ഒരു ചെറുപുഞ്ചിരിയോടെ ആവണം അക്കാലത്തു എം. കൃഷ്ണന്‍ നായരെ വായനക്കാര്‍ അനുഗമിച്ചിരുന്നത്. കൃഷ്ണന്‍ നായര്‍ കുസൃതിയോടെ ചുറ്റുപാടും നിരീക്ഷിക്കുകയും അവയെപറ്റി എഴുതുകയും ചെയ്തു. തന്നെക്കുറിച്ച് അദ്ദേഹം വല്ലതും പറഞ്ഞോ എന്നറിയാന്‍ എഴുത്തുകാര്‍ സാഹിത്യവാരഫലത്തിലേക്ക് എത്തിനോക്കി. 

To advertise here,

നല്ലത് മാത്രം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാവം മാനവഹൃദയങ്ങളാണല്ലോ എഴുത്തുകാര്‍. അതുകൊണ്ടുതന്നെ ചില എഴുത്തുകാര്‍ രോഷം കൊണ്ടു. കൈയില്‍ കിട്ടുന്ന എന്തും വിമര്‍ശനവിധേയമാക്കാന്‍ കൃഷ്ണന്‍ നായര്‍ മടിച്ചില്ല. തിരുവനന്തപുരത്ത് കിട്ടുന്ന ചായ എന്ന ദ്രാവകത്തെ കുറിച്ച്, സ്ത്രീകളുടെ പെരുമാറ്റത്തെ കുറിച്ച്, യാത്രയിലെ നുറുങ്ങ് അനുഭവങ്ങളെക്കുറിച്ച്... എന്തും വായിക്കാന്‍ രസമുണ്ടായിരുന്നു. രസമുണ്ടെങ്കിലും വായനക്കാര്‍ക്ക് കൃഷ്ണന്‍ നായരോട് അതിനാനുപാതികമായ ആദരവുണ്ടായിരുന്നില്ല. അതെന്താണെന്നറിയില്ല. ഒരുപക്ഷെ, എഴുത്തില്‍ ഒരു ദുരൂഹതയും ഇല്ലാത്തതുകൊണ്ടാവാം.

ആരോടോ ദേഷ്യം അടങ്ങാത്തതുപോലെ സാഹിത്യവാരഫലം പേജിന്റെ വലതുമൂലയില്‍ കൃഷ്ണന്‍ നായര്‍ നിലയുറപ്പിച്ചു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ (അങ്ങനെയാണല്ലോ പലരും പറയുക) 1985 മുതല്‍ ഞാന്‍ സാഹിത്യവാരഫലത്തിന്റെ വായനക്കാരനാണ്.

വിമര്‍ശനത്തിന്റെ ദൈവം എന്ന് ഞാന്‍ വിചാരിച്ചതും സ്നേഹിച്ചതും കെ.പി. അപ്പനെയാണ്. സാഹിത്യകൃതിയിലൂടെ അതിന്റെ രസാനുഭൂതിയിലൂടെ നീന്തിത്തുടിക്കുന്ന അപ്പനെ ഞാന്‍ ഹൃദയംകൊണ്ടു സ്നേഹിച്ചിരുന്നു. സാഹിത്യസ്മൃതികളിലാണ് ആ മനുഷ്യന്‍ ജീവിച്ചത്. ഖസാക്കിനെക്കുറിച്ചും ആനന്ദിനെക്കുറിച്ചും ആവേശത്തോടെ എഴുതിയിട്ട് സോഫയില്‍ രാജാവിനെപ്പോലെ കിടക്കുന്ന അപ്പനെ ഞാന്‍ ഒളിക്കണ്ണിട്ട് നോക്കിയിരുന്നു.

'എന്താ മോന്‍സി ഇങ്ങനെ നോക്കുന്നത്?' അപ്പന്‍ ചോദിച്ചു.
'വെറുതെ. അല്ല, ഈ കൃഷ്ണന്‍ നായര്‍ എങ്ങനെയുണ്ട്.' കൃഷ്ണന്‍ നായരെ അപ്പന്‍ അംഗീകരിക്കുന്നുണ്ടോ എന്നറിയാനാണ് ഞാന്‍ അങ്ങനെ ചോദിച്ചത്.

'നമ്മുടെ എഴുത്തുകാര്‍ക്ക് പുള്ളിയെ അത്ര കണ്ടുകൂടെന്നേയുള്ളൂ. കൃഷ്ണന്‍ നായരെ അത്ര എളുപ്പം തള്ളിക്കളഞ്ഞു കൂടാ. ചെറിയ നോട്ടമല്ല അദ്ദേഹം നോക്കുന്നത്. ചൂണ്ടിക്കാണിക്കുന്ന വിദേശ എഴുത്തുകാര്‍ ഉയര്‍ന്ന ഗോപുരങ്ങള്‍ തന്നെ,' അപ്പന്‍ സാര്‍ പറഞ്ഞു.

placeholder
സാഹിത്യവാരഫലത്തിന്റെ കവര്‍ പേജ്‌

കൃഷ്ണന്‍ നായരും സാഹിത്യസ്മൃതികളില്‍ തന്നെയായിരുന്നു. ഒരു ഇന്റര്‍വ്യൂ ചെയ്യാനെന്ന മട്ടില്‍ ഞാന്‍ കൃഷ്ണന്‍ നായര്‍ സാറിന്റെ വീട്ടിലേക്ക് കയറിച്ചെന്നു. ശാസ്തമംഗലത്ത് പൈപ്പുംമൂട് ജങ്ഷനിലായിരുന്നു ആ വീട്. പൂമുഖത്ത് അദ്ദേഹം ഇരിപ്പുണ്ടായിരുന്നു. കൈയില്‍ ഒരു പുസ്തകവും നിവര്‍ത്തിപ്പിടിച്ച നിലയില്‍ ഉണ്ടായിരുന്നു.

'അഹല്യ' എന്ന മാസികയ്ക്ക് വേണ്ടിയായിരുന്നു ഇന്റര്‍വ്യൂ. മാസികയും ഇന്റര്‍വ്യൂവും തരക്കേടില്ലായിരുന്നു. സാഹിത്യത്തിന്റെ കടന്നല്‍ക്കൂട്ടില്‍ കല്ലെറിയുന്നതും സാഹിത്യജീവികളുടെ ഈഗോയെ നുള്ളിനോവിക്കുന്നതിലും ഞാന്‍ സന്തോഷിക്കുന്നു എന്ന മട്ടായിരുന്നു അദ്ദേഹത്തിന്റേത്.

എസ്. ഗുപ്തന്‍ നായരെപോലുള്ള പണ്ഡിതനിരൂപകന്മാര്‍ എം. കൃഷ്ണന്‍ നായരെ തള്ളിപ്പറഞ്ഞിരുന്നു.
'ഞാന്‍ നിരൂപകനൊന്നുമല്ല, വാരഫലം വെറുമൊരു ലിറ്റററി ഗോസിപ് കോളമാണ്,' കൃഷ്ണന്‍ നായര്‍ പറഞ്ഞു.'ആ കോളത്തില്‍ സാഹിത്യതാല്‍പര്യമുള്ള സുന്ദരിമാര്‍ തന്നെ കാണാന്‍ വരുന്നതിനെക്കുറിച്ച് സൂചനകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുള്ളത് തന്നെയാണോ?' ഞാന്‍ ചോദിച്ചു.
കണ്ണടച്ച് പുഞ്ചിരി പൊഴിച്ചുകൊണ്ട് കൃഷ്ണന്‍ നായര്‍ പറഞ്ഞു: 'സ്ത്രീ വന്നാല്‍ ഞാന്‍ സുന്ദരി എന്ന് പറയും. സുന്ദരിയാണെങ്കില്‍ അതിസുന്ദരി എന്നും പറയും.'

ആഴ്ചതോറും ഒരു കോളം കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് ചില്ലറയായിരുന്നില്ല. കോളം തീര്‍ച്ചയായും രസകരമായിരുന്നു. സാഹിത്യചരിത്രത്തിലെ സംഭവങ്ങള്‍ സന്ദര്‍ഭവശാല്‍ നുറുങ്ങുവെട്ടം പോലെ കടന്നുപോയിരുന്നു. ജീന്‍ പോള്‍ സാര്‍ത്ര് എന്നെഴുതുന്നത് ശരിയല്ല, ഴാങ് പോള്‍ സര്‍ത്രെ ആണ് ശരിയെന്നൊക്കെ അക്കാലത്തുതന്നെ അദ്ദേഹം പറഞ്ഞിരുന്നു. ചില തുറന്നടിക്കലുകളുടെ ഭാഗമായി ഡി. വിനയചന്ദ്രനെപോലൊരു കവി കൃഷ്ണന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കുക പോലും ചെയ്തു.

സ്വന്തം തോന്നലുകള്‍ പലതും തുറന്നെഴുതാനും മടിച്ചില്ല. അതുകൊണ്ടാവണം മലയാളത്തിലെ വലിയ എഴുത്തുകാരനായ ആനന്ദിന്റെ 'ആള്‍ക്കൂട്ടം' വായിച്ചുപോവാന്‍ വിഷമിച്ചു എന്നെഴുതിയത്. താരതമ്യം ആയിരുന്നു കൃഷ്ണന്‍ നായരുടെ കളിസ്ഥലം. മലയാളത്തിലെ ചെറിയ ഒരു കൃതിയും ഒരു വിദേശ കൃതിയും താരതമ്യം ചെയ്ത് പുല്‍ക്കൊടിയെവിടെ, നക്ഷത്രം എവിടെ എന്ന് മാനത്തും മണ്ണിലും തിരയുമായിരുന്നു.

കൃഷ്ണന്‍ നായരുടെ കോളം വായിക്കുന്ന പ്രതീതി തന്നെയാണ് നേരില്‍ കണ്ടപ്പോഴും അനുഭവപ്പെട്ടത്. വെറും പ്രതീതി അല്ല. അന്തര്‍ദാഹിയായ ഒരു കൃഷ്ണന്‍ നായര്‍ എഫക്ട്. തിരുവനന്തപുരത്തെ ആ രണ്ടു മണിക്കൂര്‍ വൈകുന്നേരം കാലത്തിലൂടെ പ്രൂസ്റ്റും ദസ്തയേവിസ്‌കിയും ടോള്‍സ്റ്റോയിയും വെര്‍ജീനിയാ വുള്‍ഫും സിമോന്‍ദ് ബുവറും ഓടിക്കളിച്ചു. അവര്‍ക്കൊന്നും കാലവും സ്ഥലവും ഇല്ലെന്ന് തോന്നി. മനുഷ്യന്റെ ലോകത്ത് ദൂരെയെവിടെയോ മഹത്വം നിലകൊള്ളുന്നത് ഞാന്‍ കണ്ടു. സാഹിത്യാനുഭൂതിയില്‍ തന്നെ, വികാരവിമലീകരണ നാളുകളില്‍ തന്നെയാണ് ഈ മനുഷ്യന്‍ ജീവിക്കുന്നതെന്ന് ഞാന്‍ അറിഞ്ഞു. അതുകൊണ്ടുതന്നെ സാഹിത്യവാരഫലം എം. കൃഷ്ണന്‍ നായരുടെ ഓര്‍മകള്‍തന്നെ എന്നോര്‍ത്ത് ഞാന്‍ ആ വീട്ടില്‍നിന്നും പുറത്തിറങ്ങി.

എസ്. ജയചന്ദ്രന്‍ നായരെ പോലൊരു പത്രാധിപര്‍ ('പോലെ' എന്നെഴുതുന്നത് ശരിയല്ല, അങ്ങനെ ഒരാളേയുള്ളൂ) കലാകൗമുദി വിട്ട് മലയാളം വാരിക തുടങ്ങിയപ്പോഴും സാഹിത്യവാരഫലം കൂടുവിട്ടു കൂടുമാറി. അതിനിടെ 23-കാരനായ എനിക്ക് എസ്. ജയചന്ദ്രന്‍ നായര്‍ സാറിനെ കാണേണ്ട ഒരാവശ്യം നേരിട്ടു. പുതുതായി ആളുകളെ പരിചയപ്പെടാന്‍ പരിഭ്രമം നേരിടുന്ന കാലം. ഞാന്‍ കൃഷ്ണന്‍ നായര്‍ സാറിനെ വിളിച്ചു.
'ഒന്നും പേടിക്കാനില്ല. നല്ല മനുഷ്യനാണ്. വൈകുന്നേരം മൂന്നരനാലുമണിക്ക് ചുമ്മാ അങ്ങോട്ട് ചെന്നാല്‍ മതി.'

പറഞ്ഞതുപോലെ പേട്ടയിലെ കലാകൗമുദി ഓഫീസിലേക്ക് ചെന്നു. ഒരു കാര്യവുമില്ലാതെ ഒരു പേടി എന്നെ അനുഗമിച്ചു. പക്ഷെ, നല്ലവനായ സെക്യൂരിറ്റിക്കാരന്‍ പത്രാധിപരുടെ മുറി ചൂണ്ടിക്കാണിച്ചു. എസ്. ജയചന്ദ്രന്‍ നായര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. എന്തോ മാനുസ്‌ക്രിപ്റ്റ് വായിക്കുകയാണ്. വിജയന്റെയോ മാധവിക്കുട്ടിയുടെയോ കഥ വല്ലതുമാണോ?

കണ്ടതും അലിവോടെ ചിരിച്ചു. മുറിയില്‍ നേര്‍ത്ത ഇരുട്ടുണ്ട്. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച് ജയചന്ദ്രന്‍ സാറിന്റെ രൂപം ഞാന്‍ മെല്ലെ ഉള്‍ക്കൊണ്ടു. ഒന്നോ രണ്ടോ ചെറിയ ലേഖനങ്ങള്‍ എഴുതിയ ഞാന്‍ പേര് പറഞ്ഞപ്പോള്‍ അറിയാം എന്ന് പറഞ്ഞു.

അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മുറിയിലേക്ക് വന്നു. വേലപ്പാ എന്ന് വിളിച്ച് സാര്‍ സംസാരിച്ചു. കെ. വേലപ്പന്‍ ഉശിരന്‍ റിപ്പോര്‍ട്ടുകള്‍ എഴുതിയിരുന്നു. സബ് എഡിറ്റര്‍ ആണ്. വേലപ്പന്റെ കൈയില്‍ വലിയ നീണ്ട ബ്രോമൈഡ് ഉണ്ടായിരുന്നു.

'മാര്‍കേസിന്റെ പടം ആ മൂലയില്‍ കൊടുക്കാം, എതിര്‍വശത്തു ഫിദല്‍ കാസ്ട്രോയും.'
'സാഹിത്യവാരഫലമാണ്. ഇന്ന് പ്രസ്സിലേക്ക് പോവുകയാണ്', ജയചന്ദ്രന്‍ നായര്‍ എന്നെ നോക്കി പറഞ്ഞു.

അവരുടെ സംഭാഷണം അന്തംവിട്ടു ഞാന്‍ നോക്കിയിരുന്നു. പത്ര ഓഫീസിലെ മിടിപ്പുകള്‍. എന്റെ അന്തംവിടല്‍ കുറച്ച് കൂടിപ്പോയോ? വേലപ്പന്‍ പുറത്തേക്കിറങ്ങി പോയപ്പോള്‍ ജയചന്ദ്രന്‍ നായര്‍ സാര്‍ ചുമ്മാ എന്ന് കൈ ചുരുട്ടി അംഗവിക്ഷേപം കാണിച്ചു. പത്രപ്രവര്‍ത്തനം മഹത്തായ ജോലിയാണെന്ന് വിചാരിച്ചു വന്ന ഒരു ഗ്രാമീണനായിരുന്നു ഞാന്‍.

'ഒന്നുമില്ല ഈ ജോലിയില്‍. കടയില്‍ സാധനം എടുത്തുകൊടുക്കുന്ന ജോലിയാണെന്ന് വിചാരിച്ചാല്‍ മതി.' മനോഹരമായ ആ സായാഹ്നത്തിലൂടെ ഞാന്‍ പുറത്തേക്കിറങ്ങി. ജയചന്ദ്രന്‍ നായര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് പ്രായപൂര്‍ത്തിയാവാത്ത വര്‍ഷങ്ങളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.

ഇപ്പോഴും കൃഷ്ണന്‍ നായര്‍ പംക്തിയില്‍ നിന്നുയരുന്ന ഒരു പൊട്ടിച്ചിരി മറക്കാന്‍ കഴിയില്ല. തിരുവനന്തപുരത്തെ മരണവീട്ടില്‍ നിന്നാണ്. ഭര്‍ത്താവ് മരിച്ചു ശാന്തനായി കിടക്കുന്നു. മരണം അറിഞ്ഞു ഓടിയെത്തിയ, കൂടി നില്‍ക്കുന്നവരോടായി ആ സ്ത്രീ അലമുറയിടുന്നത് ഇങ്ങനെ: 'കഴിഞ്ഞ ആഴ്ചയും മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞപ്പോള്‍ വട്ടപ്പാറയില്‍ പോയി ആ ഷൂട്ടിങ് കാണിച്ചു തന്ന മനുഷ്യനാണ് ഈ കിടക്കുന്നത്...'