
ലളിത, പദ്മിനി, രാഗിണി ത്രയത്തെക്കുറിച്ച് ഓർമവെച്ചകാലം മുതൽ ഞാൻ കേട്ടുതുടങ്ങിയതാണ്. വിതുരയിലെ ഓല മേഞ്ഞ ടാക്കീസിൽ തറ ടിക്കറ്റ് എന്നൊന്നുണ്ടായിരുന്നു. സിനിമ തറയിൽ ഇരുന്നു കാണാനും ടിക്കറ്റെടുക്കണം. ഞങ്ങൾ കുട്ടികൾക്കെല്ലാം തറ ടിക്കറ്റായിരുന്നു എടുത്തിരുന്നത്. ടാക്കീസിലെ ഭൂരിഭാഗം കാണികളും ഞങ്ങളുടെ ഗ്രാമത്തിലെ തേയിലത്തോട്ടത്തിലെ തമിഴ് തൊളിലാളികളായിരുന്നു. ടാക്കീസിൽ അധികവും കളിച്ചിരുന്നതും തമിഴ് സിനിമകളായിരുന്നു. ലളിത രാഗിണിമാരുടെ നൃത്തം കണ്ടാസ്വദിച്ചിരിക്കുന്ന തമിഴന്മാരെ ഞങ്ങൾ കുട്ടികൾ ഇടയ്ക്കിടെ സിനിമ കാണുന്നതിനിടയിൽ തിരിഞ്ഞുനോക്കുമായിരുന്നു. ആസ്വാദനത്തിന്റെ ബഹളം അവർക്ക് ഒരു ഹരമായിരുന്നു. ലളിത പദ്മിനി രാഗിണി ത്രയം ഒരു സ്വപ്നം പോലെയായിരുന്നു അക്കാലത്ത് എല്ലാവർക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അവരെപ്പറ്റി ആരാധനയോടെ സംസാരിക്കുന്നത് കേട്ടാണ് ഞങ്ങളുടെ തലമുറ വളർന്നത്. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ആ സുന്ദരിമാരെ ആരാധിച്ച ദശാബ്ദങ്ങൾ കൂടിയായിരുന്നു നമ്മുടെ സിനിമാചരിത്രം.
ആ ത്രയത്തിൽ ആരെയെങ്കിലും നേരിൽ കാണുമെന്ന ഒരു നേരിയ ആശപോലും വെച്ചുപുലർത്താൻ കഴിയാത്തവണ്ണം ഉയരത്തിലായിരുന്നു അവർ. പക്ഷേ, സാക്ഷാൽ പദ്മിനിയെ ഞാൻ അടുത്തുകണ്ടു! തൊട്ടറിഞ്ഞു. അവരുടെ ജീവിതസായാഹ്നം വേദനയോടെ നോക്കിനിന്നു. അവസാനംവരെ ഒപ്പം നിൽക്കാനായി. ഞാൻ നിർമിച്ച സീരിയൽ എനിക്കുതന്ന വരദാനമായിരുന്നു പദ്മിനിച്ചേച്ചി. ഒരു ഘട്ടത്തിൽ മടുപ്പും നിരാശയും കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ച ആ സീരിയൽ നിർമാണം തുടരാൻ എന്നെ പ്രേരിപ്പിച്ചത് മൂന്നു പ്രതിഭകളുടെ പ്രതീക്ഷകളായിരുന്നു പദ്മിനിച്ചേച്ചി, നടൻ ശരത്, പിന്നെ അന്ന് എഴുത്തുകാരനായിരുന്ന രഞ്ജിത്ത് ശങ്കറും. പദ്മിനിച്ചേച്ചി ആദ്യമായും അവസാനമായും അഭിനയിച്ച സീരിയലായിരുന്നു അത്.
പദ്മിനിയുടെ ഭർത്താവ് രാമചന്ദ്രൻ മേനോന്റെ ബന്ധുവാണ് വിജയൻ മേനോൻ. അവർ ന്യൂജഴ്‌സിയിലാണ് താമസിക്കുന്നത്. 1985-ലാണ് പദ്മിനിച്ചേച്ചിയെ ആദ്യമായി ഞാൻ നേരിൽ കാണുന്നത്. വാഷിങ്ടണിൽ മലയാളം കോൺഫറൻസ് നടന്നപ്പോൾ പദ്മിനിച്ചേച്ചിയെ അവർ അതിഥിയായി ക്ഷണിക്കുകയും ആദരിക്കുകയുമൊക്കെ ചെയ്തിരുന്നു. അതിനുശേഷം അവരെക്കുറിച്ച് കൂടുതൽ ഒന്നും അറിഞ്ഞിട്ടില്ല. ഇടയ്ക്ക് നൃത്തപരിപാടികൾ അവതരിപ്പിക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അമേരിക്കൻ ജീവിതത്തിന്റെ വിരസതയുടെ അങ്ങേയറ്റത്താണെന്നും എന്തെങ്കിലുമൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടുവെന്നും വിജയൻ മേനോൻ നേരത്തേ സൂചിപ്പിച്ചിരുന്നു. മലയാളത്തിൽ കത്തിനിൽക്കുന്ന കാലത്ത് വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് കുടിയേറിയ പല നായികമാരുടെയും മാനസികാവസ്ഥ പിന്നീട് ഞാൻ അറിഞ്ഞു. ആരാധകരുടെയും ആൾക്കൂട്ടത്തിന്റെയും നടുവിൽ ജീവിച്ചവരെ ഇവിടെ ഏതോ ഒരു സ്റ്റേറ്റിൽ ആളുകൾ തിരിച്ചറിയാതെ, റോഡുകളിലും സൂപ്പർ മാർക്കറ്റുകളിലും സ്‌കൂളിൽ പാരന്റ്‌സ് മീറ്റിങ്ങുകളിലും അവരിൽ പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. നാട്ടിലായിരുന്നെങ്കിൽ അവർക്ക് കിട്ടുമായിരുന്ന സ്വീകാര്യതയെക്കുറിച്ച് ഞാൻ ഓർക്കുമായിരുന്നു.
അമ്മയുടെ വേഷം പദ്മിനിച്ചേച്ചി തന്നെ എന്നുറപ്പിച്ച് ഞാനും വിജയൻ മേനോനും അവരെ കാണാൻ പോയി. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ഒരു സാധാരണവീട്. അവർ ഞങ്ങളോട് സംസാരിച്ചതു മുഴുവൻ സീരിയലിനെക്കുറിച്ചായിരുന്നു. അവർക്ക് സീരിയൽ ഒരു പുതിയ അനുഭവമായിരുന്നു. പ്രായത്തിന്റെ ചില അവശതകൾ ഉള്ളതിനാൽ അവരുടെ ഭാഗം ന്യൂജഴ്‌സിയിൽത്തന്നെ ഷൂട്ട് ചെയ്യാം എന്നു തീരുമാനിച്ചു. ഷൂട്ടിങ് വേളയിലാണ് പദ്മിനിച്ചേച്ചിയുടെ ഔന്നത്യം ഞാൻ നേരിട്ട് കാണുന്നത്. എന്തൊരു അർപ്പണബോധമായിരുന്നെന്നോ! താൻ ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ആത്മാർഥത പുലർത്തുക എന്നതാണ് അവരെ വേറിട്ടുനിർത്തിയിരുന്നത്. സെറ്റിലെ എല്ലാ പോരായ്മകളോടും ഇല്ലായ്മകളോടും അവർ പൊരുത്തപ്പെട്ടു. ഷൂട്ട് തുടങ്ങുന്നതിനുമുമ്പ് തന്റെ കഥാപാത്രത്തിന്് യോജിച്ച വേഷം ധരിച്ച് അവർ തയ്യാറായി ഇരിക്കുന്നുണ്ടാവും. മറ്റ് ആർടിസ്റ്റുകൾ അപ്പോൾ കുളിക്കാൻ പോകുന്നതേയുണ്ടാവുള്ളൂ. അവർ സമയത്തിന് വലിയ വിലകൊടുത്തു. തന്റെ സിനിമാക്കാലത്ത് സമയത്തിന് കൊടുത്തിരുന്ന പ്രാധാന്യത്തെക്കുറിച്ച് അവർ എപ്പോഴും ഓർത്തു. സംവിധായകൻ പറയുന്നത് അതേപടി അനുസരിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് അവർ വാചാലയായി. തില്ലാന മോഹനാംബാൾ എന്ന സിനിമയിലെ നൃത്തരംഗം ഷൂട്ടുചെയ്യുമ്പോൾ നിലം മൃദുലമല്ലാത്തതിനാൽ കാല് പൊട്ടി രക്തമൊഴുകാൻ തുടങ്ങിയത്രേ. നൃത്തം ചെയ്യുമ്പോൾ ചെരിപ്പ് ഇടാൻ പറ്റില്ലല്ലോ. അത് ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവിൽ പരാതി പറയാതെ ആ സീൻ പൂർത്തിയാക്കി അവർ. തില്ലാന മോഹനംബാൾ എന്ന സിനിമയാണ് പിൽക്കാലത്ത് നൃത്തം മുഖ്യപ്രമേയമാക്കി സിനിമകളെടുക്കാൻ ഇന്ത്യൻ സിനിമയ്ക്ക് പ്രചോദനമായത്. 175 ദിവസമാണ് ആ സിനിമ ഓടിയത്.
ഭരതനാട്യം നർത്തകി മോഹനയുടെയും നാദസ്വരവാദകൻ ഷൺമുഖസുന്ദരത്തിന്റെയും വൈരപ്രണയത്തിന്റെ കഥ. തില്ലാന മോഹനാംബാളിലെ നായിക പദ്മിനിയുടെ നൃത്തം ഞങ്ങൾ പണ്ട് അനുകരിക്കുമായിരുന്നു. സിനിമ ഇറങ്ങിയ കാലത്ത് എല്ലാവരും പറഞ്ഞുകൊണ്ടിരുന്ന പ്രണയകഥയായിരുന്നു അത്. ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സിനിമയാണ്. നടി പദ്മിനിയെ പോസ്റ്ററിലെങ്കിലും ഒന്നുതൊടാൻ കൊതിച്ച കാലം. അതേ പദ്മിനിച്ചേച്ചിക്കു മുമ്പിലായിരുന്നു സീരിയലിലെ മറ്റൊരു നടിയുടെ മുടി സ്റ്റൈൽ ചെയ്തതിൽ അതൃപ്തിയുളവായത് കാരണം പകുതി ദിവസം ഷൂട്ടിങ് മുടങ്ങിയത്. അതൊക്കെ കാണുമ്പോൾ ചേച്ചി ഒന്നും മിണ്ടാതെ ഇരുന്നു. ക്ഷമയിൽ അവർ എനിക്കൊരു പുതിയ പാഠമായിരുന്നു.
ഷൂട്ടിങ് സെറ്റും ലൈറ്റും മേക്കപ്പുമെല്ലാം പദ്മിനിച്ചേച്ചിയിൽ ഉണ്ടാക്കിയ ഉണർവും ആഹ്ലാദവും ഞാൻ കാണുന്നുണ്ടായിരുന്നു. സീരിയൽ നിർമാണം എനിക്ക് പറ്റില്ലെന്ന തിരിച്ചറിവിൽ പോയ പണം പോകട്ടെ, ഇനിയും ബാധ്യതകൾ ഏൽക്കേണ്ടതില്ല എന്ന് ഞാൻ ശേഖറുമായി ചർച്ച ചെയ്ത് തീരുമാനമാക്കിയ സന്ദർഭമുണ്ടായിരുന്നു. പാക്കപ്പ് ചെയ്‌തോളൂ എന്നു പറയാനായി ഞാൻ പലതവണ സ്വയം ഒരുങ്ങുമ്പോഴും പദ്മിനിച്ചേച്ചിയുടെ ഫോൺ വരുമായിരുന്നു. അടുത്ത ഷൂട്ടിങ് ഡേറ്റിനെക്കുറിച്ച് വളരെ പ്രതീക്ഷയോടെ ചോദിക്കുന്ന അവരോട് എങ്ങനെ ഞാനെന്റെ ധർമസങ്കടം പറയും? അവരെപ്പോലൊരു പ്രതിഭയെ വളരെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞതുതന്നെ ഭാഗ്യം എന്നു കരുതുന്ന ഞാൻ വരുംദിനങ്ങളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷാനിർഭരമായ ചോദ്യങ്ങളെ എങ്ങനെ കേൾക്കാതിരിക്കും? മനസ്സുമടുത്ത് ഒരു ദിവസം സെറ്റിലേക്ക് കയറിച്ചെല്ലുമ്പോൾ ശരത്തും രഞ്ജിത്തും വളരെ പ്രതീക്ഷയോടെ ഈ പ്രൊജക്ടിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ആ ചെറുപ്പക്കാരോട് എന്താണ് പറയുക? ഇനിയും സംഭവിക്കാൻ പോകുന്ന നഷ്ടം താങ്ങാൻ തന്നെ തീരുമാനിച്ചു.
ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും തിരികെ പോയെങ്കിലും പദ്മിനിച്ചേച്ചി എന്നോടൊപ്പമുണ്ടായിരുന്നു. രണ്ടുദിവസം കൂടുമ്പോൾ അവരെന്നെ വിളിച്ചു. എടീ, ഇത് എന്ന് പുറത്തുവരും? ഇത് ഏഷ്യാനെറ്റ് എടുക്കുമോ? എടുത്തില്ലേൽ നമ്മൾ എന്തുചെയ്യും... അങ്ങനെ നിരന്തരം എന്നോടൊപ്പം എന്റെ ധർമസങ്കടത്തിൽ അവർ പങ്കുചേർന്നു. കാലങ്ങൾക്കുശേഷം അഭിനയിച്ചതിനാൽ അത് പുറത്തുവരാനും ആളുകളുടെ പ്രതികരണം അറിയാനും ചേച്ചി അതിയായി ആഗ്രഹിച്ചിരുന്നു. ദിവസങ്ങൾ പോകപ്പോകെ അവരുടെ പ്രതീക്ഷയ്ക്ക് എനിക്ക് മറുപടിയില്ലാതാവുമോ എന്ന് ഞാൻ ഭയപ്പെട്ടു. ചേച്ചീ, ഉടൻ വരും, സംസാരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു ഞാനവരെ സമാധാനിപ്പിച്ചു. ഒടുക്കം സീരിയൽ ബ്രോഡ്കാസ്റ്റ് ചെയ്തു അവാർഡും കിട്ടിയപ്പോൾ ഞാനും ശേഖറും അവരെ കാണാൻ പോയി. അന്നാണ് അവരുടെ വീട്ടിൽ കുറേ സമയം ചെലവഴിക്കുന്നത്. അന്ന് അവരുടെ വീട്ടിലെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളെല്ലാം ഞാൻ നടന്നുകണ്ടു. ജവാഹർലാർ നെഹ്‌റുവിനൊപ്പം, ക്രൂഷ്‌ചേവിനൊപ്പം... അങ്ങനെ എത്രയോ രാഷ്ട്രപ്രമുഖർക്കൊപ്പം അവർ നിൽക്കുന്നു. അന്നാണ് ഞാൻ അറിയുന്നത് പദ്മിനിയുടെ പേരിൽ റഷ്യൻ ഗവൺമെന്റ് ഒരു സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്! ആ സ്റ്റാമ്പിന്റെ ഫോട്ടോയും അവിടെയുണ്ടായിരുന്നു. ചെറുപ്പകാലത്തെ അവരുടെ സൗന്ദര്യം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലായിരുന്നിട്ടുകൂടി എന്തൊരു അഭൗമമായിരുന്നു! ഇവിടെയുള്ള ഹോളിവുഡ് അഭിനേതാക്കൾക്ക് പ്രായമേറുംതോറും ജനങ്ങളും സർക്കാറും ബഹുമാനം കൂടുതൽ നൽകുകയാണ് ചെയ്യുക. അവരെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, അഭിമുഖങ്ങൾ... പ്രതിഭകളിലൂടെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിവെക്കുകയാണ് ഇവർ ചെയ്യുക. ചേച്ചി ഇവിടെയായിരുന്നു ജനിച്ചു വളർന്നിരുന്നതെങ്കിൽ എന്നുതോന്നിപ്പോയി. പദ്മിനിച്ചേച്ചിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കേണ്ടതു തന്നെയായിരുന്നു. എനിക്കറിയാവുന്ന സംവിധായകൻ എന്ന നിലയിൽ ഷാജി എമ്മിനോട് ഞാൻ അതേപ്പറ്റി സംസാരിച്ചു. പിന്നെ അതേക്കുറിച്ച് നീക്കുപോക്കുണ്ടായില്ല. അദ്ദേഹത്തിനും തിരക്കുകളുണ്ടാവുമല്ലോ.
ഒരു ദിവസം പദ്മിനിച്ചേച്ചി വിളിച്ചിട്ടു പറഞ്ഞു, ആരെയെങ്കിലും ജോലിക്കായി നിൽക്കാൻ കിട്ടുമോ എന്ന്. വീട്ടിൽ ഒറ്റയ്ക്കാണ്. ഒന്നും തനിയേ ആവുന്നില്ല. ആഹാരം ഉണ്ടാക്കിക്കിട്ടണമല്ലോ. ഇവിടത്തെ സാഹചര്യത്തിൽ മുഴുവൻ സമയവും വീട്ടിൽ നിൽക്കാൻ ആളെ കിട്ടുകയില്ല. ജോലിക്കാർ വന്നാൽ ഒരു നിശ്ചിതസമയത്തിനകം അവരുടെ ജോലി തീർത്തിട്ട് പോകുകയാണ് പതിവ്. ന്യൂജഴ്‌സിയിൽ പോയി നിൽക്കാൻ വാഷിങ്ടണിൽനിന്ന് ഒരാളെ കിട്ടുക അത്ര എളുപ്പവുമല്ല. ആളെ കിട്ടിയില്ലെന്ന് എങ്ങനെയാണ് പറയുക എന്നോർത്ത് കുറച്ചുദിവസത്തേക്ക് ഞാൻ വിളിച്ചില്ല. പക്ഷേ, അധികദിവസം വിളിക്കാതെയിരിക്കാൻ എനിക്കാവില്ലായിരുന്നു. ഞാൻ വിളിച്ചു. അപ്പോൾ ചേച്ചി അതീവ സന്തോഷവതിയായിരുന്നു. 'എടീ, ഞാൻ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. ഞാൻ എല്ലാവശവും ആലോചിച്ചതിനുശേഷം എടുത്ത തീരുമാനമാണ്. മദ്രാസിൽ എനിക്കൊരു ഫ്‌ലാറ്റുണ്ട്. അവിടെയായിരിക്കും ഇനി ഞാൻ ജീവിക്കുക. നീ വരുമ്പോൾ എന്നെ കാണാൻ വരണം.' എനിക്കും അതുകേട്ടപ്പോൾ വളരെയധികം സന്തോഷമായി. ഇവിടെ ആരോരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നതിലും നല്ലത് സ്വന്തം നാടുതന്നെയാണ്. ആരെയെങ്കിലും പണം കൊടുത്തിട്ടെങ്കിലും കൂടെ നിർത്താമല്ലോ. ആളുകളെ കിട്ടുകയും ചെയ്യും. 'ചേച്ചീ, ഏറ്റവും നല്ല തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. ധൈര്യമായിട്ട് പോകൂ, ഞാൻ വരും' എന്നുപറഞ്ഞ് ഫോണിലൂടെ ഞാനവരെ യാത്രയാക്കി. പിന്നെ കുറച്ചുനാൾ കഴിഞ്ഞ് കേൾക്കുന്നത് അവർ അന്തരിച്ചു എന്ന വാർത്തയാണ്- 2006 സെപ്തംബർ 24ന്. ഹൃദയാഘാതമായിരുന്നു മരണകാരണം.
കരുണാനിധിയാണ് അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. തലേന്ന് വൈകിട്ട് ചെന്നൈ നെഹ്രു സ്റ്റേഡിയത്തിൽ സിനിമാ മേഖലയിലുള്ളവർ കരുണാനിധിയെ ആദരിക്കുന്ന സമ്മേളനത്തിൽ പദ്മിനിച്ചേച്ചിയെ അതിഥിയായി ക്ഷണിച്ചിരുന്നു. ആ പരിപാടിയിൽവെച്ച് അവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കുഴഞ്ഞുവീണ പദ്മിനിച്ചേച്ചിയെ ഉടൻതന്നെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചു, പക്ഷേ, അധികം വൈകാതെ മരണപ്പെടുകയായിരുന്നു എന്ന് വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞു.
തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി, റഷ്യൻ ഉൾപ്പെടെയുള്ള ഭാഷകളിലായി 250-ൽപ്പരം ചിത്രങ്ങൾ, എണ്ണമറ്റ നൃത്തവേദികൾ, ഒരു ജീവിതകാലം കൊണ്ട് നേടാവുന്നതിലുമധികം അംഗീകാരങ്ങൾ, ശിവാജി ഗണേശൻ, എം.ജി.ആർ, രാജ് കപൂർ തുടങ്ങിയവരുടെ നായികാകഥാപാത്രങ്ങൾ... തമിഴർ അവരുടെ നൃത്തവൈഭവം കണ്ട് ആരാധനയോടെ ചാർത്തി നൽകിയ 'നാട്ടിയ പേരൊളി' എന്ന ആദരപ്പേര്. പപ്പിയമ്മ എന്ന സ്‌നേഹപ്പേര്. എഴുപത്തിനാല് സംവത്സരങ്ങൾക്കിടയിൽ അമേരിക്കയിൽ തടാകം പോലെ കെട്ടിനിർത്തപ്പെട്ട കുറച്ചു ദശാബ്ദങ്ങളൊഴികെ അവർ തന്നെ സമർപ്പിച്ചത് നൃത്തത്തിനും കലയ്ക്കുമായിരുന്നു. ഇവിടെയുണ്ടായിരുന്നപ്പോൾ നൃത്തവിദ്യാലയവും നൃത്ത പരിപാടികളുമായി ആദ്യകാലങ്ങളിൽ അവർ സജീവമായിരുന്നു. ഭർത്താവിന്റെ മരണവും പിന്നെയുണ്ടായ ഏകാന്തജീവിതവും അവരെപ്പോലുള്ള ഒരാൾക്ക് താങ്ങാൻ സാധിക്കുമായിരുന്നില്ല. കുറച്ചുകാലമാണെങ്കിലും കൂടി അവർ ആഗ്രഹിച്ചതുപോലെ അവസാനം ഇന്ത്യയിലേക്ക് മടങ്ങി. അവരെ നമ്മൾ മലയാളികളേക്കാൾ ആദരിക്കുന്നത് തമിഴരാണ്. അന്ത്യവിശ്രമവും ആ തമിഴ്മണ്ണിൽത്തന്നെയായിരിക്കണം എന്നതും പദ്മിനിച്ചേച്ചിയുടെ തീരുമാനം തന്നെയായിരിക്കണം. അർഹിക്കുന്ന മരണാനന്തര ബഹുമതികളോടെ തമിഴ്‌നാട് സർക്കാർ പദ്മിനിച്ചേച്ചിയെ യാത്രയാക്കി. ഇവിടെയായിരുന്നെങ്കിൽ ആരോരുമറിയാതെ ഒരു ജീവിതം അങ്ങനേ തീർന്നുപോകുമായിരുന്നു. വാർത്തയിൽപ്പോലും ഒരിടം കിട്ടുമായിരുന്നില്ല.
(തുടരും)
Content Highlights: Reflections on the iconic Lalitha-Padmini-Ragini trio., Padmini's dedication and professionalism during her final acting project., The contrast between Padmini's global stardom and her solitary life in the US., Detailed account of her final days and return to India in 2006., Commemorating her title as 'Natya Peroli' and her immense contribution to Indian cinema.
Published: 04 Jul 2026, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented