ഗോളടിക്കുമ്പോഴോ കപ്പ് നേടുമ്പോഴോ അല്ല ഫുട്ബോള്‍ ഒരു ജനതയുടെ ആത്മാവിഷ്‌കാരമാവുമ്പോഴാണ് ഏതൊരു ടൂര്‍ണമെന്റും, ഏതൊരു കിരീടവിജയവും പൂര്‍ണമാവുന്നത്.

മൊറോക്കോ ടീമിന്റെ വിജയാഘോഷം
ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്കം വേഴ്സായിലെ ഒരു ടെന്നിസ് കോര്‍ട്ടില്‍ നിന്നായിരുന്നു. ഇന്ന് കാണുന്ന പരിഷ്‌കൃത ഫ്രാന്‍സിന് വിത്തു പാകിയത് അന്നാ കോര്‍ട്ടില്‍ അവരെടുത്ത പ്രതിജ്ഞയാണ്. പിന്നെയും ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് പാരിസില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ആദ്യ സെര്‍വ് പിറക്കുന്നത്.
ഫ്രാന്‍സിന്റെ പഴയ കോളനിയാണ് മൊറോക്കോ. അവരില്‍ നിന്ന് അര നൂറ്റാണ്ട് മുന്‍പ് പൊരുതി സ്വാതന്ത്ര്യം നേടിയവരാണ്. പക്ഷേ, മൊറോക്കോക്കാരുടെ ജീവന്‍ ടെന്നിസല്ല, ഫുട്ബോളാണ്. അതുകൊണ്ടുതന്നെ ഈ ഫുട്‌ബോളാണ് അവരുടെ വിപ്ലവത്തിന്റെ കളിത്തൊട്ടില്‍. അവരുടെ സമരായുധം. അവിടെ നേടുന്ന ഓരോ ജയവും അവര്‍ക്ക് ഓരോ ജീവശ്വാസമാണ്. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ആത്മാഭിമാനത്തിന്റെ പ്രഖ്യാപനങ്ങളാണ്. കളിക്കളത്തിനകത്തും പുറത്തുമുള്ള പോരാട്ടങ്ങള്‍ കൊണ്ട് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അവരീ സമരായുധം രാകിമിനുക്കിക്കൊണ്ടിരിക്കുകയായിരുന്നു. വരാനിരിക്കുന്ന വലിയൊരു വിപ്ലവമാണ് ആ മൂശയില്‍ അടിച്ചുപതം വന്നുകൊണ്ടിരുന്നത്.
സാന്റിയാഗോയില്‍ അര്‍ജന്റീനയ്‌ക്കെതിരേ നേടിയ അണ്ടര്‍ 20 ലോകകപ്പ് കിരീടവിജയമായിരുന്നില്ല അതിന്റെ ആദ്യ കായ്ഫലം. മൂന്ന് വര്‍ഷം മുന്‍പ് ഖത്തര്‍ ലോകകപ്പില്‍ തന്നെ പൂവിട്ട് കായ്ച്ചുതുടങ്ങുന്നത് ലോകം വിസ്മയത്തോടെ കണ്ടു. അന്ന് മെസ്സിയും ക്രിസ്റ്റിയാനോയും എംബാപ്പെയുമൊക്കെ നിറഞ്ഞുനിന്ന ലോകകപ്പിന്റെ സെമിയിലെത്തി അവര്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. സെമിയിലന്ന് ഫ്രാന്‍സിന് മുന്നില്‍ വീണില്ലായിരുന്നെങ്കില്‍ ലോകഫുട്‌ബോളിന്റെ തലക്കുറി തന്നെ മാറ്റിവരയ്ക്കപ്പെടുമായിരുന്നു ഒരധ്യായം തന്നെ പിറക്കുമായിരുന്നു ഖത്തറില്‍. സ്‌പെയിനിനെയും പോര്‍ച്ചുഗലിനെയുമെല്ലാം മറികടന്ന് അവസാന നാലിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമായത് ലോകഫുട്‌ബോളിന്റെ പുറംമോടിയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ഇന്നും അവിശ്വസനീയമായൊരു ചരിത്രമാണ്. അങ്ങനെ അവിശ്വസിക്കേണ്ടതില്ല ഖത്തറിലെ അന്നത്തെ അത്ഭുതമെന്ന് മൂന്ന് വര്‍ഷത്തിനിപ്പുറം സാന്റിയോഗോയില്‍ പുതിയതലമുറ സാക്ഷ്യപ്പെടുത്തുന്നു. ഖത്തര്‍ ഒരു ലോട്ടറിയോ വണ്‍ടൈം വണ്ടറോ അല്ലെന്ന് സാരം. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇത് ആവര്‍ത്തിക്കപ്പെടാനോ ഒരുപക്ഷേ, യൂറോപ്പിനെയും ലാറ്റിനമേരിക്കയെയുമെല്ലാം ഞെട്ടിച്ച് പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയോ തള്ളിക്കളയാവുന്നതല്ല. അതിന്റെ സൂചന തന്നെയാണ് അണ്ടര്‍ 20 ടീം സാന്റിയാഗോയില്‍ തന്നത്. അമേരിക്കയിലേയ്ക്കും മെക്‌സിക്കോയിലേയ്ക്കുമുള്ള യോഗ്യതാ യാത്രയില്‍ ഇന്നുവരെ അപരാജിതരാണ് അറ്റ്‌ലസ് ലയണ്‍സ്. എട്ടില്‍ എട്ടും ജയിച്ചാണ് അവര്‍ യോഗ്യത ഉറപ്പിച്ചത്. 22 ഗോളടിച്ച് രണ്ടെണ്ണം മാത്രമാണ് തിരിച്ചുവാങ്ങിയത്. 2023 ജനുവരിയില്‍ അഫ്‌കോണ്‍ പ്രീക്വാര്‍ട്ടറിനുശേഷം പതിനാറ് മത്സരങ്ങളില്‍ പരാജയമറിഞ്ഞിട്ടേയില്ല.
ഖാനയും നൈജീരിയയും ഐവറി കോസ്റ്റുമെല്ലാം വാല്‍നക്ഷത്രം പോലെ മിന്നിമാഞ്ഞു മാഞ്ഞുപോയ ചരിത്രത്തില്‍ മൊറോക്കോ ഇങ്ങനെ നാള്‍ക്കുനാള്‍ ജ്വലിച്ച് വേറിട്ടുനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കില്‍ കളിക്കളത്തിന് പുറത്ത് അവര്‍ കളിച്ച കളികളുടെ കഥ കൂടി കേള്‍ക്കണം. കൂട്ടപ്പലായനങ്ങളുടെ കാലത്ത് അവര്‍ പയറ്റിയ റിവേഴ്‌സ് മൈഗ്രേഷന്‍ എന്ന തന്ത്രം കൂടി അറിയണം.
മൂന്ന് വര്‍ഷം മുന്‍പ് ഖത്തറിലെത്തുംവരെ ഘാനയെയയോ സെനഗലിനെയോ നൈജീരിയയെയോ പോലെ ഫുട്ബോള്‍ ലോകം കരുത്തരായി കണ്ടിരുന്നില്ല മധ്യദൂര ഓട്ടങ്ങള്‍ക്ക് മാത്രം പേരുകേട്ട മൊറോക്കോയെ. കാമറൂണ്‍ ഇതിഹാസം സാമ്വല്‍ എറ്റുവല്ലാതെ മറ്റാരും ഖത്തര്‍ ലോകകപ്പില്‍ അവര്‍ക്ക് എന്തെങ്കിലും സാധ്യത കല്‍പിച്ചിരുന്നുമില്ല. ഖത്തറിലേയ്ക്ക് വരുംവരെ, ഈജിപ്തിനെയോ ലൈബീരിയയെയോ ഐവറി കോസ്റ്റിനെയോ പോലെ അഭിമാനിക്കാന്‍ അവര്‍ക്ക് സൂപ്പര്‍താരങ്ങളൊന്നും ഉണ്ടായിരുന്നതുമില്ല. ഖത്തറിലെത്തും മുന്‍പ് നാലു തവണ മാത്രമാണ് ലോകപ്പില്‍ മുഖം കണിക്കാനായതു തന്നെ. എണ്‍പത്തിയാറില്‍ ഇംഗ്ലണ്ടിനെയും പോര്‍ച്ചുഗലിനെയും പോളണ്ടിനെയും മറികടന്ന് പ്രീക്വാര്‍ട്ടറിലെത്തിയതു തന്നെ വലിയ ഞെട്ടലായിരുന്നു. നാളിതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. ഒരു ലോകകപ്പ് നേടിയ സന്തോഷമായിരുന്നു അന്ന്. പിന്നെ രണ്ടു തവണ കൂടി വന്നു. രണ്ടു തവണയും യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയുമെല്ലാം കളിമികവിന് മുന്നില്‍ സുല്ലിട്ട് ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ മടങ്ങി. ആഫ്രിക്കന്‍ ടീമുകളുടെ പങ്കാളിത്തം ചോദ്യംചെയ്യപ്പെടുന്നതില്‍ മൊറോക്കോയും അങ്ങനെ ഒരു കാരണമായി. ഇന്ന് അല്‍ തുമാമ, അല്‍ ബെയ്ത്ത്, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളിലിരുന്ന് മൊറോക്കോയുടെ വിസ്മയം കണ്ട് ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്ന വികാരത്തെ അത്ഭുതം എന്നാണോ വിശേഷിപ്പിക്കുക?. അറിയില്ല.
ഈ കുതിപ്പില്‍ അത്ഭുതം ഒട്ടുമില്ലെന്ന് അറിയണമെങ്കില്‍ മൊറോക്കോ ടീമിനെ അടുത്തറിയുക തന്നെ വേണം. മൊറോക്കോ ഫുട്ബോള്‍ വന്നവഴിയിലൂടെ ഒന്ന് പന്തിരിഞ്ഞു നടക്കുകയും വേണം. മറ്റ് ആഫ്രിക്കന്‍ ടീമുകള്‍ക്കൊന്നുമില്ലാത്ത ഒരുപാട് സവിശേഷതകളുണ്ട് അറബ് രക്തം ധമനികളില്‍ ഓടുന്ന മൊറോക്കോയ്ക്ക്. വില കൊടുത്തു വാങ്ങിയും അഭയം കൊടുത്തും സ്വന്തമാക്കിയ ആഫ്രിക്കന്‍ വംശജരാണ് ഇന്ന് ഭൂരിഭാഗം ടീമുകളുടെയും കരുത്ത്. എന്നാല്‍, മൊറോക്കോ മാത്രം മറ്റൊരു ടീമിനും സാധ്യമല്ലാത്ത ഒരു റിവേഴ്സ് മൈഗ്രേഷനാണ് ഫുട്ബോളിന്റെ കാര്യത്തില്‍ വിപ്ലവകരമായി പയറ്റി വിജയിച്ചത്. ഇന്നത്തെ മൊറോക്കന്‍ ടീമിലെ പ്രധാന താരങ്ങളൊന്നും തന്നെ മൊറോക്കോയില്‍ ജനിച്ചവരോ ജീവിക്കുന്നവരോ കളിക്കുന്നവരോ അല്ല. ഹക്കീം സിയെച്ച്, നൗസര്‍ മസറോയി, അമ്രബട്ട് തുടങ്ങിയവര്‍ നെതര്‍ലന്‍ഡ്സില്‍ ജനിച്ചവരാണ്. അഷ്റഫ് ഹക്കീക്കി സ്പെയിനില്‍ ജനിച്ച് റയല്‍ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയില്‍ കളിച്ചു വളര്‍ന്നയാളാണ്. ഗോള്‍കീപ്പര്‍ ബൗനോ കാനഡക്കാരനാണ് തത്വത്തില്‍. ക്യാപ്റ്റന്‍ റൊമൈന്‍ സായിസും വിങ്ങര്‍ സോഫെയ്ന്‍ ബൗഫലും ഫ്രാന്‍സില്‍ ജനിച്ചവരാണ്. 26 അംഗ ടീമിലെ പതിനാറ് പേരും ഏതെങ്കിലുമൊരു വിദേശരാജ്യത്ത് ജനിക്കുകയോ കളിക്കുകയോ ചെയ്യുന്നവരാണ്.
തീര്‍ന്നില്ല. അതിലും രസകരമായിരുന്നു സീനിയര്‍ ടീം കോച്ച് വാലിദ് റെഗ്റാഗിയുടെ കഥ. കോച്ചാവുന്നതിന് മുന്‍പ് ടീമിന്റെ നായകനായിരുന്ന വാലിദ് പക്ഷേ, ജനിച്ചതും വളര്‍ന്നതും മൊറോക്കോയിലല്ല, ഫ്രാന്‍സിലാണ്. യൂറോപ്യന്‍ ടീമുകള്‍ ചെയ്യുന്നതിന്റെ നേര്‍വിപരീതമായി ഇവരെയൊക്കെ മൊറോക്കോ ഫുട്ബോള്‍ കളിക്കാന്‍ വേണ്ടി മാത്രം കൊണ്ടുവരികയാണ്. ഒന്നോര്‍ത്തു നോക്കൂ.... എംബാപ്പെയും ചൗമേനിയും കാമറൂണിനുവേണ്ടിയും ബുക്കായ സാക്ക നൈജീരിയക്കുവേണ്ടിയും കോഡി ഗാക്പോയും മെഫിസ് ഡെപെയും മുഹമ്മദ് മുണ്ടാരിയും ഘാനയക്കുവേണ്ടിയും തിമോത്തി വിയ ലൈബീരിയക്കുവേണ്ടിയും ഡെംബല്ലെ നെനഗലിനുവേണ്ടിയും റഹീം സ്റ്റെര്‍ലിങ് ജമൈക്കയ്ക്കുവേണ്ടിയും റാഷ്ഫോഡ് സെന്റ് കിറ്റ്സിനുവേണ്ടിയുമൊക്കെ കളിക്കുന്ന ഒരു രംഗം. അസാധ്യമെന്ന് കരുതുന്ന ഈ സംഗതിയാണ് മൊറോക്കോ സാധ്യമാക്കിയതും അത് ലോകകപ്പില്‍ ആയുധമാക്കിയതും.
ഇതിന് വഴിമരുന്നിട്ട ഒരാളുണ്ട്. മുനീര്‍ എല്‍ ഹദാദി. സ്പാനിഷ് പൗരനാണ്. ബാഴ്സലോണയുടെ യൂത്ത് അക്കാദമയില്‍ കളിച്ചുവളര്‍ന്നയാളാണ്. 2014ലെ ലോകകപ്പ് അടുക്കാറായപ്പോള്‍ മുനീറിന് ഒരു മോഹം. തന്റെ അച്ഛന്റെ വേരുകളുള്ള മൊറോക്കോയ്ക്കുവേണ്ടി കളിക്കണം. എന്നാല്‍, എല്ലാ പ്രായവിഭാഗങ്ങളിലും സ്പെയിനിനുവേണ്ടി കളിച്ചതിനാല്‍ ഈ മാറ്റം അത്ര എളുപ്പമായിരുന്നില്ല. അങ്ങനെ മുനീറിനുവേണ്ടി മൊറോക്കോ ഫിഫയെ സമീപിച്ചു. ഒരു രാജ്യത്തിനുവേണ്ടി മൂന്ന് മത്സരങ്ങളില്‍ കൂടുതല്‍ കളിച്ചവരുടെ കൂറുമാറ്റം മാത്രം തടഞ്ഞാല്‍ മതിയെന്ന് അവര്‍ വാദിച്ചു. ഒടുവില്‍ ആറ് വര്‍ഷം വേണ്ടിവന്നു ഫിഫയുടെ മനസൊന്ന് മാറാന്‍. അങ്ങനെ 2020ല്‍ ഫിഫയുടെ മനസ് മാറി. എന്നാല്‍ അപ്പോഴേയ്ക്കും മുനീറിന്റെ നല്ല കാലം അസ്തമിച്ചു. എന്നാല്‍, ഈ നിയമം ഉപയോഗിച്ച് അവര്‍ പല രാജ്യങ്ങളിലെയും മൊറോക്കോക്കാരെ റാഞ്ചി. യൂറോപ്പില്‍ കളിച്ച് തഴക്കം വന്നവര്‍ എത്തിയതോടെ ടീമിന്റെ മുഖചായ മാത്രമല്ല, തലക്കുറിയും മാറി. ഇന്ന് ഇരുപത്തിയാറംഗ ടീമിലെ പതിനാറ് പേരും അങ്ങനെ കടല്‍ കടന്ന് വന്നവരാണ്.
കളിക്കാര്‍ മാത്രമല്ല, ആഫ്രിക്കയുടെ മൗറിന്യോ എന്ന വിശേഷണം പേറുന്ന കോച്ച് വാലിദ് റെഗ്റാഗിയും ജനിച്ചത് ഫ്രാന്‍സിലാണ്. റേസിങ് പാരിസ് മുതല്‍ ഗ്രനോബിള്‍ ഫൂട്ട് വരെ കളിച്ചയാളാണ്. എട്ട് വര്‍ഷം മൊറോക്കന്‍ ദേശീയ ടീമിനും കുറച്ചുകാലം മൊറോക്കന്‍ ടീം മൊഗ്രെബിനു വേണ്ടിയും കളിച്ചു. പിന്നീട് മൂന്ന് മൊറോക്കന്‍ ക്ലബുകളുടെ പരിശീലകനുമായി. ഈ വര്‍ഷമാണ് ദേശീയ ടീമിന്റെ പരിശീലകവേഷം അണിയുന്നത്. കഷ്ടിച്ച് നൂറ് ദിവസമാണ് ടീമിനെ ഒരുക്കാന്‍ വാലിദിന് സമയം കിട്ടിയത്. സ്പെയിനിലെയും ഫ്രാന്‍സിലെയും അനുഭവസമ്പത്ത് വീര്യം ഒട്ടും ചോരാതെ തന്നെ വാലിദ് ടീമില്‍ പ്രയോഗിച്ചു. ഒറ്റമൂലികളായിരുന്നില്ല ചികിത്സ. ഹക്കീം സിയച്ചിനെ വിരമിക്കലില്‍ നിന്ന് പിന്തിരിപ്പിക്കുക, പഴയ കോച്ച് വെട്ടിയവരെ വീണ്ടും ടീമിലേയ്ക്ക് കൊണ്ടുവരിക, പെനാല്‍റ്റി ഷൂട്ടൗട്ടുകളിലെ കൈക്കുറ്റപ്പാടുകള്‍ തീര്‍ക്കുക തുടങ്ങിയ കടുത്ത ചികിത്സകള്‍ തന്നെ നല്‍കി.
ടീം ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തുപോയതിന് ജര്‍മന്‍ പത്രങ്ങള്‍ കുറ്റപ്പെടുത്തിയത് കളിക്കാരെയും പരിശീലകരെയും മാത്രമല്ല. കളിക്കാരുടെ ഭാര്യമാരെയും കാമുകിമാരെയുമാണ്. എന്നാല്‍, ഇക്കാര്യത്തിലും വാലിദ് വേറിട്ടുനിന്നു. കളിക്കാര്‍ക്കൊപ്പം അവരുടെ ഉമ്മമാരെയും ടീമിനൊപ്പം ഖത്തറിലേയ്ക്ക് കൊണ്ടുപോവുക എന്നത് വാലിദിന്റെ ആശയമായിരുന്നു. അവര്‍ക്ക് അതേ ഹോട്ടലില്‍ തന്നെ താമസവും ഒരുക്കി. ടീം കളിക്കുമ്പോഴെല്ലാം അവര്‍ ഗ്യാലറിയില്‍ സന്നിഹിതരായി. കളി കഴിഞ്ഞ് അവര്‍ ഉമ്മമാര്‍ക്ക് മുത്തം കൊടുത്തു. അവരെ ചുറ്റിപ്പിടിച്ച് ഗ്രൗണ്ടില്‍ നൃത്തംവച്ചു. ഇതിന്റെയൊെക്ക ഫലമാണ് ഈ അത്ഭുതം. ഈ ചരിത്രം.
വ്യത്യസ്തമല്ല ഇപ്പോള്‍ അണ്ടര്‍ 20 ടീമിം കോച്ച് മുഹമ്മദ് വാബിയുടെയും കളിക്കാരുടെയും കഥയും. മൊറോക്കോക്കാരനെങ്കിലും ബെല്‍ജിയത്തില്‍ ജനിച്ചയാളാണ് കോച്ച് വാബി. കളിക്കാരില്‍ പലരും ഫ്രാന്‍സിലും സ്‌പെയിനിലും ഇറ്റലിയിലും ഓസ്ട്രിയയിലും കളിക്കുന്നവര്‍. പലരും ഇരട്ട പൗരത്വമുള്ളവര്‍. മറ്റു പലരെയും പോലെ കളിച്ചുകൊണ്ടല്ല, കളി പഠിപ്പിച്ചുകൊണ്ടായിരുന്നു വാബിയുടെ തുടക്കം. ഇരുപത്തിയൊന്നാം വയസ്സില്‍ ബ്രസ്സല്‍സില്‍ യൂത്ത് ടീമിലായിരുന്ന ആദ്യ ഊഴം. മക്കാബി ഫൂട്ട് ബ്രസ്സല്‍സിലും ആന്‍ഡര്‍ലെല്ലിന്റെ അക്കാദമിയായ നീര്‍പെഡെയിലും മാറ്റ് തെളിയിച്ചാണ് ബെല്‍ജിയം ദേശീയ അണ്ടര്‍ 21 ടീമിലെത്തിയത്. അക്കുറി ആദ്യമായി ബെല്‍ജിയം യുവേഫ യൂത്ത് ലീഗിന്റെ സെമിയിലെത്തി ചരിത്രം കുറിച്ചു. ബെല്‍ജിയത്തില്‍ നിന്ന് സൗദി വഴിയാണ് മൊറോക്കോയിലെത്തിയത്. അച്ചടക്കവും ടീം സ്പിരിറ്റും മാനുഷികമുഖവും ചേര്‍ന്ന, പിഴവുകള്‍ക്ക് പഴിചാലുകളില്ലാത്ത പുതിയൊരു സംസ്‌കാരത്തിന്റെ വിത്തുപാകിയാണ് വാബി മൊറോക്കയെ മാറ്റിയെടുത്തത്.
കളിക്കളത്തില്‍ മാത്രമല്ല, പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ സംസ്‌കാരമാണ് വാബി ടീം സ്പിരിറ്റിലേയ്ക്കും ഉള്‍ച്ചേര്‍ത്തത്. അണ്ടര്‍ 20 ടീമിനെ ആഫ്രിക്കന്‍ കപ്പ് നേഷന്‍സില്‍ റണ്ണറപ്പുകളാക്കിക്കൊണ്ടാണ് വാബി വരാനരിക്കുന്ന കാലത്തിന്റെ സൂചന നല്‍കിയത്. ഇപ്പോഴിതാ ലോകകിരീടവും. അതും അര്‍ജന്റീനയെയും ബ്രസീലിനെയും സ്‌പെയിനിനെയും ഫ്രാന്‍സിനെയും ചിലിയെയും മറികടന്നുകൊണ്ട്. ഇത് വരുംകാലത്തേയ്ക്കുള്ള വലിയ സൂചനയാണ്.
ഇതൊക്കെ നമ്മള്‍ കണ്‍മുന്നില്‍ കണ്ട ചരിത്രം. എന്നാല്‍, ഫുട്ബോളിന് മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു മൊറോക്കോയില്‍. വിപ്ലവച്ചൂടിന്റെ മറുപാതി. ഫുട്ബോള്‍ ഫാന്‍സിന് ഒരു പേരുണ്ട് മൊറോക്കോയില്‍. അള്‍ട്രാസ്. തീവ്രസ്വഭാവമുള്ളവരെന്ന് വേണമെങ്കില്‍ തര്‍ജമ ചെയ്യാം. സ്വഭാവവും പ്രവൃത്തിയും ഏറെക്കുറേ അങ്ങനെയൊക്കെ തന്നെ. പക്ഷേ, ഇംഗ്ലണ്ടിലെ തെമ്മാടിക്കൂട്ടം പോലെയായിരുന്നില്ല അവര്‍. ക്ലബുകള്‍ക്കും ദേശീയ ടീമിനുംവേണ്ടി ആര്‍ത്തുവളിക്കുന്നതില്‍ ഒതുങ്ങിയില്ല അവരുടെ പ്രവര്‍ത്തനം. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അവര്‍ സ്റ്റേഡിയങ്ങളെ രാഷ്ട്രീയസമരങ്ങളുടെ വേദിയാക്കി. അവിടെ തൊഴിലിനുവേണ്ടി പൊരുതി, ഭരണകൂടങ്ങളെ വിചാരണ ചെയ്തു. പ്രക്ഷോഭകാരികള്‍ക്ക് തെരുവായിരുന്നു സമരവേദിയെങ്കില്‍ അള്‍ട്രാസിന് സ്റ്റേഡിയമായിരുന്നു തട്ടകം. പ്രവര്‍ത്തനം ഏതാണ്ട് ഒന്ന് തന്നെ. പതിനാറിനും മുപ്പതിനും ഇടയിലെ പ്രായക്കാരായിരുന്നു ഈ ആരാധകക്കൂട്ടത്തില്‍ ഏറെയും. അതുകൊണ്ട് തന്നെ സ്റ്റേഡിയത്തിലെ സമരം കൂടുതല്‍ യൗവ്വനതീക്ഷ്ണമായി. പുറത്തെ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിത്തുടങ്ങിയതോടെ കൂടുതല്‍ പ്രക്ഷോഭകാരികള്‍ സ്റ്റേഡിയങ്ങളെ അഭയകേന്ദ്രമാക്കി. അവിടെ പുതിയ സമരമുഖം തുറന്നു. പിന്നെ ഭരണകൂടത്തിന്റെ ഈര്‍ഷ്യ സ്റ്റേഡിയങ്ങളോടായി. അവിടെയും അവര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
ക്ലബുകള്‍ക്കുവേണ്ടിയാണ് അള്‍ട്രകള്‍ എന്ന ആരാധകക്കൂട്ടം ആദ്യം രംഗപ്രവേശം ചെയ്യുന്നത്. കാസബ്ലാങ്കയിലെ ക്ലബ് രാജയുടെ അള്‍ട്രകളായ ഗ്രീന്‍ ബോയ്സായിരുന്നു തുടക്കം. ലോക പ്രശസ്തരാണ് അവര്‍. പിന്നെ മറ്റൊരു ക്ലബായ വൈദാദ് വിന്നേഴസ് എന്ന അള്‍ട്രകള്‍ക്ക് തുടക്കം കുറിച്ചു. തുടക്കത്തില്‍ യൂറോപ്പിന്റെ ശൈലിയില്‍ പക്കാ ആരാധകക്കൂട്ടം മാത്രമായിരുന്നു. വര്‍ണങ്ങളും വിവിധ കലാരൂപങ്ങള്‍ കൊണ്ട് സ്റ്റേഡിയങ്ങളെ വര്‍ണാഭമാക്കിയിരുന്നവര്‍ പിന്നെ ക്രമേണ എതിരാളികളെ അധിക്ഷേപിക്കുന്നത് വരെ എത്തി കാര്യങ്ങള്‍. അശ്ലീലവും അസഭ്യവര്‍ഷവും നിര്‍ലജ്ജം പ്രയോഗിക്കപ്പെട്ടു. ചിലപ്പോഴെങ്കിലും സംഘട്ടനങ്ങളും പതിവായി.
ഒരു പതിറ്റാണ്ട് മുന്‍പാണ് അള്‍ട്രകളുടെ സ്വഭാവത്തില്‍ സവിശേഷമായ മാറ്റം കണ്ടുതുടങ്ങുന്നത്. അവര്‍ കൂടുതല്‍ ഉത്തരവാദിത്വം പ്രകടിപ്പിച്ചുതുടങ്ങുന്നത്. രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ക്കുവേണ്ടി അറബ് വസന്തത്തിന്റെ മാതൃകയില്‍ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്ന കാലമായിരുന്നു അത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അള്‍ട്രകളും സജീവമായി. ഗ്രീന്‍ ബോയ്സ് പരസ്യമായി തന്നെ ക്ലബിന്റെ ബാനര്‍ ഏന്തി പ്രകടനങ്ങളില്‍ പങ്കെടുത്തു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വില്ലന്മാരെന്നും കള്ളന്മാരെന്നും സധൈര്യം വിളിച്ചുകൂവി. പതുക്കെ ഈ ആരാധകക്കൂട്ടങ്ങള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പരിവേഷം കൈവന്നു.
ഗ്രീന്‍ ബോയ്സ് സ്റ്റേഡിയങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കാസബ്ലാങ്കയിലെ രാജ അത്ലറ്റിക് ക്ലബ് അനീതികള്‍ക്കെതിരേ പൊരുതാന്‍ ഫെബ്ലാദി ഡെല്‍ മൊയ്നി എന്ന പ്രസിദ്ധമായ ഗാനം പോലും ചിട്ടപ്പെടുത്തി. മൊറോക്കന്‍ രാഷ്ട്രീയ, ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമാണ് ഈ വിപ്ലവഗാനം. നിറഞ്ഞ ഗ്യാലറികളിലെ അതിന്റെ ആലാപനം വലിയ തരംഗമാണ് കസബ്ലാങ്കയില്‍ സൃഷ്ടിക്കുന്നത്. പ്രത്യക്ഷത്തില്‍ എതിരാളികളാണെങ്കിലും മാഗ്രെബ് ടെറ്റ്വാന്‍ ടീമിന്റെ അള്‍ട്രകളായ ലോസ് മാറ്റഡോഴ്സും പ്രതിഷേധിത്തിന്റെ ഭാഗമായി സ്റ്റേഡിയങ്ങളില്‍ ഈ ഗാനം ആലപിച്ചിട്ടുണ്ട്. യൂറോപ്പില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കാര്യമാണിത്. അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ തയ്യാറാക്കിയ ഫ്രീ ആന്‍ഡ് അണ്‍ബോവ്ഡ് എന്ന ഗാനമാണ് വിന്നേഴ്സ് ഗ്യാലറികളില്‍ ആലപിക്കാറുള്ളത്.
സ്യൂറ്റയിലേയ്ക്ക് അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച ഹയാത് ബെല്‍ക്കാസെമി എന്ന പത്തൊന്‍പതുകാരിയെ നാവികസേന കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയത് മൊഗ്രെബ് ടെറ്റ്വാന്‍ ടീമും അവരുടെ അള്‍ട്രകളായ ലോസ് മാറ്റഡോഴ്സുമാണ്. കറുത്ത വസ്ത്രം ധരിച്ച് സ്റ്റേഡിയങ്ങളിലേയ്ക്ക് മാര്‍ച്ച് നടത്തിയവര്‍ ഹയാത്തിന്റെ കൊലപാതകത്തിന് പകരംവീട്ടുമെന്ന് മുദ്രാവാക്യം വിളിച്ചു. ദേശീയ ഗാനത്തെ പോലും അവര്‍ കൂവിവിളിച്ചു. റിഫ് മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളെ നയിച്ചത് ഷബാബ് റിഫ് അല്‍ ഹെസേയ്മി ക്ലബിന്റെ അള്‍ട്രകളാണ്. കെനിട്ര എസിയുടെ അള്‍ട്രകളായ ഹെലാലാ ബോയ്സ് കളിക്കിടെ പോലീസിന്റെയും സര്‍ക്കാരിന്റെയും അനീതികള്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുന്നത് പതിവാണ്.
ഇംഗ്ലണ്ടിലെ ഹൂളിഗന്‍സിന്റെ ഗണത്തില്‍ പെടുത്തി ഇവരെ ചങ്ങലയ്ക്കിടാന്‍ സര്‍ക്കാര്‍ പല തവണ ശ്രമിച്ചിട്ടുണ്ട്. രാജയും അല്‍ ഹൊസെയ്മിയും തമ്മിലുള്ള മത്സരത്തിനിടെ ഉണ്ടായ സംഘട്ടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പട്ട സംഭവം മുതലെടുത്ത് സര്‍ക്കാര്‍ അള്‍ട്രകളെ നിയന്ത്രിക്കാന്‍ കരുനീക്കി. പരസ്പരം പോരടിച്ചിരുന്ന അള്‍ട്രകളെ യോജിപ്പിക്കാനേ ഈ നീക്കം ഉപകരിച്ചുള്ളൂ. അവര്‍ ഒന്നിച്ച് സര്‍ക്കാരിനെതിരേ നീങ്ങി. ഗ്യാലറികള്‍ സംഘര്‍ഷഭൂമികളായി. ഒടുവില്‍ 2018ലാണ് സര്‍ക്കാര്‍ ഈ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞത്.
അള്‍ട്രകള്‍ സര്‍ക്കാരിനെതിരേ മാത്രമല്ല, ഫുട്ബോള്‍ അസോസിയേഷന്റെയും പലപ്പോഴും സ്വന്തം ക്ലബുകളുടെയും വഴിപിഴച്ച പോക്കിനെതിരേയും പ്രക്ഷോഭവുമായി രംഗത്തിറങ്ങാറുണ്ട്. തിരുത്തല്‍ ശക്തിയായി നിലകൊണ്ടു. ഇതോടെ രാഷ്ട്രീയത്തിലും മറ്റും മനം മടുത്ത യുവാക്കള്‍ കൂടുതലായി ഇത്തരം അള്‍ട്രകളില്‍ അഭയം കണ്ടെത്തിത്തുടങ്ങി. ഫുട്ബോള്‍ മത്സരങ്ങളെയും സ്റ്റേഡിയങ്ങളെയും അവര്‍ ആത്മരോഷം തീര്‍ക്കാനുള്ള ഇടങ്ങളാക്കി. അവിടെ അവര്‍ ആത്മാഭിമാനം വീണ്ടെടുത്തു. അത് മൊറോക്കോയില്‍ സാമൂഹികവും സാംസ്‌കാരികവുമായ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചത്.
ഈ മാറ്റങ്ങളുടെ അലയൊലിയും യുവാക്കളുടെ പങ്കാളിത്തവും സ്വാഭാവികമായും മൊറോക്കന്‍ ഫുട്ബോളിലും പ്രതിഫലിച്ചു. അത് കൂടുതല്‍ ജീവസ്സുറ്റതായി. ഭരണകൂടം ഫുട്ബോളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തുതുടങ്ങി. താഴേത്തട്ട് മുതല്‍ ഫുട്ബോള്‍ സംവിധാനം ഉടച്ചുവാര്‍ത്തു. നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും ലോകനിലവാരമുളള അഞ്ച് ഫുട്ബോള്‍ ഗ്രൗണ്ടുകളും ഉള്‍പ്പെടുന്ന ഒരു ട്രെയിനിങ് കോംപ്ലക്സ് തുടങ്ങി. രാജ്യത്തെ ഫുട്ബോള്‍ അടിമുടി മാറിത്തുടങ്ങി. വനിതാ ഫുട്ബോളിലും കണ്ടു ഈ വിപ്ലവകരമായ മാറ്റം. ഈ മാറ്റങ്ങളുടെ കൊടിയും പേറിയാണ് റെഗ്റാഗിയും ഹക്കീമിയും സിയെച്ചും എന്‍ നെസ്രിയും യാന്‍ ബൗനോയുമെല്ലാം ഖത്തറിലെത്തിയത്. അതിലും വലിയ വിപ്ലവം അവിടെ കൊടിയേറ്റിയത്.
ഗോളടിക്കുമ്പോഴോ കപ്പ് നേടുമ്പോഴോ അല്ല, ഫുട്ബോള്‍ ഒരു ജനതയുടെ ആത്മാവിഷ്‌കാരമാവുമ്പോഴാണ് ഏതൊരു ടൂര്‍ണമെന്റും, ഏതൊരു കിരീടവിജയവും പൂര്‍ണമാവുന്നത്. അപ്പോഴാണ് അത് കളിക്കപ്പുറം വളരുന്നത്. അത് സഫലമാവുന്നത്. അങ്ങനെയെങ്കില്‍ മൊറോക്കോ സാന്റിയാഗോയില്‍ നേടിയത് ഒരു ഇരട്ടകിരീടമാണ്.
Content Highlights: Explore Morocco`s incredible football journey, from their historic World Cup semi-final run to U20 World Cup triumph. Discover the `reverse migration` strategy and the rise of fan activism.
Published: 20 Oct 2025, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented