മലയാളസാഹിത്യത്തെ നാല്‍പത് വര്‍ഷക്കാലം വിമര്‍ശനത്തിന്റെ കണിശതയില്‍ നിര്‍ത്തിയ സാഹിത്യവാരഫലക്കാരന്‍ എം. കൃഷ്ണന്‍ നായര്‍ ഓര്‍മയായിട്ട് പതിനെട്ട് വര്‍ഷം. നാല്‍പ്പതുവര്‍ഷത്തോളം ഒരു കോളം എഴുതുക, അതും സാഹിത്യത്തെക്കുറിച്ച്! അതിന് അക്കാദമി ബുജികള്‍ മുതല്‍ പെയിന്റിങ് തൊഴിലാളികള്‍ വരെ വായനക്കാരായി ഉണ്ടാവുക എന്നത് ഒരു അദ്ഭുതം തന്നെയാണ്. തന്റെ 'സാഹിത്യവാരഫലം' എന്ന കോളത്തെ എം. കൃഷ്ണന്‍നായര്‍ വിശേഷിപ്പിച്ചത് ലിറ്റററി ജേണലിസം എന്നാണ്.

To advertise here,

മലയാളനാടിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി വായനക്കാരിലേക്ക് എത്തിയ വാരഫലത്തിന്റെ ഒന്നാമത്തെ ഗുണം മുഖം നോക്കാതെയുള്ള വിമര്‍ശങ്ങളും വിലയിരുത്തലുകളുമാണ്. കലാകൗമുദി (പിന്നീട് സമകാലിക മലയാളം) കൈയില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക വാരഫലമായിരുന്നു. അത് തിരക്കുള്ള ബസ്സിലായാലും ആള്‍ക്കൂട്ടത്തിലായാലും മരണവീട്ടിലായാലും ശരി, വായിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. യാതൊരുവിധ പക്ഷം പിടിക്കലും വാരഫലത്തിന് ഉണ്ടായിരുന്നില്ല. പ്രശസ്തരും തുടക്കക്കാരും അതിപ്രശസ്തരുമൊക്കെ വാരഫലത്തിലൂടെ വിലയിരുത്തി വിചാരണ ചെയ്യപ്പെട്ടു.

ഗൂഗിളും വിക്കിപീഡിയയുമൊക്കെ പിറവികൊള്ളുംമുമ്പ്, വിദേശഭാഷകളിലെ നല്ല രചനകളെയും എഴുത്തുകാരെയും പരിചയപ്പെട്ടതും അവരുടെ സാഹിത്യത്തെക്കുറിച്ച് അറിഞ്ഞതും വാരഫലത്തിലൂടെയാണ്. മാര്‍കേസ്, ക്യൂറ്റ്സേ, പാസ്റ്റര്‍നാക്ക്, ഇസ്മയില്‍ കാദറെ, ചിന്നു അച്ചാബെ, നെരൂദ, തോമസ് മന്‍, നബക്കോഫ്, യസുനാറി കവാബത്ത തുടങ്ങി എത്രയെത്രയോ എഴുത്തുകാരുടെ ലോകങ്ങളിലേക്കു വാരഫലം ജാലകം തുറന്നിട്ടുതന്നിരിക്കുന്നു. മാര്‍കേസിന്റെ ഏകാന്തതയ്ക്കു നൊബേല്‍ കിട്ടുന്നതിനും എത്രയോ മുമ്പുതന്നെ ആ നൂറുവര്‍ഷങ്ങള്‍ നൊബേലിന് എന്തുകൊണ്ടും അര്‍ഹമാണെന്ന് വാരഫലത്തിലൂടെ സാര്‍ പറഞ്ഞുവെച്ചിരുന്നു. പലരും പറയുന്നതു കേട്ടിട്ടുണ്ട്, എം. കൃഷ്ണന്‍ നായര്‍ തുടക്കക്കാരുടെ കൂമ്പരിഞ്ഞ് അവരുടെ വളര്‍ച്ചയെ ഇല്ലാതാക്കി എന്ന്. തെറ്റായ വാദമാണത്. അരിഞ്ഞു മാറ്റേണ്ട കളകളെ അരിഞ്ഞുമാറ്റുക തന്നെ വേണം. മാത്രമല്ല, അദ്ദേഹത്തിന്റെ നിശിതവിമര്‍ശം ഏറ്റു വാങ്ങേണ്ടിവന്ന എസ്. സിതാരയും, യു.കെ. കുമാരനും കൊച്ചുബാവയും പൊയ്ത്തുംകടവുമൊക്കെ കൂടുതല്‍ നന്നായി എഴുതി വളരുന്നതാണ് നമ്മള്‍ കണ്ടത്. വാരഫലത്തിലെ രസകരവും ഉപകാരപ്രദവുമായ ഒരു ഭാഗമാണ് അതിലെ ചോദ്യം, ഉത്തരം എന്ന ഭാഗം.

ഒരു ചോദ്യം നോക്കൂ...'ഷേവ് ചെയ്ത് മൂര്‍ച്ചപോയ ബ്ലേഡു കൊണ്ട് പ്രയോജനം വല്ലതുമുണ്ടോ?' രസകരമായ ഈ ചോദ്യത്തെ അതിലും രസകരമായി സാഹിത്യവുമായി ബന്ധിപ്പിക്കുന്ന ഉത്തരം നോക്കൂ... 'ഉത്കൃഷ്ടങ്ങളായ വാരികകളില്‍ അപകൃഷ്ടങ്ങളായ കാവ്യങ്ങള്‍ വന്നാല്‍ ദേഷ്യത്തോടെ ആ വാരികകളെ ചുരുട്ടി കശക്കിയെറിയുന്നതു മര്യാദകേടാണ്. വാരികയോടുള്ള മര്യാദകേട്. അതുകൊണ്ട്, ബ്ലേഡ് എടുത്ത് ആ കാവ്യമച്ചടിച്ച പേജ് പതുക്കെ അങ്ങു കീറിമാറ്റാം. വാരികപോലും അതറിയില്ല.'

സാഹിത്യചോരണം കണ്ടുപിടിക്കുക മാത്രമല്ല, അത് തെളിവുസഹിതം വെളിപ്പെടുത്താനും മോഷ്ടിച്ച വ്യക്തിയുടെ പ്രശസ്തിയോ, രാഷ്ട്രീയ പിന്‍ബലമോ സാറിന് ഒരു തടസ്സമായിരുന്നില്ല. സുഗതകുമാരി ടീച്ചറുടെ 'അമ്പലമണികള്‍,' സരോജിനി നായിഡുവിന്റെ 'ദി ബെല്ലി'ന്റെ കാര്‍ബണ്‍ കോപ്പിയാണെന്നും പി. വത്സല ടീച്ചറുടെ ഗൗതമന്‍, ജെ. എം. ക്യൂറ്റ്സെയുടെ ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് മൈക്കല്‍ കെ എന്ന നോവലിന്റെ മോഷണമാണെന്നും സാര്‍ ഉറക്കെതന്നെ വിളിച്ചു പറഞ്ഞു. ഒ.എന്‍.വിയും പുനത്തിലുമൊക്കെ വാരഫലത്തിന്റെ വിചാരണക്കൂട്ടില്‍ കയറിയിട്ടുണ്ട്.

സ്വജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങള്‍ നര്‍മ്മത്തില്‍ പറഞ്ഞ് അവയെ, കഥയുമായോ കവിതയുമായോ ബന്ധിപ്പിച്ച് വിമര്‍ശിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്ന അദ്ദേഹത്തിന്റെ ആ ശൈലിക്ക് മൗലികതയും തീക്ഷ്ണതയും ഉണ്ടായിരുന്നു. ഒട്ടുമിക്ക മലയാള എഴുത്തുകാരും ആദരവോടെയും ചില്ലറ ഭയത്തോടെയുമാണ് വാരഫലത്തെ കണ്ടത്. നമുക്ക് ഇഷ്ടപ്പെട്ട രചനകളെക്കുറിച്ച് സാഹിത്യവാരഫലം എന്തു പറയുമെന്നറിയാന്‍ വായനക്കാരും കാത്തിരുന്നു. ചിലപ്പോഴൊക്കെ സാര്‍ നിരാശപ്പെടുത്തുമെങ്കിലും അതിനുമുണ്ടായിരുന്നു ഒരു സുഖം.

ഇന്ന് ആഘോഷിക്കപ്പെടുന്ന പല രചനകളും വായിച്ചു കഴിയുമ്പോള്‍ എം. കൃഷ്ണന്‍നായര്‍ ഉണ്ടായിരുന്നെങ്കിലെന്ന് വായനക്കാര്‍ ആശിച്ചുപോവും. വാരഫലത്തില്‍ പലവട്ടം പ്രശംസിക്കപ്പെടുകയും നല്ല കഥകള്‍ക്കു മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്ത കഥകളാണ്, തകഴിയുടെ 'വെള്ളപ്പൊക്കത്തിലും' ഒ.വി. വിജയന്റെ 'കടല്‍ത്തീരത്തും ' മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണ'വും ബഷീറിന്റെ 'ജന്മദിന'വും കാരൂരിന്റെ 'പൂവമ്പഴ'വും ഉറൂബിന്റെ 'വാടകവീടുകളും' മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'മൂന്നാമതൊരാളും' സേതുവിന്റെ ദൂതും.

ഇനിയൊരു സാഹിത്യവാരഫലമോ, കൃഷ്ണന്‍നായരോ മലയാളത്തിന് ഉണ്ടാവില്ല. പലരും വാരഫലത്തിനു തുടര്‍ച്ചയുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് നമ്മള്‍ കണ്ടതാണല്ലോ. എം. കൃഷ്ണന്‍നായര്‍ എന്ന നിരൂപകന്റെയും യഥാര്‍ത്ഥ വായനക്കാരന്റെയും നിത്യസ്മരണയ്ക്കു മുമ്പില്‍ വിനയത്തോടെ.