ്യം പ്രകടം തന്നെ. ഹോമറുടെ ഇതിഹാസ സൃഷ്ടിയായ ഒഡീസിക്ക് ക്രിസ്റ്റഫർ നോളൻ നൽകിയ ചലച്ചിത്രഭാഷ്യമാണ് ഒഡീസി എന്ന എപ്പിക്ക് രചന. ഇതിഹാസത്തെ തന്റേതായ രീതിയിൽ നിർവചിക്കുകയാണ് നോളൻ ചെയ്തത്. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും വ്യതിയാനങ്ങൾക്ക് വിധേയരാകുന്നു.
പ്രാഥമികമായി ഒഡീസിയസിന്റെ സാഹസിക യാത്രയാണ് ഒഡീസി. രണധീരനും സവ്യസാചിയുമായ ഒഡീസിയസ് ട്രോയ് വിജയത്തിന് ശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക് മടങ്ങുന്നതാണ് പ്രമേയം. പ്രതീക്ഷിച്ചത് പോലെ സുഖകരം ആയിരുന്നില്ല ആ മടക്കയാത്ര. പ്രതിബന്ധങ്ങൾ കൊണ്ട് ദുഷ്കരമായ ആ യാത്ര സംവത്സരങ്ങൾ വീണ്ടു പോയി. വിജയാഘോഷത്തിലുള്ള തിരിച്ചുപോക്കാണെങ്കിലും പ്രിയതമയെയും പുത്രനെയും ദീർഘകാലം പിരിഞ്ഞതിനുള്ള വിഷമവും വേദനയും ഒഡീസിയസ് അനുഭവിക്കുന്നുണ്ട്. ഭൂതഭാവി വർത്തമാനങ്ങൾ കൂടിക്കുഴച്ചുകൊണ്ടുള്ള അവതരണം ആണ് നോളൻ സാക്ഷാത്കരിക്കുന്നത്. കാലദേശങ്ങളും കഥാപാത്രങ്ങളുടെ മനോനിലയും എല്ലാം മാറിമറിയുന്നതായി കാണാം. പ്രേക്ഷകനിൽ നിന്ന് ശ്രദ്ധാപൂർവ്വമുള്ള അനുധാവനം സംവിധായകൻ ആവശ്യപ്പെടുന്നു. സർവ്വസാധാരണമായ ഫ്ലാഷ് ബാക്ക് ഫ്ലാഷ് ഫോർവേർഡ് രീതികൾ അവലംബിക്കാതെ പരസ്പരം മിക്സ് ചെയ്യുകയാണ് നോളൻ. ഇന്നലകളുടെ സ്മരണകളെ ഇന്നിന്റെ യാഥാർത്ഥ്യവുമായി സംവിധായകൻ കൂട്ടിയിണക്കുന്നത് സിനിമയ്ക്ക് മാത്രം കഴിയുന്ന രീതിയിലാണ്. ഒഡീസിയിൽ നോൺ വരുത്തിയ പ്രബലവും പ്രകടവുമായ മാറ്റം ഹെലന്റെ കാര്യത്തിലാണ്. ആഫ്രിക്കൻ വംശജയും കറുത്തവർഗക്കാരിയുമായ നടി ലുബി ന്യാങ്ങോയാണ് ഹെലനായത്. അത് വിമർശനത്തിനും അഭിനന്ദനങ്ങൾക്കും ഇടവരുത്തി. കറുപ്പിന് അഴക് എന്ന തത്വമാണ് നോളൻ പ്രാവർത്തികമാക്കിയത്. ട്രോയിലെ യുദ്ധത്തെക്കാൾ ഒഡീസിയസിന്‍റെ മടക്കയാത്രയ്ക്കാണ് നോളൻ പ്രാധാന്യം നൽകുന്നത്.
പ്രഭാവത്തിൽ മാത്രമല്ല അഭാവത്തിലും ഫ്രെയിമുകൾ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് ഒഡീസിയസ്സിന്റേത്. അദ്ദേഹത്തിന്റെ മടക്കയാത്ര വൈകുന്നതും കൃത്യമായ വിവരം ലഭിക്കാത്തതും ഇത്താക്കയിൽ പല അഭ്യുഹങ്ങൾക്കും ഇടവരുത്തി. ഒഡീസിയസ് തിരിച്ചെത്താത്ത കാരണം രാജ്ഞിയായ പെനിലോപ്പിന് വിവാഹം ചെയ്തു ഇത്താക്ക സ്വന്തമാക്കുവാൻ സന്നദ്ധരായി അയൽ രാജ്യത്തെ രാജാക്കന്മാരും സാമന്തന്മാരും അവിടെ ചുറ്റിപ്പറ്റി നടന്നിരുന്നു. കാത്തിരിപ്പിന്റെ വേദനയുമായി പ്രതീക്ഷ കൈവിടാതെ രാജ്ഞി ഒഡീസിനായി കണ്ണുംനട്ടിരുന്നു. ആനി ആത്തവേയാണ് പെനിലോപ്പായി മാറുന്നത്. മകൻ ടെലിമാക്കസായി ടോം ഹോളൻഡ് ജീവിക്കുന്നു. പിതാവിനായി കാത്തിരിക്കുമ്പോൾ തന്നെ കഴുകൻ കണ്ണുകൾ ഉള്ള നിശാചരന്മാരെ പോലുള്ള അയൽവക്കത്തെ ഭരണാധിപന്മാരെയാണ് ടെലിമാക്കസ് അഭിമുഖീകരിക്കേണ്ടി വരുന്നത്. രാജധാനിയിലെ ഓരോ തൂണും ചുമരും രഹസ്യത്തിന്റെ കാവലാളുകൾ ആകുന്നു.
ഇത്താക്കയിലെത്തുവാൻ എളുപ്പവഴി തേടിയാണ് ഒഡീസിയസ് യാത്ര തിരിക്കുന്നതെങ്കിലും ദുർഘടം നിറഞ്ഞതായിരുന്നു ആ മടക്കയാത്ര. യാത്ര അധികവും സമുദ്രത്തിലൂടെ തന്നെയാണ്. ഇടയ്ക്ക് അവരുടെ കപ്പൽ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ആണ്. ഒഡീസിയസും സംഘവും ഒരു ദ്വീപിൽ അഭയം തേടുന്നു. അവിടെ ഒരു മന്ത്രവാദിനിയുടെ കുടിലതയിൽ അകപ്പെടുന്ന അവരെ മൃഗങ്ങളാക്കി മാറ്റുകയാണ്. പിന്നീട് ഒഡീസിയസ് അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നു. അതുപോലെയാണ് രാക്ഷസന്റെ ഗുഹയിലെ സംഭവങ്ങളും. അവരിൽ ചിലരെ രാക്ഷസൻ ഭക്ഷിക്കുന്നു. ഉദ്യോഗജനകമാണ് ആ സീക്വൻസുകൾ. ഏകാന്ത ദ്വീപിൽ അഥീനയോടൊപ്പം ചെലവഴിക്കുന്ന നാളുകൾ ഒഡീസിയസിനെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെത് തന്നെ. മാറ്റ് ഡാമൻ അതിപ്രഗൽഭവവും ഗംഭീരവുമായാണ് ഒഡീഷ്യസിനെ അവതരിപ്പിക്കുന്നത്. സ്മൃതിയിലും വിസ്മൃതിയിലും നിനവിലും കനവിലും ഒഴുകി നീങ്ങുന്ന ഒഡീസിയസ്സിനെ ഡാമൻ അനശ്വരമാക്കി. അഥീനയുടെ സാന്നിധ്യത്തിൽ താമരപ്പൂക്കൾ തിന്ന് ഓർമ്മയിൽ കാർമേഘം മറക്കുന്നത് എന്നാൽ മടക്കയാത്ര മാത്രം ഉണർവായി നിൽക്കുന്നത് ഒഡീസിയസിന്റെ സവിശേഷതയാണ്.
അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അനേകം കലാകാരന്മാരും എല്ലാം തന്നെ ക്രിസ്റ്റഫർ നോളന്റെ സിനിമാസങ്കല്പം ഉൾക്കൊണ്ടുകൊണ്ട് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം തിരിച്ചറിഞ്ഞ് ഏറ്റവും മികച്ച പ്രകടനം നടത്തുന്നതാണ് ഒഡീസിയെ നോളന്റെ ഭാവനയ്ക്ക് അനുസൃതമായി മഹത്താക്കി മാറ്റിയത്. ക്യാമറമാൻ ഹോയ്തേ വാൻ ഹോയ്തമാ ചരിത്രത്തിൽ ആദ്യമായി 70 എംഎം ഐമാക്സ് ക്യാമറയിലാണ് ദൃശ്യങ്ങൾ പകർത്തിയത്. നോളന്റെ സ്ഥിരം ഛായാഗ്രഹകനാണ് അദ്ദേഹം. ബർഗ്മാനും സ്വൻ നിക്വസ്തു എന്നപോലെയുള്ള ബന്ധം. എടുത്തുപറയേണ്ടതാണ് ജെന്നിഫർ ലാമിന്റെ ചിത്രസംയോജനം. പഴയ രീതിയിൽ വെട്ടിയൊട്ടിച്ചു കൊണ്ടുള്ള എഡിറ്റിംഗ്. സ്ക്രീനിൽ തെളിയുന്ന രംഗങ്ങൾ പോലെ തന്നെ വിസ്മയകരമാണ് പടത്തിന്റെ അണിയറ പ്രവർത്തനവും. ഐമാക്സ് ക്യാമറ നീക്കുവാൻ ആറ്-ഏഴു പേർ വേണമെന്നിരിക്കേ അതിന്റെ പ്ലേസ്മെന്റ് പ്രധാനമാണെന്ന് പറഞ്ഞു.
ബിഗ് ബജറ്റിൽ വലിയ ക്യാൻവാസിൽ പടങ്ങൾ ഒരുക്കുമ്പോഴും ആർട്ട്ഹൗസ് ചിത്രങ്ങളുടെ പ്രസക്തിയും പ്രാധാന്യവും നോളൻ മനസ്സിലാക്കുന്നു. റെയുടെ പാഞ്ചാലിയെ കുറിച്ച് അദ്ദേഹം പറഞ്ഞു "പഥേർ പാഞ്ചാലി ഈസ് ആൻ അബ്സല്യൂട്ട്ലി ഇൻക്രെ ഡിബിൾ ഫിലിം. "ബെൻഹറും ബൈബിളും ഗ്ലാഡിയേറ്ററും പോലെ ഐതിഹാസിക മാനം ഉള്ള നോളൻ രചനയാണ് ഗ്ലോബൽ ഹിറ്റായി മാറിയ ഒഡീസി.
Content Highlights: Master filmmaker Christopher Nolan presents a groundbreaking non-linear cinematic adaptation of Homer’s ancient Greek epic The Odyssey, starring Matt Damon as Odysseus and shot on original 70mm IMAX cameras without heavy reliance on computer graphics.
Published: 19 Aug 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented