കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ട് ആത്മഹത്യകളും ഒരു കൊലപാതകവും എന്നെ കൊണ്ടുപോയത് പതിറ്റാണ്ടുകൾക്ക് മുൻപ് വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ ഒരു കവിതയിലേക്കാണ്. ഇന്നലെ ഒരു സുഹൃത്തിനോട് സംസാരിക്കവേ സൂചിപ്പിക്കുകയുണ്ടായി, 'മഹത്തായ കവിതയുടെ ഒരു ലക്ഷണം ഏതുകാലത്തെയും മനുഷ്യാവസ്ഥയുമായി സംവദിക്കാൻ അതിനു കഴിയുന്നു എന്നതാണ്' എന്ന്. ആ കവിതയിലേക്ക് പോകുന്നതിനുമുമ്പ്, അതിലേക്കെന്നെ എത്തിച്ച ദുരന്തങ്ങളെക്കുറിച്ച് പറയാം. ഒന്ന്, പ്രൊഫസർ ജേസൺ അർഡേയുടെ മരണം. രണ്ട്, ബംഗാളിലെ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയുടെ മരണം. മൂന്ന്, ആലപ്പുഴയിൽ പതിമൂന്നുകാരി പെൺകുട്ടിയും സുഹൃത്തും ചേർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയ സംഭവം. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് അതിനാൽ ഈ ലക്കം ആഴ്ചപ്പാടുകൾ.

To advertise here,

ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്തയുടെ മുഖം മാറ്റിയ ദാർശനികൻ ലുഡ്​വിഗ് വിറ്റ്ഗെൻസ്‌റ്റൈൻ (Ludwig Wittgenstein 1889-1951) ആത്മഹത്യയെക്കുറിച്ച് പറഞ്ഞ വാചകം ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കറുത്തവർഗക്കാരൻ പ്രൊഫസറായ ജേസൺ അർഡേയുടെ ആത്മഹത്യയ്ക്കു മുന്നിൽ സമർപ്പിക്കുന്നു:

'സന്തുഷ്ടനായ മനുഷ്യന്റെ ലോകം അസന്തുഷ്ടനായ മനുഷ്യന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മരണത്തോടെ ലോകത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല; എന്നാൽ ഒരാളുടെ ലോകം അവസാനിക്കുന്നു':The Tractatus Logico-Philosophicus, 1921.

ഒരിക്കൽ ഊട്ടിയിലെ ഫേൺഹില്ലിലുള്ള നാരായണ ഗുരുകുലത്തിൽ നിത്യചൈതന്യയതിയോട് സംസാരിച്ചിരിക്കവേ ആത്മഹത്യ ഒരു സംഭാഷണവിഷയമായി. അദ്ദേഹം പറഞ്ഞു ജീവിതത്തിൽ അൻപതു ശതമാനമെങ്കിലും സന്തോഷമുള്ള ഒരാൾ ആത്മഹത്യ ചെയ്യില്ലെന്ന്. എന്നാൽ അൻപത്തിയൊന്നു ശതമാനം ദുഃഖം ജീവിതത്തിൽ നിറഞ്ഞാൽ ഒരാൾ ആത്മഹത്യ ചെയ്‌തേക്കാമെന്നും. എന്നിട്ട് അദ്ദേഹം എന്നോട് നാലാം നൂറ്റാണ്ടിൽ ആത്മഹത്യ ചെയ്ത ഒരു പതിനഞ്ചുകാരിയെക്കുറിച്ച് സംസാരിച്ചു. റോമാ സാമ്രാജ്യം ക്രിസ്ത്യാനികളെ വിചാരണചെയ്യുന്ന കാലത്ത് സൈന്യം അന്ത്യോഖ്യയിലെ പെലാജിയ എന്ന പെൺകുട്ടിയുടെ വീട്ടിൽ ചെന്നു. പരസ്യമായ ദിവ്യബലിയിൽ ബലികൊടുക്കപ്പെടാൻ വസ്ത്രം മാറിവരാൻ അവളോട് സൈന്യം പറഞ്ഞു. അവൾ അതിനായി അകത്തുപോയി, മുകളിലത്തെ നിലയിലൂടെ മട്ടുപ്പാവിൽ കയറി കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു. കൊലയും അപമാനവും കാത്തുനിന്ന ഒരു സാഹചര്യത്തിൽ മരണത്തെ തിരഞ്ഞെടുക്കേണ്ടിവന്ന പെലാജിയ ഇന്ന് ക്രിസ്തുമതത്തിലെ വിശുദ്ധയാണ്. ഇത്രയും പറഞ്ഞിട്ട് യതി പറഞ്ഞു, 'തന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ അളവ് എന്നും കൂടി നിൽക്കട്ടെ'.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രൊഫസറുടെയും രാഷ്ട്രീയ നേതാവിന്റെയും ജീവിതാന്ത്യങ്ങൾ, ഇക്കാലത്ത് നടക്കുന്ന അന്ധവും ക്രൂരവുമായ സാമൂഹ്യവിചാരണകൾ സൃഷ്ടിക്കുന്ന ദുരന്തസാധ്യതകളെക്കുറിച്ച് നമ്മോട് പറയുന്നു. പ്രൊഫസർ ജേസൺ അർഡേയുടെ പേരിൽ ആശയമോഷണം (Plagiarism) ആരോപിക്കപ്പെട്ടപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അഴിച്ചുവിട്ട വ്യക്തിഹത്യ അദ്ദേഹത്തെ തളർത്തിക്കളഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഒരു സഹപ്രവർത്തകനോട് അദ്ദേഹം, 'ഇതിൽ കൂടുതൽ താങ്ങാൻ കഴിയില്ല' എന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർജിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ നടന്ന പരസ്യമായ വ്യക്തിഹത്യയും അദ്ദേഹത്തിന്റെ സ്വയം തിരഞ്ഞെടുത്ത ജീവിതാന്ത്യത്തിന് കാരണമായി. ആരോപണങ്ങളുണ്ടാകാം; അവയ്ക്ക് അന്വേഷണം വേണം, തെളിവുകൾ വേണം, നിയമനടപടികൾ വേണം. പക്ഷേ, പരസ്യമായ വ്യക്തിഹത്യ ഒരിക്കലും അന്വേഷണത്തിന് പകരമാകരുത്-ഈ രണ്ട് ദുർമരണങ്ങളും നമ്മോട് പറയുന്ന പ്രധാനപ്പെട്ട കാര്യം ഇതാണ്.

ടെലിവിഷനുകളിലെയും സാമൂഹ്യമാധ്യമങ്ങളിലെയും വിചാരണകൾക്കും വ്യക്തിഹത്യകൾക്കും ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം നിരന്തരം കാണുന്നത്. ഒരു ആരോപണമുണ്ടായാൽ, പ്രാഥമിക അന്വേഷണം പോലും പൂർത്തിയാകുന്നതിനു മുൻപ് ന്യൂസ് ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും ജനപ്രീതി വർധിപ്പിക്കാനായി ആരോപണവിധേയനായ ഒരാളെ പരസ്യവിചാരണയ്ക്ക് വിധേയനാക്കി അപമാനിക്കുമ്പോൾ അത് വാർത്തയല്ല, വ്യക്തിഹത്യയാണെന്ന് തിരിച്ചറിയാനുള്ള പൗരബോധവും ധാർമികതയുടെ തെളിച്ചവും നമുക്കുണ്ടാകണം.

ഇനി നിങ്ങളെ ഞാൻ വൈലോപ്പിള്ളിയിലേക്ക് കൊണ്ടുപോകുകയാണ്. 1961-ൽ പ്രസിദ്ധീകരിച്ച 'കുരുവികൾ' എന്ന കവിതാസമാഹാരത്തിലെ 'താമസിച്ച മനുഷ്യൻ' എന്ന കവിതയാണത്. കവിതകൾക്ക് അടിക്കുറിപ്പുകൾ നൽകുന്ന ശീലം വൈലോപ്പിള്ളിയ്ക്ക് ഉണ്ടായിരുന്നു. ഈ കവിതയ്ക്കുള്ള അടിക്കുറിപ്പ് ഇതാണ്:

'എല്ലാം വൈകിച്ചെയ്യുക എന്ന പതിവനുസരിച്ച് കവി തന്റെ മരണവും വൈകിക്കുന്നു. ഇങ്ങനെ ദീർഘായുസ്സു നേടുക എന്നത് നേരമ്പോക്കുള്ള നല്ലൊരു കാര്യമല്ലേ എന്നു മറ്റുള്ളവർക്കു തോന്നാം. എന്നാൽ ആത്മഹത്യയ്ക്ക് എല്ലാ സാഹചര്യവും തികഞ്ഞു എന്നു തോന്നുമ്പോഴും ചടഞ്ഞുകൂടുന്ന ജീവിതം ദയനീയമല്ലെന്നു പറയാമോ?'

ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തുവാൻ വിജിഗീഷുവായ മൃത്യുവിനാകില്ല എന്നുറച്ചു വിശ്വസിച്ച, ശുഭകാമനയുടെ ഉടമയും അടിമയുമായിരുന്ന വൈലോപ്പിള്ളി ഇങ്ങനെയൊരു കവിതയെഴുതുവാൻ, അതും 1960കളിൽ എഴുതുവാൻ എന്തു കാരണമെന്നറിയില്ല.

placeholder
വൈലോപ്പിള്ളി ശ്രീധരമേനോൻ

രാത്രിയിൽ ഇടയ്ക്കുണർന്നപ്പോൾ തന്റെ തലയ്ക്കൽ ഇരിപ്പാണ് മൃതി. എന്നും കാണണമെന്നാഗ്രഹിച്ച ചങ്ങാതി, 'ചിരവാഞ്ച്ഛിതനായ ചങ്ങാതി' എന്നാണ് വൈലോപ്പിള്ളി മരണത്തെ വിശേഷിപ്പിക്കുന്നത്. അങ്ങനെ ആ ചങ്ങാതിയോട് കവി ദുഃഖങ്ങൾ ഓരോന്നോരോന്നായി എണ്ണി പറയുകയാണ്.

'നന്മ നട്ടു ഞാൻ മുള്ളു
കൊയ്തതും, ഞാനേറ്റവും
നമ്പിയ മണിത്തത്ത-
യെൻ കരളറുത്തതും' പറഞ്ഞപ്പോൾ മരണം എന്ന സുഹൃത്ത് വൈലോപ്പിള്ളിയെ മാടി വിളിച്ചു ,

'പോരികെ,'ന്നോതീ തോഴൻ,
'ചായുക സർവ്വജ്വര-
ഹാരിയാമെൻ തോളിൽ നീ,
സ്വാതന്ത്ര്യമിതിനില്ലെ?'

എല്ലാ പ്രശ്‌നങ്ങളേയും എന്നന്നേക്കുമായി പരിഹരിക്കുന്ന എന്റെ തോളിൽ ചായാനുള്ള സ്വാതന്ത്ര്യം നിനക്കില്ലേ? പക്ഷേ മരണത്തോടൊപ്പം പോകാൻ മടിച്ച കവിയോട് മൃതി പറഞ്ഞു:

'സമസ്തം വൈകിച്ചെയ്യ-
ലാണു നിൻ പരാജയം,
ക്ഷമിക്കാം...കാത്തിടാം ഞാൻ
നീ താനേ വരുവോളം '

അപ്പോൾ 'നീ താനേ വരുവോളം' എന്ന് മൃതി പറയുക വഴി ആത്മഹത്യക്കുള്ള സാദ്ധ്യത വീണ്ടും തുറന്നിടുകയായിരുന്നോ വൈലോപ്പിള്ളി?

നാസി തടങ്കൽ പാളയത്തിൽ ക്രൂരതകൾക്കിരയായി പുറത്തു വന്ന ആസ്ട്രിയൻ ജൂതൻ ഴാങ് അമെറി (Jean Amery) എഴുതിയ ഒരു പുസ്തകം നമ്മെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. 'ആത്മഹത്യയെക്കുറിച്ച്: സ്വമേധയാ ഉള്ള മരണത്തെക്കുറിച്ചുള്ള ഒരു വിചിന്തനം' (On Suicide: A discourse on voluntary death) എന്നതാണാ രചന. എന്തുകൊണ്ട് സ്വമേധയാ ഉള്ള മരണം സാധുവാണെന്ന് വാദിക്കുന്ന ഈ പുസ്തകം ഇത്ര കാവ്യാത്മകമായി എഴുതിവെച്ചിട്ട് അയാൾ ആത്മഹത്യ ചെയ്തു. നാസി തടങ്കൽ പാളയത്തിൽ കൂടെയുണ്ടായിരുന്ന തടവുകാരെല്ലാം ഗ്യാസ് ചേമ്പറിൽ, ചൂളയിൽ, കൊല ചെയ്യപ്പെട്ടപ്പോൾ അമെറി രക്ഷപ്പെട്ടത് അദ്ദേഹത്തിന് ജർമ്മൻ ഭാഷ അറിയാമായിരുന്നു എന്ന ഒറ്റ കാരണത്താലാണ് എന്നും പറയപ്പെടുന്നു. എന്നാൽ തടങ്കൽ പാളയത്തിലെ ക്രൂരമായ മർദ്ദനങ്ങളും സഹജൂതരുടെ ക്രൂരകൊലപാതകങ്ങളും ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കുന്ന മാനസികാവസ്ഥയിലേക്ക് അമെറിയെ മാറ്റിയിരുന്നു. പരാജയപ്പെട്ട രണ്ട് ആതാഹത്യാശ്രമങ്ങൾക്കും വിജയിച്ച അവസാനശ്രമത്തിനുമിടയിൽ അദ്ദേഹം മനുഷ്യരാശിയ്ക്കു തന്നിട്ടുപോയ പുസ്തകം വീണ്ടും പൊടി തട്ടിയെടുത്തു വായിക്കാൻ പ്രേരണയായത് പ്രൊഫസർ ജേസൺ അർഡേയുടെയും ആശിഷ് ബാനർജിയുടേയും ആത്മഹത്യയാണ്. ഈ പുസ്തകം മാത്രമല്ല അദ്ദേഹം എഴുതിയ എല്ലാ ദാർശനിക ഗ്രന്ഥങ്ങളും 'ആത്മകഥാപരമാണ്' എന്ന് അമെറി തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തെ Text ആക്കുന്ന, പാഠമാക്കുന്ന രീതിയാണത്.

കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറായ ജേസൺ അർഡേയുടെയും ബംഗാളിലെ രാഷ്ട്രീയ നേതാവായിരുന്ന ആശിഷ് ബാനർജിയുടെയും ജീവിതാന്ത്യങ്ങൾ നമ്മോട് ചില കഠിനമായ പാഠങ്ങൾ പറയുന്നുണ്ട്. ഒരു മനുഷ്യനെക്കുറിച്ചുള്ള ആരോപണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തികളോടും മാധ്യമങ്ങളോടും സമൂഹത്തോടും ഒരുപോലെ സംസാരിക്കുന്ന പാഠങ്ങൾ. .അവർ രണ്ടുപേരും സാമൂഹ്യവിചാരണയിൽ മനം മടുത്ത് ജീവിതം അവസാനിപ്പിച്ചവരാണ്. നമ്മൾ ഒരാൾക്കെതിരേ നടത്തുന്ന വ്യക്തിഹത്യ അയാളുടെ മനസ്സിനെ എങ്ങനെയാണ് ബാധിക്കാനിടയുള്ളത് എന്നാലോചിച്ചിട്ടു മാത്രമേ വിധിയെഴുതാൻ ഇറങ്ങിപ്പുറപ്പെടാവൂ.

എന്നാൽ ഈ സാമൂഹ്യവിചാരണാകൊലപാതകങ്ങളുടെ മറുപുറമാണ് മലയാളിയായ ഒരു പതിമൂന്നുകാരി ഒരു ഐ-ഫോൺ ലഭിക്കാനും സ്‌നേഹിതന് ഒരു ബൈക്ക് വാങ്ങിക്കാനുമുള്ള പണമുണ്ടാക്കാൻ ബന്ധുവായ അറുപത്തഞ്ചുകാരന്റെ കൊലപാതകത്തിന് കൂട്ടുനിന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത. അന്വേഷണത്തിൽ യഥാർത്ഥചിത്രത്തിന്റെ ചുരുളഴിയുന്നതേയുള്ളൂ. അതെന്തുതന്നെയായാലും സംഭവങ്ങൾ ഒരേ നാണയത്തിന്റെ രണ്ടുപുറങ്ങളാണ്. ഇവിടെ മരിച്ചയാൾ സ്വമേധയാൽ സ്വീകരിച്ചതല്ല ആ അന്ത്യം. അയാൾക്ക് പ്രത്യേകിച്ച് ഒരു പങ്കുമില്ലാത്ത രണ്ട് ആഗ്രഹങ്ങൾക്ക് അയാളുടെ ജീവിതം ബലിയായി. ആ പെൺകുട്ടിയുടെ ബാല്യം മുതൽക്കേ ദുഃഖഭരിതമെന്നു കാണുന്ന ജീവിതം കടന്നുപോകുന്ന trauma യെക്കുറിച്ചും വാർത്തകളുണ്ട്. സാമൂഹ്യവിചാരണയല്ല ശിവൻകുട്ടിയുടെ അന്ത്യത്തിന് കാരണമായതെങ്കിലും സമൂഹത്തിന് 'ഈ രക്തത്തിൽ പങ്കില്ല' എന്നു പറഞ്ഞ് കൈ കഴുകാൻ സാധിക്കില്ല. ആ മനുഷ്യനെ കൊല്ലുന്ന രംഗത്തിന്റെ തത്സമയ വീഡിയോ കൊലപാതകികൾ ആ പെൺകുട്ടിയെ കാണിച്ചിരുന്നുവെന്നാണ് വാർത്ത. ആ വീഡിയോ ഭാവിയിൽ ഒരിക്കൽ നിങ്ങളുടെ ഫോണിലേക്കും എത്തുന്നു എന്നു കരുതുക. നിങ്ങൾ അത് ചാരുകസേരയിൽ കിടന്ന് കാണുകയും, സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യുകയും ചെയ്യുന്നുവെങ്കിൽ-മേലേ സൂചിപ്പിച്ച രണ്ട് ആത്മഹത്യകളും ഈ കൊലപാതകവും ഒരു പ്രശ്‌നത്തിന്റെ അവിഭാജ്യഭാഗങ്ങളായി മാറുന്നു. മറ്റൊരാളുടെ ദുരന്തത്തെ ഒരു കാഴ്ചയായി കാണുന്ന നിമിഷം മുതൽ, ആ ദുരന്തത്തിൽ നമുക്കും ഒരു ചെറിയ പങ്കുണ്ടാകുന്നില്ലേ? മറ്റൊരാളുടെ ജീവിതം തകർന്നുപോകുമ്പോൾ, അതിൽ നമ്മുടെ നോട്ടത്തിനും നമ്മുടെ കൗതുകത്തിനും നമ്മുടെ വിധിക്കും നമ്മുടെ നിശ്ശബ്ദതയ്ക്കും എത്രമാത്രം പങ്കുണ്ട്?