അപ്പോള്‍ ഒരു ഇന്ത്യന്‍ ചരിത്രകാരന്റെ ജീവിതത്തിലെ നിര്‍ണ്ണായക വര്‍ഷങ്ങള്‍ വിചാരണ ഇല്ലാതെ ജയിലില്‍ കടന്നുപോകുമ്പോള്‍, അത് ഈ പൗരസമൂഹത്തോട് എന്താണ് പറയുന്നത്?

ഒരമ്മ എഴുതിയ വാചകങ്ങളോടെ തുടങ്ങാം.
'Fractured Communities, Adivasi Histories and Power' എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പികൾ വീട്ടിലെത്തിയപ്പോൾ ഞാനും എന്റെ ഭർത്താവും ചേർന്നാണ് ആ പൊതി തുറന്നത്. പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി ഞങ്ങൾ കുറേ നേരം നിന്നു. ഇത് ആഹ്‌ളാദകരമായ ഒരു ഉച്ചനേരം ആകേണ്ടതായിരുന്നു. ഞങ്ങളുടെ മകൻ ഇവിടെ ഈ നേരം ഉണ്ടാകേണ്ടതായിരുന്നു. ഞങ്ങളുടെ സന്തോഷത്തെ നോക്കി ചിരിച്ചുകൊണ്ട് അവന്റെ കൈകൊണ്ട് ഒപ്പിട്ട് ഒരു പുസ്തകം ഞങ്ങൾക്ക് തരേണ്ടതായിരുന്നു. പകരം അവൻ ജയിലിലാണ്. UAPA നിയമപ്രകാരം കഴിഞ്ഞ ഏതാണ്ട് ആറുവർഷങ്ങളായി വിചാരണ പോലും തുടങ്ങാതെ ജയിലിലാണ്.'
ആഗസ്ത് പത്താം തീയതി ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ പൂർവ വിദ്യാർത്ഥിയും ഗവേഷകനുമായ ഉമർ ഖാലിദിന്റെ പുസ്തകത്തെക്കുറിച്ച് ഒരു അവലോകനസമ്മേളനം സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തമായിരുന്നു. പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് സർവകലാശാല ഓഡിറ്റോറിയം അനുവദിക്കാത്തതിനാൽ തുറസ്സിൽ, മരത്തണലിൽ അവർ ഒത്തുകൂടി. ആഗസ്ത് പത്താം തീയതിയുടെ പ്രാധാന്യം ആ ദിവസമാണ് ഐക്യരാഷ്ട്രസഭ ഇക്കൊല്ലം ലോകത്തിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് എന്നതാണ്. ഉമർ ഖാലിദ് ഗവേഷണം ചെയ്തത് ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാൾ പ്രവിശ്യയിലെ സിങ്ഭും പ്രദേശത്തെ ആദിവാസി ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ്.
ഗവേഷണപ്രബന്ധം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിന് അവതാരിക എഴുതിയിരിക്കുന്നത് ചരിത്രകാരനായ രാമചന്ദ്രഗുഹയാണ്. ഗുഹയുടെ അഭിപ്രായത്തിൽ അദ്ദേഹം സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച ചരിത്രഗവേഷണ പ്രബന്ധമാണ് 'ഛിന്നഭിന്നമായ സമൂഹങ്ങൾ, ആദിവാസി ചരിത്രങ്ങൾ, അധികാരം' എന്നാണ്.
ഈ യുവ ചരിത്രകാരന്റെ രചനയിൽ പ്രകടമായ പ്രധാന സവിശേഷതകളെക്കുറിച്ച് രാമചന്ദ്രഗുഹ നിരീക്ഷിക്കുന്നുണ്ട്.
ഒന്നാമതായി, ജാർഖണ്ഡിലെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയും ആദിവാസികളെക്കുറിച്ച് മുൻകാല എഴുത്തുകാർ നടത്തിയ പഠനങ്ങളിലുള്ള ഉമർ ഖാലിദിന്റെ ആഴത്തിലുള്ള പരിചയം. രണ്ടാമതായി, ദേശീയ, സംസ്ഥാന, ജില്ലാ ആർക്കൈവുകളിലേക്കും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അപൂർവ ലേഖനങ്ങളിലേക്കും പുസ്തകങ്ങളിലേക്കും അദ്ദേഹം നടത്തിയ വിപുലമായ സഞ്ചാരം. മൂന്നാമതായി, പഠനവിധേയമായ പ്രദേശങ്ങളിൽ നേരിട്ടെത്തി മനുഷ്യരെയും സ്ഥലങ്ങളെയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള സന്നദ്ധത. 'ചരിത്രകാരന് കട്ടിയുള്ള നോട്ടുബുക്കുകൾക്കൊപ്പം കട്ടിയുള്ള ബൂട്ടുകളും ആവശ്യമാണെന്ന' ഫ്രഞ്ച് ചരിത്രകാരൻ മാർക്ക് ബ്ലോക്കിന്റെ പ്രശസ്തമായ പ്രമാണം ഈ യുവ പണ്ഡിതൻ ഹൃദയത്തിലേറ്റിയതായി തോന്നുന്നു, ഗുഹ എഴുതുന്നു.
പുസ്തകത്തിൽ നിന്നൊരു ഉദ്ധരണി കൂടി വായിച്ചിട്ട് നമുക്ക് മുന്നോട്ടുപോകാം. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സിങ്ഭും പ്രദേശത്തെ വേട്ടയാടലിനെക്കുറിച്ച് എഴുതുന്ന, ആദിവാസി ജീവിതത്തിന്റെ വർണ്ണാഭമായ ഒരു ചിത്രം അവതരിപ്പിക്കുന്ന ഒരു ഭാഗം: 'പൂക്കളും തൂവലുകളും അണിഞ്ഞ്, ചെടിത്തണ്ടുകൊണ്ട് നിർമ്മിച്ച അലങ്കാരപ്പട്ടകൾ കെട്ടിയ ഓടക്കുഴലുകളുമായി എപ്പോഴും നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്ന സാന്താളുകൾ; ബോറാഭൂമിലെ ലക്കിസിന്നി കുന്നുകളിൽ നിന്നുള്ള കാട്ടുവാസികളായ ഖറിയകൾ ; മുഴക്കമുള്ള 'ഡമ്മ' എന്നറിയപ്പെടുന്ന വലിയ ചെണ്ടകളും മറ്റ് പരുക്കൻ സംഗീതോപകരണങ്ങളുമായി എത്തുന്ന കൂർമികൾ, ടൗണ്ടികൾ, സുണ്ടികൾ, ഗ്വാലകൾ, ഭൂമിജുകൾ...- ഇവർ വാളുകൾ, 'ബുൽവ'കൾ, പലതരം വില്ലുകളും അമ്പുകളും എന്നിവയാൽ സജ്ജരായിരുന്നു; ലളിതവും നിഷ്‌കളങ്കവുമായ പെരുമാറ്റമാണെങ്കിലും ഏറ്റവും വലിയ വേട്ടമുതലുകളുമായി എത്തുന്ന ഹോ വിഭാഗക്കാർ...'
2018-ൽ സർവകലാശാലയ്ക്ക് സമർപ്പിക്കപ്പെട്ട ഈ പ്രബന്ധം ഇപ്പോൾ നമുക്കൊക്കെ വായിക്കാൻ ലഭ്യമായിരിക്കുന്നു. എന്നാൽ ഏറ്റവും ദുഃഖകരമായ കാര്യം ഈ ചരിത്രകാരൻ വിചാരണപോലും കൂടാതെ ഏതാണ്ട് ആറുവർഷങ്ങളായി ജയിലിലാണ് എന്നതാണ്. ഒരു വശത്ത്, സിങ്ഭുമിലെ ആദിവാസി സമൂഹങ്ങൾക്കെതിരെ അധികാരം എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അന്വേഷിച്ച ചരിത്രകാരൻ; മറുവശത്ത്, സ്വന്തം സമകാലത്തെ അധികാരത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ അതേ ചരിത്രകാരൻ തന്നെ അധികാരത്തിന്റെ തടവിലായിരിക്കുന്നു. ചരിത്രം പഠിച്ച ഒരാൾ സ്വന്തം കാലത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു തടവുകാരനായി മാറുന്ന ഈ വൈരുധ്യം ഈ പുസ്തകത്തിന് മറ്റൊരു അർത്ഥം കൂടി നൽകുന്നു. ഭൂതകാലത്തെക്കുറിച്ച് എഴുതിയ ഗവേഷകന്റെ വർത്തമാനം തന്നെ ചരിത്രത്തിന്റെ ഒരു ചോദ്യമായി മാറുന്നു.
സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരിക്കേ, ഗൂഢാലോചനക്കുറ്റം നേരിടുന്ന ഉമർ ഖാലിദിനെക്കുറിച്ച് രാമചന്ദ്രഗുഹ പറഞ്ഞ ഒരു കാര്യം കൂടി ഇവിടെ ഉദ്ധരിക്കേണ്ടി വരുന്നു:
'ഡോ. ഉമർ ഖാലിദിനെ ഞാൻ നേരിൽ കാണുകയോ അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും, 2019 ഡിസംബറിലെ ഒരു ദിവസം, വിവേചനപരമായ ഒരു നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന സമാധാനപരമായ പ്രതിഷേധത്തിൽ ഞങ്ങൾ രണ്ടുപേരും പങ്കെടുത്തു; അദ്ദേഹം ഡൽഹിയിലും ഞാൻ ബെംഗളൂരുവിലും. അതിനുശേഷമുള്ള വർഷങ്ങളിൽ, ഞങ്ങളുടെ ജീവിതം സഞ്ചരിച്ച വ്യത്യസ്ത വഴികളെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ പേര് 'ഉമർ' എന്നല്ല, മറിച്ച് 'രാമചന്ദ്ര' എന്നായതുകൊണ്ടാണോ അദ്ദേഹത്തിന് സാധിക്കാതെ പോയ എന്റെ ഗവേഷണവും എഴുത്തും തുടരാൻ എനിക്ക് കഴിഞ്ഞത്?'
ഇതേ ചോദ്യമാണ് കോക്രോച് ജനതാ പാർട്ടിയുടെ സ്ഥാപകനായ യുവാവ് അഭിജിത് ദീപ്കെയും ഉന്നയിച്ചത്:''എന്റെ പേര് അഭിജിത് എന്നായതിനാലല്ലേ ഞാൻ പുറത്തു നടക്കുന്നത്? ഉമർ ഖാലിദ് എന്നായിരുന്നെങ്കിലോ?''ഉമർ ഖാലിദിന്റെ ഉമ്മ സാബീഹാ ഖാനും 'അവന്റെ വാക്കുകൾ സ്വതന്ത്രമാണ്, എന്റെ മകൻ സ്വതന്ത്രനല്ല' എന്ന പേരിൽ എഴുതിയ ലേഖനം അവസാനിക്കുമ്പോൾ അവർ പറയുന്നുണ്ട്, ഈ പുസ്തകം വായിക്കപ്പെടേണ്ടത് ഗ്രന്ഥകാരൻ ജയിലിലായതുകൊണ്ടല്ല, മറിച്ച് എഴുതിയതിനെ മേന്മ കൊണ്ടാണ് എന്ന്.
'ഈ പുസ്തകം വായിക്കപ്പെടേണ്ടത് ആ പാണ്ഡിത്യത്തിന്റെ ഉന്നത നിലവാരം കൊണ്ടാണ്. പുസ്തകമാരംഭിക്കുന്നത് ചരിത്രം, അധികാരം, ജനങ്ങൾ എന്നിവയെ നമ്മൾ എത്ര പെട്ടെന്ന് ലഘൂകരിച്ചാണ് കാണുന്നത് എന്നുപറഞ്ഞുകൊണ്ടാണ്. കുറേനാളുകളായി ഒരാളെക്കുറിച്ച് (ഉമറിനെക്കുറിച്ച്) ഒരുപാട് കാര്യങ്ങൾ പലതും പലരുമായി കേട്ടുകഴിഞ്ഞ സ്ഥിതിയ്ക്ക് അയാളെ അയാളുടെ ഭാഷയിൽ അടുത്തറിയുവാൻ ഈ പുസ്തകം നിങ്ങളെ സഹായിച്ചേക്കാം'.
ഇതെഴുതുമ്പോൾ പുസ്തകം എന്റെ പക്കലുണ്ട്. തികഞ്ഞ അക്കാദമിക് ആർജ്ജവത്തോടെ, ആഴമുള്ള ചരിത്രബോദ്ധ്യത്തോടെ ഒരു ഇന്ത്യൻ ആദിവാസി പ്രദേശത്തിന്റെ ബ്രിട്ടീഷ്ഭരണകാലത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഈടുറ്റ ഗ്രന്ഥമാണിത്.
അപ്പോൾ ഒരു ഇന്ത്യൻ ചരിത്രകാരന്റെ ജീവിതത്തിലെ നിർണ്ണായക വർഷങ്ങൾ വിചാരണ ഇല്ലാതെ ജയിലിൽ കടന്നുപോകുമ്പോൾ, അത് ഈ പൗരസമൂഹത്തോട് എന്താണ് പറയുന്നത്? ഒരുപക്ഷേ ആ ചോദ്യം ഉമർ ഖാലിദ് ആരുടെ തടവിലാണെന്നതല്ല , നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെ ആരുടെ തടവിലാണ്? എന്നതാണ്. ഞാൻ ഈ ലേഖനം എഴുതിയ ആഗസ്ത് പതിനൊന്നാം തീയതി ഉമർ ഖാലിദ് എന്ന ചരിത്രകാരന്റെ ജന്മദിനമായിരുന്നു, ജയിലിൽ ചെന്നതിനുശേഷമുള്ള ആറാമത്തേതും.
Published: 12 Aug 2026, 11:18 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented