‘’ഈ കലാപങ്ങൾക്കിടയിൽ എന്തെങ്കിലും കാരണത്താൽ നീ ജീവനോടെ ഇരുന്നാൽ നാഗസ്വരം നിനക്കൊരു ജീവിതം നൽകും’’

യാഴ്പ്പാണം പി .എസ് ബാലമുരുഗൻ
തൃപ്പൂണിത്തുറയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച ഒരു നാഗസ്വരക്കച്ചേരി കേട്ടിട്ട് ഒരു സുഹൃത്ത് അതിൻ്റെ ചെറിയ വീഡിയോ ദൃശ്യം എനിയ്ക്കയച്ചു തന്നു, യാഴ്പ്പാണം പി .എസ് ബാലമുരുഗൻ എന്ന അടിക്കുറിപ്പോടെ. ജാഫ്‌നയ്ക്ക് തമിഴരുടെ വിളിപ്പേരാണല്ലോ യാഴ്പ്പാണം എന്നത്. യാഴ് എന്നാൽ പ്രാചീന തമിഴ് തന്തിവാദ്യമാണ്, ഒരു തരം കിന്നരം. കിന്നരനാട് എന്നാണ് ജാഫ്‌നയുടെ മൂലാർത്ഥം. ബാലമുരുഗന്റെ നാഗസ്വരത്തിന് മറുപടിയായി സുഹൃത്തിന് ഞാൻ രണ്ടു വാക്കുകൾ അയച്ചു , 'നിന്റെ ഓർമ്മയ്ക്ക്'.
യാഴ്പ്പാണം ബാലമുരുഗൻ ഇന്നത്തെ നാഗസ്വരകലാകാരന്മാരിലെ കെങ്കേമന്മാരിൽ ഒരാളാണ്. ഇപ്പോൾ നാല്പത്തിനാലുവയസ്സായി. അയാൾ കേരളത്തിൽ ഇപ്പോൾ ഉത്സവങ്ങൾക്കു വരിക പതിവായിരിക്കുന്നു. കേരളത്തിലെ ഉത്സവപ്പറമ്പുകളെ അപാരമായ സംഗീതമാസ്മരികതയിൽ ബാലമുരുഗൻ ആഴ്ത്തുമ്പോൾ നമ്മെ ആകർഷിക്കുന്നത് പലപ്പോഴും ആ സംഗീതം മാത്രമല്ല എന്നുമുണ്ട്. യാഴ്പ്പാണം അഥവാ ജാഫ്‌ന പകരുന്ന ഓർമ്മകളും കൂടിയാണത്. അതുകൊണ്ടാണ് സുഹൃത്തിന് ഞാൻ 'നിന്റെ ഓർമ്മയ്ക്ക്' എന്ന മറുപടി അയച്ചത്. അത് എം . ടി . വാസുദേവൻ നായർ എഴുതിയ ഒരു മനോഹര കഥയാണല്ലോ.
അതിൽ അച്ഛൻ കൊളംബോയില്‍ നിന്നും കേരളത്തിലേക്കയക്കുന്ന കത്തുകൾ ശ്രദ്ധാപൂർവം കേൾക്കുന്ന രണ്ടാം ക്ലാസ്സുകാരൻ ബാലൻ പറയുന്നുണ്ടല്ലോ,
' സിലോണിനെക്കുറിച്ചു പറയുന്നതെന്തും ഞാൻ ശ്രദ്ധവെച്ചു കേൾക്കും. എവിടെവച്ചായാലും. അവിടുത്തെ ആളുകൾ പറയുന്നത് നമുക്ക് തിരിയില്ലത്രേ. കാരണം അവർ സംസാരിക്കുന്നത് മറ്റൊരു ഭാഷയാണ്. അവിടുത്തെ ആളുകൾ ഭയങ്കരന്മാരാണ്. കുഞ്ഞുങ്ങളെ റോട്ടിലും മറ്റും കണ്ടാൽ അരയിൽ നിന്നും കത്തിയെടുത്ത് കഴുത്തുമുറിച്ചു കളയുമെന്നാണ് ബാലേട്ടൻ പറയുന്നത്. അത്തരമൊരു സംഭവം കണ്ണുകൊണ്ടു കണ്ടയാളാണ് വല്യേട്ടൻ. അതറിഞ്ഞപ്പോൾ ഭയം തോന്നി . ഈ ക്രൂരന്മാരുടെ ഇടയിലാണ് അച്ഛൻ ജീവിക്കുന്നത് ....ഈശ്വരാ ...'
(നിന്റെ ഓർമ്മയ്ക്ക് )
എം ടി യുടെ അച്ഛൻ ജീവിച്ച ലങ്കൻ പ്രദേശത്തുനിന്നല്ല ബാലമുരുഗൻ നാഗസ്വരവുമായി വന്ന് ഇപ്പോൾ കേരളോത്സവങ്ങളെ ആനന്ദഭൈരവികളാക്കുന്നത്. കൊളംബോയിൽ നിന്ന് നാനൂറുകിലോമീറ്റർ അകലെയാണ് തമിഴ് ഭൂരിപക്ഷപ്രദേശമായ ജാഫ്‌ന. യാഴ്പ്പാണവും കേരളവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, കുറഞ്ഞത് പത്തൊൻപത് നൂറ്റാണ്ടുകളുടെയെങ്കിലും. സംഘകാലകൃതിയായ ഇളങ്കോവടികളുടെ ചിലപ്പതികാരത്തിൽ ലങ്കയിലെ രാജാവ് ഗജബാബു സിലോണിൽ (ഇളങ്കൈ എന്ന് സംഘത്തമിഴിൽ) നിന്നും വഞ്ചിനാട്ടിൽ വന്ന് രാജാവ് ചേരൻ ചെങ്കുട്ടവനെ കാണുന്നതും കൊടുങ്ങല്ലൂർ ഭഗവതിപ്രതിഷ്ഠാപന (കണ്ണകി)ച്ചടങ്ങിൽ പങ്കെടുക്കുന്നതും പരാമർശിച്ചിട്ടുണ്ട്. തിരികേ പോകുമ്പോൾ ഒരു കണ്ണകി പ്രതിഷ്ഠ ഗജബാബു സിലോണിലേക്ക് കൊണ്ടുപോകുകയും ചെയ്തത്രേ. ഗജബാബുവിൻ്റെ കാലത്താണ് ആദ്യമായി കേരളവാസികൾ ലങ്കാദ്വീപിലെത്തിയത് കരുതപ്പെടുന്നു. പാലി ഭാഷയിൽ ശ്രീലങ്കയിൽ എഴുതപ്പെട്ട (നാലാം നൂറ്റാണ്ടുമുതൽ പലകാലങ്ങളിലായി എഴുതപ്പെട്ട ) ബൗദ്ധകൃതികളായ മഹാവംശ, ചൂളവംശ എന്നീ കൃതികളിൽ കേരളത്തിൽ നിന്നുമുള്ള ആളുകൾ സൈന്യത്തിൽ അംഗങ്ങളായിരുന്നു എന്നു പറയുന്നുണ്ട്. തമിഴ് വിമോചനപ്പുലികളെ നേരിടാൻ ശ്രീലങ്കൻ സൈന്യത്തെ സഹായിക്കുവാൻ രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ അയക്കുന്നതിനും മുൻപേ ഇളങ്കാ (AD 34 -44 ), അഭയംഗ (236 -244 ) രാജാക്കന്മാരുടെ സൈന്യത്തിൽ കേരളക്കാരും തമിഴരും കന്നഡരും ഉണ്ടായിരുന്നു എന്നാണ് ചൂളവംശയിൽ പറയുന്നത്. ചേരൻ ചെങ്കുട്ടവൻ കൊടുത്തയച്ച കൊടുങ്ങല്ലൂർ ഭഗവതിയാണ് ( ലങ്കൻ തമിഴരുടെ കണ്ണകിയോ , സിംഹളബൗദ്ധരുടെ പട്ടിനിയോ) ശ്രീലങ്കൻ വിശ്വാസങ്ങളിലെ പരദേവത.
ചേരൻ ചെങ്കുട്ടവനെക്കുറിച്ചോർത്തപ്പോൾ ആധുനികകാലത്തെ ജാഫ്‌നയിലെ മറ്റൊരു ചേരനെക്കൂടി ഓർമ്മവന്നു. കവി. 1981 ൽ ഒരു സിംഹളസംഘം ജാഫ്‌നയിലെ പബ്ലിക് ലൈബ്രറിയ്ക്ക് തീയിട്ടപ്പോൾ ഒരുലക്ഷത്തോളം പുസ്തകങ്ങളും പുരാരേഖകളും കത്തിച്ചാമ്പലാകുന്നത് നോക്കിനിൽക്കാൻ വിധിക്കപ്പെട്ട കവി, രുദ്രമൂർത്തി ചേരൻ. വംശഹത്യയുടെ ഭാഗമായി ഒരു ജനതയുടെ ജ്ഞാനസംസ്കാരത്തെ പൂർണമായും നശിപ്പിക്കുന്ന പുസ്തകനശീകരണത്തിന്റെ ഏറ്റവും ക്രൂരമായ ആധുനികകാല ഉദാഹരണമാണ് ജാഫ്‌ന ലൈബ്രറിയുടെ തീകൊളുത്തൽ. അതു കണ്ടുനിൽക്കുമ്പോൾ രുദ്രമൂർത്തി ചേരന് ഇരുപത്തിയൊന്നുവയസ്സ്.
'തിണമയക്കം' എന്ന ചേരൻ കവിത അൻവർ അലി മലയാളത്തിലേക്ക് മൊഴിമാറ്റിയതിൽ നിന്നും കുറച്ചുഭാഗങ്ങൾ ഇവിടെ നൽകുന്നു :
തരിശുനിലത്ത് കാറ്റു പെരുക്കുന്നത്
മധുരസംഗീതമല്ല
പൊടിയാണ്
ചേരാ
പാലനിലങ്ങളിൽ പാടിയോരുടെ
പുരാതന ഒലിയല്ലേ പൊടി?
യുദ്ധമൊഴിഞ്ഞൊരു നേരത്ത്
കണ്ണാമരങ്ങളുടെ നിഴൽ
പൊയ്കയിലിളകിക്കൊണ്ടിരിക്കെ
ഞങ്ങൾ പാറയിൽ കുന്തിച്ചിരുന്നു
അൽപ്പം ക്ഷമിക്കെന്നവൾ പറഞ്ഞു
പിരിഞ്ഞു
ചേരാ
കാലത്തെ പാറയിൽ ചിന്തും തീയെ
നനച്ചു കെടുത്തില്ല കണ്ണീർ.
പെരുകിപ്പെരുകി
ഭൂഭാഗങ്ങൾ കണ്ടംതുണ്ടമാക്കി
വെള്ളിത്തീ
പായുമ്പോൾ
മായ്ക്കാനാവില്ലെന്റെ
കാൽപ്പാടുകളെന്ന് നീ
ചിനയ്ക്കുന്നു
ചേരാ
കുരലും ചുവടും വിട്ടെറിഞ്ഞ്
സ്വരങ്ങൾ വിതയ്ക്ക്.
പാലനിലങ്ങളിൽ പാടിയോരുടെ പുരാതന ഒലികളായ പൊടിയിൽ നിന്നുമുള്ള പാട്ടോർമ്മകളുമായാണ് യാഴ്പ്പാണം ബാലമുരുഗൻ കേരളത്തിലെ തൃപ്പൂണിത്തുറയിൽ നാഗസ്വരം വായിക്കുവാൻ ചൊവ്വാഴ്ച്ച എത്തിയത്.
യാഴ്പ്പാണം ബാലമുരുഗൻ കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ ജനപ്രിയനാകുന്നതിനും മുൻപേ നമ്മുടെ ഉത്സവപ്പറമ്പുകളെ അനുപമമായ വായ്പ്പാട്ടുകളാൽ ധന്യമാക്കിയ മറ്റൊരാളുണ്ടായിരുന്നു, ജാഫ്‌നാജീവിതമുണ്ടായിരുന്ന ഒരാൾ. മുപ്പത്തിരണ്ടാം വയസ്സിൽ ജാഫ്‌നയിലെ രാമനാഥൻ ഫൈൻ ആർട്സ് അക്കാദമിയുടെ പ്രിൻസിപ്പലായ മഹാരാജപുരം സന്താനമായിരുന്നു അത്. 1960 മുതൽ 1965 വരെ അദ്ദേഹം യാഴ്പ്പാണത്തായിരുന്നു. അച്ഛനും മഹാഗായകനുമായിരുന്ന മഹാരാജപുരം വിശ്വനാഥയ്യരുമായി വഴക്കുണ്ടാക്കി തഞ്ചാവൂരിൽ നിന്നും യാഴ്പ്പാണത്തുപോയതായിരുന്നു സന്താനം.
ആരെങ്കിലും എന്നെങ്കിലും ബാലമുരുഗനെ തിരുവഞ്ചിക്കുളത്ത് ഒന്നുകൊണ്ടുപോകണം. ചിലപ്പതികാരത്തിലെ യാഴ്പ്പാണാരചൻ ഗജബാബു രണ്ടാം നൂറ്റാണ്ടിലെത്തിയ തിരുവഞ്ചിക്കുളത്തേക്ക് ബാലമുരുഗൻ 2025 ൽ നാഗസ്വരം വായിച്ച തൃപ്പൂണിത്തുറയിൽ നിന്നും നാൽപ്പതു കിലോമീറ്റർ ദൂരമല്ലേയുള്ളൂ.
ജാഫ്‌നയിൽ ആഭ്യന്തരകലാപം ശക്തമായിരുന്ന കാലം ഒരു നാഗസ്വരവുമായി നാടുവിട്ട ആ ബാലനെക്കുറിച്ചുപറയട്ടെ . ബാലമുരുഗൻ നൽകിയ ഒരഭിമുഖത്തിൽ ഇങ്ങനെ പറയുന്നു : ' എനിയ്ക്ക് പതിനഞ്ചുവയസ്സുള്ളപ്പോൾ ജാഫ്‌നയിലെ നല്ലൂരിൽ നിന്നും മാതാപിതാക്കളോടൊപ്പം നാടുവിടേണ്ടിവന്നു. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും മുപ്പതുകിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ ഞങ്ങൾ താമസിച്ചു. ഏച്ചുകെട്ടിയ ഷെഡ്ഡുകളിൽ. കഴിക്കാൻ ഭക്ഷണമില്ലായിരുന്നു. പണമില്ലായിരുന്നു. അപ്പോൾ പോലും എൻ്റെ അച്ഛൻ സുപ്പുസ്വാമി പിള്ളൈ എന്നോടു പറയുമായിരുന്നു, നീ നാഗസ്വരം സാധകം ചെയ്യാൻ. അച്ഛൻ എന്നോട് പറഞ്ഞു , ഈ കലാപങ്ങൾക്കിടയിൽ നിന്നും എന്തെങ്കിലും കാരണത്താൽ നീ ജീവനോടെ ഇരുന്നാൽ ഈ നാഗസ്വരം നിനക്കൊരു ജീവിതം നൽകും. ഞാൻ അച്ഛനെ അനുസരിച്ചു'. ( 2023 ൽ നിർമ്മൽ ജോവിയലിനോട് പറഞ്ഞത് , The Week ). സുപ്പുസ്വാമി പിള്ളൈ ജാഫ്‌നയിലെ നല്ലൂർ കന്തസ്വാമി കോവിലിൽ നാല്പതുകൊല്ലക്കാലം ആസ്ഥാനവിദ്വാനായിരുന്നു.
ഒന്നാലോചിച്ചുനോക്കൂ. ലോകം തന്നെ ഞെട്ടിവിറച്ചുനിന്ന ശ്രീലങ്കൻ - തമിഴ് ജനതകളുടെ രക്തരൂക്ഷിതമായ പോരാട്ടത്തിന്റെ കാലങ്ങളിൽ ആ രക്തനിലങ്ങളിൽ രാവും പകലും നാഗസ്വരം സാധകം ചെയ്യുന്ന ഒരു കൗമാരക്കാരനെ. തമിഴ് പുലികൾ കുട്ടികളെ തോക്ക് സാധകം ചെയ്യിക്കുമ്പോൾ ബാലമുരുഗൻ അഭയാർത്ഥപലായനങ്ങൾക്കിടയിൽ നാഗസ്വരം പരിശീലിക്കുകയായിരുന്നു. ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായിട്ട് ഞാൻ യാഴ്പ്പാണം ബാലമുരുഗൻ വായിച്ച ആഭേരി രാഗം കേൾക്കുകയായിരുന്നു. അത് കർണ്ണാടകസംഗീതത്തിലെ പതിവ്, മനോഹര ആഭേരികളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് ആ സ്വരവിധാനം ഉളവാകുന്നത് കവി രുദ്രമൂർത്തി ചേരൻ എഴുതിയതുപോലെ തരിശുനിലത്ത് കാറ്റു പെരുക്കുന്ന ഓർമ്മകളിലെ സംഗീതം മധുരസംഗീതമല്ല മറിച്ച് പാലനിലങ്ങളിൽ പാടിയോരുടെ പുരാതന ഒലികളായ
പൊടിയിൽ നിന്ന് ചിറകടിച്ചുയരുന്നതുകൊണ്ടാണ്.
Content Highlights: Discover the inspiring story of Yazhpanam Balan, a Nagaswaram artist whose music connects cultures and echoes tales of resilience from Jaffna.
Published: 27 Nov 2025, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented