കുറേ കൗമാരക്കാര് തെരുവിലിറങ്ങി 'രാജാവ് നഗ്‌നനാണ്' എന്നു പറഞ്ഞ സമരമല്ല ഡല്ഹിയില് നടന്നത്.

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഐതിഹാസികസമരത്തിന്റെ ദിവസങ്ങളിലൊന്നിലാണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ സിനിമ 'ദി ഒഡീസി' കാണാനിടയായത്. ലോകസാഹിത്യത്തിലെ മഹാകാവ്യങ്ങളിലൊന്നായ ഒഡീസിയുടെ പ്രമേയകേന്ദ്രം യുദ്ധവിജയിയായ ഒഡീസിയസ് അതിനുശേഷം നേരിടേണ്ടിവന്ന തീക്ഷ്ണപരീക്ഷണങ്ങളും സ്വന്തം നാട്ടിലേക്കുള്ള പത്തുകൊല്ലങ്ങൾ നീണ്ട മടക്കയാത്രയിലെ യാതനകളുമാണ്. ഒഡീസിയസിനെപ്പോലെ മഹാകാവ്യങ്ങൾക്കും മടങ്ങിവരാനുള്ള വിധിയുണ്ട്. അവ പുരാതനകാലങ്ങളിൽ നിന്ന് വീണ്ടും വീണ്ടും വർത്തമാനത്തിലേക്ക് യാത്ര ചെയ്യുന്നു. 1922-ൽ ജെയിംസ് ജോയ്സ് ഒഡീസ്സിയുടെ പ്രമേയം ആധുനികജീവിത സാഹചര്യത്തിലേക്ക് പറച്ചുനട്ടുകൊണ്ട് 'യുലീസസ്' എന്ന തരംഗസൃഷ്ടീനോവൽ എഴുതിയപ്പോൾ ടി.എസ് എലിയറ്റ്് പറഞ്ഞ ഒരു വാചകം നമ്മെ ജന്തർ മന്ദറിലെ സമരത്തിലേക്ക് ആനയിക്കും.
'യുലീസസി'നെക്കുറിച്ച് ടി.എസ് എലിയറ്റ്് എഴുതിയത്, സമകാലികതയും പ്രാചീനതയും തമ്മിൽ ഒരു നിരന്തര സമാന്തരം സൃഷ്ടിക്കാൻ ജോയിസിന് കഴിഞ്ഞുവെന്നായിരുന്നു. അപ്പോൾ ഒരു ചോദ്യം ഉയരും. ഒഡീസിയസ് മാത്രമാണോ മടങ്ങിവരുന്നത്? മൂല്യങ്ങൾക്കും മടങ്ങിവരാനാകുമോ? ഒഡീസിയസ് ഇത്താക്ക നഗരത്തിൽ തിരിച്ചെത്തിയപ്പോൾ നഗരത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടതാണ് കണ്ടതെങ്കിൽ ഡൽഹിയിലെ ജന്തർ മന്തറിൽ യഥാർഥത്തിൽ മടങ്ങിയെത്തിയത് ആരായിരുന്നു? മനുഷ്യരോ, മൂല്യങ്ങളോ?
ഇതിഹാസത്തിന്റെ ചക്രവാളം ചരിത്രത്തോളം വിശാലമാണ്. ഏത് ഇതിഹാസത്തിന്റേതും. ആ ചക്രവാളത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് വീക്ഷിക്കുന്നവർ കാണുന്ന കാഴ്ചയല്ല മറ്റൊരു കോണിൽ നിൽക്കുന്നവർ കാണാനിടയുള്ളത്. അതുകൊണ്ടാണല്ലോ മഹാഭാരതഭാഷ്യങ്ങൾ പരസ്പരം വ്യത്യസ്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണല്ലോ വെറും രണ്ടുവർഷങ്ങളുടെ ഇടവേളയിൽ ഒഡീസ്സിയെ ആസ്പദമാക്കി എടുത്ത രണ്ടുസിനിമകൾ തുലോം വ്യത്യസ്തപ്പെട്ടിരിക്കുന്നത്. 2024-ൽ ഇറ്റാലിയൻ ചലച്ചിത്രകാരനായ ഉബെർട്ടോ പസോലിനി ഒരുക്കിയ The Return എന്ന സിനിമയും 2026-ൽ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ദി ഒഡീസിയും വ്യത്യസ്തമായ അനുഭവങ്ങളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ജനകീയ മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇതിഹാസപരമായ ഒരു ധാർമികഭാവന സൃഷ്ടിച്ചിരുന്നു. അതിനാൽ ആ ഇതിഹാസത്തിന്റെ ഏത് കോണിൽ നിന്ന് കാണാൻ ശ്രമിച്ചാലും വ്യത്യസ്ത കാഴ്ചകളാണുള്ളത്. ഒഡീസിയസ് മടങ്ങിയെത്തിയപ്പോൾ താൻ സ്‌നേഹിച്ചിരുന്ന ഇത്താക്കയെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ ജന്തർ മന്തറിലേക്ക് മടങ്ങിയെത്തിയപ്പോഴും അവ കണ്ടെത്തിയത് മാറിപ്പോയ ഒരു രാജ്യത്തെയായിരുന്നു.
നെയ്ത്തിന് ക്ഷമവേണം. സ്വയം നെയ്ത വസ്ത്രമേ ധരിക്കാവൂ എന്ന് ഗാന്ധി പറയുമ്പോൾ ഒരാളുടെ ജീവിതത്തിലേക്ക് ക്ഷമാപൂർവമായ ഒരു ജാഗ്രതയെ ക്ഷണിക്കുകയായിരുന്നു. വെറുതെയല്ല നെയ്ത്തുകാരൻ കവിയായ കബീർ എഴുതിയത്:
'എന്റെ മനസ്സാകുന്ന തറിയിൽ ഞാൻ നിന്റെ പേര് നെയ്യുന്നു-
പതിനായിരം നൂലുകളെ ശുദ്ധീകരിച്ച് മൃദുവാക്കാനും,
എന്റെ ചിന്തകളിലെ പിരിവുകളും കെട്ടുകളും ചീകിയൊതുക്കാനും' എന്ന്.
പതിറ്റാണ്ടുകളോളം ചർക്കയിൽ നൂൽ നൂറ്റുകൊണ്ടാണ് ഗാന്ധി സ്വാതന്ത്ര്യത്തിന്റെ ഉദയപ്രഭാതത്തിനായി കാത്തിരുന്നത്. ബംഗാളിൽ വർഗീയകലാപത്തിൽ ആളുകൾ പരസ്പരം കൊല്ലുന്നത് തടയാൻ കൊൽക്കത്തനഗരത്തിൽ ചെന്നപ്പോഴും ഗാന്ധി നൂൽ നൂറ്റുകൊണ്ടേയിരുന്നു. മനസ്സിലെ പതിനായിരം നൂലുകളെ ശുദ്ധീകരിക്കാനും ചിന്തയുടെ പിരിവുകൾ ചീകിയൊതുക്കാനും. ഒഡീസിയസ് മടങ്ങിയെത്തുംവരെ പകലുകളിൽ നെയ്തതും രാത്രികളിൽ അഴിച്ചുകളഞ്ഞതുമായ അതേ വസ്ത്രത്തിനരികെ കാത്തിരുന്ന ഇത്താക്കയുടെ ഗ്രീക്ക് രാജ്ഞിയും ഒഡീസിയസ്സിന്റെ ജീവിതപങ്കാളിയുമായ പേനെലപി സമാന്തരമായ ഒരു ഏകാഗ്രതയുടെ പ്രതിനിധിയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിൽ രക്തനിലങ്ങളിൽ നിന്നുകൊണ്ട് ഗാന്ധി പറഞ്ഞത്: 'ഈ സ്വാതന്ത്ര്യമല്ല ഞാൻ ആഗ്രഹിച്ചത്.' എന്നാണ്. അതുപോലെ, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒഡീസിയസ് മടങ്ങിയെത്തിയപ്പോൾ രക്തത്തിൽ കുതിർന്ന കൊട്ടാരം കണ്ടുനിന്ന് പേനെലപി പറയുന്നത്: 'ഇത് അറവുശാലയാണ്. ഇത്രയും വർഷം ഞാൻ കാത്തിരുന്നത് സമാധാനത്തിനുവേണ്ടിയായിരുന്നു' എന്ന്.
ജന്തർ മന്തറിൽ മടങ്ങിയെത്തിയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ, ഇത്താക്കയിൽ തിരിച്ചെത്തിയ ഒഡീസിയസിന്റെ കണ്ണുകളിലൂടെ ഈ നാടിനെ നോക്കുന്നതുപോലെ എനിക്കു തോന്നി :
'ഈ ഭൂമിയിലേക്ക് നോക്കൂ.
ഇതൊരു തരിശുനിലമാണ്.
ഈ നാട്ടിൽ മുഴുവൻ ആളുകളെ ഭയപ്പെടുത്തുന്ന ഗുണ്ടകൾ.
ധാന്യപ്പുരകൾ മുഴുവൻ കാലിയാണ്.
രാത്രിയിൽ ആളുകൾ ഉറങ്ങുന്ന വീടുകൾ തകർത്ത്
മറ്റുള്ളവർ അകത്തുകയറുന്നു.'
മടക്കമാണ് ജന്തർ മന്തറിന്റെയും ഒഡീസ്സിയുടെയും പ്രമേയകേന്ദ്രം. അതാണ് നമ്മെ ചിന്തിപ്പിക്കുന്നത്. കുറേ കൗമാരക്കാർ തെരുവിലിറങ്ങി 'രാജാവ് നഗ്‌നനാണ്' എന്നു പറഞ്ഞ സമരമല്ല ഡൽഹിയിൽ നടന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഈ നാടിന്റെ ഓർമ്മകളുടെ അടരുകളിൽ അവശേഷിപ്പിച്ചിരുന്ന സാമൂഹ്യധാർമ്മികതയുടെ കോശങ്ങൾ ജീവോർജ്ജം നേടി ആടിയുലഞ്ഞതാണ്. ഒഡീസിയിലെ മടക്കം യുദ്ധങ്ങളുടെ മഹത്വത്തെയല്ല, മനുഷ്യന്റെ ധാർമികശേഷിയുടെ അനശ്വരതയെയാണ് ഓർമ്മിപ്പിക്കുന്നത്.
ജെയിംസ് ജോയ്സിന്റെ യുലീസസിൽ ഒഡീസിയസ് മടങ്ങിയെത്തിയത് ക്രിസ്റ്റഫർ നോലന്റെയോ ഉബെർട്ടോ പസോലിനിയുടെയോ സിനിമകളിലെന്നപോലെയായിരുന്നില്ല. 1904-ലെ ഡബ്ലിൻ നഗരത്തിന്റെ ദൈനംദിന ജീവിതത്തിൽ ഒഡീസ്സിയിലെ രാജാവിനെയും രാജ്ഞിയെയും മകനെയും അനുസ്മരിപ്പിക്കുന്ന സമാന്തരങ്ങളാണ് ജോയ്സ് കണ്ടെത്തിയത്. അതുകൊണ്ടാണ് ടി.എസ് എലിയറ്റ് അതിനെ പ്രാചീനതയും സമകാലികതയും പരസ്പരം പ്രകാശമാനമാക്കുന്ന സൃഷ്ടിപരമായ സമാന്തരമെന്ന് വിശേഷിപ്പിച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കൗമാര-യുവജന സമരവും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഹോളിവുഡ് പുനരാവിഷ്‌കാരമായിരുന്നില്ല. അത് ഒരു ജോയ്‌സിയൻ സമാന്തരമായിരുന്നു. ഒരു ആധുനിക മുഹൂർത്തം.
എന്തുകൊണ്ടാണ് ഗാന്ധിയും അംബേദ്കറും ഭഗത് സിങ്ങും ഡൽഹിയിലെ സമരത്തിൽ തിരികെയെത്തിയത്? ചിലർ മരിക്കുമ്പോൾ ചരിത്രത്തിലെ ഒരധ്യായമാകുന്നു. മറ്റുചിലർ മരിക്കുമ്പോൾ ചരിത്രത്തിന്റെ ഭാഷയാകുന്നു.. അത്തരക്കാർ വീണ്ടും വീണ്ടും മടങ്ങിവരും. ഒഡീസിയിലെ അഞ്ചാം പുസ്തകത്തിൽ ഒഡീസിയസിന് കാലിപ്‌സോ അമരത്വമാണ് വാഗ്ദാനം ചെയ്യുന്നത്. മരണമില്ലാത്ത ജീവിതവും അനന്തയൗവനവും. എന്നാൽ അയാൾ തിരഞ്ഞെടുക്കുന്നത് അതല്ല; യാതനകളും കൊടുങ്കാറ്റുകളും മരണത്തിന്റെ സാധ്യതയും നിറഞ്ഞ ഇത്താക്കയിലേക്കുള്ള മടക്കമാണ്. അപ്പോഴാണ് ഒഡീസിയസ് പറയുന്നത്:
'തിരമാലകളിലും യുദ്ധങ്ങളിലും പെട്ട് ഞാൻ ഇതിനകം ഏറെ സഹിച്ചു. കഠിനാധ്വാനം മാത്രമായിരുന്നു ജീവിതമത്രയും. ഈ മടക്കയാത്രയിലെ യാതനയും ആ കണക്കിൽ കൂട്ടിക്കൊള്ളുക -പരീക്ഷണങ്ങൾ ഇനിയും വരട്ടേ!'
ഒഡീസിയസ് ഇവിടെ അമരത്വത്തെ നിഷേധിക്കുകയല്ല ചെയ്യുന്നത്; മനുഷ്യജീവിതത്തിന്റെ ധാർമിക അർത്ഥത്തെ തിരഞ്ഞെടുക്കുകയാണ്. സ്വന്തം നാട്ടിലേക്കും സ്വന്തം ജനങ്ങളിലേക്കും സ്വന്തം ഉത്തരവാദിത്തങ്ങളിലേക്കും മടങ്ങിവരാനുള്ള ആഗ്രഹം, അനന്തജീവിതത്തേക്കാൾ വിലപ്പെട്ടതാണെന്ന് അയാൾ പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ് ഒഡീസിയുടെ കേന്ദ്രപ്രമേയം യുദ്ധവിജയമല്ല, മടക്കമാണ് എന്നു പറയുന്നത്. ഗാന്ധിയെ അനശ്വരനാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമല്ല; ആ രക്തസാക്ഷിത്വം വഹിച്ച മൂല്യങ്ങൾ വീണ്ടും വീണ്ടും മടങ്ങിവരാനുള്ള കഴിവാണ്. 2026 ജൂലായ് 20-ന് ആ മൂല്യങ്ങൾ വീണ്ടും ഡൽഹിയിലെ തെരുവുകളിൽ നടന്നതായി എനിക്കു തോന്നി.
ഒരുപക്ഷേ, ഓരോ സമൂഹവും ഒടുവിൽ അത്തരമൊരു ഘട്ടത്തിലെത്താറുണ്ട്; സ്വന്തം സ്മരണകളിൽ ആഴ്ന്നുകിടക്കുന്ന ധാർമ്മിക മൂല്യങ്ങളെ, പോരാട്ടങ്ങളുടെ സ്മരണകളെ അത് വീണ്ടെടുക്കുന്ന ഘട്ടം. ഇതിഹാസങ്ങൾ തിരിച്ചുവരുന്നു; മഹത്തായ രചനകൾ തിരിച്ചുവരുന്നു; സ്വാതന്ത്ര്യസമരങ്ങൾ തിരിച്ചുവരുന്നു. അവ അതേപടി തിരിച്ചുവരികയല്ല ചെയ്യുന്നത്; മറിച്ച്, പുതിയ തലമുറകളുടെ മുഖങ്ങളിലൂടെയാണ് അവ പുനരാവിഷ്‌കരിക്കപ്പെടുന്നത്. 2026 ജൂലൈ 20-ന് ഡൽഹിയിലെ തെരുവുകളിൽ തിരിച്ചെത്തിയത് ഭൂതകാലം മാത്രമായിരുന്നില്ല; മറിച്ച്, ഇന്ത്യയുടെ ഏറ്റവും ഉജ്ജ്വലമായ കാലഘട്ടത്തെ രൂപപ്പെടുത്തിയ ആ ധാർമ്മിക സങ്കൽപ്പം കൂടിയായിരുന്നു.
END
Published: 30 Jul 2026, 03:14 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented