കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലായിരുന്നു കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഹെഡ്ക്വാട്ടേഴ്‌സ്. ഞാന്‍ സര്‍വീസില്‍ കയറിയിട്ട് ആറുമാസം തികയുന്നേയുണ്ടായിരുന്നുള്ളൂ. കസ്റ്റംസിലെയും റെയില്‍വേയിലെയും ഒഴിവുകള്‍ സ്‌പോര്‍ട്‌സ് ക്വാട്ടക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു. നാഷണല്‍, യൂണിവേഴ്‌സിറ്റി ലെവലില്‍ കളിച്ചവരെയാണ് ഒഴിവുകളിലേക്ക് പരിഗണിച്ചിരുന്നത്. എന്നിരുന്നാലും എഴുത്തു പരീക്ഷ പാസ്സാകണം. ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് വിളിച്ചിരിക്കുന്നതും സ്‌പോര്‍ട്‌സ് ക്വാട്ടയിലുള്ളവര്‍ക്കുവേണ്ടിയാണ്.

To advertise here,

ആദ്യം കിട്ടിയത് ക്ലര്‍ക്കായിട്ടായിരുന്നു. ഏറെക്കാലത്തെ സര്‍വീസ് പരിചയമുള്ള പ്യൂണ്‍മാര്‍ സ്‌നേഹത്തോടെ വന്ന് ചോദിക്കുന്നത് പതിവായി: 'എന്താണ് സാറ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ എഴുതാത്തത്? കിട്ടും, ഉറപ്പാണ്...'ആ നിരന്തരമായ പ്രേരണയാലാണ് ശിവരാജന്‍ ചേട്ടനെ മെനക്കെടുത്തിച്ച് അഞ്ചുദിവസം കൊണ്ട് സൈക്കിളില്‍ ഒന്ന് ഇരിക്കാന്‍ പഠിച്ചത്. ഓടിക്കാന്‍ പഠിച്ചു എന്നു പറഞ്ഞൂകൂടാ.

വര്‍ഷങ്ങള്‍ക്കുശേഷം ശിവരാജന്‍ ചേട്ടനും കാന്തിച്ചേച്ചിയും അമേരിക്ക സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ജോര്‍ജ് വാഷിങ്ടണിന്റെ മൗണ്ട് വെര്‍ണണിലെ വസതിയിലേക്കുള്ള ഒറ്റയടിപ്പാതയിലൂടെ അവരെയും കൊണ്ട് നടക്കുമ്പോള്‍ ഞാന്‍ ചേട്ടനോട് ചോദിച്ചു: 'ഓര്‍മയുണ്ടോ അന്നെന്നെ സൈക്കിള്‍ പഠിപ്പിക്കാനെടുത്ത പരിശ്രമങ്ങള്‍... അന്ന് ചേട്ടന്‍ പരിശ്രമിച്ചുണ്ടാക്കിത്തന്ന ആ ബാലന്‍സ്, വെട്ടിത്തുറന്നുതന്ന ആ പാത... അതില്‍നിന്നു തുടങ്ങിയ എന്റെ യാത്ര എത്തിനില്‍ക്കുന്ന ഇടമാണിത്...' ചേട്ടന്‍ ഒന്നും പറയാതെ സൗമ്യമായി ചിരിച്ചു. 

എന്തുകൊണ്ടായിരുന്നു കസ്റ്റംസുകാര്‍ സൈക്കിള്‍ അറിഞ്ഞിരിക്കണം എന്ന നിബന്ധന എന്നെനിക്ക് കൗതുകമായിരുന്നു. അപ്പോള്‍ ഓഫീസര്‍മാരില്‍ ഒരാള്‍ പറഞ്ഞു: 'ചായത്തോട്ടങ്ങളിലും മറ്റും ഇന്‍സ്‌പെക്ഷന് പോകേണ്ടിവരുമ്പോള്‍ കാറ് ലഭ്യമായിക്കൊള്ളണമെന്നില്ല. കാറ് പോകുന്ന വഴിയുമായിരിക്കില്ല. അത്തരം സാഹചര്യങ്ങളില്‍ സൈക്കിളിലാണ് ഓഫീസര്‍മാര്‍ ഡ്യൂട്ടിക്ക് പോകുന്നത്. അതുകൊണ്ട് പരീക്ഷയില്‍ സൈക്കിളിങ് പാസ്സായിരിക്കണം എന്ന നിബന്ധന വന്നത്'. 

ഞാന്‍ സമയത്തിന് ഗ്രൗണ്ടിലെത്തി. ചുറ്റും നോക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി; ഒരേയൊരു വനിതാ ഉദ്യോഗാര്‍ഥിയേയുള്ളൂ; ഈ വത്സലാകുമാരി മാത്രം!. ബാക്കിയുള്ളവരെല്ലാം പുരുഷുമാരാണ്. എന്നുവെച്ച് വനിതാ ഉദ്യോഗാര്‍ഥിക്ക് പ്രത്യേക പരിഗണനയൊന്നുമില്ല.

അഞ്ചടി രണ്ട് ഇഞ്ച് ഉയരം വേണം. ഭാഗ്യത്തിന് രണ്ട് ഇഞ്ച് അധികമുണ്ടായിരുന്നു. ഉയരം തുണച്ചാല്‍ പോരാ, തൂക്കവും വേണം. 115 പൗണ്ടാണ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് വേണ്ട മിനിമം തൂക്കം. 115-ല്‍ അണുവിട കുറഞ്ഞാല്‍ യാതൊരു ദയയുമില്ലാതെ അയോഗ്യത കല്‍പിക്കുക തന്നെ ചെയ്യും. അന്നു രാവിലെയാണ് ഞാന്‍ തൂക്കത്തെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ. ഞാന്‍ 110 പൗണ്ടേയുള്ളൂ. അഞ്ച് പൗണ്ടിന്റെ വ്യത്യാസത്തില്‍ ഇന്‍സ്‌പെക്ടര്‍ തൊപ്പി പോയിക്കിട്ടും. ഇന്‍സ്‌പെക്ടറാവാന്‍ പോയിട്ട് നടപടിയാവാതെ തിരികെ ക്ലറിക്കല്‍ പോസ്റ്റില്‍ത്തന്നെ വന്ന് ഇരിക്കേണ്ടിവരുന്നതിനെക്കുറിച്ച് എനിക്കൊരു വേവലാതിയുമുണ്ടായിരുന്നില്ല. ആ ജോലി തന്നെ കിട്ടിയത് സ്വര്‍ഗം മുന്നില്‍ വന്നിറങ്ങിയതുപോലെയാണ്.

പക്ഷേ അവിടെയുണ്ടായിരുന്ന പ്യൂണ്‍ അതേക്കുറിച്ച് വേവലാതിപ്പെട്ടു. എന്നെ കണ്ടാല്‍ത്തന്നെ 110 പൗണ്ട് തൂക്കം തോന്നില്ല. ഒറ്റയടിക്ക് ഒഴിവാക്കുകകതന്നെ ചെയ്യും. പ്യൂണ്‍ പറഞ്ഞു: 'സാറേ, തൂക്കം എടുക്കാന്‍ പോകുന്നതിനുമുമ്പ് ഏത്തപ്പഴം കഴിക്കണം. കുറേ വെള്ളവും കുടിച്ചോ...' ഞാന്‍ കഴിക്കാവുന്നത്ര ഏത്തപ്പഴം വിഴുങ്ങി. വെള്ളവും വേണ്ടതിലധികം അകത്തെത്തിച്ചു. തൂക്കമളക്കുന്ന മെഷീനില്‍ കയറി നിന്നു. എക്‌സാമിനിങ് ഓഫീസര്‍ സൂചിയിലേക്കു തന്നെ നോക്കിയിരിപ്പാണ്. ഞാന്‍ അയാളെത്തന്നെ നോക്കി. തൂക്കം കഷ്ടി 115 പൗണ്ട്. 'ഉം...' എന്നു മാത്രം പറഞ്ഞ് ഓഫീസര്‍ എന്നെ പാസ്സാക്കിവിട്ടു! ആ 115 പൗണ്ട് തൂക്കത്തില്‍ ഇപ്പോഴും എനിക്കൊരു സംശയം ബാക്കിയാണ്; സൂചി എങ്ങനെ 115-ല്‍ തങ്ങിനിന്നു എന്നതില്‍.

സൈക്കിള്‍ ടെസ്റ്റ് മാത്രമല്ലായിരുന്നു കടന്നുകൂടേണ്ടിയിരുന്നത്. പതിനഞ്ചുമിനിറ്റുകൊണ്ടാണ് ഒരു മൈല്‍ സൈക്കിള്‍ ചവിട്ടി പിന്നിടേണ്ടതെങ്കില്‍ മുപ്പത് മിനിറ്റുകൊണ്ട് ഒരു മൈല്‍ നടന്നെത്തണമായിരുന്നു. എറണാകുളം ഹൈക്കോടതി ഗ്രൗണ്ടായിരുന്നു പരീക്ഷണവേദി. മുപ്പത് മിനിറ്റ് വേണ്ടായിരുന്നു എനിക്ക് ഒരു മൈല്‍ നടന്നുതീര്‍ക്കാന്‍. നടത്തത്തില്‍ ഞാന്‍ വേഗതയാര്‍ജിച്ചിരുന്നു. പക്ഷേ സൈക്കിള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. പ്യൂണിന്റെ പ്രോത്സാഹനം കാതില്‍ വന്നലച്ചു: 'സാറെ, സൈക്കിളില്‍ കയറി തിരഞ്ഞുനോക്കാതെ നേരെ ചവിട്ടി വിട്ടോ.' കാല് നിലത്തുകുത്തിയിട്ടില്ല എന്നെനിക്കുറപ്പാണ്. ശ്വാസം വിട്ടാല്‍ ബാലന്‍സ് പോകുമെന്ന ഭയത്തോടെ പതിനഞ്ച് മിനിറ്റിനുമുമ്പേതന്നെ ഒരു മൈല്‍ പൂര്‍ത്തിയാക്കിയത് എനിക്കോര്‍മയുണ്ട്. അങ്ങനെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്കുള്ള ഫിസിക്കല്‍ ടെസ്റ്റും എഴുത്തുപരീക്ഷയും വിജയിച്ചു. വൈകാതെ തന്നെ അപ്പോയ്ന്‍മെന്റ് ഓര്‍ഡര്‍ കിട്ടി. 

Also Read 'ഇന്‍സ്‌പെക്ടര്‍ പരീക്ഷ നോക്കൂ,കടന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു';കസ്റ്റംസിലെ മുതിര്‍ന്നവര്‍ ഉപദേശിച്ചു...

കാക്കി സാരി, അതിനുമുകളില്‍ കാക്കി കോട്ടും തലയിലൊരു തൊപ്പിയും! ഇതായിരുന്നു ഇന്‍സ്‌പെക്ടറുടെ യൂണിഫോം. മദ്രാസില്‍ ഒരുമാസത്തെ പരിശീലനം. കേരള കേഡറില്‍ നിന്നും ഞാനൊരു പെണ്ണുമാത്രം. തമിഴ്‌നാട്ടില്‍ നിന്നും മറ്റുരണ്ടു സ്ത്രീകളുമുണ്ടായിരുന്നു. എഴുത്തുപരീക്ഷയില്‍ എനിക്ക് ഹൈ റാങ്ക് ലഭിച്ചിരുന്നു. അതേ സര്‍വീസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അസി. കലക്ടറായി റിട്ടര്‍ ചെയ്യുമായിരുന്നിരിക്കാം.

വര്‍ഷങ്ങള്‍ക്കുശേഷം ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ വന്നപ്പോള്‍ ഞാന്‍ മഞ്ഞുനീക്കുകയായിരുന്നു. ഇടമുറിയാതെ മഞ്ഞുവീണുകൊണ്ടിരിക്കുന്ന സീസണായിരുന്നു. അദ്ദേഹം കുറച്ചുനേരം എന്നെത്തന്നെ നോക്കിനിന്നു. 'അവിടെയായിരുന്നേല്‍ കമ്മീഷണറായി ഇരിക്കേണ്ടയാളാ... കണ്ടില്ലേ മഞ്ഞിനോട് കസര്‍ത്തുകാണിക്കുന്നത്' എന്നദ്ദേഹം പാതി കളിയായി പറഞ്ഞു. ആ കമന്റിനെ ചിരിച്ചുകൊണ്ട് നേരിടുക എന്നതായിരുന്നു അന്നത്തെ എന്റെ സാഹചര്യം. 

കപ്പലിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ചാര്‍ജ് ചെയ്യുന്ന എക്‌സ്‌പോര്‍ട്ട് ക്ലെയിംസ് വിഭാഗത്തിലായിരുന്നു എനിക്ക് പോസ്റ്റിങ്. കൊച്ചി, കര്‍ണാടക, മദ്രാസ്, ആന്ധ്ര എന്നിവ ചേര്‍ന്നതായിരുന്നു കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സതേണ്‍ ഡിവിഷന്‍. ട്രെയിനിങ് പിരീഡിലാണ് മറ്റു മൂന്നു വനിതാ ഇന്‍സ്‌പെക്ടര്‍മാരെ ഞാന്‍ കണ്ടുമുട്ടിയത്. കേരള കേഡറില്‍ നിന്നും ഡയറക്ട് റിക്രൂട്ട്‌മെന്റില്‍ വന്ന ഒരേയൊരു വനിതയേ ഉള്ളൂവെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. സ്‌പോര്‍ട്‌സ് ക്വാട്ടയാണല്ലോ. കേരള കേഡറിനെ പ്രതിനിധീകരിച്ചുകൊണ്ട് മദ്രാസില്‍ വെച്ച് നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ റിലേയ്ക്കും ഹൈജംപിനും പങ്കെടുത്ത് സ്വര്‍ണവും കൊണ്ടാണ് തിരികെ വന്നത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിന്നും അമ്പതില്‍പ്പരം ആളുകള്‍ ഉദ്യോഗസ്ഥരായിട്ടുണ്ടായിരുന്നു. ഏതാണ്ട് ഒരേ പ്രായത്തില്‍പ്പെട്ട, ഒരേ അഭിരുചികളുള്ള അമ്പതോളം ആളുകള്‍ ഒന്നിച്ചുകൂടുന്നയിടം. ഒരു ക്യാമ്പസ്സിന്റെ പ്രതീതിയായിരുന്നു ഓഫീസില്‍ ഉളവാക്കിയിരുന്നത്.

ഒരേയൊരു റെയ്ഡിനേ ഞാന്‍ പോയിട്ടുണ്ടായിരുന്നുള്ളൂ. എന്റെ ഡിവിഷനില്‍ അധികവും പേപ്പര്‍ ക്ലിയറന്‍സ് വര്‍ക്കുകളായിരുന്നു ഉണ്ടായിരുന്നത്. സെന്‍ട്രല്‍ എക്‌സൈസ് ഡിവിഷനായിരുന്നു അധികവും റെയ്ഡ് ചുമതലകള്‍ ഉണ്ടായിരുന്നത്. കളമശ്ശേരിയിലെ ഒരു വീട്ടില്‍ സെന്‍ട്രല്‍ എക്‌സൈസുകാര്‍ റെയ്ഡിനുപോയൊരു സംഭവം ഓര്‍മ വരികയാണ്. കസ്റ്റംസുകാരെ കണ്ടതും വീട്ടിലുണ്ടായിരുന്ന സ്ത്രീ സാധനമെടുത്ത് അവരുടെ ബ്ലൗസിനകത്തേക്കിട്ടു! മെയില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കുഴങ്ങി.

ഉടന്‍തന്നെ ഓഫീസിലേക്ക് കോള്‍ വന്നു; 'ലേഡി ഇന്‍സ്‌പെക്ടറെ പെട്ടെന്ന് അയയ്ക്കണം.' എന്നെ കൂട്ടാനായി വാഹനം വന്നു. വലിയൊരു വീടിനുമുന്നിലാണ് ജീപ്പ് നിന്നത്. ഞാന്‍ വലിയ ഭാവത്തില്‍ അകത്തേക്ക് കയറിയപ്പോള്‍ എന്നെക്കാള്‍ എത്രയോ ഇരട്ടി വണ്ണവും വലിപ്പവുമുള്ള ഒരു സ്ത്രീ നില്‍ക്കുന്നു!  എന്റെ ഉള്ളുകാളി. പ്രതിരോധിക്കാന്‍ തക്കവണ്ണമാണ് അവര്‍ നില്‍ക്കുന്നത്.  ചുറ്റും എന്റെ സഹപ്രവര്‍ത്തകരുമുണ്ട്. ഞാന്‍ അവരെയൊക്കെ നോക്കി. കൂട്ടത്തില്‍ മുതിര്‍ന്ന ഇന്‍സ്‌പെക്ടര്‍ പറഞ്ഞു: 'നിങ്ങളെ പരിശോധിക്കാന്‍ വനിതാ ഇന്‍സ്‌പെക്ടര്‍ വന്നിട്ടുണ്ട്. ആ കൊച്ചിനെ എന്തെങ്കിലും ചെയ്താല്‍!'

ഞാനാകെ അന്തംവിട്ടുനില്‍പ്പാണ്. എന്റെ 110 പൗണ്ട് ശരീരത്തില്‍ ആകെയുള്ള ധൈര്യം തൊപ്പിയുണ്ടെന്നുള്ളതാണ്. ഞാന്‍ അവരെ ആകമാനം നോക്കി. പിന്നെ ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടറുടെ ഗൗരവം പരമാവധി മുഖത്ത് വരുത്തിക്കൊണ്ട് തലയിലെ തൊപ്പി നേരെയാക്കി അതിന്റെ ധൈര്യത്തില്‍ പറഞ്ഞു: 'നിങ്ങള്‍ക്കെന്റെ അമ്മയുടെ പ്രായമാണ്. ബ്ലൗസിനുള്ളില്‍ കൈയിട്ട് ഞാന്‍ എടുക്കണമെങ്കില്‍ ഞാനെടുക്കും.' അല്‍പനേരം അവരെന്റെ മുഖത്തേക്ക് നോക്കി. പിന്നെ വേഷവിധാനങ്ങളൊക്കെ ആകമാനം നിരീക്ഷിച്ചു. പതുക്കെ ഒന്നുമിണ്ടാതെ അവര്‍തന്നെ ബ്ലൗസിനുള്ളില്‍ നിന്നും സാധനമെടുത്ത് മുന്നില്‍ വെച്ചു. ഒരു പൗച്ച് നിറയെ സ്വര്‍ണനാണയങ്ങള്‍! പിന്നീട് ആ വീടാകെ ബഹളമയമായി. ഇന്‍കം ടാക്‌സുകാര്‍ വരുന്നു, മറ്റു നടപടികള്‍ ആരംഭിക്കുന്നു. ഞാന്‍ എന്റെ ജോലി കഴിഞ്ഞതോടെ തിരികെപ്പോയി. 

ഇടയ്ക്കിടെ കപ്പല്‍പരിശോധനയും കള്ളക്കടത്തുപിടികൂടുന്ന സംഘാംഗമായും എന്റെ കസ്റ്റംസ് നാളുകള്‍ ധൃതിപിടിച്ചുനീങ്ങുമ്പോഴാണ് വീട്ടില്‍ നിന്നും
 ഒരു സമ്മര്‍ദ്ദം ഉയര്‍ന്നുതുടങ്ങിയത്. ഇരുപത്തിനാലു വയസ്സായി. ഇരുപത്തിനാല് വയസ്സുവരെയൊന്നും പെണ്‍കുട്ടികളെ വീട്ടുകാര്‍ വെച്ചിരിക്കാന്‍ പാടില്ല! വിവാഹം കഴിപ്പിച്ചയക്കണം. ഒരു അധ്യാപികയ്‌ക്കോ, ക്ലര്‍ക്കിനോ വരുന്നതുപോലെ വിവാഹാലോചനകള്‍ വനിതാകസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് വന്നില്ല എന്നതായിരുന്നു സത്യം. അച്ഛനും അമ്മയ്ക്കും എന്റെ ജോലിയും ദൂരസ്ഥലത്തുള്ള ഹോസ്റ്റല്‍വാസവും അത്രകണ്ട് സമാധാനം നല്‍കിയിരുന്നില്ല. അക്കാലത്തെ മാതാപിതാക്കളുടെ വലിയ പ്രതിസന്ധിയായിരുന്നു പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍. മകള്‍ അവര്‍ക്ക് പേരുദോഷം കേള്‍പ്പിക്കുമോ എന്ന ഭയം വല്ലാതെ അലട്ടിയിരുന്നിരിക്കാം. ഇടയ്ക്കിടെ അച്ഛന്റെ വിളി വരാന്‍ തുടങ്ങി. പെണ്ണുകാണാന്‍ ആളുവരുന്നുണ്ടെന്നായിരുന്നു അച്ഛന്റെ പ്രധാന വിശേഷം. ഞാന്‍ ലീവെടുത്ത് വിതുരയ്‌ക്കെത്തുന്നത് പതിവായി.

പെണ്ണുകാണലൊക്കെ വലിയൊരു കഥ തന്നെയായിരുന്നു. ഈഴവ സമുദായത്തില്‍ രണ്ട് തരത്തിലുള്ള വരന്മാരെ മാത്രമേ അക്കാലത്ത് കാണാനുണ്ടായിരുന്നുള്ളൂ. ഒന്ന് അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത, എന്നാല്‍ ജീവിക്കാന്‍ എല്ലാ കഴിവുമുള്ളവര്‍. രണ്ടാമത്തെ വിഭാഗം ഉന്നതശ്രേഷ്ഠരാണ്. അവര്‍ തങ്ങള്‍ക്കു പറ്റിയ കുടുംബത്തില്‍ നിന്നുമാത്രമേ മക്കള്‍ക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കുകയുള്ളൂ. വിദ്യാസമ്പന്നരായ ഇടത്തരം വിഭാഗക്കാര്‍ കുറവായിരുന്നു. കല്യാണം ശരിയാവാത്തപ്പോള്‍ ബന്ധുക്കളുടെ വക അടുത്ത 'കുത്ത്' വരികയായി: പെണ്‍മക്കളെ ഇത്രയൊക്കെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ, കണ്ടില്ലേ ഒരു ആലോചനപോലും ശരിയാവുന്നില്ല!

അച്ഛന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു; കള്ളുമുതലാളിമാര്‍ക്ക് മകളെ കൊടുക്കില്ല. വരന് വിദ്യാഭ്യാസമുണ്ടായിരിക്കണം. പക്ഷേ രണ്ടും ഒത്തുവരിക പ്രയാസമായി. വിതുരയ്ക്ക് ആഴ്ചതോറും പെണ്ണുകാണാന്‍ നിന്നുകൊടുക്കാന്‍ പോകുന്നത് പതിവായതോടെ എനിക്കതില്‍ മടുപ്പ് വരാന്‍ തുടങ്ങി. എന്റെ വിവാഹക്കാര്യം ഓഫീസിലും ഹോസ്റ്റലിലും പാട്ടാണ്. ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് പറയാനുള്ള വിശേഷങ്ങള്‍ ഇതൊക്കെത്തന്നെയായിരുന്നു.

അങ്ങനെയിരിക്കേ കസ്റ്റംസില്‍ നിന്നുതന്നെ എനിക്കൊരു പ്രൊപ്പോസല്‍ വന്നു. വീട്ടില്‍ വന്ന് അമ്മയോടും അച്ഛനോടും സംസാരിച്ചോളൂ എന്ന് ഞാന്‍ മറുപടിയും കൊടുത്തു. അയാള്‍ എന്റെ കേഡറില്‍ത്തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. എനിക്ക് പരിചയമുള്ളയാള്‍, എന്റെ ജോലിയുടെ സ്വഭാവമറിയുന്നയാള്‍ തുടങ്ങിയ സമാനതകള്‍ ആ പ്രൊപ്പോസലിനെ പോസിറ്റീവായി കാണാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. ഞാന്‍ അയാളോട് പറഞ്ഞു: 'ഞങ്ങള്‍ ഒരു സാധാരണ കുടുംബമാണ്. വീട്ടില്‍ വന്ന് സംസാരിച്ചോളൂ.' 

അയാളുടെ കുടുംബം വലിയ സ്ഥിതിയിലുള്ളതായിരുന്നു. അയാളുടെ അമ്മ വീട്ടില്‍ വന്ന് കാര്യങ്ങള്‍ സംസാരിച്ചു. അമ്മയ്ക്ക് സമൂഹത്തില്‍ മാന്യമായ നിലയും വിലയുമൊക്കെ ഉള്ളതാണ്. പക്ഷേ മകന്റെ ഇഷ്ടത്തിന് എതിര് നില്‍ക്കാനാവില്ല. പക്ഷേ അവര്‍ ഒരു ഡിമാന്റ് വെച്ചു. അവര്‍ വലിയ സ്ഥിതിയില്‍ കഴിയുന്നവരാണ്. വിവാഹം വളരേ മോടിയായിട്ട് നടത്തണം. കുറേ ആളുകള്‍ വരാനും വധുവിനെ കാണാനുമൊക്കെയുള്ളതാണ്. അച്ഛനും അമ്മയ്ക്കും മോടിപിടിച്ച വിവാഹം താങ്ങാന്‍ കഴിയില്ല എന്നറിയാവുന്ന ഞാന്‍ അയാളോട് പറഞ്ഞു: 'എനിക്ക് വളരെ മിതമായ രീതിയില്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം. ഞാന്‍ ഒത്തിരി ആഭരണങ്ങളൊന്നും ഇടില്ല' . എന്റെ സംസാരത്തില്‍ നിന്നും ഞങ്ങള്‍ക്ക് ആഭരണങ്ങളൊന്നും വാങ്ങാനുള്ള ശേഷി ഇല്ലെന്ന് അയാള്‍ കരുതുകയും കുറേ ആഭരണങ്ങള്‍ അയാള്‍തന്നെ കൊണ്ടുത്തരാം എന്നു പറയുകയും ചെയ്തു.

എന്റെ ആത്മാഭിമാനത്തിനേറ്റ വലിയൊരു പ്രഹരമായിരുന്നു അത്. കുറച്ചുനേരത്തെ ആലോചനയ്ക്കുശേഷം ഞാന്‍ പറഞ്ഞു: അമ്മയോട് പറഞ്ഞേക്കൂ ആലോചനയുമായി മുന്നോട്ടുപോവണ്ടെന്ന്. എനിക്കയാളോട് പ്രണയമോ അഭിനിവേശമോ തോന്നിയിരുന്നില്ല, ആദ്യം മുതല്‍ക്കേ. തികച്ചും സാധാരണമായ ഒരു വിവാഹാലോചന എന്നുമാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ 'പ്രൊപ്പോസല്‍ ഡിസ്‌പോസല്‍' എന്നില്‍ ഒരാഘാതവും സൃഷ്ടിച്ചില്ല. പക്ഷേ ഹോസ്റ്റലില്‍ വീണ്ടും വിവാഹക്കാര്യചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

അങ്ങനെയൊരു രാത്രിയിലാണ് വളരെ വിചിത്രമായൊരു ക്ലാസിഫൈഡ് പരസ്യം ഹോസ്റ്റലില്‍ ഉറക്കെ വായിക്കപ്പെടുന്നത്. ആ പരസ്യത്തിലാണ് എന്റെ തുടര്‍ജീവിതമിരിക്കുന്നത് എന്ന യാഥാര്‍ഥ്യമറിയാതെ ഞാനും ആ പരസ്യം വായിച്ച് ഉറക്കെ ചിരിച്ചുപോയി. 

(തുടരും)   

തയ്യാറാക്കിയത് : ഷബിത 

പാതയില്‍ പതറാതെ ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം