കടാങ്കോട്ടെ മാക്കവും മക്കളും തെയ്യങ്ങളിൽ ഏറ്റവും വേദന കലർന്ന കഥാകാവ്യമാകുന്നു. സഹോദരഭാര്യമാരുടെ ഏഷണിയിൽ കൊല്ലപ്പെട്ട മാക്കത്തിന്റെയും മക്കളുടെയും തോറ്റം പാട്ടും കദനഭാരമാർന്ന ആട്ടവും കാണുന്ന പെണ്ണുങ്ങൾ കരയാതെ മടങ്ങില്ല. ഉടപ്പിറന്നോർ കൊല്ലപ്പെടും പോലെ അവർ തീരാനൊമ്പരത്തിന്റെ നൊമ്പലം പേറുന്നു. ഒരു ഷേക്‌സ്പീരിയൻ ദുരന്തനാടകം പോലെ കാണുന്നവരിൽ കണ്ണീരേറ്റും മാക്കമെന്ന അമ്മയും അവരുടെ രണ്ട് മക്കളും.

കടാങ്കോട്ട് കുഞ്ഞിമാക്കം- കണ്ണൂരിലെ കുഞ്ഞിമംഗലത്തെ കടാങ്കോട്ട് തറവാട്ടിലെ ഉണിച്ചെറിയയ്ക്ക് 12 ആൺമക്കൾക്ക് ശേഷമുണ്ടായ ഏകപെൺതരി. ഏറെ പ്രാർത്ഥനകൾക്ക് വഴിപാടുകൾക്കും ശേഷമുണ്ടായ മകൾ. ആങ്ങളമാരെല്ലാവരും കോലത്തിരി രാജാവിന്റെ പട നായകർ. അവരുടെ സ്‌നേഹനിധിയായി മാക്കം വളർന്നു.

മച്ചുനനായ കുട്ടി നമ്പറുമായുള്ള വിവാഹത്തിൽ മാക്കത്തിന് ഇരട്ടക്കുട്ടികൾ- ചാത്തുവും ചീരുവും. മരുമക്കാത്തായപ്രകാരം മാക്കത്തെ ആങ്ങളമാർ തറവാട്ടിൽ തന്നെ താമസിപ്പിച്ചു. എന്നാൽ മാക്കത്തോടുള്ള അവരുടെ സ്‌നേഹവും വാൽസല്യവും നാത്തൂന്മാർക്ക് ഇഷ്ടമാവുന്നില്ല. സ്വത്തുക്കളെല്ലാം മാക്കത്തിന്റേ പേരിലാവുമെന്ന് അവർ ഭയന്നു, മാക്കത്തെ പ്രതി കുറ്റങ്ങൾ പലതുണ്ടാക്കി അവർ ഭർത്താക്കന്മാരുടെ ചെവിയിലോതും, ഒന്നും വിലപോയില്ല.

കൊടിയ അസൂയയിൽ നിന്ന് ചതിയുടെ വാതിൽ തുറക്കപ്പെടുന്നു. കോലത്തിരിയുടെ ആജ്ഞ പ്രകാരം ആങ്ങളമാർക്ക് പടക്ക് പോകേണ്ടി നേരം അത് സംഭവിച്ചു. എന്നും വീട്ടിലേക്ക് എണ്ണയുമായി വന്നിരുന്ന വാണിയചെറുപ്പക്കാരനെയും മാക്കത്തെയും ചേർത്ത് നാത്തൂന്മാർ അപവാദ കഥകൾ പറഞ്ഞുണ്ടാക്കി.

To advertise here,


മാക്കത്തിന്റെ ആങ്ങളമാർ പോര് കഴിഞ്ഞു തിരിച്ചെത്തിയ സമയവും വാണിയൻ എണ്ണയും കൊണ്ട് കടാങ്കോട്ട് തറവാട്ടിലെത്തിയ സമയവും ഒന്നായി. ആ അവസരനേരത്ത് നാത്തൂന്മാർ തറവാട്ടിൽ നിന്ന് മാറി നിന്നു. എണ്ണ വാങ്ങാൻ ആരുമില്ലാതെയാപ്പോൾ ഋതുമതിയായി മുറിക്കുള്ളിലിരുന്ന മാക്കം വാണിയനോട് അകത്തെ പടിഞ്ഞാറ്റയിൽ എണ്ണ വെച്ചോളാൻ പറഞ്ഞു.

എണ്ണയും അകത്തു വെച്ച് വാണിയൻ പുറത്തിറങ്ങുമ്പോഴേക്കും ഭർത്താക്കന്മാരെയും കൊണ്ട് നാത്തൂന്മാർ ഉമ്മറത്തെത്തിയിരുന്നു. 'മാക്കം പിഴച്ചു' നാത്തൂന്മാർ ദോഷം ആവർത്തിച്ചുപറഞ്ഞു. അവരുടെ ദ്വയാർത്ഥത്തിലുള്ള ചിരി ആങ്ങളമാരെ ദേഷ്യം പിടിപ്പിച്ചു. ഭാര്യയുടെ ദുഷിപ്പിൽ സ്വയം മാക്കത്തോടുള്ളു സ്‌നേഹം മറന്നു. അവർ മാക്കത്തെ കൊല്ലാൻ തീരുമാനിച്ചു.

ഇളയ ആങ്ങളയായ കുട്ടിരാമനും ഭാര്യയും അതിന് കൂട്ടുനിൽക്കാതെ വീട് വിട്ടിറങ്ങി.
കാവിലെ നിറവിളക്ക് കാണാനെന്നും പറഞ്ഞ് മാക്കത്തെയും മക്കളെയും കൂട്ടി പതിനൊന്ന് ആങ്ങളമാരും യാത്രയാകുന്നു. അവരുടെ ദുരുദ്ദേശം മാക്കം തിരിച്ചറിയുന്നു.

കുടുംബദേവതയായ വീരചാമുണ്ഡിയമ്മയുടെ കൊട്ടിലകത്ത് കയറി വിളക്ക് വെച്ച് തന്റെ നിരപരാധിത്വം മാലോകർക്ക് കാട്ടിക്കൊടുക്കണം എന്ന് പ്രാർത്ഥിച്ച് മാക്കം മക്കളെയും കൂട്ടി ആങ്ങളമാർക്കൊപ്പം തറവാട്ടിൽ നിന്നിറങ്ങി. വഴിമധ്യേ മാടായിക്കവിലമ്മയെയും കളരിവാതില്ക്കകൽ ഭഗവതിയെയും കടലായി കൃഷ്ണനെയും പ്രാർത്ഥിച്ച് തൊഴുതു.

യാത്രയിൽ പൊന്നോമനകൾ ദാഹിച്ചുകരഞ്ഞപ്പോൾ മാക്കം ചാലയിലെ പുതിയവീട്ടിൽ കയറി. ചാല വീട്ടിലെ അമ്മ മക്കൾക്കും മാക്കത്തിനും ആറിത്തണുപ്പിച്ച പാല് കുടിക്കാൻ കൊടുത്തു.

നന്ദിയോടെ മാക്കം അവർക്ക് കഴുത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ അഴിച്ചുകൊടുത്തു. യാത്ര തുടർന്നു. മമ്പറം കടന്ന് അച്ചങ്കരപ്പള്ളിയെന്ന വനപ്രദേശത്തെ പൊട്ടകിണറ്റിൻകരയിലെത്തിയപ്പോൾ 'നട്ടുച്ചക്ക് നക്ഷത്രമുദിച്ചത് കണ്ടോ?' എന്ന് സഹോദരന്മാർ മാക്കത്തോട് ചോദിച്ചു. അതുകേട്ട് തലയുയർത്തിയ മാക്കത്തിന്റെ ശിരസ് സഹോദരന്മാർ ചുരികകൊണ്ട് ഛേദിച്ചു. മക്കളെയും അവർ കൊലപ്പെടുത്തി. ആ നേരത്ത് കാട് കൊത്താൻ വന്ന കാഴ്ചകണ്ട മാവിലനേയും അവർ വാളിനിരയാക്കി.

കഥ അവിടെ അവസാനിച്ചില്ല. മാക്കത്തിന്റെ പ്രതികാരകഥ അവിടെ തുടങ്ങുന്നു. വീട്ടിൽ നിന്നും പുറപ്പെടും മുമ്പ് മാക്കം പറഞ്ഞപോലെ കടാങ്കോട്ട് തറവാട്ടിന് തീ പിടിച്ചു. വീരചാമുണ്ഡിയമ്മയുടെ സ്ഥാനമായ കൊട്ടിലകം മാത്രം നശിക്കാതെ അവശേഷിച്ചു.

പതിനൊന്ന് സഹോദരന്മാരും തമ്മിൽ പലതും പറഞ്ഞുപിണങ്ങി പരസ്പരം വെട്ടിമരിച്ചുവീണു. കടാങ്കോട്ട് വീട്ടിൽ ഏഷണി പറഞ്ഞുപറഞ്ഞ് നാത്തൂന്മാർക്ക് ഭ്രാന്തിളകി. ഭ്രാന്ത് മൂത്ത് അവർ തൂങ്ങിച്ചത്തു. മാക്കത്തിന്റെ നേരിനൊപ്പം നിന്ന ഇളയസഹോദരനായ കുട്ടിരാമനും ഭാര്യയും ബാക്കിയായി.

സംഹാരത്തിനുശേഷം മാക്കം മക്കളുമായി ചാലയിൽ പുതിയവീട്ടിലെ പടിഞ്ഞാറ്റയിൽ ചെന്നിരുന്നു എന്ന് കഥ. മാക്കവും മക്കളും ദൈവക്കരുവായി. അവർക്കൊപ്പം മരണമടഞ്ഞ മാവിലാനും തെയ്യമായി.

ഉത്തരകേരളത്തിലെ പ്രധാനതെയ്യങ്ങളിലൊന്നാണ് കടാങ്കാട്ട് മാക്കം. വടക്കേമലബാറിലെ ജനജീവിതത്തെ ഏറെ ആഴത്തിൽ കടാങ്കാട്ട് മാക്കം സ്വാധീനിച്ചിട്ടുണ്ട്. മാക്കത്തിന്റെ ജീവിതം നിരവധി കഥാപ്രസംഗങ്ങൾക്കും നാടകങ്ങൾക്കും ആധാരമായിട്ടുണ്ട്.

കണ്ണൂരിലെ കുഞ്ഞിമംഗലത്തെ കടാങ്കോട് തറവാട്ടിലും ചാല പുത്തൻ വീട്ടിലും മാക്കം തെയ്യം കെട്ടിയാടുക. എല്ലാ കൊല്ലവും കുംഭം പത്തിനും പതിനൊന്നിനുമാണ് മാക്കവും മക്കളും ഭക്തരെ കാണാനെത്തുക.

ഉള്ളുകലങ്ങാതെ, നെഞ്ചുപിടയാതെ മാക്കത്തിന്റെയും മക്കളുടെയും അനുഷ്ഠാനം നിങ്ങൾക്ക് കണ്ടുതീർക്കാനാകില്ല. തോറ്റങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതും അങ്ങേയറ്റം ഹൃദയസ്പർശിയുമാണ് മാക്കത്തിന്റെ തോറ്റം. മാക്കത്തിന്റെ ജനനത്തിനുമുൻപുമുതൽ മരണശേഷംവരെയുള്ള ജീവിതമാണ് തോറ്റംപാട്ടിൽ.

വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിക്കുന്ന തോറ്റം പാട്ട് പുലർച്ചെ രണ്ടുമണിക്കുശേഷമേ അവസാനിക്കൂ. അത്രയും വിസ്തരിച്ച് ചൊല്ലിയാൽമാത്രമേ മാക്കത്തിന്റെ കഠിനജീവിതം പാടിത്തീർക്കാനാകൂ.

വടക്കൻ കേരളത്തിൽ നാത്തൂൻ പോര് അത്രയ്ക്കില്ലാത്തതിന്റെ കാരണം മാക്കത്തിന്റെ തോറ്റം കേട്ടും ചാലയിലെയും കുഞ്ഞിമംഗലത്തെയും തെയ്യം കണ്ടും മാക്കത്തിന്റെ കദനകഥ കേട്ടും കിട്ടിയ ആത്മവിമലീകരണത്തിന്റെ കുളിച്ചുതോറ്റമുണ്ട്.

മാക്കം ഒരുതവണയെങ്കിലും നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഈ ഭൂമിയിലെ ഏറ്റവും ഹൃദയഹാരിയായ ഒരാവിഷ്‌കാരം നിങ്ങൾ കണ്ടിട്ടില്ല, തീർച്ച..!