
കൊച്ചി കാക്കനാട്ടുള്ള ഇ.എം.എസ്. ലൈബ്രറി വെറുമൊരു അക്ഷരപ്പുര മാത്രമല്ല. അതിലെ 7891 പുസ്തകങ്ങള്‍ ഒരുകാലത്ത് മലയാളസാഹിത്യത്തെ വിറപ്പിച്ച ആയുധപ്പുരയുടെ ഭാഗമായിരുന്നു; ഒരു വലിയ വായനക്കാരന്‍ വിഹരിച്ച വസന്തോദ്യാനമായിരുന്നു. സാഹിത്യവാരഫലത്തിലൂടെ പ്രൊഫ. എം. കൃഷ്ണന്‍നായര്‍ മലയാള എഴുത്തുകാരെ തല്ലിയതും തലോടിയതും എടുത്ത് കടലിലെറിഞ്ഞതും വായനക്കാരെ സാഹിത്യത്തിലെ ഗിരിശൃംഗങ്ങളിലേക്ക് കൈപിടിച്ച് നടത്തിയതുമെല്ലാം ഈ പുസ്തകങ്ങളുടെ മധ്യത്തിലിരുന്നുകൊണ്ടാണ്. ഇന്ന്, എം. കൃഷ്ണന്‍നായരുടെ 101-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കേണ്ടതും ഈ പുസ്തകക്കൂട്ടത്തിലിരുന്നുകൊണ്ടുതന്നെ...
അതൊരു മധ്യാഹ്നമായിരുന്നു. ആ പുസ്തകങ്ങള്‍ കടപ്പുറത്തെ മണല്‍ത്തരികള്‍പോലെ തോന്നിച്ചു. എന്തൊരു ശോഭ എന്ന് അതിശയിച്ചുപോകും. അവ വലിയൊരു കലാരഹസ്യം പറഞ്ഞുതരുന്നുണ്ടായിരുന്നു. അതിലൊന്നെടുത്തു നിവര്‍ത്തി. കാലം പലകുറി വായിച്ചതുകൊണ്ട് താളുകളില്‍ ലേശം മഞ്ഞനിറം പുരണ്ടിരിക്കുന്നു. ഏതോ കപ്പലില്‍, കടലും ഉപ്പുകാറ്റുകളും കടന്ന് തിരുവനന്തപുരത്ത് ശാസ്തമംഗലം ഭഗവതി ലെയ്‌നിലെ ഒരു വീട്ടിലേക്കെത്തിയതാകണം അത്. അവിടത്തെ കിടപ്പുമുറിയില്‍, ഏകാന്തരാത്രിയില്‍ സോപ്പിട്ട് കൈകഴുകിയശേഷം ഒരാള്‍ ഇതെടുത്തു നിവര്‍ത്തിയിട്ടുണ്ടാകും. ചിലപ്പോള്‍ ഒന്ന് വാസനിച്ചുംകാണും. എന്നിട്ടാകും പുസ്തകത്തിന് വേദനിക്കാത്തവിധം സീലുകൊണ്ട് ആദ്യപുറത്ത് അടയാളമിട്ടത്. ഉറങ്ങാതെ വായിച്ച ആ മനുഷ്യന്റെ പേരായി അതിപ്പോഴും കടുംനീലയില്‍ തെളിഞ്ഞുകിടപ്പുണ്ട് -എം. കൃഷ്ണന്‍നായര്‍
Also Read
കണ്‍മുന്നിലെ പുസ്തകക്കൂട്ടം ഒരുകാലം ആയുധപ്പുരയായിരുന്നു. അതില്‍നിന്ന് കുതിരകള്‍ കുതിച്ചോടി. കുളമ്പടികള്‍ക്കടിയില്‍പ്പെട്ട് പലര്‍ക്കും പരിക്കേറ്റു. എന്നിട്ടും നിര്‍ത്താതെ അവ ചിനച്ചു. വാളുകള്‍ അന്തരീക്ഷത്തില്‍ മിന്നല്‍ദ്യുതിതീര്‍ത്തപ്പോള്‍ ശിരച്ഛേദങ്ങള്‍ സംഭവിച്ചു. സിംഹാസനങ്ങള്‍ നഷ്ടപ്പെട്ടവര്‍ പ്രത്യാക്രമണത്തിനുവന്നപ്പോള്‍ ഇവയില്‍ ചിലത് പരിചയായി ഭവിച്ചു. അമ്പുകള്‍ രണ്ടുതരമുണ്ടായിരുന്നു. ചിലര്‍ക്കുനേരേ പൂപോലെയും മറ്റുപലര്‍ക്കുംനേരേ തീപോലെയും അത് പാഞ്ഞുചെന്നു.
ഈ ധര്‍മയുദ്ധം അറിയപ്പെട്ടത് സാഹിത്യവാരഫലമെന്നായിരുന്നു. നയിച്ചയാളിനും കരിനീലനിറമുള്ള പേരുതന്നെ -എം. കൃഷ്ണന്‍നായര്‍
വിശ്വസാഹിത്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് മലയാളസാഹിത്യത്തെ ശുദ്ധീകരിക്കാന്‍ മുപ്പത്തിയേഴുവര്‍ഷം തുടര്‍ച്ചയായി പംക്തിയെഴുത്തിലൂടെ നടത്തിയ പോരാട്ടത്തില്‍ കൃഷ്ണന്‍നായര്‍ക്ക് കരുത്തായിരുന്ന ബൃഹത്തായ പുസ്തകശേഖരം ഇപ്പോള്‍ കൊച്ചി കാക്കനാട്ടുള്ള ഇ.എം.എസ്. ലൈബ്രറിയിലാണുള്ളത്. കൃത്യമായി പറഞ്ഞാല്‍ 7891 പുസ്തകങ്ങള്‍. കൃഷ്ണന്‍നായരുടെ മരണശേഷം കുടുംബം കൈമാറിയത്. പുസ്തകങ്ങള്‍ക്കിടയില്‍ അതിന്റെ മണംശ്വസിച്ച് ജീവിച്ച് അതിനെ രുചിച്ച്, പുണര്‍ന്ന്, പ്രണയിച്ച് മരിച്ചുപോയ ഒരാള്‍ ലോകത്തിനായി എഴുതിവെച്ച ഒസ്യത്ത്.
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എം. കൃഷ്ണന്‍നായര്‍ എന്ന 'പുസ്തകം' ഇന്ന് നൂറ്റിയൊന്നാമത്തെ പേജിലേക്കെത്തുമായിരുന്നു. 1923 മാര്‍ച്ച് മൂന്നിന് ജനിച്ചയാള്‍ 14 വയസ്സുമുതല്‍ ശേഖരിച്ച പുസ്തകങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ഒരു ആത്മകഥ വായിച്ചുതീര്‍ക്കുന്നതുപോലെയുള്ള അനുഭവമാണ്. കഥയും കവിതയും കലയും തത്ത്വചിന്തയും ലൈംഗികതയുമെല്ലാം കലരുന്ന അദ്ഭുതലോകം. പുഴകളും മലകളും താഴ്‌വാരങ്ങളും വെള്ളച്ചാട്ടങ്ങളും കൊടുമുടികളും കണ്ടുള്ള സഞ്ചാരം.
എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ നേതൃത്വത്തിലുള്ളതാണ് ഇ.എം.എസ്. ലൈബ്രറി. അതില്‍ ഭൂഗര്‍ഭനിലപോലെ സജ്ജീകരിച്ചിടത്ത് ഒരു മുറിയിലാണ് കൃഷ്ണന്‍നായരുടെ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. നിലവറയിലേക്കെന്നമട്ടില്‍ ചവിട്ടുപടികളിറങ്ങിവേണം ചെല്ലാന്‍. വാതിലിനുമുകളില്‍ എപ്പോഴത്തെയുംപോലെ ചിരിക്കാതെ കൃഷ്ണന്‍നായര്‍.

പിന്നെ നോട്ടം വീഴുക ഒരു പൂര്‍ണകായചിത്രത്തിലാണ്. പായലുകള്‍ നിറഞ്ഞുകിടക്കുന്ന തോടിനെത്തൊട്ട്, മരക്കമ്പുകള്‍ ചേര്‍ത്തുവെച്ചിട്ടുണ്ടാക്കിയ വേലിക്കരികിലൂടെ നടന്നുപോകുകയാണ് അദ്ദേഹം. കൈയില്‍ 'ജര്‍മന്‍ പോയട്രി 1910-1977' ഉള്‍പ്പെടെ മൂന്ന് തടിച്ച പുസ്തകങ്ങള്‍. വിരലില്‍ കൊരുത്തിട്ടിരിക്കുന്ന കുട. അതിന്റെ കറുപ്പ് താഴെനിഴലിലേക്ക് ഒഴുകിയിറങ്ങുന്നതുപോലെ. മലയാളഭാഷയുടെ കൈത്തോടിനും ആഗോളസാഹിത്യത്തിന്റെ അലകടലിനുമിടയില്‍ പാലംപണിതയാളുടെ ഉച്ചനടത്തം.
അടിക്കുറിപ്പായുണ്ട് ഒരു പ്രഖ്യാപനവും:
'സൂര്യന്‍ വെട്ടിത്തിളങ്ങുന്ന വേളയില്‍ രാജരഥ്യയിലൂടെ നടക്കാന്‍ എനിക്കിഷ്ടമാണ്. അര്‍ധരാത്രിസമയത്ത് കൂരിരുട്ടില്‍ സഞ്ചരിക്കാന്‍ എനിക്കു മടിയില്ല, പേടിയില്ല. പക്ഷേ, നേരം വെളുക്കാറാകുമ്പോള്‍ പരക്കുന്ന അര്‍ധപ്രകാശത്തിലൂടെ രാജരഥ്യയിലൂടെയുള്ള നടത്തം എനിക്കു ഭയാവഹകമാണ്. സാഹിത്യത്തെ സംബന്ധിച്ചും എന്റെ മനോഭാവം ഇതാണ്. ഒന്നുകില്‍ കലാത്മകതയുടെ ഉജ്ജ്വലത. അല്ലെങ്കില്‍ കലാശൂന്യതയുടെ കൊടുംതിമിരം. ഇതുമാത്രമേ എനിക്ക് അംഗീകരിക്കാനാവൂ. അല്ലാതെ ലേശം പ്രകാശം, ലേശം ഇരുട്ട് ഇവയുള്ള കലാസൃഷ്ടികള്‍ എനിക്കഭിമതങ്ങളല്ല. A work of art is either good or bad എന്ന് ഒരെഴുത്തുകാരന്‍ പറഞ്ഞതിനോടാണ് ഞാന്‍ യോജിക്കുക'
ഇടതുവശത്തെ ഭിത്തിയില്‍ കൃഷ്ണന്‍നായരുടെ ജീവിതരേഖ, പുസ്തകസഞ്ചയത്തിന്റെ വിശദാംശങ്ങള്‍, ചില രേഖാചിത്രങ്ങള്‍. ഒപ്പം ആഴ്ചതോറും ലോകമെങ്ങുമുള്ള അക്ഷരങ്ങളുടെ അഴകളവുകള്‍ അടയാളപ്പെടുത്തിയിരുന്ന, അച്ചടിക്കുമ്പോള്‍ മൂര്‍ച്ചകൂടിയിരുന്ന, വെട്ടുംതിരുത്തുമുള്ള വടിവില്ലാത്ത കൈയക്ഷരത്തിലെ വാരഫലക്കുറിപ്പ്.
നീലയില്‍ എഴുതിയിരിക്കുന്നു:
സാഹിത്യവാരഫലം
(എം. കൃഷ്ണന്‍നായര്‍)
ചുവപ്പില്‍:
ചോദ്യം, ഉത്തരം
വീണ്ടും നീല:
'കോളേജുകളില്‍ സംഗീതാദ്ധ്യാപികമാരില്ലേ? അവരുടെ കൂട്ടത്തില്‍ പാടാനറിയുന്നവരുണ്ടോ?'
ചോദ്യത്തെ കീറിമുറിച്ചതുപോലെ ചുവന്ന ഉത്തരം:
'മ്യൂസിക് വേറെ, നോയിസ് വേറെ. ഇവ തമ്മിലുള്ള വ്യത്യാസം പലര്‍ക്കും അറിഞ്ഞുകൂടാ. അവര്‍ നോയിസ് ഉണ്ടാക്കിയിട്ട് അത് മ്യൂസിക്കാണെന്ന് അവകാശപ്പെടുന്നു. ഒരു മ്യൂസിക് പ്രൊഫസര്‍ വീട്ടിലിരുന്നു പാട്ടുപാടുമ്പോള്‍ അവരുടെ ഭര്‍ത്താവ് ഗേറ്റ് തുറന്ന് റോഡിലിറങ്ങിനില്‍ക്കും. അതിനു കാരണം അന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ''എന്റെ ഭായ്യ(യ്യക്ക് മുകളില്‍ ഒരു കുത്ത്)പാടുകയാണ്. ആ സന്ദര്‍ഭത്തില്‍ ഞാന്‍കൂടി വീട്ടിലുണ്ടായിരുന്നാല്‍ നിങ്ങളൊക്കെ വിചാരിക്കും ഞാന്‍ അവളെ വലിച്ചിട്ടു തല്ലുകയാണെന്ന്.'' അതുകൊണ്ട് അധികാരികള്‍ അവര്‍ക്ക് നിയമനം കോളേജില്‍ നല്‍കുന്നതിനുമുമ്പ് അവര്‍ക്ക് നോയിസും മ്യൂസിക്കും തമ്മിലുള്ള വ്യത്യാസം പറഞ്ഞുകൊടുക്കണം.'
നീലയില്‍ അടുത്ത ചോദ്യം:
'യേശുദാസിന്റെ നാദത്തിന് ഈ മാധുയ്യം വന്നതെങ്ങനെ?'
ഉത്തരം വീണ്ടും ചുവപ്പില്‍:
'ഈശ്വരന്‍ അദ്ദേഹത്തെ സൃഷ്ടിച്ച വേളയില്‍ സ്‌പെഷല്‍ വോക്കല്‍ കാര്‍ഡ്‌സ് തിരഞ്ഞെടുത്തു'
അത് വായിച്ചപ്പോള്‍ മനത്താളില്‍ തെളിഞ്ഞത് സാഹിത്യവാരഫലത്തില്‍ മുമ്പെങ്ങോ വായിച്ച മറ്റൊരു ചോദ്യോത്തരമാണ്.
'ജീവിതം ധന്യമാകുന്നത് എപ്പോള്‍?'
'യേശുദാസിനെപ്പോലെ പാടാന്‍ കഴിഞ്ഞാല്‍, നമ്പൂതിരിയെപ്പോലെ ചിത്രം വരയ്ക്കാന്‍ കഴിഞ്ഞാല്‍, മമ്മൂട്ടിയെപ്പോലെ സുന്ദരനാകാന്‍ കഴിഞ്ഞാല്‍, ശോഭനയെപ്പോലെ ഒരു സുന്ദരിക്ക് നിങ്ങളെ സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ധന്യമാകും.'
പണ്ടെങ്ങോ ഇതുപോലെ നീലയിലും ചുവപ്പിലും ചാലിച്ചെഴുതിയതാകണം ഈ നിര്‍വചനവും.
എഴുത്തുകാരുടെ പേരിനനുസരിച്ച് ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പുസ്തകങ്ങള്‍ അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആദ്യത്തേത് ആധുനിക ഹീബ്രു സാഹിത്യത്തിലെ അതികായന്‍ എസ്.വൈ. ആഗ്നണിന്റെ ഒണ്‍ലി യെസ്റ്റര്‍ഡേ എന്ന നോവലാണ്. കൃഷ്ണന്‍നായരുടെയും വാരഫലത്തിന്റെയും ഇന്നലെകളിലേക്കുള്ള ജാലകത്തുറപ്പ്.
ആദ്യപേജില്‍ സ്വന്തംപേര് സീലുകൊണ്ട് പതിപ്പിക്കും. ചിലതില്‍ ഇതുകൂടാതെ, പഠിപ്പിച്ചിരുന്ന കോേളജിന്റെ പേരുസഹിതമുള്ള സീലുമുണ്ട്. മൂന്നാമത്തെ പേജില്‍ ചുവപ്പുപേനകൊണ്ടാണ് വിലയെഴുതുക. വായനയ്ക്കിടെയുള്ള അഭിപ്രായങ്ങള്‍ ചിലതിന്റെ അരികുവശത്ത് പെന്‍സിലില്‍ കോറിയിടും. വായിച്ചുതീര്‍ന്ന തീയതിയും സമയവും അവസാനവരികള്‍ക്കുതാഴെ എം.കെ.എന്‍. എന്ന ചുരുക്കപ്പേരിനൊപ്പം രേഖപ്പെടുത്തുന്നതും പെന്‍സിലുപയോഗിച്ചുതന്നെ. ഇതായിരുന്നു കൃഷ്ണന്‍നായരുടെ രീതി. ചില പുസ്തകങ്ങളില്‍ ഗ്രന്ഥകാരന്റെയും കഥാപാത്രങ്ങളുടെയും പേരുകള്‍ ഉച്ചാരണശുദ്ധിക്കുവേണ്ടി നിഘണ്ടുവിലെന്നപോലെ ഉച്ചാരണ ചിഹ്നങ്ങള്‍, ഇന്റര്‍നാഷണല്‍ ഫൊണറ്റിക്‌സ് അക്ഷരമാല എന്നിവയാല്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ജോര്‍ജ് ഗിബിയന്‍ എഡിറ്റുചെയ്ത ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും മൂന്നാംപതിപ്പിന്റെ പുറംചട്ട റസ്‌കോള്‍നിക്കോഫിന്റെ ജീവിതംപോലെ ആകെ മുഷിഞ്ഞും നിറംമങ്ങിയും കാണപ്പെട്ടു. അതിന്റെ 231-ാം പേജില്‍ The man made no answer and did not even look at him. There was silence once more എന്ന വരിയില്‍ തുടങ്ങി He saw the man turn after he had gone some fifty paces and look back at him, എന്ന വരിവരെയുള്ള ഭാഗം പെന്‍സില്‍കൊണ്ട് നേര്‍വരയില്‍ അടയാളപ്പെടുത്തിയശേഷം ഏറ്റവും മുകളില്‍ ഗുണനചിഹ്നത്തിനൊപ്പം കൃഷ്ണന്‍നായര്‍ എഴുതിയിരിക്കുന്നു: what a marvellous writing!
അതിലെ മറ്റൊരു അധ്യായത്തിനൊടുവില്‍ MKN 8/5/94 എന്നതിന് കീഴേയുള്ള പെന്‍സിലക്ഷരങ്ങള്‍: one feels that the author is deliberately creating situations which are of course unnatural ചീകിമിനുക്കിയ ഈ മൊഴിക്കോലുകള്‍കൊണ്ട് ഒരുപക്ഷേ, പിറ്റേയാഴ്ച ഏതെങ്കിലും മലയാള നോവലിസ്റ്റോ ചെറുകഥാകൃത്തോ അളന്നെടുക്കപ്പെട്ടുകാണണം.
തിരയാന്‍ ഗൂഗിളിന്റെ ചതുരമില്ലാതിരുന്ന കാലത്താണ് എം. കൃഷ്ണന്‍നായര്‍ സ്വയം സെര്‍ച്ച് എന്‍ജിനായിമാറിയതും പലയിടങ്ങളില്‍നിന്നായി പലതരം പുസ്തകങ്ങള്‍ പരതിപ്പിടിച്ചതും വായനയെ വൃത്തനിബദ്ധമാക്കിയതും. അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് അവ പുസ്തകശാലകള്‍ പുറംനാടുകളില്‍നിന്ന് വരുത്തിച്ചുകൊടുക്കുകയായിരുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന സാഹിത്യവാരഫലം സമ്പൂര്‍ണത്തിന്റെ അവതാരികയില്‍ അതിന്റെ എഡിറ്റര്‍കൂടിയായ പ്രശസ്തനിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍ ഓര്‍മിക്കുന്നു:
''തിരുവനന്തപുരത്തെ അവിസ്മരണീയ ദൃശ്യങ്ങളിലൊന്നായിരുന്നു അലക്കിത്തേച്ചു വടിവാക്കിയ തൂവെള്ള ഉടുപ്പും മുണ്ടുമണിഞ്ഞ് കൈയില്‍ പുസ്തകങ്ങളുമായി പുസ്തകശാലകളിലും പാളയത്തെ ഇന്ത്യന്‍ കോഫി ഹൗസിലും പ്രത്യക്ഷപ്പെടുന്ന എം. കൃഷ്ണന്‍നായര്‍. ഹിഗ്ഗിന്‍ ബോതംസ്, ഇന്ത്യ ബുക്ഹൗസ്, മോഡേണ്‍ ബുക്ഹൗസ്, കറന്റ് ബുക്‌സ് തുടങ്ങിയ പുസ്തകക്കടകളിലെ മാനേജര്‍മാര്‍ അദ്ദേഹത്തിനുവേണ്ടി ഇംഗ്ലീഷിലുള്ള പുതിയ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തുവെച്ച് കാത്തിരുന്നു.''
ശരിയാണ്. ആന്‍ഫ്രാങ്ക്‌സ് ടെയ്ല്‍സ് ഫ്രം ദി സീക്രട്ട് അനക്‌സ് എന്ന പഴയപുസ്തകം എടുത്തുനിവര്‍ത്തിയപ്പോള്‍ ഏതോ ഫെബ്രുവരി ഒന്നാംതീയതി അതു വാങ്ങിയതിന്റെ ബില്‍. തിരുവനന്തപുരം ജി.പി.ഒ. ജങ്ഷനിലെ മോഡേണ്‍ ബുക് സെന്ററിന്റേത്. 30 രൂപയുള്ള പുസ്തകം മൂന്നുരൂപ കിഴിവോടെ 27 രൂപയ്ക്ക് നല്‍കിയിരിക്കുന്നു. വാങ്ങിയ ആളുടെ പേര് നീലമഷിയുടെ പേനകൊണ്ടെഴുതിയിട്ടുണ്ട് -പ്രൊഫ. എം. കൃഷ്ണന്‍നായര്‍.
അതുകണ്ട്, പേരിലെ പ്രൊഫസര്‍ വെട്ടിക്കളയണമെന്ന് നിരൂപകഗുരു ശാഠ്യംപിടിച്ചിട്ടുണ്ടാകുമോ? കാരണം പേരിനൊപ്പം ഒരിക്കലും പ്രൊഫസര്‍ എന്ന് ചേര്‍ക്കാതിരുന്ന കൃഷ്ണന്‍നായര്‍ ആ പദവിയെ നിര്‍വചിച്ചത് ഇങ്ങനെയായിരുന്നു:
''നടത്തത്തിന്റെ സവിശേഷതകൊണ്ടും വേഷത്തിന്റെ ഉജ്ജ്വലതകൊണ്ടും അജ്ഞതമറയ്ക്കാന്‍ സാമര്‍ഥ്യമുള്ളയാള്‍. പെന്‍ഷന്‍ പറ്റിയാലും അക്ഷരശൂന്യരെ അനുധാവനംചെയ്യുന്ന വാക്ക് '

വിശ്വസാഹിത്യത്തിലെ എല്ലാ താരാഗണങ്ങളും അണിനിരന്ന ആകാശമായിരുന്നു കൃഷ്ണന്‍നായരുടെ കിടപ്പുമുറി. അവിടെയിരുന്നാണ് അദ്ദേഹം രാവും പകലും വായിച്ചതും 'പുല്‍ക്കൊടികള്‍ നക്ഷത്രമാകരുതെ'ന്ന നിഷ്ഠയോടെ എഴുതിയതും. ആദ്യകാലത്ത് പുസ്തകങ്ങള്‍ വലിയ ബൈന്‍ഡ് കൂടുകളില്‍ കൂട്ടിയിട്ടിയിരിക്കുകയായിരുന്നു. 'കക്കൂസില്‍ പോകുമ്പോള്‍പ്പോലും അദ്ദേഹത്തിന്റെ കൈയില്‍ പുസ്തകമുണ്ടായിരുന്നു'വെന്ന് അനന്തരവനും ജീവചരിത്രകാരനും സംഗീതനിരൂപകനുമായ ടി.പി. ശാസ്തമംഗലം. പൊടിശല്യം ശ്വാസംമുട്ടലുണ്ടാക്കിത്തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ നിരൂപണത്തിലെ വൈദ്യകുലപതിക്ക് ചിട്ടവെച്ചു. രണ്ടാമത്തെ മകള്‍ രമ ഏഴ് അലമാരകള്‍ വാങ്ങിക്കൊടുത്ത് പുസ്തകപ്പക്ഷികളെ അതിലേക്ക് കൂടേറ്റി. അവയാണ് പില്‍ക്കാലം കാക്കനാട്ടേക്ക് പറന്നെത്തിയത്.
കൃഷ്ണന്‍നായരുടെ മുറിയിലെ ആകാശക്കീറുതന്നെയാണ് ഇവിടെയും. ബ്രഹ്തും നീറ്റ്‌ഷെയും ചോംസ്‌കിയും റസലും സാര്‍ത്രും യുങ്ങും ഉമ്പര്‍ട്ടോ എക്കോയുമെല്ലാം അയല്‍വാസികളെപ്പോലെ. സിമോണ്‍ ദി ബുവെയും ജെര്‍മെയ്ന്‍ ഗ്രീറും ലുക്കാസ്റ്റ മില്ലറും ഒരുമിച്ചിരുന്ന് ഫെമിനിസം പറയുന്നു. അര്‍നോള്‍ഡ് ടോയന്‍ബീയും വില്‍ ഡ്യുറാന്റും ഖനനംചെയ്‌തെടുത്ത ചരിത്രം അലമാരച്ചതുരത്തെ അതിലംഘിച്ച് കണ്ണില്‍ നിറയുന്നു. നിഘണ്ടുക്കള്‍ ഒട്ടേറെ. അതിലൊന്നില്‍ ബുദ്ധിസം ചിരിക്കുന്നു. കാളിദാസനില്‍നിന്ന് ഇറ്റാലൊ കല്‍വീനോയിലേക്ക് ഒരു കൈയകലം മാത്രം.
അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക് നൊബേല്‍ കിട്ടിയത് 2021-ലാണ്. പക്ഷേ, അതിനും പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഒരുപക്ഷേ കേരളത്തിലാരും ആ പേര് കേള്‍ക്കുന്നതിനുമുമ്പേ അദ്ദേഹം അഡ്മയറിങ് സൈലന്‍സ് എന്ന കടല്‍നീലക്കവറുള്ള പുസ്തകമായി കൃഷ്ണന്‍നായരുടെ കൂട്ടിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോഴും മങ്ങിയിട്ടില്ല അതിന്റെ തിളക്കം. വായനവേളയിലുണ്ടായിരുന്ന നിഷ്ഠകളുടെ അടയാളമായി ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന കൃതിയില്‍ കൃഷ്ണന്‍നായര്‍ ഉപയോഗിച്ച ബുക്ക് മാര്‍ക്. അതിലുള്ളത് ആ നോവലിലെ അനശ്വരകഥാപാത്രങ്ങളുടെ പേര്.
ഇംഗ്ലീഷ് ചാനല്‍പോലെ വിശാലമായ ഈ ആംഗലേയപുസ്തകപ്പരപ്പില്‍ എങ്ങനെയോ വന്നുപെട്ട ഒരു മലയാളത്തോണിയായി പുരാണിക് എന്‍സൈക്ലോപീഡിയയും കാണാം. പ്രളയജലത്തില്‍ ആലിലയെന്നോണം പാശ്ചാത്യ ഉത്തരാധുനികതയ്ക്കിടയിലെ പൗരസ്ത്യപൗരാണികത. സമ്മാനമായി കിട്ടിയ ഒറ്റപ്പുസ്തകമേ കണ്ടുള്ളൂ. ജെയിംസ് വുഡിന്റെ ദ് ബുക്ക് എഗെയ്ന്‍സ്റ്റ് ഗോഡ്. 'To, Prof. M. Krishnan Nair, With Love & Respect' എന്ന വരികള്‍ക്കൊപ്പം കൈയൊപ്പുമാത്രമിട്ട് സാഹിത്യത്തിലെ വിഗ്രഹഭഞ്ജകന് ആരോ സമര്‍പ്പിച്ചത്. അജ്ഞാതനായ ആരാധകാ... ഭൂമിയിലുണ്ടെങ്കില്‍ അറിയുക: താങ്കളുടെ സമ്മാനമിപ്പോഴും സുരക്ഷിതമായിരിക്കുന്നു.
The Anchor Book of Modern African Stories എന്ന പുസ്തകത്തിന്റെ അവതാരിക ചിന്നു അച്ചേബേയുടേതാണ്. അതിനടിയില്‍ MKN 29-1-03, 10.1 p.m എന്ന സമയരേഖയോടെ കൃഷ്ണന്‍നായരുടെ ഒരു കുസൃതിക്കുറിപ്പ്:
'Thank God, Chinua Achebe need two stories in this collection. കള്ളന്‍ അച്ചേബേ.'
ഒരു അലമാരത്തട്ട് മുഴുവന്‍ രതിസാമ്രാജ്യമാണ്. Sex and Repression in Savage Society, Intimate Relations: Exploring Indian Sexuality, Sexual Politics, Love and will, The history of Sexuality, The Soul of Sex അങ്ങനെ നീളുന്നു ഇണചേര്‍ന്നിരിക്കുന്ന പുസ്തകവംശം. ഒരുകാലം സാഹിത്യവാരഫലത്തിന് ചൂടേറ്റിയിരുന്ന ഉദ്ധരണികളുടെ ഉദ്ഭവസ്ഥാനം. വാരഫലത്തില്‍ ഒരുതവണ കൃഷ്ണന്‍നായര്‍ അതേക്കുറിച്ച് തുറന്നുപറഞ്ഞു:
''ചോദ്യം: താങ്കള്‍ ലൈംഗികഗ്രന്ഥങ്ങള്‍ ധാരാളമായി വായിക്കാറുണ്ടെന്ന് പറയുന്നല്ലോ?''
ഉത്തരം: ''കോളം എഴുതുന്നതിനുവേണ്ടിയാണത്. കോളം ജനകീയമാക്കാന്‍ അല്പം സെക്‌സ് വേണം.
ഹാവ്ലോക് എല്ലിസ് തൊട്ട് ധാരാളം ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.''
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: Birth anniversary of M. Krishnan Nair weekend article by Sarathkrishna
Published: 03 Mar 2024, 04:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented