മിയാമി: ലയണല്‍ മെസ്സി വന്ന് പ്രദര്‍ശനമത്സരം കളിക്കുമോ എന്നതാണ് കേരളത്തിലെ ചൂടേറിയ ചര്‍ച്ച. എന്നാല്‍, ലോക ഫുട്‌ബോളിലെ ഇപ്പോഴത്തെ ചര്‍ച്ച മറ്റൊന്നാണ്. അടുത്ത വര്‍ഷം അമേരിക്കന്‍ വന്‍കര ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സി കളിക്കുമോ? ലോകകപ്പ് നടക്കുന്ന 2026 ജൂണ്‍ ആകുമ്പോഴേയ്ക്കും മെസ്സിക്ക് 39 വയസ്സാകും. ഈ പ്രായത്തില്‍ കിരീടം കാക്കാന്‍ അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി ഇറങ്ങുമോ എന്ന കാര്യമാണ് ലോകം ഉറ്റുനോക്കുന്നത്. കളിക്കുകയാണെങ്കില്‍ അത് മെസ്സിയുടെ ആറാം ലോകകപ്പാവും. ലോകത്തില്‍ ഇതുവരെ മറ്റൊരു താരവും ആറ് ലോകകപ്പ് കളിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം മെസ്സിയാണ്.
ആറാം ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ താന്‍ കളിക്കാന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ മെസ്സി അന്തിമ തീരുമാനം ഇതുവരെ പറഞ്ഞിട്ടില്ല. അപ്പോഴത്തെ ഫോമും ഫിറ്റ്‌നസും അനുസരിച്ച് തീരുമാനമെടുക്കാം എന്ന നിലപാടിലാണ് മെസ്സി എന്നാണ് അറിയുന്നത്.
ഒരു ലോകകപ്പില്‍ കളിക്കുക എന്നത് സവിശേഷമായൊരു നേട്ടമാണ്. അടുത്ത ലോകകപ്പില്‍ കളിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ഒരിക്കല്‍ക്കൂടി കപ്പ് നേടാന്‍ ടീമിനെ സഹായിക്കാന്‍ കളിക്കളത്തിലുണ്ടാവണം എന്നുണ്ട്-എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.
ഇന്റര്‍ മിയാമിയിലെ അടുത്ത സീസണിലെ പ്രകടനം അനുസരിച്ചായിരിക്കും എന്റെ തീരുമാനം. 100 ശതമാനം ഫിറ്റാണോ എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. ലോകകപ്പായതുകൊണ്ട് അവിടെ ഉണ്ടാവണം എന്നു തന്നെയാണ് എന്റെ അതിയായ ആഗ്രഹം. ഞങ്ങളാണല്ലോ നിലവിലെ ജേതാക്കള്‍. ഇക്കുറി അത് കൈവിടാതെ കാത്തുസൂക്ഷിക്കുന്നതില്‍ പരം മറ്റൊരു സന്തോഷമില്ല. ഇതുപോലുള്ള സുപ്രധാന ടൂര്‍ണമെന്റുകളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുക എന്നത് എക്കാലത്തും നിലനില്‍ക്കുന്ന ആഗ്രഹമാണ്. ദൈവം ഇത് സാധ്യമാക്കും എന്നാണ് വിശ്വാസം-അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.
എന്റെ ഫിറ്റ്‌നസ് തന്നെയാണ് ലോകകപ്പിന്റെ കാര്യത്തില്‍ പരമ പ്രധാനമെന്ന് കഴിഞ്ഞ മാസം വെനസ്വേലയ്‌ക്കെതിരായ മത്സരശേഷവും മെസ്സി പറഞ്ഞിരുന്നു. ലോകകപ്പില്‍ കളിക്കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നല്ല ഫോം പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഉണ്ടാവില്ലെന്നുമാണ് അന്ന് മെസ്സി പറഞ്ഞത്. എന്തായാലും ഈ സീസണ്‍ കഴിയട്ടെ. അതുകഴിഞ്ഞ പ്രീ സീസണുണ്ട്. പിന്നെയും ആറ് മാസം സമയം ലഭിക്കും. അപ്പോള്‍ നോക്കാം കാര്യങ്ങള്‍-അന്ന് മെസ്സി പറഞ്ഞു.
കഴിഞ്ഞ ദോഹ ലോകകപ്പിലെ ഗോള്‍ഡണ്‍ ബൂട്ട് ജേതാവായിരുന്നു അര്‍ജന്റീനയുടെ വിജയശില്‍പി കൂടിയായ മെസ്സി. ലോകകപ്പിനുശേഷം അര്‍ജന്റീനയ്ക്കുവേണ്ടി 18 മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ ഇത്തവണത്തെ മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉള്‍പ്പെടും. ചിലിക്കും കൊളംബിയക്കും വെനസ്വേലയ്ക്കുമെതിരേയായിരുന്നു ഈ മത്സരങ്ങള്‍. ഇതില്‍ രണ്ട് ഗോള്‍ നേടി. വെസ്വേലയ്‌ക്കെതിരായിരുന്നു രണ്ട് ഗോളും. എന്നാല്‍ ഈ മാസം തുടക്കത്തില്‍ വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ കളിച്ചില്ല. മെസ്സി അധികം കളത്തില്‍ ഇറങ്ങിയില്ലെങ്കിലും 18 കളികളില്‍ നിന്ന് 38 പോയിന്റ് നേടി അര്‍ജന്റീന ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിക്കഴിഞ്ഞു. ലാറ്റിനമേരിക്കയില്‍ ലോകചാമ്പ്യന്മാരാണ് ഇപ്പോള്‍ മുന്നില്‍. അവര്‍ക്ക് ഇനി നാല് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. ഇതില്‍ എത്രയെണ്ണത്തില്‍ മെസ്സി കളിക്കുമെന്ന് ഉറപ്പില്ല. ലോകകപ്പിനു മുന്‍പ് ഏതാനും സൗഹൃദ മത്സരങ്ങളും അര്‍ജന്റീന കളിക്കുന്നുണ്ട്.
ലോകകപ്പിന് മുന്‍പ് മുപ്പത്തിയെട്ടുകാരനായ മെസ്സി അര്‍ജന്റീനയ്ക്കുവേണ്ടി എത്ര മത്സരങ്ങള്‍ കളിക്കുമെന്ന് ഉറപ്പില്ല. എങ്കിലും ഇയ്യിടെ ഇന്റര്‍ മിയാമിയുമായി മൂന്ന് വര്‍ഷത്തേയ്ക്ക് കരാര്‍ പുതുക്കിയിട്ടുണ്ട്.
Content Highlights: Lionel Messi`s participation in the 2026 World Cup is uncertain. The football legend weighs his form, fitness, and desire to defend Argentina`s title. Read his latest statements.
Published: 28 Oct 2025, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented