
1995-ലെ ദീപാവലി രാത്രിയിൽ പഞ്ചാബിലെ ഹരികേയിൽ സത്‌ലജ് നദിയിലേക്ക് പോലീസ് ഒരാളുടെ മൃതശരീരം വലിച്ചെറിഞ്ഞു. അവർ കരുതിയത് ആ ശരീരത്തോടൊപ്പം ഒരു ശബ്ദവും ഒരു സാക്ഷ്യവും കുറേ അസ്വസ്ഥമാക്കുന്ന ഓർമ്മകളും എന്നന്നേക്കുമായി ഒഴുകിപ്പോകുമെന്നാണ്. പക്ഷേ, മുപ്പത്തൊന്ന് വർഷങ്ങൾക്കിപ്പുറം, 2026-ൽ, ആ മനുഷ്യൻ മനുഷ്യാവകാശങ്ങളുടെ അനശ്വരാത്മാവായി വീണ്ടും നാട്ടിലിറങ്ങി നടക്കുകയാണ്. ചിലർ ആ ആത്മാവിനെ ഭയക്കുന്നു; മറ്റുചിലർ അതിനെ ആദരവോടെ ആലിംഗനം ചെയ്യുന്നു. ജസ്വന്ത് സിങ് ഖാൽറ എന്നാണ് അയാളുടെ പേര്.
അയാൾ അമൃത്സറിലെ ഒരു ബാങ്കിന്റെ ഡയറക്ടറായിരുന്നു. എല്ലാവരും ബഹുമാനിച്ചിരുന്ന ഒരു മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു. ശിരോമണി അകാലിദളിന്റെ മനുഷ്യാവകാശ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു. വെറും നാൽപ്പത്തിരണ്ടാം വയസ്സിലാണ് അയാൾ കൊല്ലപ്പെട്ടത്.
ഖാൽറ എന്ന പേര് ഇപ്പോൾ പഞ്ചാബിന്റെ ഓർമ്മകളിലേക്ക് കാട്ടുകടന്നലിന്റെ ഇരമ്പൽപോലെ മടങ്ങിയെത്തിയിരിക്കുന്നു. അതിന് കാരണം ഒരു പുതിയ സിനിമയാണ്. സത്‌ലജ് എന്ന പേരിൽ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തിയ ആ ചിത്രം അന്നുതന്നെ സർക്കാർ ഇടപെട്ട് പിൻവലിപ്പിച്ചു. ജസ്വന്ത് സിങ് ഖാൽറയുടെ ജീവിതവും അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ച സത്യാന്വേഷണവും പറയാനായിരുന്നു ആ സിനിമയുടെ ശ്രമം.
ഖാൽറയുടെ സത്യാന്വേഷണത്തിനു സമാനമായ മറ്റൊരു അനുഭവം ആധുനിക ഇന്ത്യയുടെ മനുഷ്യാവകാശപ്രവർത്തനചരിത്രത്തിൽ കണ്ടെത്തുക പ്രയാസമാണ്. നിഗൂഢമായ ഏതോ നോവൽ പോലെ, അല്ലെങ്കിൽ നാസി തടങ്കൽപ്പാളയങ്ങളുടെയോ സ്റ്റാലിന്റെ റഷ്യയുടെയോ പോൾ പോട്ടിന്റെ കംബോഡിയയിലെ കൊലക്കളങ്ങളുടെയോ ഇരുണ്ട രഹസ്യങ്ങൾ പോലെ നമ്മെ പിടിച്ചുലയ്ക്കുന്നതായിരുന്നു ഖാൽറയുടെ അന്വേഷണം. ആളെ തിരിച്ചറിയാത്ത രണ്ടായിരത്തോളം മൃതദേഹങ്ങൾ ദഹിപ്പിക്കപ്പെട്ട ശ്മശാനഭൂമിയിലെ ചാരത്തിൽനിന്ന് അദ്ദേഹം മരിച്ചവരുടെ ഊരും പേരും ചികഞ്ഞെടുത്തു. പോലീസിന്റെ കസ്റ്റഡിയിലും ഏറ്റുമുട്ടലുകളെന്ന പേരിലുമൊക്കെ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന രണ്ടായിരത്തോളം മനുഷ്യരെ ഖാൽറ ഇന്ത്യൻ നീതിബോധത്തിനു മുന്നിൽ മായാത്ത ഒരു ചോദ്യചിഹ്നമായി നിർത്തി.
1984 മുതൽ 1994 വരെ അമൃത്സർ, തരൺ തരൺ, മജിത എന്നീ പഞ്ചാബ് മേഖലകളിൽ പോലീസ് സംസ്‌കരിച്ചെന്ന് രേഖപ്പെടുത്തിയ രണ്ടായിരത്തോളം 'ആളെ തിരിച്ചറിയാനാവാത്ത' മൃതദേഹങ്ങളാണ് നാൽപ്പതുകാരനായിരുന്ന ഖാൽറയുടെ ഉറക്കം കെടുത്തിയത്. ഖാലിസ്ഥാൻ തീവ്രവാദം പഞ്ചാബിൽ രൂക്ഷമായിരുന്ന കാലമായിരുന്നു അത്. സുവർണക്ഷേത്രം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ജർണയിൽ സിങ് ഭിന്ദ്രൻവാലെയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും സായുധ പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പിന്നാലെയായിരുന്നു ജസ്വന്ത് സിങ് ഖാൽറയുടെ അന്വേഷണം.
വീടുകളിൽ നിന്ന് യുവാക്കളെ പോലീസ് പിടിച്ചുകൊണ്ടുപോയാൽ അവർ പലപ്പോഴും തിരിച്ചുവന്നിരുന്നില്ല. മക്കളെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയാലും മറുപടി ലഭിക്കുമായിരുന്നില്ല. അപ്പോഴാണ് ഖാൽറ ഒരു അസ്വാഭാവികത ശ്രദ്ധിച്ചത്. ആളെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ പോലീസ് സംസ്‌കരിക്കുന്നതിന്റെ എണ്ണത്തിൽ അസാധാരണമായ വർധനയുണ്ടായിരുന്നു. ഒരു മൃതദേഹം ദഹിപ്പിക്കാൻ ശരാശരി മുന്നൂറ് കിലോ വിറക് വേണ്ടിവരും. പോലീസ് എത്ര വിറക് ശേഖരിക്കുന്നു എന്ന കണക്കെടുത്താണ് ഖാൽറ ദഹിപ്പിക്കപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം കണക്കാക്കിയത്. അതിനുശേഷം ആ കണക്കുകൾ പോലീസ് സ്റ്റേഷനുകളിൽ രക്ഷിതാക്കൾ നൽകിയ കാണാതായവരുടെ പരാതികളുമായി ഒത്തുനോക്കി.
1995 ജനുവരി 16-ന് അദ്ദേഹം ഒരു വാർത്താസമ്മേളനം നടത്തി ഈ വിവരങ്ങൾ ലോകത്തെ അറിയിച്ചു. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഹർജിയും നൽകി. അസ്വാഭാവിക മരണങ്ങളുടെയും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരത്തിന്റെയും പിന്നിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. കോടതി ഇടപെടാൻ തയ്യാറായില്ല.
1995 സെപ്റ്റംബർ 6-ന് സ്വന്തം വീട്ടിൽ കാർ കഴുകിക്കൊണ്ടിരുന്ന ജസ്വന്ത് സിങ് ഖാൽറയെ പോലീസ് പിടിച്ചുകൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ ആരും ജീവനോടെ കണ്ടിട്ടില്ല. സ്‌പെഷ്യൽ പോലീസ് ഓഫീസറായ കുൽദീപ് സിങ് ബാച്ചർ 1998 മാർച്ച് 2-ന് വെളിപ്പെടുത്തിയത്, ഖാൽറയെ രഹസ്യമായി കൊലപ്പെടുത്തിയശേഷം മൃതദേഹം സത്‌ലജ് നദിയിലേക്ക് എറിഞ്ഞുവെന്നാണ്. അന്ന് ദീപാവലി രാത്രിയായിരുന്നു. കസ്റ്റഡിയിൽ അദ്ദേഹത്തെ അതിക്രൂരമായി മർദിച്ചിരുന്നതായും ബാച്ചർ മൊഴിനൽകി.
ഖാൽറ പറഞ്ഞുനടന്ന കാര്യങ്ങൾ ശരിയായിരുന്നുവെന്ന് പിൽക്കാലത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും പറഞ്ഞു. 2005 നവംബർ പതിനെട്ടാം തീയതി ആറ് പോലീസ് ഉദ്യോഗസ്ഥരെ സുപ്രീം കോടതി ശിക്ഷിച്ചു. ഭർത്താവിന്റെ തിരോധാനത്തെക്കുറിച്ചുള്ള സത്യാന്വേഷണത്തിനായി പരംജീത് കൗർ നടത്തിയ പോരാട്ടമാണ് ഇപ്പോൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ നിന്ന് പിൻവലിക്കപ്പെട്ട സത്‌ലജ് എന്ന സിനിമയുടെ പ്രമേയം.
പാറ്റി, തരൺ തരൺ, ദുർഗെയ്ന മന്ദിർ എന്നീ ശ്മശാനങ്ങളെ കേന്ദ്രീകരിച്ച് ഖാൽറ നടത്തിയ അന്വേഷണങ്ങൾ നമ്മുടെ മജ്ജയെയും തലച്ചോറിനെയും മരവിപ്പിക്കും. അവ ഹിംസയുടെ മഞ്ഞുകട്ടകളാണ്. കംബോഡിയയിൽ പോൾ പോട്ടിന്റെ ഭരണകാലത്ത് കൊലക്കളങ്ങളിലൊടുങ്ങിയവരുടെ തലയോട്ടികൾ ഇന്ന് ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അവ കാണുമ്പോൾ മനുഷ്യചരിത്രത്തിലെ ക്രൂരതകളെക്കുറിച്ച് ഓർത്ത് നാം തലകുനിക്കും. എന്നാൽ, ചിതകൾ ഒന്നും ബാക്കിവയ്ക്കുന്നില്ല. തീ എല്ലാം ചാരമാക്കും. തെളിവുകളെപ്പോലും. ഖാൽറയുടെ സത്യാന്വേഷണവും അദ്ദേഹത്തിന്റെ കൊലപാതകവും ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വിമതശബ്ദങ്ങളെ, മനുഷ്യാവകാശശബ്ദങ്ങളെ നേരിടാൻ ഭരണകൂടവും പൊലീസും എല്ലായിടത്തും ഉപയോഗിക്കുന്ന പരിചിതമായ ആ ഭാഷയിലാണ് ഖാൽറയേയും നേരിട്ടത്.
1952-ൽ ജനിച്ച ഖാൽറ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ എഴുപത്തിനാല് വയസ്സുകാരനായേനേ. കൊല്ലപ്പെടുന്നതിന് ഒരു വർഷം മുൻപ് അദ്ദേഹം നടത്തിയ ഒരു പ്രസംഗം ഇങ്ങനെയാണ് അവസാനിച്ചത്:
'പണ്ടൊരിക്കൽ ഒരു ഗ്രാമത്തെ അന്ധകാരം മൂടിയപ്പോൾ എവിടെയോ ഒരു തിരിവെട്ടം തെളിഞ്ഞു. ആ വിളക്ക് പറഞ്ഞു: 'ഈ അന്ധകാരത്തെ ഞാൻ വെല്ലുവിളിക്കും.' അന്ധകാരം വീണ്ടും നമ്മുടെ ഗ്രാമങ്ങളെ പൊതിയുമ്പോൾ ഈ വിളക്ക് കെടാതെ സൂക്ഷിക്കാൻ സദ്ഗുരു നമ്മെ അനുഗ്രഹിക്കട്ടെ.'
Content Highlights: Jaswant Singh Khalra uncovered 2,000+ unidentified cremations by police in Punjab., His 1995 investigation exposed systemic human rights abuses during the insurgency., The 2026 context highlights the enduring impact of his story despite censorship., The film 'Satluj' documents his brave pursuit of truth and subsequent disappearance., Supreme Court of India eventually validated his findings in 2005.
Published: 16 Jul 2026, 04:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented