ഈ വർഷത്തെ ബുക്കർ പുരസ്കാരം ലഭിച്ച The End of Everything ജയകൃഷ്ണന്റെ വായനയിൽ.
മനുഷ്യൻ എന്ന പദത്തിന് നിർവചനങ്ങൾ ഒട്ടേറെ. ദൈവത്തിനും ചെകുത്താനുമിടയിൽ അവന്റെ പര്യായങ്ങൾ വ്യാപിച്ചുകിടക്കുന്നു. എന്നാൽ മറ്റെന്തിന്റെയെങ്കിലും വെറും വക്രീകരണം (Refraction) മാത്രമാണോ മനുഷ്യൻ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ വർഷത്തെ ബുക്കർ പുരസ്ക്കാരം നേടിയ The End of Everything എന്ന നോവലിലൂടെ രചയിതാവായ എം. ജോൺ ഹാരിസൻ (M. John Harrison)ചെയ്യുന്നത്.
1945-ൽ ഇംഗ്ലണ്ടിലെ വാർവിക്ക് ഷെയറിലാണ് ജോൺ ഹാരിസൻ ജനിച്ചത്. ആധുനിക കാലത്തെ ഭ്രമാത്മക-ശാസ്ത്ര നോവൽസാഹിത്യത്തിലെ വേറിട്ട ശബ്ദമായി അദ്ദേഹത്തിന്റെ രചനകൾ വിലയിരുത്തപ്പെടുന്നു. The Pastel City, The Centauri Device, Viriconium Nights തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു രചനകൾ.
ബുക്കർ പുരസ്ക്കാരം നേടുന്ന ആദ്യത്തെ സൈ-ഫൈ എഴുത്തുകാരനാണ് ഹാരിസൻ. എന്നാൽ ഭ്രമാത്മകതയിലൂടെ സഞ്ചരിക്കുമ്പോഴും തന്റെ രചനകളിൽ തത്വചിന്താപരമായ ആഴം ഉൾച്ചേർക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. സൈ-ഫൈ രചനകളിൽ ഇത്തരം ദാർശനികമായ മാനങ്ങൾ ആദ്യമായി കൊണ്ടുവന്നത് ഒരുപക്ഷേ ആർജന്റൈൻ എഴുത്തുകാരൻ അദോൾഫോ വിയോയ് കസാരെസ് (Adolfo Bioy Casares) ആയിരിക്കാം. പ്രശസ്തമായ The Invention of Morel എന്ന നോവലിൽ അദ്ദേഹം ഇങ്ങനെ എഴുതി: ''ഇവിടെ മനോവിഭ്രാന്തിയോ ഭാവനയോ ഇല്ല. ഈ ആളുകൾ യാഥാർത്ഥ്യമാണ് - ചുരുങ്ങിയപക്ഷം എന്റെയത്രയെങ്കിലും യാഥാർത്ഥ്യം.'' മനുഷ്യൻ എത്രമാത്രം യഥാതഥമാണെന്ന് ഇതു വായിക്കുമ്പോൾ നമ്മൾ സംശയിക്കുന്നു. ഈ സംശയം തന്നെയാണ് ജോൺ ഹാരിസന്റെ The End of Everything എന്ന പുസ്തകം വായിക്കുമ്പോൾ ഉറവെടുക്കുക.
ഐഗെറ്റി (iGhetti) എന്നു പേരുള്ള നിഗൂഢ ജീവികളാൽ രൂപാന്തരം പ്രാപിച്ച ബ്രിട്ടനിലാണ് കഥ നടക്കുന്നത്. എന്താണീ ഐഗെറ്റി? എഴുത്തുകാരൻ വിശദീകരിക്കുന്നതിങ്ങനെ: ''ആദ്യമൊക്കെ അവ ഒരു വസ്തുവോ അല്ലെങ്കിൽ വസ്തുവിന്റെ ചിത്രമോ ആണെന്ന് തോന്നിയിരുന്നില്ല. ഈ ലോകത്തിന്റേതല്ലാത്ത ഒരു ശൂന്യസ്ഥലിയിൽ നിന്ന് പുറന്തള്ളപ്പെട്ടവയാണെന്ന് വിചാരിച്ചുപോകും അവയെല്ലാം. അവയുടെ ആഗമനത്തെപ്പറ്റി പലതായിരുന്നു അനുമാനങ്ങൾ. ചിലരത് തമോദ്രവ്യവുമായോ ബാങ്കിംഗ് പ്രതിസന്ധിയുമായോ ബന്ധപ്പെട്ടതാവാമെന്നു കരുതി. മറ്റു ചിലർ വിചാരിച്ചത് അധിനിവേശത്തിനുപരി അത് ലോകത്തിന്റെ 'പുനർവശീകരണമാണെ'ന്നാണ്. എന്നാൽ കൂടുതൽ പേരും ഉറപ്പിച്ചത് ഇന്റർനെറ്റിന്റെ അനന്തരഫലമാണ് അതെന്നായിരുന്നു.'' സസ്യജാലങ്ങളിൽ ജെല്ലി പോലുള്ള ഒരു വസ്തുവായാണ് അത് പ്രത്യക്ഷപ്പെട്ടത്.
ഒരു വിനാശരാഷ്ട്രത്തെ (Dystopia) അതിന്റെ എല്ലാ അതിശയോക്തികളോടെയും ആവിഷ്ക്കരിക്കുകയാണ് ജോൺ ഹാരിസൻ. കടൽത്തീരത്തടിക്കുന്ന വസ്തുക്കൾ ശേഖരിച്ചു വിറ്റ് ഉപജീവനം കഴിക്കുന്ന ഫിലിപ്പ് ടെനെന്റ് ആണ് നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾ. ഒരിക്കൽ കടൽത്തീരത്തു നിന്ന് ഫിലിപ്പിന് ജൈവികവും പുരാതനവുമായ ഒരു കരകൗശലവസ്തു ലഭിക്കുന്നു. ഒരു ചെറിയ കുട്ടിയോളം വലിപ്പമുണ്ടായിരുന്നു അതിന്. അയാളതിനെ തന്റെ ബന്ധുവും ചിത്രകാരിയുമായ മാർണി എന്ന വൃദ്ധയുടെ വീട്ടിലേക്കു കൊണ്ടുചെന്നു. വലിപ്പം കൂടിക്കൊണ്ടിരിക്കുന്ന ആ വസ്തു വീട്ടിൽ വെയ്ക്കുന്നതിൽ താത്പര്യമില്ലാത്ത മാർണി, ഫിലിപ്പ് പുറത്തുപോയ തക്കം നോക്കി അതിനെ വീട്ടിൽ നിന്ന് ഒഴിവാക്കുന്നു.
ഒരു വഴക്കിനിടയിൽ അയൽപക്കത്തെ ഒരു കുട്ടിയെ മാർണി വെടിവെച്ചുകൊല്ലുന്നു. അയൽക്കാർ വീടുവളഞ്ഞപ്പോൾ അവർ അവിടം വിട്ടോടി. അതിനിടയിൽ കടൽത്തീരത്തുവെച്ച് തന്റെ കരകൗശലവസ്തുവിനെ കണ്ടെത്തുകയാണ് ഫിലിപ്പ്. അതിപ്പോൾ വളർന്ന് ഒരു പത്തുവയസ്സുകാരന്റെ വലിപ്പം വെച്ചിരുന്നു. അവിടെ അതിനെ മുറിച്ചു ഭക്ഷിക്കുകയായിരുന്നു ചിലർ. ഫിലിപ്പ് അവരെ ഓടിച്ചുവിട്ടു. എന്നിട്ടതിനെ ഇത്തരം പുരാവസ്തുക്കളിൽ ഗവേഷണം നടത്തുന്ന ഹാംപ്സൻ എന്നയാളുടെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ കിടക്കകളിൽ ഐഗെറ്റിയിൽ നിന്നുള്ള പ്രസരണങ്ങളേറ്റു കിടക്കുന്ന അനേകം കരകൗശലവസ്തുക്കളുണ്ടായിരുന്നു. അവയ്ക്കിടയിൽ തന്റേതിനേയും ഫിലിപ്പ് വെയ്ക്കുന്നു. മെക്സിക്കൻ എഴുത്തുകാരൻ അലഹാന്ദ്രോ മൊറാലെസ് (Alejandro Morales) എഴുതിയ The Rag Doll Plagues എന്ന നോവലിൽ ഒരു രാഷ്ട്രത്തിനെ ബാധിക്കുന്ന രോഗാവസ്ഥ, കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സംസ്കാരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു വിശദമാക്കുന്നതിനെ ഇതു വായിക്കുമ്പോൾ ഓർത്തുപോകുന്നു. La Mona എന്നു പേരുള്ള അസാധാരണമായ രോഗം ബാധിച്ചവരെപ്പറ്റി നോവലിൽ പറയുന്നതിങ്ങനെ: ''രോഗം മാംസത്തെ തിന്നു തീർക്കുവോളമേ വേദനയുള്ളൂ. അതു കഴിഞ്ഞാൽ മരവിപ്പു മാത്രം.''മനുഷ്യർക്കും അവരെ കീഴടക്കാൻ തുനിയുന്ന ഐഗെറ്റിയ്ക്കും ഇടയിലുള്ളതും ഈ മരവിപ്പു തന്നെയാകാം.
ഹാംപ്സൻ തന്റെ വീടിന് തീവെയ്ക്കുകയും തീനാളങ്ങൾക്കിടയിൽ നിന്ന് ഒരു ഭദ്രാസനപ്പള്ളിയുടെ വലിപ്പമുള്ള ഐഗെറ്റി പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോൾ തന്റെ പുരാവസ്തുവുമായി വീട്ടിൽ മടങ്ങിയെത്തുകയാണ് ഫിലിപ്പ്. അതിനിപ്പോൾ ഒരു മുതിർന്നയാളിന്റെ വലിപ്പമുണ്ട്. ഒടുവിൽ ഫിലിപ്പ് വെടിയേറ്റു കൊല്ലപ്പെടുന്നു. പുരാവസ്തുവും മാർണിയും കൂടി അയാളുടെ ചിതാഭസ്മവുമായി യാത്ര തിരിക്കുന്നു. വഴിയിൽ വെച്ച് ഒരു പെൺകുട്ടി നൽകിയ പഴം കഴിച്ച് വൃദ്ധയായ മാർണി ഗർഭിണിയാകുന്നു. അവൾ ഗർഭം ധരിച്ചിരിക്കുന്നതോ മരിച്ചുപോയ ഫിലിപ്പിനെയും!
അനുകരണമാണെന്നു പറയുന്നില്ല. എങ്കിലും The End of Everything എന്ന ഈ നോവലിനെ ലോകപ്രശസ്ത മെക്സിക്കൻ എഴുത്തുകാരനായ കാർലോസ് ഫുവെന്തെസ് (Carlos Fuentes) എഴുതിയ Chac- Mool എന്ന അസാധാരണമായ കഥ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തം. ഫിലിബെർത്തോ എന്നയാൾ പുരാതന മെക്സിക്കൻരൂപമായ ചാക്-മൂളിനെ വീട്ടിലേക്കു കൊണ്ടുവരുന്നതും അതു വളർന്നുവലുതായി ഫിലിബെർത്തോയെ അടിമയാക്കുന്നതും ഇല്ലായ്മ ചെയ്യുന്നതുമാണ് ഫുവെന്തെസിന്റെ കഥയിൽ. ഹാരിസന്റെ കഥയിൽ വക്രീകരിക്കപ്പെടുന്നതും ഇല്ലാതാക്കപ്പെടുന്നതും ഒരു മനുഷ്യനല്ല, മനുഷ്യരാശി മുഴുവനുമാണ്. ഫുവന്തെസ് എഴുതിയതു പോലെ ''വിജയിച്ചവരും എങ്ങുമെത്താത്തവരും അദൃശ്യമായ ഒരു പിളർപ്പിനാൽ ഒറ്റപ്പെടുന്ന''ത് നമ്മൾ കാണുന്നു. വക്രീകരിക്കപ്പെട്ടവരുടെ ഒരു ലോകം അപ്പോൾ മുന്നിൽ അനാവൃതമാകുന്നു.
Published: 11 Nov 2026, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented