
അച്ഛൻ എന്നാൽ പുളിവടിയെന്നോ അരിച്ചൂരലെന്നോ ഒക്കെ അർഥമുള്ള കാലത്ത് ഒരച്ഛൻ തന്റെ കൗമാരക്കാരായ മൂന്ന് ആൺമക്കളുമായി ബാർ ഹോട്ടലിൽ പോയി.
‘‘മദ്യപിക്കണമെങ്കിൽ ആയിക്കോളൂ...’’
അച്ഛൻ പറഞ്ഞു. കുട്ടികൾ പരസ്പരം നോക്കി.
‘‘തുറന്നുപറയാൻ മടിക്കേണ്ട. നിങ്ങളുടെ പ്രായത്തിൽ എനിക്ക് കഴിക്കാൻ തോന്നിയിരുന്നു. മദ്യപാനം നല്ല ശീലമല്ല. ഒരിക്കലും മദ്യപാനി ആവുകയുമരുത്. എന്നുവച്ച് മദ്യം ഒരിക്കലും ഉപയോഗിക്കരുത് എന്നർഥമില്ല. അതിന്റെ രുചി അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് ഒരുമിച്ചു കഴിക്കാം. പപ്പായെ സുഹൃത്തിനെപ്പോലെ കണ്ടാൽ മതി. നിങ്ങളുടെ കാൽ നിലത്ത് ഉറയ്ക്കാതെവന്നാലും കുഴപ്പമില്ല. ഞാനത് മാനേജ് ചെയ്തോളാം.’’
മദ്യപിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞ് കുട്ടികൾ ഒഴിഞ്ഞു. പക്ഷേ, അവർക്കറിയാമായിരുന്നു അച്ഛൻ പറയുന്നത് വെറും വാക്കല്ലെന്ന്. കാരണം, ആ അച്ഛന്റെ പേര് സത്യനേശനെന്നായിരുന്നു. വെള്ളിത്തിരയിലെ അനശ്വരനടനായ സത്യൻ.
വാസ്തവത്തിൽ, സിനിമയിലേക്കാൾ വൈവിധ്യം നിറഞ്ഞവേഷങ്ങൾ സത്യൻ കെട്ടിയത് ജീവിതത്തിലായിരുന്നു. പക്ഷേ, അതൊന്നും അഭിനയമായിരുന്നില്ല. പട്ടിണി പൊറുതിമുട്ടിച്ചപ്പോൾ കുറെക്കാലം പാറമടയിൽ ജോലി ചെയ്തു. സ്കൂളിലും പാരലൽകോളേജിലും അധ്യാപകനായി. സെക്രട്ടേറിയറ്റിൽ ജോലി ചെയ്തു. നാടകനടനായി. മൂന്നുസഹോദരങ്ങളിൽ മൂത്തവനായിരുന്നതിനാൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിന്നീട് പട്ടാളത്തിൽ ചേർന്നു. മടങ്ങിയെത്തിയശേഷം പോലീസിന്റെ യൂണിഫോം അണിഞ്ഞു. പിന്നീട് സിനിമാനടനായി മലയാളികളുടെ ഹൃദയത്തിൽ ഇടംനേടി.
ഇത്രയേറെ വേഷങ്ങൾ കെട്ടിയാടുന്നൊരാളുടെ ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കുന്ന ട്വിസ്റ്റുകൾ സത്യന്റെ ജീവിതത്തിലും ഉണ്ടായി. പലപ്പോഴും ആ ജീവിതത്തെ നിർണയിച്ചുതന്നെ അത്തരം തിരിവുകളായിരുന്നു.
∙ട്വിസ്റ്റ് 1
കാലം 1928
പഠിച്ചു ജയിച്ച അട്ടക്കുളങ്ങര സ്കൂളിൽ സത്യനേശൻനാടാർ താൽക്കാലിക അധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒരുദിവസം ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിൽനിന്ന് ആളെത്തിയത്-അപ്പൻ കളരിയിൽ തെന്നിവീണു. കിടത്തിച്ചികിൽസ കൂടാതെ പറ്റില്ലെന്ന് ഡോക്ടർ. വീട്ടിൽ കൊണ്ടുപോയാലും എപ്പോഴും അടുത്തൊരാൾ വേണം. അനിയന്മാരുടെ പഠിത്തം മുടങ്ങാൻ പാടില്ല. അമ്മച്ചിയെ കഷ്ടപ്പെടുത്താനും വയ്യ. സ്കൂളിൽനിന്ന് അവധിയെടുക്കാൻ സത്യനേശൻ തീരുമാനിച്ചു. പക്ഷേ, മാനേജർ ലീവ് കൊടുത്തില്ല.
‘‘വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. ഞാനില്ലെങ്കിലും പഠിപ്പിക്കാൻ വേറെ ആൾവരും. പക്ഷേ, എന്റപ്പനെ നോക്കാൻ ഞാനേയുള്ളൂ.’’ സത്യനേശൻ കെഞ്ചി.
‘‘എങ്കിൽ രാജിവച്ചുപോയി അപ്പനെ നോക്കണം.’’
മാനേജർ പുച്ഛത്തോടെ ചിരിച്ചു. സത്യനേശൻ മേശപ്പുറത്തെ നോട്ടുപുസ്തകത്തിൽനിന്ന് ഒരു കടലാസ്‍ വലിച്ചുകീറി അതിൽ കുനുകുനാ എഴുതി, മടക്കി, മാനേജരുടെ മുന്നിലേക്കിട്ടു.
‘‘എന്താ ഇത്?’’
മാനേജർ നെറ്റിചുളിച്ചു.
‘‘രാജിക്കത്ത്. മനുഷ്യത്വമില്ലാത്തവരുടെകൂടെ ജോലി ചെയ്യാൻ എനിക്കു സൗകര്യമില്ല.’’
കൊടുങ്കാറ്റുപോലെ പുറത്തേക്കിറങ്ങിപ്പോകുന്ന സത്യനേശൻ നാടാരെ നോക്കി മാനേജർ മരവിച്ചിരുന്നു.
∙ട്വിസ്റ്റ് 2
കാലം 1941
ലോകമഹായുദ്ധ കാലം. എങ്ങും ആശങ്കയും ഭീതിയും. പട്ടിണി. അരക്ഷിതാവസ്ഥ. അതിനിടെ, ജർമനിക്കെതിരെ ബ്രിട്ടൻ യുദ്ധം തുടങ്ങി. മണിക്കൂറുകൾക്കകം ഇന്ത്യയും ബ്രിട്ടനൊപ്പം ചേരുന്നതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി പ്രഖ്യാപിച്ചു. ഇതോടെ തിരുവിതാംകൂറിലെ യുവാക്കൾ പട്ടാളത്തിൽ ചേരാൻ തിരക്കുകൂട്ടി. രക്ഷപ്പെടാൻ ഇതൊരു സുവർണാവസരമാണെന്ന് സത്യനേശൻ ഉറപ്പിച്ചു. കുടുംബം പച്ചപിടിക്കും. പക്ഷേ, വീട്ടിൽ പറഞ്ഞാൽ പൊട്ടിത്തെറി ഉറപ്പ്.
ആരെയും അറിയിക്കാതെയാണ് അപേക്ഷ അയച്ചത്. ജവാൻ തസ്തികയിലേക്കും ജൂനിയർ കമ്മീഷൻഡ് ഓഫീസർ തസ്തികയിലേക്കും പേരു ചേർത്തു. ഒടുവിൽ ജവാനായി പോസ്റ്റിങ്. ശമ്പളം മുപ്പത്തിമൂന്നുരൂപ. ബാംഗ്ലൂരിൽ ചെന്നുവേണം ചേരാൻ. വീട്ടിലറിഞ്ഞപ്പോൾ ഭൂകമ്പമായി. വീടിനുതുണയാകേണ്ട ആണൊരുത്തൻ വീടുപേക്ഷിച്ചു പോകുന്നു. യുദ്ധത്തിനുപോയാൽ മടങ്ങിവരുമെന്ന് ഒരുറപ്പുമില്ല. വീട്ടുകാർ കണ്ണീരോടെ എതിർത്തു. ഒടുവിൽ അപ്പന് ഒരു കത്തെഴുവച്ച് സത്യനേശൻ ആരുമറിയാതെ, രാത്രി വീടുവിട്ടിറങ്ങി.
ആ കത്ത് ഇങ്ങനെ:
‘‘എന്റെ ബഹുമാനമുള്ള അപ്പന്,
ഈ അവസരത്തിൽ എനിക്ക് അപ്പനെയും അമ്മച്ചിയെയും പിരിഞ്ഞു പോകേണ്ടി വന്നത് നമ്മുടെ ജീവിതനിലവാരമുയർത്തുന്നതിനുവേണ്ടിയാണ്. ഇപ്പോൾ എനിക്ക് കൂടുതൽ വരുമാനം കിട്ടുന്ന ജോലി ഇതൊന്നുമാത്രമാണ്. ഞാൻ പട്ടാളത്തിൽ ജോലിക്കു പോവുകയാണ്. താമസിയാതെ തിരിച്ചെത്തും.’’
∙ട്വിസ്റ്റ് 3
കാലം 1946
ബാംഗ്ലൂരിൽ എത്തിയ സത്യനേശൻ നായിക് തസ്തികയിലാണ് ജോയിൻ ചെയ്തത്. പിന്നീട് സുബേദാറായി സ്ഥാനക്കയറ്റം കിട്ടി. പക്ഷേ,അഞ്ചുവർഷം കഴിഞ്ഞപ്പോഴേക്കും മടങ്ങിവരാൻ വീട്ടിൽനിന്നു നിർബന്ധമായി. ഇനിയും വൈകിയാൽ ജീവനോടെയുണ്ടാവില്ലെന്ന് അപ്പന്റെ ഭീഷണി. മുറപ്പെണ്ണായ ജെസ്സിയും പരിഭവത്തിൽ. ജോലി രാജിവയ്ക്കാൻ ഉറപ്പിച്ചു. പക്ഷേ, കമാൻഡിങ് ഓഫീസർ രാജിക്കത്ത് കീറി ചവറ്റുകുട്ടയിലിട്ടു. സത്യനേശനെ കമ്മിഷൻഡ് ഓഫീസർ ആയി നിയമിക്കാൻ ശുപാർശനൽകിയിരിക്കയാണെന്ന രഹസ്യവും അദ്ദേഹം വെളിപ്പെടുത്തി. ഒരു ഇന്ത്യക്കാരൻ ഈ പദവിയിലേക്കെത്തുന്നത് വലിയ സംഭവമാണെന്നും അവസരം നഷ്ടപ്പെടുത്തുന്നത് മണ്ടത്തരമാണെന്നും സായിപ്പ് ഉപദേശിച്ചു. സ്ഥാനക്കയറ്റം കിട്ടിയശേഷം അവധിയെടുത്ത് നാട്ടിൽ പോയിവരാൻ സൗകര്യമൊരുക്കാമെന്നുകൂടി ഉറപ്പുകിട്ടിയപ്പോൾ സത്യനേശൻ വഴങ്ങി.
പക്ഷേ, കാത്തിരിപ്പ് മാസങ്ങൾ നീണ്ടിട്ടും പ്രമോഷൻ ഓർഡർ വന്നില്ല. വീണ്ടും വിടുതലിന് അപേക്ഷനൽകി. അവസാനം വിട്ടയയ്ക്കാൻ ഉത്തരവായി. മടക്കയാത്രയ്ക്ക് റെയിൽവേസ്റ്റേഷനിൽ നിൽക്കുമ്പോൾ ദൂരെനിന്ന് ഒരു കുതിരപ്പുറത്ത് കമാൻഡിംഗ് ഓഫീസർ പാഞ്ഞുവന്നു. തന്നെ യാത്രയാക്കാൻ അദ്ദേഹവും വരുന്നത് സത്യനേശന് അത്ഭുതമായി. സായിപ്പ് കൈപിടിച്ചു കുലുക്കിയശേഷം ഒരു കവർ കൈമാറി. തീവണ്ടിയിലിരുന്നിട്ടു വായിച്ചാൽ മതിയെന്നും നിർദേശിച്ചു. യാത്ര പുറപ്പെട്ടശേഷം സത്യനേശൻ ആകാംക്ഷയോടെ കത്ത് പൊട്ടിച്ചു:
‘‘സുബൈദാർ മേജർ സത്യനേശൻ നാടാർ ഈസ് പ്രമോട്ടഡ് അസ് കമ്മീഷൻഡ് ഓഫീസർ ഇൻ മിലിട്ടറി.’’
കണ്ണിൽനിന്നിറ്റിയ നീർത്തുള്ളികൾ ആരും കാണാതെ തുടച്ചു.
∙ട്വിസ്റ്റ് 4
കാലം 1946
തിരുവനന്തപുരത്ത് പുത്തൻകച്ചേരിയെന്നു വിളിപ്പേരുള്ള ഹജൂർകച്ചേരിയിൽ സർക്കാരിന്റെ ലിംഗ്വിസ്റ്റിക് വകുപ്പിൽ പരിഭാഷകനായി സത്യനേശൻനാടാർ ജോലിയിൽ പ്രവേശിച്ചു. സൈനികസേവനത്തിന്റെ പേരിൽ കിട്ടിയ ജോലിയാണ്. ദേഹം വിയർക്കുന്ന പണിയൊന്നുമല്ല. വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള, തൊട്ടാൽ പൊടിയുന്ന താളിയോലകൾ നടപ്പുഭാഷയിലേക്കു മൊഴിമാറ്റണം. പഴയ മലയാളം വിദ്വാനു പറ്റിയ ജോലി. പക്ഷേ, ചെന്നുകയറിയ ദിവസംമുതലേ മേലധികാരിയായ സൂപ്രണ്ടിന് സത്യനേശനോട് താൽപര്യമില്ല. നായർ പ്രമാണിത്തം നാടാരെ അടിമയെപ്പോലെ കാണാനാണ് അയാളെ ശീലിപ്പിച്ചിരിക്കുന്നത്. തെല്ലും കൂസാൻ പോയില്ല. പട്ടാളക്കാരന്റെ തലയെടുപ്പോടെ, മുന്നിലൂടെ നെഞ്ചുവിരിച്ചുനടന്നു. അത് അയാളെ കൂടുതൽ പ്രകോപിപ്പിച്ചു.
ഒരുദിവസം ഓഫീസിൽ ചെന്നുകയറിയപ്പോൾ സത്യനേശന്റെ കസേര ചരിഞ്ഞുകിടക്കുന്നു. താളിയോലകൾ സൂക്ഷിച്ച മേശ തുറന്നുകിടക്കുന്നു. രണ്ടുമൂന്ന് ഓലകൾ പൊട്ടിയിട്ടുമുണ്ട്. ആരോ മനഃപൂർവം ചെയ്തതാണെന്ന് ഉറപ്പ്.
‘‘ഇതൊക്കെ സൂക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്.’’
സൂപ്രണ്ട് കയർത്തു.
‘‘മേശയ്ക്ക് പൂട്ട് വയ്ക്കണമെന്നു ഞാൻ പലവട്ടം പറഞ്ഞതല്ലേ?’’
സത്യനേശൻ വാദിച്ചു.
‘‘അതൊന്നും എനിക്കറിയേണ്ട. താളിയോലകൾ കേടുവരുത്തിയതിന് നിങ്ങൾക്കെതിരെ നടപടിയെടുക്കും. താൻ പട്ടാളത്തിലും ഇങ്ങനെ നിരുത്തരവാദമായിട്ടാണോ ജോലി ചെയ്തിരുന്നത്?’’
സൂപ്രണ്ട് ഗർജ്ജിച്ചു.
‘‘പട്ടാളത്തിൽ വിവരവും ബോധവുമുള്ള മേലധികാരികളുണ്ടായിരുന്നു. സഹപ്രവർത്തകരോട് അന്തസ്സോടെ പെരുമാറുന്നവർ.’’
‘‘ഓ...ഇവിടെ ഇങ്ങനെയൊക്കെയേ പറ്റൂ. വയ്യെങ്കിൽ മതിയാക്കി പൊയ്ക്കോ.’’
‘‘അതുതന്നെയാണ് ചെയ്യാൻ പോകുന്നത്.’’
നോട്ട്പാഡിൽനിന്ന് ഒരു കടലാസ് കീറിയെടുത്ത് രാജിക്കത്തെഴുതി മുന്നിലേക്കിട്ടുകൊടുത്തു. പിന്നെ കൈവീശി, നെഞ്ചുവിരിച്ച് പുറത്തിറങ്ങി. ഇരുപത്തിരണ്ടുദിവസം നീണ്ട ഉദ്യോഗപർവത്തിന് അതോടെ സമാപ്തി.
∙ ട്വിസ്റ്റ് 5
കാലം 1947
തിരുവനന്തപുരം പേരൂർക്കട സ്പെഷൽ ആംഡ് പോലീസ് ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ എഎസ്ഐ സത്യനേശൻ പ്രത്യേക ദൗത്യവുമായി ആലപ്പുഴയിൽ എത്തുന്നു. 1946 ഒക്ടോബർ 24ന് പുന്നപ്രയിലും 27ന് വയലാറിലും- ഉണ്ടായ രക്തച്ചൊരിച്ചിലിനുശേഷം ആലപ്പുഴയിലെ ജീവിതം അട്ടിമറിഞ്ഞിരുന്നു. പോലീസ് സ്റ്റേഷൻ തീവയ്പ് അടക്കമുള്ള കേസുകളിൽ പ്രതികളായ യൂണിയൻ നേതാക്കളെ ഏതുവിധവും പിടികൂടി പാഠം പഠിപ്പിക്കാനുള്ള രഹസ്യദൗത്യമായാണ് സത്യനേശൻ എത്തിയിരിക്കുന്നത്. പിൽക്കാലത്ത് തനിക്കുവേണ്ടി തിരക്കഥയൊരുക്കിയ ശാരംഗപാണി ഉൾപ്പെടെയുള്ളവരെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച സത്യനേശൻ ആലപ്പുഴയെ വിറപ്പിച്ച ‘നാടാർ എസ്ഐ’ ആയി വിലസി. അതിന്റെ ശിക്ഷയും കിട്ടി; ഒരു രാത്രി ഒരുസംഘം ആളുകൾ പതിയിരുന്ന് പൊതിരെ തല്ലി.
വൃശ്ചികത്തണുപ്പുള്ള ഒരു രാത്രി, ഏതാനും പ്രതികളെ പിടികൂടാനിറങ്ങിയ എഎസ്ഐ സത്യനേശനു മുന്നിലേക്ക് ഓച്ചിറ പരബ്രഹ്മോദയ നടനസഭയുടെ നാടകസംഘത്തെ കാലം ഒരു നിയോഗവുമായി കെട്ടിയിറക്കി. നാടകത്തിൽ മുഖ്യവേഷമഭിനയിക്കുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർക്കായിരുന്നു സത്യന്റെ മനസ്സിലെ അഭിനയത്തിന്റെ തീപ്പൊരി ആളിക്കത്തിക്കാനുള്ള നിയോഗം.
മലയാള സിനിമയെ ചെന്നൈയിൽനിന്നു കേരളത്തിലേക്കു പറിച്ചുനടാനുള്ള ശ്രമത്തിലായിരുന്നു അന്നു ഭാഗവതരും അദ്ദേഹത്തിന്റെ സഹോദരൻ ആലപ്പി വിൻസെന്റും അടങ്ങുന്ന സൗഹൃദസംഘം. കുട്ടനാട് പുളിങ്കുന്ന് മാളിയംപുരയ്ക്കലെ ‘കുഞ്ചാക്കോ’ എന്നു വിളിപ്പേരുള്ള എം.സി.ചാക്കോ ആയിരുന്നു അവരുടെ നേതാവ്. പാതിരപ്പള്ളിയിലെ ആറേക്കർഭൂമിയിലെ ഓലക്കെട്ടിടത്തിൽ ഉദയാസ്റ്റുഡിയോ തുറന്നപ്പോൾ ഭാഗവതർ സത്യനേശനോടു പറഞ്ഞു:
‘‘ഇനി ലോകം ചലിക്കുന്ന ചിത്രങ്ങളുടേതാണെന്നാ വിവരമുള്ള എല്ലാരും പറയുന്നത്....അതുകൊണ്ട് അഭിനയം ഇഷ്ടമാണെങ്കിൽ ധൈര്യമായി പോലീസിലെ ജോലി കളഞ്ഞാട്ടെ...’’
ആ വാക്കുകൾ മനസ്സിൽ വീണ വിത്തായി, ചെടിയായി, മരമായി,തണലായി.
∙ ട്വിസ്റ്റ് 6
കാലം 1951
പോലീസ് ജോലിയിൽനിന്ന് അവധിയെടുത്ത്, രണ്ടും കൽപ്പിച്ച് സത്യനേശൻ അഭിനയമോഹത്തിനുപിന്നാലെ പോയി. അന്നത്തെ മുഖ്യമന്ത്രി സി.കേശവന്റെ മകനും കൗമുദി പത്രാധിപരുമായിരുന്ന ബാലകൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ‘ത്യാഗസീമ’യാണ് അതിന് വഴിയൊരുക്കിയത്. പക്ഷേ, തിരുവനന്തപുരം ശാസ്തമംഗലത്ത് മാസങ്ങളോളംനീണ്ട റിഹേഴ്സലിനൊടുവിൽ സിനിമ മുടങ്ങി. മന്ത്രിസഭ മാറിയതോടെ സിനിമയുടെ സാമ്പത്തികസഹായം നിലച്ചതാണു പ്രശ്നം. അധികാരസമവാക്യം മാറിയതോടെ അവധി റദ്ദാക്കി അടിയന്തരമായി ജോലിയിൽ തിരിച്ചുകയറാൻ മേലധികാരികളുടെയും ഉത്തരവായി. ധർമസങ്കടത്തിലായ സത്യനേശന്റെ മനസ്സിലേക്ക് ബാലകൃഷ്ണനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ നാടകകൃത്ത് സി.എൻ.ശ്രീകണ്ഠൻനായരും പത്രപ്രവർത്തകനായ എൻ.രാമചന്ദ്രനും അടുത്ത തീപ്പൊരിയിട്ടു.
‘‘പലവള്ളത്തിൽ ചവിട്ടാതെ, താൻ അഭിനയത്തിൽ ഫോക്കസ് ചെയ്യൂ...’’ അവരുടെ ഉപദേശം. അത് അനുസരിക്കാൻ സത്യൻ ഉറപ്പിക്കുന്നു. പോലീസിലെ ജോലി രാജിവയ്ക്കുന്നു.
∙ട്വിസ്റ്റ് 7
കാലം 1952
എഡിറ്റിങ് മുറിയിലെ നരച്ച ഇരുട്ടിൽ, മൂവിയോളയിൽ നോക്കിയിരുന്ന മെറിലാൻഡ് സ്റ്റുഡിയോ ഉടമ പി.സുബ്രഹ്മണ്യം കുതിരപ്പുറത്തുപായുന്ന നായകനെ നോക്കി. മെറിലാൻഡ് പുതുതായി നിർമിക്കുന്ന ചലച്ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നതറിഞ്ഞ് കൗമുദി ബാലകൃഷ്ണൻ കൊടുത്തയച്ച ഫിലിമായിരുന്നു അത്. അദ്ദേഹത്തിന്റെ മുടങ്ങിപ്പോയ ചിത്രത്തിലെ ഭാഗം.
നേമത്ത് മെറിലാൻഡ് സ്റ്റുഡിയോ നിർമിച്ചശേഷം ആദ്യമായി നിർമിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരേസമയം ഒരുക്കാനാണുദ്ദേശം. മലയാളത്തിൽ ‘ആത്മസഖി,’ തമിഴിൽ ‘പ്രിയസഖി.’ ഏറെ അഭിനയസാധ്യതയുള്ള വേഷമാണ്. ആളെ നേരിട്ടു കാണാതെ ഉറപ്പിക്കാൻ പറ്റില്ല. വിളിച്ചു വരുത്തി.
അക്കാലത്തെ സൂപ്പർസ്റ്റാർ തിക്കുറിശ്ശിയേക്കാൾ പ്രായം. കരിവീട്ടിയുടെ നിറം, ഉയരം കുറഞ്ഞു തടിച്ചുകുറുകിയ ശരീരം. പൊരുത്തമില്ലാത്ത കൈകാലുകൾ, കുറുകിയ വിരലുകൾ....ഫോട്ടോയിലും മൂവിയോളയിലും കണ്ടതുപോലേ അല്ല. സിനിമയിലെ ഒരു നായകനുവേണ്ട ലക്ഷണങ്ങളൊന്നുമില്ല, ഈ മനുഷ്യന്.
‘‘ഇതുതന്നെയാണോ ആൾ?’’
സത്യനേശനെ ചമയക്കാരൻ അകത്തേക്കു കൂട്ടിക്കൊണ്ടുപോയപ്പോൾ സുബ്രഹ്മണ്യം മുതലാളി മകനോടു ചോദിച്ചു.
‘‘അതേ. അച്ഛാ. അഭിനയിക്കുമ്പോൾ അച്ഛൻ കണ്ടോളൂ...’’
കുമാറിന്റെ വാക്കുകൾ സുബ്രഹ്മണ്യം അവിശ്വാസത്തോടെ കേട്ടു.
തെല്ലുകഴിഞ്ഞപ്പോൾ മുന്നിൽ ചമയമണിഞ്ഞു സത്യനേശൻ. വെളുത്തകുപ്പായവും കറുത്തപാന്റുമാണു വേഷം. വലംകൈ ഇടംകൈയിൽ തിരുമ്മി തെല്ലു തലചെരിച്ചുള്ള ആ നോട്ടത്തിൽ വല്ലാത്തൊരു ആകർഷണം.
‘‘ഡയലോഗ് കൊടുത്തേ...’’
സംവിധായകൻ റാവുവിനോട് മുതലാളി നിർദേശിച്ചു. അഭിനയം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. എന്തൊരു സ്വാഭാവികത. ഒരു നടന്റെയും അനുകരണമില്ല.
‘‘നായകൻ സത്യനേശൻതന്നെ. മലയാളത്തിലും തമിഴിലും.’’
സുബ്രഹ്മണ്യം മുതലാളി പ്രഖ്യാപിച്ചു. അന്നുതന്നെ സത്യനേശനു പുതിയ പേരുനൽകി സിനിമയിലേക്ക് ജ്ഞാനസ്നാനവും ചെയ്തു-സത്യൻ!
∙ട്വിസ്റ്റ് 8
കാലം 1954
സത്യൻ നടനായി. ഏതാനും സിനിമകളിൽ തിളങ്ങി. പക്ഷേ, പിന്നീട് അവസരമില്ലാതായി. ആരും വിളിക്കുന്നില്ല. അതേസമയം, ഒപ്പം അഭിനയിച്ചുതുടങ്ങിയ ചിറയൻകീഴുകാരൻ അബ്ദുൽഖാദർ എന്ന പ്രേംനസീറിന് കൈനിറയെ സിനിമ. അയാളുടെ സിനിമകൾ കൊട്ടക നിറഞ്ഞോടുന്നു. സിനിമാനടനായതുകൊണ്ട് പുറത്ത് പരസ്യമായി ഇറങ്ങിനടക്കാൻ വയ്യ. കൈയിൽ കാശില്ല. സിനിമയിൽ അഭിനയിച്ചിട്ട് വീണ്ടും നാടകത്തിലേക്ക് പോകാൻ മടി. ഒടുവിൽ പലരുടെയും നിർബന്ധത്തിനുവഴങ്ങി, സുഹൃത്തും അഭ്യുദയകാംക്ഷിയുമായ കൗമുദി ബാലകൃഷ്ണനെ പോയിക്കണ്ടു. വിവരമറിഞ്ഞപ്പോൾ ബാലകൃഷ്ണൻ ഒരു കത്തെഴുതി, ലക്കോട്ടിലിട്ട് സത്യനു നീട്ടി.
‘‘നേരേ മദിരാശിയിൽ പോവുക. എഗ്മോറിൽ വണ്ടിയിറങ്ങി മാമ്പലത്ത് ഗോപാലകൃഷ്ണ റോഡിലുള്ള അസോസിയേറ്റഡ് പിക്ചേഴ്സിന്റെ ഓഫീസിൽ ചെല്ലണം. അവിടെ മുകളിലത്തെ നിലയിൽ കഥയെഴുതുന്ന പൊൻകുന്നം വർക്കിയുണ്ട്. അദ്ദേഹത്തെ കണ്ട് ഈ കത്തുകൊടുക്കുക.’’
അനുസരിച്ചു. മദ്രാസിനു വണ്ടികയറി. പൊൻകുന്നം വർക്കിയുടെ മുറിയുടെ വാതിലിൽ തട്ടി. കമ്യൂണിസ്റ്റ്കാരെ തല്ലിച്ചതച്ച എസ്.ഐ. സത്യനേശൻ നാടാരോടുള്ള ദേഷ്യമായിരുന്നു വർക്കിയുടെ മുഖത്ത്. ആദ്യം പൊതിരെ പഴി പറഞ്ഞു. പിന്നെ തണുത്തു.
‘‘ഞാൻ നിങ്ങളെ അന്വേഷിച്ചിരുന്നു. അത് എന്റെ ജോണിയെ നിങ്ങളെ ഏൽപ്പിക്കാനാണ്. തന്നെപ്പോലെ സ്കൂളിലെ ജോലി രാജിവച്ച് പട്ടാളത്തിൽ ചേർന്ന ആളാണു ജോണി.’’
വർക്കി ഒരു കഥ പറഞ്ഞു. കഥകേട്ട് സത്യൻ തരിച്ചിരുന്നു. അങ്ങനെ ‘സ്നേഹസീമ’യെന്ന സിനിമയുടെ തുടക്കമായി. അതിലെ ജോണിയുടെ വേഷം സത്യൻ എന്ന നടൻ മലയാളസിനിമയുടെ അനിവാര്യതയാണെന്ന് അടിവരയിട്ടു.
∙ട്വിസ്റ്റ് 9
കാലം 1965
കൊടുങ്ങല്ലൂർക്കടലിൽ ‘ചെമ്മീൻ’ സിനിമയുടെ ചിത്രീകരണം. പുലരിവെളിച്ചം വീണുതിളങ്ങിയ കടലിന്റെ ഭംഗി ഛായാഗ്രാഹകൻ മാർക്കസ് ബർട്‌ലി യു.രാജഗോപാലിന്റെ സഹായത്തോടെ ഒപ്പിയെടുത്തുകൊണ്ടിരുന്നു. ചിത്രീകരണം കാണാൻ അഴീക്കൽ മുനക്കൽ അഴിമുഖത്തുകൂടിയ വൻ ജനാവലിയിൽ നിന്നു രക്ഷപ്പെട്ട് വള്ളങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടം ദൂരെയെത്തി. സത്യനും സംവിധായകൻ രാമുകാര്യാട്ടും ഉൾപ്പെടെ ഇരുപത്തഞ്ചോളം പേരാണു ചങ്ങാടത്തിലുണ്ടായിരുന്നത്.
ചങ്ങാടത്തിൽ കയറുകൊണ്ടു ബന്ധിച്ച വള്ളത്തിലേക്ക് സത്യനിറങ്ങി. സംവിധായകൻ ആക്‌ഷൻ പറഞ്ഞതോടെ സത്യൻ പളനിയായി രൂപാന്തരപ്പെട്ടു. സ്രാവിന്റെ പിടിയിൽനിന്ന് ജീവൻ രക്ഷിക്കാൻ തന്റേടം തുഴയാക്കിയ മുക്കുവന്റെ ഭാവം മുഖത്ത് തിരയടിച്ചു.
പെട്ടെന്ന് ചുഴിയിൽ പെട്ട് ചങ്ങാടം ഒന്നു കുലുങ്ങി. നോക്കിനിൽക്കെ കടലിന്റെ ഭാവം മാറി. പടിഞ്ഞാറുനിന്ന് കൂറ്റൻ തിരകൾ പൊട്ടിത്തുടങ്ങി.
‘‘സത്യൻസാറേ മടങ്ങിപ്പോര്....കടലിളകി.’’
തുറക്കാർ അലറിപ്പറഞ്ഞത് കടൽക്കാറ്റ് വിഴുങ്ങി. ഒരു കൂറ്റൻതിര വള്ളത്തെയും ചങ്ങാടത്തെയും എടുത്തെറിഞ്ഞു.
‘‘മടങ്ങിപ്പോകാം. പെട്ടെന്നുവേണം.’’
മുന്നിലെ യന്ത്രബോട്ടിൽ നിന്നു സ്രാങ്ക് വിളിച്ചുറഞ്ഞു. കലിപിടിച്ച കടലിൽ തുടരെ തിരപൊട്ടിക്കൊണ്ടിരുന്നു. തെറിച്ചുയർന്ന വള്ളത്തിൽ സത്യൻ രണ്ടുതവണ നിലതെറ്റിവീണു.
‘‘അയ്യോ....നമ്മൾ പെട്ടു.’’
തുറക്കാർ ദൂരേക്കു പേടിയോടെ വിരൽചൂണ്ടി. അവിടെ ഒരു രാക്ഷസത്തിര ഉരുണ്ടുകൂടുകയായിരുന്നു. സത്യന്റെ വള്ളം ചങ്ങാടത്തിലേക്കടുപ്പിക്കാൻ എല്ലാവരും ചേർന്ന് കയർ ആഞ്ഞുവലിച്ചു. അപ്പോഴേക്കും കാതടപ്പിക്കുന്ന ശബ്ദത്തോടെ തിരപൊട്ടിച്ചിതറി. ചങ്ങാടം തെറിച്ചുപൊങ്ങി. വള്ളവുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി. നോക്കിനിൽക്കെ വള്ളം ചുഴിതിരിഞ്ഞ് അകന്നുകൊണ്ടിരുന്നു. അടുത്തനിമിഷം ഒരു യന്ത്രബോട്ടിരമ്പിയെത്തി.
പിറ്റേന്നത്തെ പത്രങ്ങളിൽ ഇങ്ങനൊരു വാർത്ത വന്നു:
കടലിൽപ്പെട്ട സിനിമാ സംഘത്തെ
ബോട്ടുഡ്രൈവർ രക്ഷിച്ചു
സ്വന്തം ലേഖകൻ
കൊടുങ്ങല്ലൂർ, ജൂലൈ 17: അഴീക്കോട് അഴിമുഖത്തുനിന്ന് അരമൈൽ പടിഞ്ഞാറുവച്ച് ഇന്നുണ്ടായ ഒരത്യാഹിതത്തിൽ ജീവൻ അപകടപ്പെടുമായിരുന്ന അമ്പതോളം ചലച്ചിത്രപ്രവർത്തകരെ ഒരു ഫിഷിംഗ് ബോട്ടിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരിക്കുന്നു.
‘ചെമ്മീനി’ലെ കഥാനായകനായ പളനിയുടെ അന്ത്യരംഗം കടലിൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഒരു സിനിമാ നിർമ്മാണസംഘമാണ് ഈ അപകടത്തിൽപ്പെട്ടത്. രണ്ടു വള്ളങ്ങളിൽ ഘടിപ്പിച്ചിരുന്ന ചെങ്ങാടത്തിൽ ഷൂട്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ചെങ്ങാടം വലിച്ചുകൊണ്ടുപോയ ബോട്ടുമായുള്ള കയർബന്ധം ശക്തിയായ അടിയൊഴുക്കിനെത്തുടർന്ന് തകർന്നു. ഇതേത്തുടർന്ന് ഉഗ്രമായ തിരമാലകളിൽപ്പെട്ട് ആടിയുലഞ്ഞ ചെങ്ങാടത്തിൽനിന്ന് ആളുകളും ഉപകരണങ്ങളും കടലിലേയ്ക്കു തെറിച്ചുവീണു. ചെങ്ങാടം വലിച്ചിരുന്ന ബോട്ടും സംഘത്തിന്റെ വക മറ്റൊരു ബോട്ടും തിരമാലകളിൽപ്പെട്ട് അകന്നുപോയതേയുള്ളു.
പലരുടെയും ജീവന്റെ നിമിഷങ്ങൾ എണ്ണപ്പെട്ട ഈ അവസരത്തിൽ ഒരു ഫിഷിംഗ് ബോട്ട് തിരമാലകളെ കടന്നെത്തി. അതിന്റെ ഡ്രൈവർ ജബ്ബാർ ജീവനെ തൃണവൽഗണിച്ച് തിരമാലകളുടെ മദ്ധ്യത്തിലേയ്ക്ക് എടുത്തുചാടി. താണുകൊണ്ടിരുന്നവരെയെല്ലാം അദ്ദേഹം സ്വന്തം ബോട്ടിനുള്ളിലെത്തിച്ചു. ജബ്ബാർ ബോട്ടുമായി എത്തിയില്ലായിരുന്നെങ്കിൽ ചെമ്മീന്റെ ഡയറക്ടകർ രാമുകാര്യാട്ടും നായകനായ സത്യൻ, ക്യാമറാമാൻ യു.രാജഗോപാൽ, ശിവൻ തുടങ്ങി അമ്പതോളം പേരുടെ ജീവൻ അപകടത്തിലാകുമായിരുന്നു.
∙ട്വിസ്റ്റ് 10
കാലം 1970
മദിരാശിയിലെ കർപ്പകം സ്റ്റുഡിയോയിൽ ‘സ്ത്രീ’ എന്ന സിനിമയിലെ പാട്ടിന്റെ ചിത്രീകരണം. അതു കഴിഞ്ഞ് വിശ്രമിക്കുമ്പോൾ നടി ശാരദ ഒരു പൊതി സത്യനു നീട്ടി.
‘‘സുഗന്ധപ്പാക്കും ഗ്രാമ്പൂവുമൊക്കെ ചേർത്തുണ്ടാക്കിയ സ്പെഷൽ സാധനമാണ്. കഴിച്ചുനോക്കിയാട്ടെ.’’
ഊണുകഴിഞ്ഞപാടെ ഒരുപൊതി വായിലിട്ടു. ഗംഭീരമെന്നു തോന്നിയപ്പോൾ ഒരുപൊതികൂടി ചവച്ചു.
വീണ്ടും ചിത്രീകരണം തുടങ്ങി. പക്ഷേ കട്ട് പറഞ്ഞിട്ടും സത്യന് അനക്കമില്ല. കഴുത്തിൽനിന്നു വിയർപ്പിറ്റുന്നു. അടുത്തനിമിഷം ഉടൽ കുഴഞ്ഞുവീണു. അതായിരുന്നു തുടക്കം.
അടുത്തദിവസം ‘കൽപന’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഇത് ആവർത്തിച്ചു. അതോടെ മദിരാശിയിലെ കെ.ജെ.ഹോസ്പിറ്റലിൽ ഡോക്ടർ ജഗദീശിനു മുന്നിൽ എത്തി. വിശ്രമം നിർദേശിച്ചു.
ക്ഷീണവും തലചുറ്റലും കുറഞ്ഞതിൽ സമാധാനിച്ചിരിക്കുമ്പോൾ പല്ലിനിടയിലൂടെ രക്തമിറ്റാൻ തുടങ്ങി. ഒപ്പംവയറിനും സുഖമില്ലാതായി. വയറിളക്കം നിൽക്കാൻ കുത്തിവച്ച ഭാഗം നീരുവന്നു വീർത്തു പഴുത്തു. വീണ്ടും ജഗദീശൻ ഡോക്ടറെ സമീപിച്ചു. ആശുപത്രിയിൽ അഡ്മിറ്റാക്കി. പരു കീറി.
കുറച്ചുകഴിഞ്ഞപ്പോൾ രോഗം പിന്നെയും വഷളായി. പ്രസിദ്ധനായ ഡോക്ടർ നാരായണപൈയെ വരുത്തി. വില്ലൻ മൾട്ടിപ്പിൾ മൈലോമയാണെന്നു തിരിച്ചറിഞ്ഞു–അസ്ഥികളെ ദുർബലമാക്കുന്ന മാരകമായ കാൻസർ. രോഗം വഷളായിരിക്കുന്നു, ഇപ്പോഴത്തെ അവസ്ഥയിൽ പരമാവധി ആറുമാസത്തെ ആയുസ്സേ ഉള്ളൂ എന്ന് ഡോക്ടർമാരുടെ സംഘം വിധിച്ചു.
ഇനി സത്യന്റെ അവസാനനിമിഷങ്ങൾ മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖകന്റെ സത്യം നോവലിൽ നിന്ന്:
1971, ജൂൺ 14
മദിരാശി
മുട്ടമഞ്ഞ പടർന്നതുപോലെ മദിരാശിയുടെ പുലരി തിളങ്ങി. കത്തിരിവെയിലിന്റെ ചൂട് ആശുപത്രിവരാന്തയിൽ പുഴുക്കമായി നിറഞ്ഞു. ഐ.സി.യുവിലേക്ക് ഡോക്ടർമാരും നഴ്സുമാരും തിരക്കിട്ടുപോവുകയും അടക്കിപ്പിടിച്ച് സംസാരിച്ച് മടങ്ങുകയും ചെയ്തുകൊണ്ടിരുന്നു. മുൻപു കണ്ടിട്ടില്ലാത്ത മുഖങ്ങളും ഡോക്ടർമാരുടെ കൂട്ടത്തിലുണ്ടെന്നതു ശ്രദ്ധിച്ചു. ഡോക്ടർ പൈയും ഡോക്ടർ ജഗദീശനും എല്ലാ വിദഗ്ധരുമായും കൂടിയാലോചിച്ചാണു തീരുമാനമെടുക്കുന്നതെന്ന് തെല്ലുമുൻപ് ജോസഫ് പറഞ്ഞത് സതീഷ് ഓർത്തു.
ഉച്ചയോടെ സതീഷിനെയും ജെസ്സിയെയും ഡോക്ടർ ജഗദീശൻ തന്റെ മുറിക്കുള്ളിലേക്കു വിളിപ്പിച്ചു. തോപ്പിൽഭാസിയും പി.ഭാസ്കരനും പ്രേംനസീറും നേരത്തേതന്നെ ഡോക്ടർ പൈയോടൊപ്പം അവിടെയെത്തിയിരുന്നു. ഡോക്ടർ വിശ്വേശ്വരൻ ജെസ്സിക്കും സതീഷിനും ഇരിപ്പിടങ്ങൾ ഒരുക്കി.
‘‘വിളിപ്പിച്ചത്, നമ്മൾ ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമയമായി എന്നറിയിക്കാനാണ്.’’
ഡോക്ടർ ജഗദീശൻ ആരുടെയും മുഖത്തുനോക്കാതെ, മേശപ്പുറത്തെ ചില്ലുഗോളം കൈവിരലുകളിൽ തിരിച്ചുകൊണ്ടാണു സംസാരിച്ചത്.
‘‘അകത്തു കിടക്കുന്നത് ഒരു സെലിബ്രിറ്റിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിൽ നമുക്കുള്ളതുപോലെ പുറംലോകത്തിനും ആകാംക്ഷയുണ്ട്. ഇപ്പോൾതന്നെ പത്രങ്ങളിൽ വാർത്ത വന്നുകഴിഞ്ഞു. പത്രക്കാർ നിരന്തരം വിളിക്കുന്നുണ്ട്. കേരളാ മിനിസ്ട്രിയിൽനിന്നും തമിഴ്നാട് മിനിസ്ട്രിയിൽനിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. പലരും കാണാൻ അനുവാദം ചോദിക്കുന്നു.’’
ഡോക്ടർ ജഗദീശൻ ഒന്നു നിർത്തി ഡോക്ടർ പൈയെ നോക്കി. ദീർഘമായി നിശ്വസിച്ച്, വലംകൈയുടെ നടുവിരലാൽ കണ്ണടയുറപ്പിച്ച്, ഡോക്ടർ പൈ മുന്നോട്ടാഞ്ഞിരുന്നു.
‘‘സത്യൻമാസ്റ്ററുടെ ആരോഗ്യനില അത്ര മെച്ചമല്ല. രാവിലെ പനി മാറിയപ്പോൾ ബോഡി ടെംപറേച്ചർ സാധാരണയിലും താഴേക്കുപോയി. ശരീരത്തിൽ നേരിയ നീലനിറം വ്യാപിച്ചു.’’
ജെസ്സിയുടെ തൊണ്ടയിൽനിന്ന് അടക്കിപ്പിടിച്ചൊരു തേങ്ങൽ പുറത്തേക്കു തെറിച്ചു. സതീഷ് മമ്മിയെ ചേർത്തുപിടിച്ചു.
‘‘രക്തം കൊടുത്തപ്പോൾ സ്ഥിതി നോർമലായി. പക്ഷേ, ഈ നില തുടരുമെന്ന് ഞങ്ങൾക്കു പ്രതീക്ഷയില്ല. കാര്യങ്ങൾ തുറന്നുപറയുന്നത് നിങ്ങൾ റിയാലിറ്റി തിരിച്ചറിയാൻ വേണ്ടിയാണ്. പ്രിപ്പയേഡ് ആകാൻ വേണ്ടിയാണ്.’’
ഡോക്ടർ ജഗദീശൻ ഇടപെട്ടു.
‘‘പറഞ്ഞുവന്നത്, അറിയിക്കേണ്ടവരെ വിവരം അറിയിക്കാമെന്നാണ്. വൈകിട്ടത്തെ ഫ്ലൈറ്റിൽ തന്നെ വരാൻ പ്രകാശിനോടും ജീവനോടും നേശൻ പറഞ്ഞിട്ടുണ്ട്.’’
ജെസ്സി പൊട്ടിക്കരഞ്ഞു. ഒരു നഴ്സ് ജെസ്സിയെ ചേർത്തുപിടിച്ച് പുറത്തേക്കു കൊണ്ടുപോയി.
‘‘സതീഷ്, മോന്റെ പപ്പാ ഒരുപാടുകാലം കഴിഞ്ഞ നഗരമാണിത്. സ്വാഭാവികമായും ധാരാളം പരിചയക്കാരുമുണ്ട്. സിനിമാരംഗത്തും രാഷ്ട്രീയരംഗത്തുമെല്ലാമുള്ളവർ അവസാനമായി അദ്ദേഹത്തെ ഒന്നു കാണാൻ അനുവാദം ചോദിക്കുന്നു. അമ്മയും മോനും സമ്മതിച്ചാൽ കുറെ വി.വി.ഐ.പികളെയെങ്കിലും കടത്തിവിടുന്നതിൽ ഞങ്ങൾക്കു തടസ്സമില്ല. ശിവാജിഗണേശൻ സാറിനെയും എംജി.രാമചന്ദ്രൻസാറിനെയും ജെമിനിഗണേശൻസാറിനെയും പോലുള്ളവരെ തടയുന്നതു ശരിയാണോ? മുഖ്യമന്ത്രി കരുണാനിധിസാറും തുടരെ വിളിക്കുന്നുണ്ട്. എന്തുപറയുന്നു?’’
‘‘പപ്പായ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞങ്ങൾക്കു സമ്മതം.’’
സതീഷ് പറഞ്ഞു.
∙
കെ.ജെ.ഹോസ്പിറ്റലിനുപുറത്തെ റോഡിലേക്കു നോക്കി ജനാലയ്ക്കരികിൽ പ്രകാശും ജീവനും നിന്നു. പകലിനെപ്പോലും ഇരുട്ടായി വായിക്കുന്ന പ്രകാശിന്റെ കണ്ണുകൾ രാത്രിയുടെ കരിങ്കറുപ്പ് അറിഞ്ഞതേയില്ല. പകൽവെളിച്ചം മായുന്നതുവരെ റോഡിൽ തിങ്ങിക്കൂടിനിന്ന ആരാധകരുടെ വിശേഷങ്ങളെപ്പറ്റി സതീഷ് അവരോടു വിശദീകരിച്ചു. പോലീസെത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. തമിഴ് ചലച്ചിത്രതാരങ്ങളും മന്ത്രിമാരും വന്ന് മഹാനടന്റെ കാൽതൊട്ടുവന്ദിച്ചു മടങ്ങി. രാത്രി പതിനൊന്നു മണിയോടെ ആരോഗ്യനില വഷളായി. ശ്വാസതടസ്സം നീക്കാൻ ഓക്സിജൻ മാസ്ക് വീണ്ടും ഘടിപ്പിച്ചപ്പോൾ സന്ദർശകരെ തടഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനപ്പുറം ആയുസ്സു പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടർ ജഗദീശൻ രഹസ്യമായി തോപ്പിൽഭാസിയോടു പറയുന്നത് സതീഷ് കേട്ടു.
മരിച്ചാൽ എന്ത്,എങ്ങനെ എന്നെല്ലാം ആലോചിച്ചുവച്ചിരിക്കുന്നു ഭാസിയും കൂട്ടരും. മൃതദേഹം ചലച്ചിത്രപരിഷത്തിന്റെ ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കുമത്രേ. തിരുവനന്തപുരത്തേക്കു കൊണ്ടുപോകാൻ ഹിന്ദുവിന്റെ പ്രത്യേക വിമാനവും ഏർപ്പാടാക്കിയിരിക്കുന്നു. നാട്ടിലെ കാര്യങ്ങളെല്ലാം നേശനങ്കിളാണു കൈകാര്യം ചെയ്യുന്നത്. എൽ.എം.എസ് പള്ളി സെമിത്തേരിയിലാണു സംസ്കരിക്കുന്നതെന്ന് രഹസ്യമായി സൂചിപ്പിക്കുകയും ചെയ്തു.
ഒരിക്കലും അവസാനിക്കാത്തതുപോലെ രാത്രി ഇഴഞ്ഞുനീങ്ങി. ആരാധകരാരോ ചാരുബെഞ്ചിൽ മറന്നുവച്ച പ്രിയനടന്റെ ചിത്രത്തിലേക്കു നോക്കി ജീവൻ നിശ്ശബ്ദമിരുന്നു. എതൊക്കെയോ സിനിമകളിൽ പപ്പ അഭിനയിച്ച മരണരംഗങ്ങൾ ഓർത്തെടുത്ത് രംഗബോധമില്ലാതെ പ്രകാശ് സംസാരിച്ചു. ജെസ്സി, തെല്ലുമാറി കസേരയിൽ ചാഞ്ഞുകിടന്നു. രണ്ടുദിവസത്തെ ഉറക്കക്ഷീണം അവരെ പാടേ തളർത്തിയിരുന്നു.
പുലർച്ചെ മൂന്നരകഴിഞ്ഞപ്പോൾ ഇടനാഴിയുടെ അങ്ങേത്തലയ്ക്കൽ ബഹളം കേട്ടു. കണ്ണുതുടച്ച്, ഉറക്കം തൂത്തുകളഞ്ഞ്, ഡോക്ടർമാർ ഐ.സി.യുവിലേക്കോടുന്നു. സതീഷ്, സഹോദരങ്ങളെ തട്ടിവിളിച്ചു. അപ്പോഴേക്കും ജെസ്സിയും ഉണർന്നു.
‘‘എല്ലാവരെയും കൂട്ടിക്കൊണ്ടുവരാൻ ഡോക്ടർ പറഞ്ഞു.’’
നഴ്സ് ഓടിയെത്തി. മനസ്സുകൊണ്ട് മരണം ഉറപ്പിച്ച് എല്ലാവരും ഐ.സി.യുവിലേക്ക് പാഞ്ഞു. കൂടിനിന്ന ഡോക്ടർമാർ ഒതുങ്ങിനിന്ന് അവരെ മുന്നിലേക്കു കടത്തിവിട്ടു. ഇപ്പോൾ കുളികഴിഞ്ഞെത്തിയതുപോലെ സത്യൻ കിടക്കുന്നു. നെഞ്ച് ആവശ്യത്തിലേറെ ഉയർന്നുതാഴുന്നു.
‘‘പപ്പാ...
ജീവൻ പൊട്ടിക്കരഞ്ഞു.
‘‘വിളിക്കേണ്ട. പപ്പ സമാധാനമായി യാത്രയാകട്ടെ.’’
ഡോക്ടർ ജഗദീശൻ, ജീവന്റെ ചുമലിൽ മുറുകെ പിടിച്ചു. ചുമരിലെ ക്ലോക്കിലെ സൂചി നാലിൽ നിന്നുവിറച്ചു. പപ്പയുടെ കൈവിരലുകൾ ചെറുതായി ചലിക്കുന്നുണ്ടോ? ചുണ്ടൊന്നു കോടിയോ? കണ്ണിൽ പീളകെട്ടാതെ പൈ ഡോക്ടർ പഞ്ഞികൊണ്ടു തുടച്ചു. ‘ശല്യപ്പെടുത്താതെ ഒന്നു പോകുന്നുണ്ടോ’ എന്നു ചോദിച്ച് പപ്പ ഇപ്പോൾ ചാടി എഴുന്നേൽക്കുമെന്ന് സതീഷ് വെറുതേ വിചാരിച്ചു.
സമയം 4.10.
അദൃശ്യനായ സംവിധായകൻ ക്ലൈമാക്സ് രംഗത്തിനുവേണ്ടി ഒരുങ്ങി.
‘‘റെഡി....’’
കൈക്കോളാമ്പി ഒരാൾക്കുമാത്രം കേൾക്കാനായി ശബ്ദിച്ചു.
‘‘സ്റ്റാർട്ട്...’’
‘‘ആക്‌ഷൻ...’’
കാണികൾ കൗതുകംപൂണ്ടു. ആശുപത്രിമുറിയിൽ നിശ്ശബ്ദതയ്ക്ക് കനംകൂടി. പുറത്തെവിടെയോ വാർഡിൽ ഒരു കുഞ്ഞിന്റെ നീണ്ട നിലവിളി. ഒരു പാത്രം നിലത്തുവീണുരുളുന്ന ശബ്ദം. കഥ പൊടുന്നനെ തിരിവിലെത്തിയതറിഞ്ഞ് ഹൃദയമിടിപ്പു രേഖപ്പെടുത്തുന്ന യന്ത്രത്തിന്റെ തിരശ്ശീലയിൽ ആയുസ്സിന്റെ സിനിമ ഒന്നു പിടഞ്ഞു. കൊടുമുടികളും ഗർത്തങ്ങളും വരച്ചുകൊണ്ടിരുന്ന പച്ചരേഖ പൊടുന്നനെ നേർവരയായി. ഡോക്ടർ ജഗദീശൻ നാഡിമിടിപ്പളന്നു. കൺപോളകൾ വിടർത്തി ടോർച്ചു തെളിച്ച് പരിശോധിച്ചു. സിനിമ ഓടിത്തീർന്ന വെള്ളിത്തിരപോലെ വെളുപ്പ്. സ്റ്റെതസ്കോപ്പ് നെഞ്ചിൽവച്ച് നനഞ്ഞ കണ്ണുകളോടെ ഡോക്ടർ തലയുയർത്തി.
‘‘പോയി....’’
അദ്ദേഹം ചുണ്ടുകടിച്ചുകൊണ്ടു പറഞ്ഞു.
അലറിക്കരയുന്നത് ആരാണ്?
നിലത്തേക്കു കുഴഞ്ഞുവീഴുന്നതാരാണ്?
താങ്ങിപ്പിടിക്കുന്നത് ആരാണ്?
വിളറിയ വെള്ളത്തിരശ്ശീല വിരിച്ച് മുഖം മറയ്ക്കുന്നതാരാണ്.
∙
Content Highlights: Detailed chronological account of actor Sathyan's life and career, Ten defining twists from his military, police, and teaching days to cinema stardom, Emotional final moments and enduring legacy in Malayalam film industry
Published: 11 Nov 2026, 06:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented